Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഡോ.ബിആർ ഷെട്ടിയെ കുഴിയിൽ ചാടിച്ചത് പെൺമക്കളോ? മക്കളുടെ പരാജയപ്പെട്ട ബിസിനസ് സംരംഭങ്ങളിലേക്ക് എൻഎംസി ഹെൽത്ത് കെയറിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം മറിച്ചു; പൊട്ടിപ്പാളീസായ മകൾ റീമയുടെ ജസ്റ്റ് ഫലാഫൽ റസ്‌റ്റോറണ്ട് ശൃംഖലയ്ക്കായി 2015 ൽ 10 ലക്ഷം ദിർഹം വീതം രണ്ടുതവണ; മക്കളുടെ കമ്പനികളിലേക്ക് തുക വകമാറ്റിയത് ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്

ഡോ.ബിആർ ഷെട്ടിയെ കുഴിയിൽ ചാടിച്ചത് പെൺമക്കളോ? മക്കളുടെ പരാജയപ്പെട്ട ബിസിനസ് സംരംഭങ്ങളിലേക്ക് എൻഎംസി ഹെൽത്ത് കെയറിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹം മറിച്ചു; പൊട്ടിപ്പാളീസായ മകൾ റീമയുടെ ജസ്റ്റ് ഫലാഫൽ റസ്‌റ്റോറണ്ട് ശൃംഖലയ്ക്കായി 2015 ൽ 10 ലക്ഷം ദിർഹം വീതം രണ്ടുതവണ; മക്കളുടെ കമ്പനികളിലേക്ക് തുക വകമാറ്റിയത് ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോടികളുടെ കടക്കെണിയിലായ അബുദബി ആസ്ഥാനമായ എൻഎംസി ഹെൽത്ത് കെയറിലെ കൂടുതൽ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നു. എൻഎംസി തകർച്ചയിലാകും മുമ്പ് സ്ഥാപകനും മുൻ ചെയർമാനുമായ ബി.ആർ.ഷെട്ടിയുടെ കുടുംബാംഗങ്ങളുടെ പരാജയപ്പെട്ട സംരംഭങ്ങളിലേക്ക് ലക്ഷക്കണക്കിന് ദിർഹം മറിച്ചുവെന്ന വിവരമാണ് ഇപ്പോൾ യുഎഇയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഷെട്ടിയുടെ പെൺമക്കളുടെ പൊട്ടിയ ബിസിനസ് സംരംഭങ്ങളിലേക്കാണ് ഏതാണ്ട് 20 ലക്ഷം ദിർഹം വകമാറ്റിയത്. പെൺമക്കളുടെ ഫുഡ് ആൻഡ് ബവ്‌റിജ്, ഫ്‌ളവർ അറേഞ്ച്‌മെന്റ് സംരംഭങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം തകർച്ചയിലായിരുന്നു. ഈ സംരംഭങ്ങളെ രക്ഷിച്ചെടുക്കാനാണ് ഷെട്ടി ബാങ്ക് ട്രാൻസ്ഫർ വഴി തുക വകമാറ്റിയതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഷെട്ടിക്ക് മൂന്നു പെൺമക്കളും ഒരുമകനുമാണ്. ഭാര്യയും മകനും ഷെട്ടി സ്ഥാപിച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.

ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷെട്ടിയുടെ കുടുംബാംഗങ്ങൾ അര ഡസനിലറെ ബിസിനസുകളിൽ നിക്ഷേപിച്ചിരുന്നു. ഇവയിൽ പലതും പരാജയപ്പെടുകയോ തുടങ്ങാതിരിക്കുകയോ ചെയ്തു. അതുകൊണ്ട് തന്നെ ഷെട്ടിയുടെ കുടുംബാംഗങ്ങളുടെ ബിസിനസുകളിൽ ഏത്ര അളവിൽ എൻഎംസി പണം മുടക്കിയിട്ടുണ്ടെന്ന കാര്യം ഇനി പുറത്തുവരാൻ ഇരിക്കുന്നതേയുള്ളു. ഷെട്ടി സിഇഒ ആയിരുന്ന കാലത്ത്, 2017 ന് മുമ്പാണ് ഈ സാമ്പത്തിക ക്രമക്കേടുകൾ നടന്നതെന്നും ഖലീജ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ചൊവ്വാഴ്ച അബുദബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ദി നാഷണൽ' എന്ന മാധ്യമ സ്ഥാപനം മറ്റൊരു കാര്യം കൂടി റിപ്പോർട്ട് ചെയ്തു. 2015 ൽ എൻഎംസി ഹെൽത്ത് ഹോൾഡിങ് കമ്പനിയായ ജസ്റ്റ് ഫലാഫെലിന് 10 ലക്ഷം ദിർഹം വീതം രണ്ട് പേയ്‌മെന്റായി കൈമാറി. ജസ്റ്റ് ഫലാഫൽ ഷെട്ടിയുടെ മകൾ റീമയുടെയും ഭർത്താവ് മുഹമ്മദ് ബിത്താറിന്റെയും റസ്‌റ്റോറണ്ട് ശൃംഖലയാണ്.

പുത്രീസ്‌നേഹം വിനയായി

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്ന് ലണ്ടനിൽ വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഫാസ്റ്റ്ഫുഡ് ഫ്രാഞ്ചൈസി തകരുകയും ജസ്റ്റ് ഫലാഫലിന്റെ നാല് ഔട്ട് ലെറ്റുകൾ പൂട്ടേണ്ടിയും വന്നു. ഇതിന് ശേഷം നാല് മാസം പിന്നിടുമ്പോഴാണ് 2015 ജൂലൈയിൽ 10 ലക്ഷം ദിർഹത്തിന്റെ ആദ്യ പേയ്‌മെന്റ് നടന്നതെന്ന് ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

ജസ്റ്റ് ഫലാഫലിലേക്കുള്ള 10 ലക്ഷത്തിന്റെ ആദ്യ പണം കൈമാറ്റം എൻഎംസി ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര കൈമാറ്റം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ, 2015 ഡിസംബറിൽ വാർഷിക കണക്കെടുപ്പ് നടത്തിയപ്പോൾ ജസ്റ്റ് ഫലാഫലിനെ എൻഎംസിയുടെ അനുബന്ധ സ്ഥാപനമായി ഉൾപ്പെടുത്തിയിരുന്നില്ല. ഷെട്ടിയുടെ യുഎഇ കേന്ദ്രമായുള്ള ഹോസ്പിറ്റാലിറ്റി സംരംഭമായ ബിആർഎസ് വെഞ്ചേഴ്‌സിന്റെ അനുബന്ധ സ്ഥാപനമായും കണക്കിൽ കാട്ടിയില്ല.

ഓഡിറ്ററും നിരീക്ഷണത്തിൽ

എൻഎംസിയുടെ തകർച്ചയോടെ, കമ്പനിയുടെ ഓഡിറ്റർ 'ഇവൈ'യുടെ പ്രവർത്തനങ്ങളും യുകെയിലെ അന്വേഷണ സ്ഥാപനത്തിന്റെ നിരീക്ഷണത്തിലാണ്. ജർമനിയിലെ സ്റ്റാർട്ട് അപ്പ് കമ്പനിയായ വയർകാർഡുമായി ഇവൈ ഓഡിറ്റിങ് കമ്പനി ഇപ്പോൾ കേസിലാണെന്നതും ശ്രദ്ധേയമാണ്. 6.6 ബില്യന്റെ വെളിപ്പെടുത്താത്ത കടമാണ് എൻഎംസിയെ പ്രതിസന്ധിയിലാക്കിയത്. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും അടക്കം നേരത്തെ മാനേജ്‌മെന്റിന്റെ തലപ്പത്തുണ്ടായിരുന്നവരെല്ലാം സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അന്വേഷണത്തെ നേരിടുകയാണ്. പുതിയ മാനേജ്‌മെന്റ് ്‌സഥിതിഗതികൾ നിയന്ത്രിക്കാൻ പരിശ്രമിച്ച് വരികയാണ്. ഒരുതിരിച്ചുവരവിനായി മൂന്നുവർഷത്തെ ബിസിനസ് പ്ലാനാണ് പുതിയ മാനേജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. യുകെ കോടതി അഡ്‌മിനിസ്‌ട്രേറ്റേറായി നിയോഗിച്ച അൽവാരസ് ആൻഡ് മാർസലിനാണ് ഇപ്പോൾ പ്രവർത്തനങ്ങളുടെ മേൽനോട്ടം. ഷെട്ടിയുടെ തുകവകമാറ്റലിനെ കുറിച്ച് അൽവാരസ് ആൻഡ് മാർസൽ പ്രതികരിച്ചിട്ടില്ല.

ഒന്നും അറിഞ്ഞില്ലെന്ന ഷെട്ടിയുടെ വാദം വിലപ്പോവില്ല

ഫെബ്രുവരിയിലാണ് ഷെട്ടി എൻഎംസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. നേരത്തെ യുഎഇയിലെ ആരോഗ്യ സംരക്ഷണ രംഗത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായിരുന്നു എൻഎംസി. 2000 ഡോക്ടർമാർ അടക്കം 20,000 ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനം.

ഏതായാലും, പെൺമക്കളുടെ സ്ഥാപനങ്ങളിലേക്ക് വൻതുക വകമാറ്റിയെന്ന് റിപ്പോർട്ടുകൾ വന്നതോടെ, എൻഎംസിയിലെ ക്രമക്കേടുകളിൽ തനിക്ക് പങ്കില്ലെന്നും ഇത് ഉന്നതതലത്തിലെ ചെറിയ ഗ്രൂപ്പിന്റെ കളികളാണെന്നുമുള്ള ഷെട്ടിയുടെ വാദങ്ങളിൽ സംശയം ഉയരുകയാണ്. ഏപ്രിലിൽ പുറത്തുവിട്ട പ്രസ്താവനയിലാണ് താൻ നിരപരാധിയാണെന്ന് ഷെട്ടി വാദിക്കുന്നത്.

ഷെട്ടിയുടെ ഏപ്രിലിലെ പ്രസ്താവന

വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും ചെക്കുകൾ നൽകുകയും ചെയ്തത് പഴയതും പുതിയതുമായ ഒരു ചെറിയ ഗ്രൂപ്പ് എക്സിക്യൂട്ടീവുകളാണെന്ന് ഷെട്ടി ഏപ്രിലിൽ പറഞ്ഞു. അബുദാബി കേന്ദ്രമാക്കിയ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ പറയുന്നത് ഇങ്ങനെ: ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരുകമ്മീഷനെ താൻ നിയോഗിച്ചിരുന്നു.

തന്റെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളും വ്യാജഇടപാടുകളും ഒരിക്കലും തന്റെ അനുമതിയോ സമ്മതമോ ഇല്ലാതെയാണ്. വ്യാജ വായ്പകൾ, വ്യക്തിഗത ഗ്യാരന്റികൾ, ചെക്കുകൾ, ബാങ്ക് ഇടപാടുകൾ എല്ലാം തന്റെ കള്ള ഒപ്പിട്ടായിരുന്നു. ഇതിന് താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. തന്റെ അറിവോ സമ്മതമോ അനുമതിയോ ഇല്ലാതെയാണ് ക്രമക്കേടുകൾ. തട്ടിപ്പ് മറച്ചുവയ്ക്കാൻ തന്റെ പേരിൽ ഉണ്ടാക്കിയ കമ്പനികളും അറിവോ സമ്മതമോ ഇല്ലാതെ. തന്റെ ചില സ്വന്തം സ്വകാര്യ കമ്പനികളുടെ പ്രവർത്തനം സംബന്ധിച്ചും, തന്റെ തന്നെ മാനേജ്മെന്റ് ടീമിലെ അംഗങ്ങളുടെ നിക്ഷേപത്തെ കുറിച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ധനകാര്യ സ്റ്റേറ്റ്മെന്റുകൾ നൽകി. പബ്ലിക് കമ്പനികളുടെ യഥാർഥ ധനകാര്യ സ്ഥിതി മറച്ചുവയ്ക്കാൻ വേണ്ടി തന്റെ സ്വകാര്യ കമ്പനികളും പേഴ്സണൽ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് ചെലവിലെ അഴിമതി ഇതെല്ലാമാണ് സംഭവിച്ചത്.

കുടുംബപരമായ കാരണങ്ങൾ കൊണ്ടാണ് ഇന്ത്യയിൽ നിൽക്കുന്നതെന്നും ഷെട്ടി പറഞ്ഞു. തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം ഇല്ലാതാക്കി സത്യം പുറത്തുകൊണ്ടുവരാൻ കഠിനമായി ശ്രമിക്കുകയാണ്. സത്യം കണ്ടെത്താനും ക്രമക്കേടിലൂടെ നഷ്ടമായ ഫണ്ടുകൾ ഉത്തരവാദികളിൽ നിന്ന് വീണ്ടെടുത്ത് യഥാർഥ അവകാശികൾക്ക് നൽകാൻ അധികാരികളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷെട്ടി ഊരാക്കുടുക്കിൽ

യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എൻഎംസി ഹെൽത്തിന്റെ വെള്ളത്തിലാക്കിയതിനെ പിന്നാലെ ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ.സെൻട്രൽ ബാങ്ക് തീരുമാനിച്ചിരുന്നു. ഷെട്ടിയുടെ ധനകാര്യ സ്ഥാപനമായ ഫിനാബ്ലെറിന് പ്രവർത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടതിന് പിന്നാലെ അനുബന്ധ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് എല്ലാവിധ ഇടപാടുകളും റദ്ദ് ചെയ്ത് യുഎഇ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിലാണ്.

ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തി. ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനുമാണ് നിർദ്ദേശമുള്ളത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP