Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം

ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും സംഭാവന ചെയത ജനത; ഫേസ്‌ബുക്കും വാട്സാപ്പും തൊട്ട് റോക്കറ്റ് സയൻസു വരെ നമുക്ക് തന്ന രാജ്യം; 23 ട്രില്ല്യൺ ഡോളറിന്റെ കടവുമായി അമേരിക്ക തകർച്ചയിലേക്കോ? കോവിഡാനന്തരം ചൈനയും തീവ്ര ഇസ്ലാമിസ്റ്റുകളും നിയന്ത്രിക്കുന്ന ലോകക്രമം ആണോ വരിക? യുഎസ് തകരുകയാണെങ്കിൽ നഷ്ടം കനത്തത്; ട്രംപല്ല അമേരിക്ക ജനത; കമ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ച അമേരിക്കൻ വെറിയുടെ മറുപുറം

എം മാധവദാസ്

'ലോകം ഇന്ന് അനുഭവിക്കുന്ന ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും ഉണ്ടാക്കി തന്ന ഒരു ജനത. വെറും 35 കോടി മാത്രം വരുന്ന ഈ ജനതയാണ് ലോകത്തെ 750 കോടി വരുന്ന ലോക ജനതയെ അപ്പാടെ ഉയർത്തി എടുത്തത്. മറ്റെന്തെല്ലാം കുറവുകൾ ഉണ്ടെങ്കിലും സാങ്കേതിക വിദ്യയിലൂടെ ലോകത്തെ കൂടുതൽ സുന്ദരമാക്കിയതിൽ അമേരിക്കയുടെ പങ്ക് കുറച്ചുകാണാൻ കഴിയില്ല'- ലോക പ്രശസ്ത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ സാം ഹാരീസ് ഈയിടെ എഴുതിയത് ഇങ്ങനെയാണ്. നോം ചോംസ്‌ക്കിയടക്കമുള്ള ചിന്തകർ, അമേരിക്കയെ നിശിതമായ വിമർശിക്കുന്ന സമയത്താണ്, അമേരിക്ക തകർന്നാൽ ലോകക്രമം എങ്ങനെയാവും, ലോകം ഇതിലും എത്ര മോശമാവും എന്ന ചോദ്യം സാം ഹാരീസ് ഉയർത്തിയത്.

സത്യത്തിൽ കേരളത്തിൽ ഒട്ടും ജനപ്രിയമല്ലാത്ത വിഷയമാണ് അമേരിക്ക ലോകത്തിന് നൽകിയത സംഭാവനകളുടെ പോസറ്റീവായ ചർച്ച. സാമ്രാജ്വത്വം, കുത്തക മൂലധനം, നിയോ ലിബറലിസം തുടങ്ങിയ ഒട്ടേറെ വാക്കുകളിലൂടെ, എന്തിനും എതിനും മൂന്നാലോക രാജ്യങ്ങളെ ചൂഷണം ചെയ്യുന്ന ഒരു പിശാചായാണ് അമേരിക്കയെ കമ്യൂണിസ്റ്റുകൾ കേരളത്തിൽ അവതരിപ്പിച്ചത്. ഇത് കേട്ടുവളർന്ന ഒരാൾ കടുത്ത അമേരിക്കൻ വിരോധിയായിപ്പോകുന്നതിലും അത്ഭുദമില്ല. ഏതൊരു രാജ്യത്തിനമെന്നപോലെ ഒരുപാട് പ്രശ്നങ്ങൾ ഉള്ള രാജ്യം തന്നെയാണ് അമേരിക്കയും. പക്ഷേ അവരുടെ നേട്ടങ്ങൾ കാണാതെ ഈ ലോകത്തിന്റെ മുഴവൻ ശാപവും അമേരിക്കകൊണ്ടാണെന്ന് വരുത്തി തീർക്കുന്നതുകൊണ്ട് എന്ത് ഗുണമാണുള്ളത്.

അസാധാരണ പ്രതിഭകളെ നിരന്തരം ഉരുത്തിരിയിപ്പിക്കുന്ന ഒരു സമൂഹംകൂടിയാണ് സത്യത്തിൽ യുഎസ്എ. ആധുനിക ജീവിത സൗകര്യങ്ങളുടെ ഏത് മേഖലയിൽ തൊട്ടാലും അതിനു പുറകിൽ ഒരു അമേരിക്കൻ ശ്രമം ഉണ്ടാകും. മരുന്നുകളുടെ ലോകമാകട്ടെ, മെഡിക്കൽ ഉപകരണങ്ങളുടെ മേഖല ആകട്ടെ, പെട്രോൾ, വ്യോമ, ഗതാഗത മേഖലയാകട്ടെ. അവരുടെ ധിഷണ ഇതിനൊക്കെ പുറകിൽ കാണാം. കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്ന നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ടെക്നൊളജിയുടെ മേഖലയിലെ ഏതാണ്ട് മുഴുവൻ ബുദ്ധിയും ശ്രമവും അവരുടേതാണ്. അവരുടെ യുവാക്കളും ശാസ്ത്രകാരന്മാരും രാപ്പകലില്ലാതെ ആത്മസമർപ്പണം ചെയ്യുതതിന്റെ സൗകര്യങ്ങളാണ് ലോകം അനുഭവിക്കുന്നത്. ഫെയിസ്ബുക്ക്, ഇ ബേ, ഗൂഗിൾ, വാട്ട്സ്ആപ്പ്, മൈക്രോസോഫ്റ്റ്, ഇന്റ്‌റൽ, ഓറക്കിൾ,കെ. എഫ്. സി. മക്ക്ഡോണാൾഡ, ആംവേ, ഡിസ്‌കവറി ചാനൽ, നാഷണൽ ജ്യോഗ്രഫിക്ക്, ഹോളിവുഡ്, നാസാ, ജെനെറൽ മോട്ടോഴ്സ്, ബോയിങ്ങ് വിമാന കമ്പനി... അമേരിക്കയുടെ സേവനങ്ങളുടെ ലിസ്റ്റ് നീളുകയാണ്. അതുകൊണ്ടാണ് ഈ കോവിഡ് കാലത്ത് ഇന്ത്യയെപ്പോലെ സമ്പൂർണ്ണമായി അമേരിക്ക അടച്ചിടാൻ കഴിയാതിരുന്നതും. അമേരിക്ക ഷട്ട്ഡൗൺ ആയാൽ നാം വാട്സാപ്പിലും ഫേസ്‌ബുക്കിലും കുത്തില്ല. യൂ ട്യൂബും സൂമും പ്രവർത്തിക്കില്ല. ലോകമെമ്പാടുമെള്ള എയ്റോനോട്ടിക്ക് സംവിധാനങ്ങളുടെ, ടെലി മെഡിസിന്റെ എല്ലാം താളം തറ്റെും. അങ്ങനെ ലോകത്തിന്റെ താളവും തെറ്റും. അപ്പോൾ നമ്മൾ അറിയായെ സമ്മതിക്കുന്ന കാര്യമുണ്ട്, എത്ര ചൂഷകരെന്നും ബൂർഷ്വകൾ എന്നും ചാപ്പയടിച്ചാലും ലോകത്തിന്റെ താളം തന്നെതാണ് അമേരിക്ക.

ഇനി ഈ രീതിയിൽ അമേരിക്കയെ കുറ്റം പറയാൻ നമുക്ക് എന്ത് അവകാശമെന്ന്കൂടി ചിന്തിച്ചനോക്കു. ട്രംപിനെപ്പോലുള്ള മോശം ഭരണാധികാരികളെ വെച്ച് വിലയിരുത്തേണ്ടതല്ല അമേരിക്കയുടെ നീതിബോധം. ജോർജ് ഫ്ളോയിഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ കൊലയിൽ ഈ കോവിഡ് കാലത്തും ആ രാജ്യം ഇളകിമറിഞ്ഞു. നീഗ്രോ എന്ന് വിളിച്ചാൽപോലും ശിക്ഷ കിട്ടത്തക്ക രീതിയലുള്ള വിപുലമായ ന്യൂനപക്ഷ അവകാശങ്ങളും മനുഷ്യാവകാശങ്ങളുമുള്ള രാജ്യമാണ് അതെന്നും ഓർക്കണം. നമ്മുടെ തൂത്തുക്കുടിയിൽ ലോക്ഡൗൺ സമയത്ത് കട പൂട്ടാൻ വൈകിയെന്ന് പറഞ്ഞ് മലദ്വാരത്തിലൂടെ കമ്പി കയറ്റിയും മറ്റും ഒരു പിതാവിനെയും മകനെയും പൊലീസ് തല്ലിക്കൊന്നിട്ട്, ഇന്ത്യയിൽ എന്തെങ്കിലും സംഭവിച്ചോ. ജാതിക്കൊലകളും ദുരഭിമാനഹത്യകളും ഉത്തരേന്ത്യയിലടക്കം ഇന്നും നടമാടിയിട്ടും ഇന്ത്യയിൽ എത്ര പ്രതിഷേധങ്ങൾ ഉണ്ടായി. എന്നിട്ടും തൊട്ടതിനും പിടച്ചതിമെല്ലാം അമേരിക്കയെ കുറ്റം പറയുകയും ആ രാജ്യം ഉണ്ടാക്കിയ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യുകയാണ് നമ്മൾ മലയാളികൾ അടക്കമുള്ളവർ ചെയ്യുന്നത്. ( ഇത്രയും മോശപ്പെട്ട ഒരു രാജ്യത്തേക്കാണ് നമ്മുടെ കമ്യൂണിസ്റ്റ് നേതാക്കൾ അടക്കം ചികിൽസക്ക് പോകുന്നതെന്നും ഓർക്കണം)

പക്ഷേ അമേരിക്ക ശരിക്കും ഒരു പ്രതിസദ്ധിയിൽ തന്നെയാണെന്നത് ഇപ്പോൾ രഹസ്യമല്ല. കോവിഡ് മരണതാണ്ഡവം വിതച്ച യുഎസിനെ കാത്ത് സാമ്പത്തിക പ്രതിസദ്ധിയും രൂക്ഷമാണ്. കടത്തിനുമേൽ കടവുമായി എത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് ആ രാജ്യം. അമേരിക്ക തകർന്നാൽ എന്തായിരിക്കും പുതിയ ലോക ക്രമം. ലോകം ഗൗരവപൂർവം ചർച്ച ചെയ്യുന്നതും അതുതന്നെ.

കടം 23 ട്രില്ല്യൺ; അങ്കിൾസാമിന്റെ പതനം തുടങ്ങി

90കളിൽ ഡോ മന്മോഹൻസിങ്് സാമ്പത്തിക ഉദാരവത്ക്കരണം കൊണ്ടുവന്നപ്പോൾ, ഇവിടുത്തെ കമ്യൂണസിസ്റ്റുകൾ ആസൂത്രിതമായി പ്രചരിപ്പിച്ച നുണ, ഇന്ത്യ അമേരിക്കയുടെ കടക്കെണിയിൽ ആവുമെന്നായിരുന്നു. ലോകബാങ്ക് നമ്മുടെ നാട് കൊള്ളയടിക്കുമെന്നുവരെ അറബിക്കഥയിലെ ക്യൂബാ മുകന്ദനെപ്പോലെ കേരളിയ യുവാക്കളിൽ നല്ലൊരു ശതമനാവും വിശ്വസിച്ചു. പക്ഷേ 30 കോടി ജനങ്ങളെയെങ്കിലും പട്ടിണിയിൽനിന്ന് രക്ഷിച്ച് സാമ്പത്തിക ഉദാരവത്ക്കരണം ഇന്ത്യയുടെ മുഖഛായ മാറ്റി. ഇന്ത്യയടക്കം ലോകത്തിലെ എല്ലാ വിദേശരാജ്യങ്ങൾക്കും കടമുണ്ട്. പക്ഷേ ഇന്ത്യയുടെ എത്രയോ ഇരട്ടിയാണ് അമേരിക്കയുടെ കടം. ഇന്ത്യയെ കടക്കണിയിലാക്കി ഈസ്റ്റ് ഇന്ത്യാ കമ്പനിയിപ്പോലെ ഭരിക്കും എന്ന് ഇഎംഎസ് അടക്കം വിലയിരുത്തിയ അമേരിക്കയുടെ പൊതു കടം ഇന്ന് 23 ട്രില്ല്യൻ ഡോളറാണ്. എന്നുവച്ചാൽ $23,000,000,000,000. ആകാശം മുട്ടുന്ന കടം.

അതുകൊണ്ടുതന്നെ അങ്കിൾസാമിന്റെ പതനം തുടങ്ങിയെന്നും പ്രമുഖ സാമ്പത്തിക വിധഗ്ധർ വിലയിരുത്തുന്നുണ്ട്. ലോക സമ്രാട്ടായിരുന്ന ബ്രിട്ടൺ എങ്ങനെ പതിയെ പതിയെ മുൻപന്തി രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറന്തള്ളപെട്ടുവോ, ആ അവസ്ഥയിലേക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രമേ ഉറപ്പിക്കേണ്ടതുള്ളൂ. അമേരിക്കയുടേത് പതിയെ പതിയെ ഒരു നീണ്ട കാലയളവിലുള്ള പതനമായിരിക്കുമോ അതോ ചരിത്രത്തിലെ പഴയ പല സാമ്രാജ്യങ്ങൾക്ക് സംഭവിച്ചത് പോലെയുള്ള ഒരു സഡൻ കോളാപ്സ് ആയിരിക്കുമോ എന്നുമാത്രം. നാഴികക്ക് നാൽപ്പതുവട്ടം അമേരിക്കൻ സാമ്രാജ്യത്വം എന്ന് രോഷം പാടി നടന്നിരുന്ന നമ്മുടെ ഇടതു പക്ഷ ബുദ്ധിജീവികൾക്ക് പുതിയൊരു വില്ലനെ കണ്ടുപിടിക്കാൻ സമയമായി എന്ന് ചുരുക്കം.

അമേരിക്കൻ ഇക്കോണമി ഇന്നൊരു പോൺസി സ്‌കീം മാത്രമാണ്. 2008ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടാതെ കിടക്കായാണ്. പുതിയ പുതിയ നോട്ടടിയിലൂടെ മാത്രമാണ് അവർ അവരുടെ വട്ടം കൂടി വരുന്ന പഴയ കടങ്ങളുടെ കണക്കു തീർക്കുന്നത്. അവരുണ്ടാക്കിവെച്ച കടങ്ങൾ അവർക്ക് ഒരു കാലത്തും ഇല്ലാതാക്കാൻ കഴിയില്ല. മേൽവിവരിച്ച ഡെറിവേറ്റീസ് മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് ക്രൈസിസ് ഇവയുടെ ലോക സെന്റർ സ്റ്റേജ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് നടക്കുന്നത്. ചില വിദഗ്ദ്ധർ പറയുന്നത് കടത്തിന്റെ വലിയൊരു ഭാഗം അമേരിക്കൻ ഗവർമെന്റ് അവരുടെ തന്നെ മറ്റു ഡെബ്റ്റുകൾക്ക് ബാധ്യതപ്പെട്ട കടം ആയതുകൊണ്ട് അതൊരു പുറം ബാധ്യത അല്ല എന്നാണ്. പക്ഷെ ഇതിന്റെ പലിശ ഒരു ബാധ്യത തന്നെയാണ്. ലോകത്താകമാനം 100 ട്രില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ നിലനിൽക്കുന്നുണ്ടന്ന് പറയുന്നു. ഇതിലെ 30 ശതമാനത്തിലേറെയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടേതോ അവരുടെ കോർപറേറ്റകുളും മുനിസിപ്പാലിറ്റികളും ഇറക്കിയാണ്. ഇത് യുസ്എ പുറം ലോകത്തിന് ബാദ്ധ്യത പെട്ടതാണ്. കോവിഡിന്റെ കാലത്ത് ഇതിന്റെ ബാദ്ധ്യതകൾ അമേരിക്കക്കാരൻ എങ്ങനെയാണ് കൈകാര്യം ചെയ്യുക.

ലോക രാജ്യങ്ങളുടെ സാമ്പത്തിക ഘടനയുടെ മുന്നോട്ടുപോക്കിന് രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് അമേരിക്കൻ ഡോളറിനു പകരം വെക്കാൻ വേറൊന്നും ഇല്ലാത്തതു കൊണ്ടുമാത്രമാണ് അമേരിക്കൻ ഡോളർ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം എന്നു സംഭവിക്കുന്നുവോ അന്ന് അമേരിക്കൻ ഡോളറിന്റെ സ്ഥിതി ഒന്നാം ലോക മഹായുദ്ധത്തിനൊടുവിലെ ജർമ്മൻ മാർക്കിന്റെ അവസ്ഥയായിരിക്കും. അവർ പലിശ നിരക്ക് വർദ്ധിക്കൽ . ഹൈ ഇൻഫ്‌ളേഷൻ, തൊഴിലില്ലായ്മ എന്നിവയെ കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ചെന്നുപെടും. ആ നിസ്സഹായാവസ്ഥയിൽ അമേരിക്കൻ ജനത എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ കഴിയില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക മനുഷ്യസ്നേഹികളുടെ ഒരു വൻ സമൂഹം എന്നതിനോടൊപ്പം അതൊരു വയലന്റ് രാജ്യം കൂടിയാണ്. അതാണ് കോവിഡ് ഉണ്ടാക്കാൻ പോകുന്ന ദുരന്തം. കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്നതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നുമില്ല

കോവിഡ് നീണ്ടു നിന്നാൽ ലോക സാമ്പത്തിക വ്യവസ്ഥ ഒരു ഡിപ്രഷിനിലേക്ക്, അതായത് വർഷങ്ങളോളം നീളുന്ന ഒരു മാന്ദ്യത്തിലേക്ക് പോകും. അങ്ങനെ വന്നാൽ ക്യാപിറ്റലിസം ഇന്നോളം കണ്ട വൻ തകർച്ചയായ 1930 ലെ അവസ്ഥ അധികം ദൂരെയല്ല. 1930 ലെ സാമ്പത്തിക പ്രതിസന്ധി പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്നു . അമേരിക്കയിലുണ്ടായ ആ പ്രതിസന്ധിയാണ് യൂറോപ്പിൽ ഫാസിസം ഉണ്ടാക്കിയത്. ഹിറ്റലർ ജർമ്മനയിയിൽ നേതാവായത് സാമ്പത്തിക പരാധീനതകൾ ഉയർത്തിക്കാട്ടിയാണ്. അമേരിക്കയിൽ ഇത് വലില രാഷ്ട്രീയമാറ്റങ്ങൾക്കും ഇടയാക്കും എന്നാണ് സാം ഹാരീസിനെപ്പോലുള്ളവർ വിലയിരുത്തുന്നത്. അതുകൊണ്ടാണ് അമേരിക്ക തകർന്നാലുള്ള പുതിയ ലോക ക്രമം എങ്ങനെ എന്ന ചോദ്യം ഉയരുന്നത്.

കമ്യൂണിസ്റ്റുകൾക്കും ഇസ്ലാമിക തീവ്രാദികൾക്കും ആഘോഷിക്കാം

അമേരിക്കയും സാമ്പത്തികമായി പിന്നോക്കം പോയാൽ അത് എറ്റവും കൂടുതൽ വളം ചെയ്യുക കമ്യൂണിസ്റ്റുകൾക്കും ഇസ്ലാമിക തീവ്രവാദികൾക്കാണ്. ബിൻലാദിൻ അടക്കമുള്ള തീവ്രവാദികളുടെ കണ്ണിലെ കര്ട ആരായിരുന്നെന്ന് എല്ലാവർക്കും അറിയാമായിരുന്നതാണ്. താലിബാൻ, ബൊക്കോ ഹറാം, അൽ ഖൊയ്ദ, ഇസ്ലാമിക് സ്റ്റെയ്റ്റ് - ഇവർക്കൊക്കെ സ്വാധീനമുള്ള സ്ഥലങ്ങൾ വളരെയധികം ഈ ലോകത്തുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റ്‌റെ ഏറ്റവും ഭീകര മുഖമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പെൺകുട്ടികളെ ലൈംഗിക അടിമകൾ ആയി വിൽക്കുന്ന രീതിയൊക്കെ വേറെ ആരെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നടപ്പാക്കിയിട്ടുണ്ടോ? അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയപ്പോൾ പരസ്യമായിട്ടാണല്ലോ വിശ്വപ്രസിദ്ധമായ 'ബാമിയാൻ ബുദ്ധ പ്രതിമ' തകർത്തത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയപ്പോൾ പതിനായിരത്തോളം സിക്കുകാർക്ക് സർവ്വതും ഉപേക്ഷിച്ചു ഓടിപോരേണ്ട സ്ഥിതിവിശേഷം വന്നു. നേരത്തെ മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്‌കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി.

ഈജിപ്റ്റിലുള്ള ക്രിസ്ത്യാനികളെ തീവ്രവാദികൾ ബുൾഡോസർ കയറ്റിയാണ് കൊന്നതെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ 200 പെൺകുട്ടികളുടെ കാര്യവും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഇറാക്കിൽ ഐസിസ് യസീദി പെൺകുട്ടികളെ ലൈഗിക അടിമകളാക്കുകയും, വിൽക്കുകയും ചെയ്തത് പരസ്യമായിട്ടാണ്. ഇതിനെ എതിർക്കുന്ന പെൺകുട്ടികളെ പരസ്യമായി ഇരുമ്പു കൂട്ടിലിട്ട് കത്തിക്കുന്നതും വെടിവെച്ചു കൊല്ലുന്നതും ആയ ദൃശ്യങ്ങൾ പ്രചരിപ്പിപ്പിച്ചതും ഐസിസ് തന്നെയായിരുന്നു. അൽ ഖൊയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് - ഈ സംഘടനകൾക്കൊക്കെ പശ്ചിമേഷ്യയിൽ തീവ്ര മതബോധമുള്ള ആളുകൾക്കിടയിൽ നല്ല സ്വാധീനം ഇപ്പോഴും ഉണ്ട്. ഇറാക്കിൽ നിന്നും, സിറിയയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയെങ്കിലും യമനിൽ അവർക്കു സ്വാധീനമുള്ള, അവർ നേരിട്ടു ഭരിക്കുന്ന പ്രദേശങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ള കാര്യം ആരും മറന്നു പോകരുത്. അമേരിക്കൻ സാമ്രാജ്യത്തിന്റ്‌റെ പതനം ലോക സമാധാനത്തിന് വലിയ വിനയാകും. അമേരിക്ക സാമ്പത്തികമായി തകർന്നാൽ ഇസ്ലാമിക തീവ്രവാദത്തിൽ നിന്നുള്ള ഭീഷണി കൂടും എന്ന കാര്യത്തിൽ സംശയമേ വേണ്ടാ.

അമേരിക്കയുടെ തർച്ചയുടെ തുടക്കം അമേരിക്കക്കാർ തന്നെ പ്രവചിച്ചുട്ടുണ്ടെന്നുള്ളതാണ് രസകരമായ കാര്യം. ഒരു സാമ്പത്തിക ശക്തി എന്ന നിലയിലും, സൈനിക ശക്തി എന്ന നിലയിലും അമേരിക്കയുടെ തകർച്ചയുടെ തുടക്കം അമേരിക്കക്കാർ തന്നെ നേരത്തേ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമേരിക്കൻ ടെലിവിഷൻ സീരിയലായ 'ബോസ്റ്റൺ ലീഗലിൽ' അവരുടെ സ്ഥാപനത്തിന് സാമ്പത്തിക ബാധ്യത വന്നപ്പോൾ ചൈനക്കാർ അവരുടെ സ്ഥാപനം ഏറ്റെടുക്കുന്നത് കാണിക്കുന്നുണ്ട്. അതേപോലെ കൗണ്ടർ ടെററിസത്തെ കുറിച്ചുള്ള അമേരിക്കൻ സീരിയലായ '24'- ൽ, സീരിയലിന്റ്‌റെ നായകനായ ജാക്ക് ബവ്വറിനെ ചൈനാക്കാർ കടത്തിക്കൊണ്ട് പോവുന്നത് കാണിക്കുന്നുണ്ട്. അതേ ടെലിവിഷൻ സീരിയലിൽ തന്നെ അമേരിക്കൻ സ്റ്റെയിറ്റുമായി കലഹിക്കുമ്പോൾ ഒരാൾ ചൈനയിൽ അഭയം തേടാൻ പോവുന്നത് കാണിക്കുന്നുണ്ട്. ചുരുക്കം പറഞ്ഞാൽ ഇപ്പോൾ അമേരിക്കയുടെ ശത്രു റഷ്യയല്ല; ചൈനയാണെന്നു സാരം.

അമേരിക്ക പിന്നോട്ടുപോയാൽ ആധിപത്യം ചൈനയുടേത്

അമേരിക്ക തകർന്നാൽ ഇന്ത്യയുടെ പേടിക്കണം. കാരണം പിന്നെ ലോകത്തിന്റെ ആധിപത്യം ചൈനയുടെ കൈയിലാവും. ശരിക്കും റെഡ് കാപ്പറ്റലിസം എല്ലാം ഭീതിയോടകൂടിയും നടപ്പാകും. അപ്പോഴായിരിക്കും നാം അമേരിക്ക എത്ര പാവം ആയിരുന്നുവെന്ന് ചിന്തിക്കുക. ഇന്ന് ലോകത്ത് എറ്റവും അധികം ആളുകളെ കൊന്ന് ഒടുക്കിയവരുടെ ലിസ്റ്റ് എടുത്താൽ അതിൽ ഒന്നാമൻ മാരോസേതൂങ്ങ് ആയിരിക്കും. സ്റ്റാലിനും പോൾപോൾട്ടും അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ കൊന്നൊടുക്കിയ പതിനായിരങ്ങൾക്ക് കൈയും കണക്കുമില്ല. അതുപോലെ ഒരു കണ്ണിൽ ചോരയില്ലാത്ത സംവിധാനമായിരിക്കും ചൈനയുടെ നേതൃത്വത്തിൽ വരിക. ഏറ്റവും വിചിത്രം ചൈന വിചാരിച്ചാൽ അമേരിക്കയെ നിഷ്പ്രയാസം മുക്കാം എന്നതാണ്. കാരണം അമേരിക്കയുടെ ഈ കടപ്പത്രങ്ങളിൽ നല്ലൊരു പങ്കും ചൈനയുടെ കൈയിലാണ്. ചൈന അത് മാർക്കറ്റിൽ ഡമ്പ് ചെയതാൽ അമേരിക്കൻ ഡോളർ പൊട്ടി പാളീസാവും. പക്ഷേ ചൈന അങ്ങനെ ചെയ്യാത്തത് ഡോളർ തകർന്നാലുണ്ടാവുന്ന ആഗോള പ്രതിസന്ധിയിൽ ചൈനയും തകരുമെന്നതിനാലാണ്.

. സ്വന്തം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത ഭരണ സംവിധാനമാണ് ചുവന്ന ചൈനയിൽ ഉള്ളത്. അപ്പോൾ മറ്റ് രാജ്യങ്ങളോടുള്ള ചൈനയുടെ സമീപനം എങ്ങനെതാവും. അതിർത്തിയിൽ 20 ജവാന്മാരുടെ ജീവൻ നഷ്ടമായപ്പോൾ ഇന്ത്യ തേങ്ങി. പക്ഷേ ചൈനയിൽ ആരാണ് മരിച്ചത് എന്നുപോലും പുറത്തുവിട്ടിട്ടില്ല. അവർക്ക് അത് വെറും അക്കങ്ങൾ മാത്രാമണ്. ടിയാനെന്മെൻ സ്‌കൊയെറിൽ ടാങ്കുകൾ ആളുകളുടെ മുകളിൽ കൂടി ഉരുളുന്ന കാഴ്ച എല്ലാവരും കണ്ടതല്ലേ?? 10,000 പേരാണ് അന്ന് കൊല്ലപ്പെട്ടായിരുന്നൂ എന്നാണ് ബ്രിട്ടീഷ് ഇന്റ്‌റെലിജെൻസ് കുറച്ചുനാൾ മുമ്പ് പറഞ്ഞത്. ഓരോ വർഷവും 2000-ത്തോളം പേരെ ചൈന തൂക്കി കൊല്ലുന്നുണ്ടെന്നാണ് 'ആംനെസ്റ്റി ഇന്റ്‌റെർനാഷണൽ ' പോലുള്ള സംഘടനകൾ പറയുന്നത്. മാധ്യമ സ്വാതന്ത്ര്യവും ചൈനയിൽ ഇല്ല. പക്ഷേ ജയിലുകളിലും കൽക്കരി ഖനികളിലും തടവുകാരെയടക്കം അടിമപ്പണി എടുപ്പിച്ച് ചൈന കോടികൾ സമ്പാദിക്കുന്നു.

ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് മൊബൈൽ കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവ ഇന്ത്യയിൽ നേരിട്ട് വിപണനം നടത്തുമ്പോൾ ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ - എന്ന പേരിൽ ഒക്കെ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ഇപ്പോൾ ചൈനയുടെ ഒരംശമുണ്ട്. ഇതിന്റ്‌റെയൊക്കെ ഫലമായി 57 ബില്യൺ ഡോളറിന്റ്‌റെ 'ട്രെയിഡ് സർപ്ലസ്' ചൈനാ ഇന്ത്യൻ വ്യാപാരത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

പക്ഷേ ചൈനയുടെ ആഗോള ആധിപത്യത്വരക്ക് വൻ തിരിച്ചടിയാണ് കോവിഡ് ഉണ്ടാക്കിയത്. ഇതോടെ പല വൻകിട കമ്പനികളും ചൈന വിട്ടു. ചൈനയിൽ ജോലി ചെയ്യാനാവുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു, അവരുടെ ശരാശരി പ്രായം കൂടി കൊണ്ടിരിക്കുന്നു. നേരെ വിപരീതമാണ് ഇന്ത്യയിലെ അവസ്ഥ. പക്ഷേ ഇന്ത്യക്ക് ആവസരങ്ങൾ വിനിയോഗിക്കാൻ കഴിയുന്നില്ല.

മെയ്ക്ക് ഇൻ ഇന്ത്യ അംബ്ലിങ്ങ് ഇന്ത്യ ആകരുത്

കോവിഡിന്റെ പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ചൈനീസ് ഉൽപ്പന്നങ്ങക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞ. ഗാൽവാൻ സംഘടർഷത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയെ ഓടിക്കാൻ ശ്രമിക്കയാണ്. ടിക്ക്ടോക്ക് പോലുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ച് കൈയടി നേടാനല്ല ഒരു നല്ല കയറ്റുമതി രാജ്യമാവാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.

'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പറഞ്ഞു ആദ്യം നമ്മുടെ സർക്കാർ ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പിന്നീട് 'അസംബ്ലിങ് ഇൻ ഇന്ത്യ' ആയി മാറി. അതും വലിയ ഗുണമൊന്നും ചെയ്തില്ലാ. സ്വന്തമായി ഉൽപ്പാദന രംഗത്ത് വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്. 'എക്സലൻസിന്' പ്രാധാന്യം കൊടുക്കുന്ന ഒരു രീതി ഇന്ത്യൻ സമൂഹത്തിന് ഇന്നും ഇല്ലാ. ആരെങ്കിലും സ്വന്തം കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടാൽ അയാളെ എങ്ങനെയെങ്കിലും ഒതുക്കണമെന്നാണ് നമ്മുടെ മിക്ക സ്ഥാപനങ്ങളിലുള്ളവരുടേയും ചിന്ത. അതുകൊണ്ടു തന്നെ മഹത്തായ സൃഷ്ടികളോ, മഹത്തായ സംരഭങ്ങളോ ഇന്ത്യയിൽ നിന്ന് വരുന്നില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലറ്റുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. കടഞഛ ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഐ.ടി., ഫാർമസ്യൂട്ടിക്കൽസ് - ഈ രംഗത്തൊക്കെ നമ്മൾ ലോകോത്തര നിലവാരം കൈവരിച്ചതായിരുന്നു. പക്ഷെ അത് നമുക്ക് നിലനിർത്താൻ ആയില്ലാ. ഒരു ബ്രാൻഡ് ഇന്ത്യ ബ്രാൻഡ് വളർത്തിക്കൊണ്ടുവന്നാൽ മാത്രമേ നമുക്ക് ചൈനയെ പ്രതിരോധിക്കാൻ ആവുകയുള്ളൂ.

ജപ്പാൻ അമേരിക്കയോട് പകവീട്ടയതുപോലെയാവണം സത്യത്തിൽ നാം ചൈനയോട് പകവീട്ടേണ്ടത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാൻ അമേരിക്കയോട് പക വീട്ടിയത് അമേരിക്കയ്ക്ക് ശക്തമായ സാമ്പത്തിക വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്. രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ ജപ്പാൻ സോണി, ടൊയോട്ട, മിറ്റ്സുബുഷി, നാഷണൽ പാനാസോണിക്ക്, ഫ്യുജി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു. ലോകത്ത് മറ്റൊരു രാജ്യത്തും സാധിക്കാതിരുന്നതുപോലെ ജപ്പാൻ ഇലക്ട്രോണിക്ക് സാധനങ്ങൾ ചിലവുകുറച്ച് തങ്ങളുടെ രാജ്യത്ത് സൃഷ്ടിച്ചു. പിന്നീടവർ അമേരിക്കൻ മാർക്കറ്റ് പിടിച്ചടക്കി. അപ്പോഴാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌റ് ആയിരുന്ന സീനിയർ ബുഷ് ജപ്പാൻ പ്രധാനമന്ത്രിയുമായി ഭീമമായ വ്യാപാര നഷ്ടത്തെ കുറിച്ച് ആധിയോടെ ചർച്ച നടത്തിയത്. പുതിയ ലോക ക്രമം വരികയാണെങ്കിൽ നാം മാതൃകയാക്കേണ്ടതും ജപ്പാനെ തന്നെയാണ്.

കടത്തിൽമേൽ കടവുമായി ലോകം

അമേരിക്കമാത്രമല്ല, ഈ ലോകം മൊത്തത്തിൽ കടത്തിന്മേൽ കടം ആയിക്കഴിഞ്ഞു. ലോകരാജ്യങ്ങൾ അകപ്പെട്ടിരിക്കുന്ന കടത്തിന്റെ കൂമ്പാരം, കടത്തിന്റെ കയം, കൂടി കണക്കിലെടുക്കുക. അതായത് 18,87,12,50,00,00,00,000.00 ഇന്തൻ രൂപ. പൂജ്യങ്ങൾ എണ്ണി കഴക്കുന്ന ഒരു സംഖ്യ. ഈ കടക്കൂമ്പാരത്തിലാണ് ലോക രാഷ്ട്രങ്ങൾ. ( എന്നുവച്ചാൽ ഇന്ന് ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ പൗരനും, അടക്കം, രൂപ 22, 75 , 000 വെച്ച് ( $32,500 ) കടത്തിലാണ്. ഓരോ അമേരിക്കൻ പൗരനും 50 40 000 രൂപ കടത്തിലാണ് ($ 72 000 ).

ചൈനയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ഈ കട ബാദ്ധ്യതയിൽ ഞെരുങ്ങുന്നവരാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ചൈന നോട്ടടി എന്ന ആർട്ടിഫിഷ്യൽ മണി പ്രിന്റിങ് ലൂടെ ആണ് അവരുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിർത്തിയത് എന്ന് വിദഗ്ദ്ധർ പറയുന്നു. അന്നത്തെ, രണ്ടായിരത്തി ഏട്ടിലെ, ക്രൈസിസ് നുശേഷം ചൈന അവരുടെ ജിഡിപി യുടെ 300 ശതമാനം കടം ഉണ്ടാക്കികൂട്ടി എന്ന് അനാലിസ്റ്റുകൾ കണക്കാക്കുന്നു. അവരുടെ ബാങ്കിങ് വ്യവസ്ഥക്കകത്ത് പല മടങ്ങു് വെളിപ്പെടുത്തപ്പെടാത്ത, സുതാര്യത ഇല്ലാത്ത അസ്സറ്റുകൾ കിട്ടാകടങ്ങൾ ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല യൂറോപ്പിലെ എല്ലാ പ്രധാന രാജ്യങ്ങളും വെൽഫേർ സ്റ്റേറ്റ് നിലനിർത്താനായി ജനാധിപത്യത്തിൽ നിലനിൽക്കുന്ന പൗര പ്രീണനത്തിനായി വൻ കടബാധ്യതകൾ വരുത്തിവെച്ചവരാണ്. അവരുടെ ജിഡിപി യുടെ പല മടങ്ങു് കടം ഉണ്ടാക്കിവെച്ചിരിക്കുകയാണ് . യുണൈറ്റഡ് കിങ് ഡിജിഡിപി യുടെ 313 %, ഫ്രാൻസ് 200 , പോർച്ചുഗൽ 216 , ഗ്രീസ് 228 . ഐഎംഎഫിന്റെ ഒരു പഠനം പറയുന്നത് ഒരു രാജ്യത്തിന്റെ കടം അവരുടെ ജി ഡി പി യുടെ 77 % ത്തിൽ കൂടുതലായാൽ ആ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ അത് ബാധിക്കുമെന്നാണ്.
ആധുനിക ക്യാപിറ്റലിസ്റ്റ് വ്യവസ്ഥ എന്നാൽ ഒരു സൈക്കിലിങ് പോലെയാണ്. ചവിട്ടിക്കൊണ്ടേയിരിക്കണം. നിർത്തിയാൽ വീഴും. ഇക്കോണമി ചെറിയ തോതിലെങ്കിലും വളർന്നുകൊണ്ടേയിരിക്കണം. അത് നിന്നാൽ വീഴും.മേൽവിവരിച്ച സിസ്റ്റങ്ങൾക്കകത്തേക്കാണ് നമ്മുടെ കൊറോണ കയറിവരുന്നത്. മാർക്കറ്റിനെ അടച്ചുകൊണ്ടു സോഷ്യൽ ഡിസ്റ്റൻസിങ് നിഷ്‌കർഷിച്ചുകൊണ്ട് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ നിശ്ശേഷം നിഴ്ചലമാക്കികൊണ്ട് കേറിവരുന്നത്.

അതുകൊണ്ടുതന്നെ കോവിഡ് കഴിഞ്ഞുള്ള ഭീകരമായ സാമ്പത്തിക പ്രതിസന്ധി വരമ്പോൾ ആര് അതിജീവിക്കും എന്ന് കൃത്യമായി പറയാൻ കഴിയില്ല. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പുതിയ സാമ്പത്തിക ശക്തികൾ ഉണ്ടായതുപോലെ, കോവിഡാനന്തര ലോകക്രമവും മാറിമറിയാനാണ് സാധ്യത.

വിവരങ്ങൾക്ക് കടപ്പാട്:

സാ ഹാരീസ്- പ്രഭാഷണം- അമേരിക്ക ആൻഡ് ന്യൂ വേൾഡ്

വെൽത്ത് മോണിട്ടറിങ്ങ് ആൻഡ് ന്യൂ എജ്- ലേഖനം- വിനോദ് മേത്ത- ദ ഹിന്ദു ഓൺലൈൻ

കാപ്പിറ്റലിസം ഒരു ദുർഭൂതമല്ല- ലേഖന സമാഹാരം- പി ബി ഹരിദാസൻ

ഫേസ്‌ബുക്ക് പോസ്റ്്റ വിവിധ ലേഖനങ്ങൾ- വെള്ളാശ്ശേരി ജോസഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP