Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെക്രട്ടേറിയറ്റിന് മുകളിൽ റാകിപ്പറക്കുന്നത് കൺസൾട്ടൻസി കമ്പനികൾ; പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി ധാരണാപത്രം ഒപ്പിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പറയുമ്പോൾ ഒപ്പിടുന്ന ചിത്രം പുറത്തുവിട്ടത് കമ്പനിയും; സെബി നിരോധിച്ച കമ്പനിക്ക് ഓഫീസ് ഒരുക്കുന്നത് സെക്രട്ടറിയേറ്റിനുള്ളിൽ; കൺസൾട്ടൻസി കമ്പനിയുടെ നാല് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിക്ക് മുകളിലുള്ള ശമ്പളം; ഇ-മൊബിലിറ്റി പദ്ധതിയുടെ ദുരൂഹതകൾ ചുരുളഴിച്ച് ചെന്നിത്തല

സെക്രട്ടേറിയറ്റിന് മുകളിൽ റാകിപ്പറക്കുന്നത് കൺസൾട്ടൻസി കമ്പനികൾ; പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി ധാരണാപത്രം ഒപ്പിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പറയുമ്പോൾ ഒപ്പിടുന്ന ചിത്രം പുറത്തുവിട്ടത് കമ്പനിയും; സെബി നിരോധിച്ച കമ്പനിക്ക് ഓഫീസ് ഒരുക്കുന്നത് സെക്രട്ടറിയേറ്റിനുള്ളിൽ; കൺസൾട്ടൻസി കമ്പനിയുടെ നാല് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിക്ക് മുകളിലുള്ള ശമ്പളം;  ഇ-മൊബിലിറ്റി പദ്ധതിയുടെ ദുരൂഹതകൾ ചുരുളഴിച്ച് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാദമായ ഇ- മൊബിലിറ്റി പദ്ധതിയുടെ പേരിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് സെക്രട്ടറിയെറ്റിൽ ഓഫീസ് നൽകാനുള്ള സർക്കാർ നീക്കം വിവാദമാകുന്നു. സെക്രട്ടറിയേറ്റിന്റെ ചരിത്രത്തിലില്ലാത്ത ഒരു തീരുമാനത്തിന്റെ പേരിലാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ പേരിൽ പിണറായി സർക്കാർ വിവാദച്ചൂടിലേക്ക് അകപ്പെടുന്നത്. അമേരിക്കൻ കമ്പനിക്കാണ് സെക്രട്ടറിയേറ്റിൽ ഓഫീസ് തുടങ്ങാൻ അനുമതി നൽകാൻ പോകുന്നത് എന്ന വസ്തുത സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കും. പിഡബ്ല്യുസിക്ക് സെക്രട്ടറിയേറ്റിൽ ഓഫീസ് തുടങ്ങാൻ അനുമതി നൽകുന്ന ഇനി ഫയൽ ഗതാഗത മന്ത്രി ഒപ്പ് വെയ്‌ക്കേണ്ട താമസം മാത്രമേയുള്ളൂ എന്ന് പറഞ്ഞു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഈ വിവരം പുറത്ത് വിടുന്നത്. ഇ- മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി ധാരണാപത്രം ഒപ്പിട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ കമ്പനി പറയുന്നത് ധാരണാ പത്രം ഒപ്പിട്ടുവെന്നാണ്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സുമായി ധാരണാ പത്രം ഒപ്പിടുന്നത് ഗതാഗത സെക്രട്ടറി  ജ്യോതിലാലുമാണ്. ധാരണാ പത്രം ഒപ്പിടുന്ന ചിത്രം കൂടി പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടപ്പോൾ മുഖ്യമന്ത്രിയുടെ വാദമുഖങ്ങളുടെ പൊള്ളത്തരം കൂടിയാണ് വെളിയിൽ വരുന്നത്.

4500 കോടി മുതൽ 6000 കോടി രൂപവരെ നല്കേണ്ട 3000 ബസുകൾ നിർമ്മിക്കുന്ന ഇ- മോബിലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഒളിച്ചുവെയ്ക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ തെളിവുകളാണ് പ്രതിപക്ഷ നേതാവ് പുറത്തു വിടുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിക്ക് കൺസൾട്ടൻസി ഏല്പിച്ചത്. ടെൻഡർ പോലും വിളിക്കാതെയാണ് ഈ കമ്പനിയെ കൺസൾട്ടന്റായി ആയി നിയമിച്ചത്. ഹെസ് കമ്പനിക്ക് നല്കിയ കരാർ വെള്ളപൂശാനാണ് കൺസൾട്ടൻസിയെ നിയോഗിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷ നേതാവ് പുറത്ത് വിട്ട വിവാദത്തിനൊപ്പം വിവാദമാകുന്നത് ഇതുമായി ബന്ധപ്പെട്ട ഫയലിൽ ഓഫീസ് തുറക്കുന്നതിനു കാരണമായി ഫയലിൽ ഗതാഗത സെക്രട്ടറി ജ്യോതിലാൽ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ കൂടിയാണ്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർക്ക് ഈ രീതിയിൽ ഉള്ള പ്രോജക്ടുകൾ കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമതയോ ദിശാബോധമോ ഇല്ലെന്നാണ് ജ്യോതിലാൽ ഫയലിൽ കുറിക്കുന്നത്. സെക്രട്ടറിയെറ്റിലെ ഉദ്യോഗസ്ഥരെ ഒന്നടങ്കം കഴിവില്ലാത്തവരായി ചിത്രീകരിക്കുക കൂടിയാണ് ഫയലിലെ വാക്കുകൾ. ഇതിലുള്ള അമർഷവും ഇപ്പോൾ ഭരണസിരാകേന്ദ്രത്തിൽ പടരുന്നുണ്ട്. സെക്രട്ടറിയേറ്റിലെ ഓഫീസിൽ കുടിയിരുത്താൻ പോകുന്ന പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ നാല് ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറിക്ക് നൽകുന്നതിലും അധികം ശമ്പളം നൽകാനുമാണ് നീക്കം നടക്കുന്നത്.

പ്രോജക്റ്റ് മാനേജർ എക്സപേർട്ട് - മാസ ശമ്പളമായി 3,34,800, ഫങ്ഷണൽ കൺസൾട്ടന്റ്- 3,00,400, ടെക്നോളജി കൺസൾട്ടന്റ്- 3,02,400, പോളിസി കൺസൾട്ടന്റ്- 3,02,400, എന്നീ സ്‌കെയിലുകളിൽ സെക്രട്ടേറിയറ്റിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയെക്കാൾ കൂടുതൽ ശമ്പളത്തിലാണ് ഇവരെ നിയമിക്കാൻ ശ്രമിക്കുന്നത്.. കൺസൾട്ടൻസി കമ്പനികൾ സെക്രട്ടേറിയറ്റിന് മുകളിൽ റാകിപ്പറക്കുകയാണ്. സെക്രട്ടേറിയറ്റ് പോലും അവർ റാഞ്ചുന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് കോവിഡിന്റെ മറവിൽ അരങ്ങേറുന്നത്. സെക്രട്ടറിയേറ്റിലെ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയുടെ ഓഫീസിനു പേരിടുന്നത് തന്നെ പ്രതീകാത്മകമായാണ്. ബാക്ക് ഡോർ ഓഫീസ് എന്നാണു ഓഫീസിനു പേര് നൽകിയിരിക്കുന്നത്. എല്ലാം പിൻവാതിൽ വഴിയാണ് നടക്കുന്നതിന്റെ സൂചനയാണിത്.

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനുള്ളിൽ ഒരു വിദേശ കമ്പനിക്ക് ഓഫീസ് തുറക്കാൻ സർക്കാർ നീക്കം നടത്തുക എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ഒമ്പത് തട്ടിപ്പ് കേസുകൾ ഉള്ള ഒരു കമ്പനിയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്. തട്ടിപ്പിന് പിടികൂടി സെബി കമ്പനിക്ക് രണ്ട് വർഷത്തെ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ സൂക്ഷിക്കണം ഇവർ ശരിയല്ല എന്ന് ജസ്റ്റിസ് ഷായും പ്രശാന്ത് ഭൂഷണും മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. എന്നിട്ട് ആ കമ്പനിക്ക് തന്നെ സെക്രട്ടേറിയറ്റിൽ ഒരു ഓഫീസ് ഒരുക്കുകയാണ്. കേരളം മുഴുവൻ പിൻവാതിലിലൂടെ അവർക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്രമായായിരിക്കും ഈ ഓഫീസ് പ്രവർത്തിക്കുക. ഞാനിതൊക്കെ കണ്ടെത്തുകയും വിളിച്ച് പറയുകയും ചെയ്യുന്നതുകൊണ്ട് പ്രതിപക്ഷ നേതാവ് ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത്, ഇങ്ങനെ ഒരു മുഖ്യമന്ത്രിയെയാണല്ലോ നമുക്ക് കിട്ടിയത്?

ഇന്നലെ വൈകീട്ടത്തെ ബഡായി ബംഗ്ളാവിൽ എന്തോ മഹാകാര്യം പോലെ മുഖ്യമന്ത്രി പറഞ്ഞത് ഇലക്ട്രിക് ബസ് കരാറിന്റെ ഫയൽ ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് തനിയെ നടന്ന് പോയതല്ലെന്നും ചീഫ് സെക്രട്ടറി കാണണമെന്ന് ഫയലിൽ കുറിച്ചത് മുഖ്യമന്ത്രിയാണെന്നുമാണ്. അക്കാര്യം എന്തുകൊണ്ട് മറച്ച് വച്ചുവെന്നുമാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. എടുത്ത് പറയേണ്ട ഒരു കാര്യവുമില്ല. ചീഫ് സെക്രട്ടറി എന്താണ് കണ്ടെത്തിയത് എന്നതാണ് പ്രധാനം. അതാണ് ഞാൻ പറഞ്ഞത്. ഫയലിൽ തിരുമാനമെടുക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് താനാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്. എന്നാൽ ചീഫ് സെക്രട്ടറി ചോദിച്ചത് ഇതിനുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നാണ് . അതായത് ഗ്ളോബൽ ടെണ്ടർ വിളിച്ചിട്ടുണ്ടോ എന്നാണദ്ദേഹം ചോദിക്കുന്നത്. ധനകാര്യ വകുപ്പ് ചോദിച്ചത് ഇതിനാവശ്യമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്നാണ് . ഇതിന് രണ്ടിനും മുഖ്യമന്ത്രിയുടെ മറുപടിയെന്താണ്? മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പോലെ ഞാൻ ഭംഗിയായി ഫയൽ വായിച്ചു.

ധനകാര്യ വകുപ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്കുള്ള മറുപടി എവിടെ? ഫയൽ ഭംഗിയായി വായിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് ഈ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്ന് കേരള ജനതയോട് മറുപടി പറയണം. ഉത്തരംമുട്ടിയപ്പോൾ സ്വന്തം കമ്പനിക്ക് കൺസൾട്ടൻസി നൽകി തലയൂരാനാണ് മുഖ്യമന്ത്രി പിന്നെ ശ്രമിച്ചത്. അതാണ് ഉറച്ച്നിന്ന് ഞാൻ ആരോപണമായി ഉന്നയിച്ചത്. മുഖ്യമന്ത്രി പറയുന്നത് ഹെസുമായി ധാരണാ പത്രം ഒപ്പിട്ടിട്ടില്ലന്നാണ്. ഒപ്പിടുമ്പോൾ കാബിനറ്റ് കണ്ടാൽ പോരെ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നാൽ 2019 ജൂൺ 29 ന് ഇലക്ട്രിക് ബസ് പദ്ധതിക്ക് ധാരണാ പത്രം ഒപ്പിട്ടുകഴിഞ്ഞു എന്നാണ് ഹെസ് കമ്പനി വെബ്സൈറ്റിൽ കാണുന്നത്. ഗതാഗത സെക്രട്ടറിയുടെ പടവും ഹെസിന്റെ വെബ്സൈറ്റിലുണ്ട്. ഇതിൽ ആരു പറയുന്നതാണ് ശരി. ചുരുക്കത്തിൽ ആദ്യം കച്ചവടം ഉറപ്പിക്കുക, പിന്നീട് കൺസൾട്ടൻസിയെ വയ്ക്കുക ഇതാണ് ഇവിടെ നടന്നതെന്ന് വ്യക്തം.

ധനകാര്യവകുപ്പും ചീഫ് സെക്രട്ടറിയും നടപ്പിലാക്കാൻ കഴിയില്ലെന്ന് വ്യക്തമായി പറഞ്ഞ പദ്ധതിക്കാണ് മുഖ്യമന്ത്രി കൺസൾട്ടൻസി കൊടുത്തത്. പദ്ധതി നടപ്പിലാക്കേണ്ട സ്ഥാപനത്തെ കണ്ടുവച്ച് അവർക്ക് അനുയോജ്യമായി റിപ്പോർട്ടെഴുതി വാങ്ങിപ്പിക്കുന്ന പുതിയ ചെപ്പടി വിദ്യയാണ് മുഖ്യമന്ത്രി ഇവിടെ നടത്തിയത്. എങ്ങിനെയാണ് കൺസൾട്ടൻസി നൽകേണ്ടത് എന്ന് അങ്ങേയ്ക്ക് വ്യക്തമായി അറിയാം. കൊച്ചി - പാലക്കാട് ബാംഗ്ളൂർ വ്യവസായ ഇടനാഴിക്ക് നിങ്ങൾ ഇതേ കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയിരുന്നു. ടെണ്ടർ വിളിച്ച് ധനകാര്യ വകുപ്പ് കണ്ട് മന്ത്രിസഭായോഗ തീരുമാനമായിട്ടല്ലേ ഉത്തരവ് ഇറക്കിയത്? റീ ബിൽഡ് കേരളയിൽ കഴിഞ്ഞയാഴ്ച എട്ട് കോടിയുടെ കൺസൾട്ടൻസി കരാർ നൽകിയിരുന്നു. ഇതാണ് ആ ഉത്തരവ്. ഇതിലും നിങ്ങൾ ടെണ്ടർ വിളിച്ച് ധനകാര്യ വകുപ്പ് കണ്ട് മന്ത്രിസഭ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. എന്തേ ഈ കമ്പനികളെ അന്നും നിക്സി എംപാനൽ ചെയ്തിരുന്നില്ലേ? നിങ്ങൾ ഇത് കേരള പൊതു സമൂഹത്തോട് തുറന്ന് പറയണം. നിക്സിയുടെ എംപാനലിൽ എന്ന കമ്പനിക്ക് പുറമേ മൂന്ന് മറ്റു കമ്പനികളും ഉണ്ടായിരുന്നല്ലോ ? എന്നിട്ടെന്തേ പ്രൈസ് വാട്ടർ കൂപ്പറിനോട് മാത്രം ഇത്ര ആഭിമുഖ്യം.

രണ്ട് വർഷത്തേക്ക് സെബി വിലക്കിയ കമ്പനിയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന വസ്തുത മറച്ചുപിടിക്കാൻ ദുർബലമായ വാദമാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത് . കൺസൾട്ടൻസി വിലക്കുണ്ടെങ്കിൽ നിക്സി അത് പറയില്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നിക്സി പറഞ്ഞില്ല എന്നതുകൊണ്ട് സെബിയുടെ വിലക്ക് വിലക്കല്ലാതാകുമോ. സുപ്രീം കോടതിയുടെ ഉത്തരവിന് വിലയില്ലേ? പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന്റെ എല്ലാ സ്ഥാപനങ്ങൾക്കും വിലക്ക് ബാധകമാണെന്ന സെബിയുടെ ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മാത്രമല്ല ഈ കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയപ്പോൾ എന്തുകൊണ്ട് നടപടി ക്രമങ്ങൾ പാലിച്ചില്ല എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകുന്നില്ല.

ശാസ്ത്രീയമായി അഴിമതി നടത്തുക, എന്നിട്ട് തന്മയത്വത്തോടെ അത് മൂടി വയ്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മനുഷ്യത്വം എന്ന മഹാഗുണത്തെക്കുറിച്ച് നിയമസഭയിൽ വാചാലമായി പ്രഭാഷണം നടത്തിക്കൊണ്ടാണ് മുഖ്യന്ത്രി രാഷ്ട്രീയ കൊലപാതകങ്ങളെ തള്ളിപ്പറഞ്ഞത്. അതിന് ശേഷം അദ്ദേഹത്തിന്റെ അനുയായികൾ 20 ലേറെ കൊലപാതകങ്ങൾ നടത്തി .ആ കൊലപാതകികളെ രക്ഷിക്കാൻ ഖജനാവിലെ പണം അദ്ദേഹം യഥേഷ്ടം ധൂർത്തടിക്കുകയും ചെയ്തു. അതേ പോലെ ഇപ്പോൾ നാടിന്റെ നന്മയെക്കുറിച്ചും വികസനത്തെക്കുറിച്ചും വല്ലാതെ ഉത്കണ്ഠപ്പെടുന്നു എന്ന് അഭിനയിച്ച് കൊണ്ടാണ് അ്ദ്ദേഹം ഈ അഴിമതികളെല്ലാം നടത്തുന്നത്.

കഴിഞ്ഞ നാലര വർഷമായി ഒരു രൂപയുടെ നിക്ഷേപം പോലും സംസ്ഥാനത്തേക്കാകർഷിക്കാൻ കഴിയാതിരുന്ന സർക്കാരാണ് ഇനി ആറ് മാസം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് വീമ്പിളക്കുന്നത്. കഴിഞ്ഞ നാലര വർഷം കൊണ്ട് കേരളത്തിൽ വന്ന ഒരു വൻകിട പ്രൊജക്റ്റിന്റെ പേര് മുഖ്യമന്ത്രിക്ക് പറയാമോ? ഇപ്പോൾ ഭരണം പോകുമെന്നായപ്പോൾ നാട് മുഴുവൻ കൺസൾട്ടൻസികളെക്കൊണ്ട് നിറച്ച് കടുംവെട്ട് വെട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് തടയാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെ വികസന വിരോധികളാക്കുകയും ചെയ്യുന്നു. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത് മുഖ്യമന്ത്രിയുടെ പാർട്ടിയാണെന്നാർക്കാണ് അറിയാൻ പാടില്ലാത്തത്. 2001 ലെയും, 2011 ലെയും യു ഡി എഫ് സർക്കാരുകൾ ഗ്‌ളോബൽ ഇൻവെസ്റ്റ്‌മെമെന്റ് മീറ്റുകൾ നടത്തിയപ്പോൾ അതിനെതിരെ തെരുവിൽ പട നയിച്ചവരാണ് ഇപ്പോൾ നിക്ഷേപ സൗഹൃദത്തെക്കുറിച്ച് പറയുന്നത്. കേരളത്തിലേക്ക് വരുന്ന ഓരോ നിക്ഷേപവും തടസപ്പെടുത്തിയതിന്റെ പാപ ഭാരത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ പാർട്ടിക്ക് രക്ഷപ്പെടാൻ കഴിയില്ല-ചെന്നിത്തല പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP