Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളെ പിഴിയുന്ന സർക്കാർ അവരുടെ പേരിൽ നടത്തുന്നത് ധൂർത്ത്; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ എസി മാറ്റി വെക്കാൻ മുടക്കിയത് ഒരു ലക്ഷം; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാർക്ക് ടവലുകൾ വാങ്ങാൻ നൽകിയത് മുക്കാൽ ലക്ഷവും; ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റർ വാങ്ങാൻ നൽകിയത് മൂന്നു ലക്ഷവും; ധൂർത്ത് നിർത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പുല്ലുവില; സാമ്പത്തിക കാര്യത്തിൽ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ

പ്രവാസികളെ പിഴിയുന്ന സർക്കാർ അവരുടെ പേരിൽ നടത്തുന്നത് ധൂർത്ത്; നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ എസി മാറ്റി വെക്കാൻ മുടക്കിയത് ഒരു ലക്ഷം; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാർക്ക് ടവലുകൾ വാങ്ങാൻ നൽകിയത് മുക്കാൽ ലക്ഷവും; ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റർ വാങ്ങാൻ നൽകിയത് മൂന്നു ലക്ഷവും; ധൂർത്ത് നിർത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനു പുല്ലുവില; സാമ്പത്തിക കാര്യത്തിൽ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം: ധൂർത്തിന്റെ പേരിൽ സർക്കാർ വിമർശിക്കപ്പെടുമ്പോഴും പിണറായി സർക്കാരിന്റെ പോക്ക് ധൂർത്തിന്റെ വഴിയേ തന്നെ. പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള പണം അവർ തന്നെ വഹിക്കണം എന്ന ആവശ്യത്തിനു കാരണമായി ഇപ്പോൾ സർക്കാർ ചൂണ്ടിക്കാട്ടിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക പ്രതിസന്ധി വിടാതെ പിന്തുടരുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറയുമ്പോഴും മറുവശത്ത് ഇപ്പോഴും പ്രകടമാകുന്നത് സർക്കാർ തലത്തിലുള്ള ഈ ധൂർത്ത് തന്നെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റു യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ചൂണ്ടിക്കാണിക്കാറുള്ളത് സർക്കാരിന്റെ ഈ ധൂർത്ത് കുറയ്ക്കണം എന്ന് തന്നെയാണ്. പക്ഷെ ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള ആവശ്യങ്ങൾ വരുമ്പോൾ കോവിഡും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ പരണത്ത് തള്ളുന്ന സമീപനമാണ് സർക്കാർ കൈക്കോള്ളാറ്.

കോവിഡ് കാരണമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ വട്ടംകറങ്ങുമ്പോഴും ധൂർത്തിന് ഒരു കുറവുമില്ല. ഇപ്പോൾ വന്നിരിക്കുന്ന ഉത്തരവും സർക്കാർ തലത്തിൽ പ്രകടമായി നടക്കുന്ന ധൂർത്തിന്റെ പ്രതിഫലനമാണ്. വ്യവസായ-നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിൽ എസി മാറ്റി വയ്ക്കാൻ 90000 രൂപയാണ് ഈ കൊറോണ കാലത്ത് അനുവദിച്ച് സർക്കാർ ഉത്തരവായത്. ഈ തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കോവിഡ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ വട്ടം കറക്കുമ്പോഴും ഉദ്യോഗസ്ഥ തലത്തിൽ ധൂർത്ത് നിർബാധം തുടരുകയാണ് ഈ ഉത്തരവ് വെളിപ്പെടുത്തുന്നു. എസി മാറ്റാൻ ഒരു ലക്ഷം രൂപയാണ് അനുവദിച്ചത് എങ്കിൽ ഏപ്രിലിൽ കൊറോണയുടെ പേര് പറഞ്ഞു മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്ക് ടവൽ വാങ്ങാൻ അനുവദിച്ചത് മുക്കാൽ ലക്ഷം രൂപയായിരുന്നു.

അന്ന് പൊതുഭരണവകുപ്പിനാണ് മുക്കാൽ ലക്ഷം അനുവദിച്ചത് എങ്കിൽ ഇക്കുറി അനുവദിച്ചത് വ്യവസായ-നോർക്ക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിനാണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇതേ സമയത്ത് തന്നെ ചീഫ് സെക്രട്ടറിയുടെ റൂമിൽ ഹോം തിയേറ്റർ സംവിധാനം വെയ്ക്കാൻ 290000 രൂപയാണ് അനുവദിച്ചത്. ഈ ഫണ്ട് നേരായ മാർഗത്തിൽ അനുവദിക്കാൻ കഴിയാത്തത് കാരണം വളഞ്ഞ വഴിയിൽ പിഡബ്ല്യുഡിയുടെ ഒക്കെ പേര് പറഞ്ഞാണ് അനുവദിച്ചത്. ഹോം തിയേറ്റർ സംവിധാനം വെയ്ക്കാൻ മൂന്നു ലക്ഷം രൂപ നൽകിയപ്പോൾ തന്നെ വൻവിമർശനമാണ് ഉയർന്നത് ഇതിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെയാണ് ടവൽ വാങ്ങാൻ മുക്കാൽ ലക്ഷം. ഇതിനു പിന്നാലെ തന്നെ ഇപ്പോൾ എസി മാറ്റി വയ്ക്കാൻ ഒരു ലക്ഷവും. സർക്കാർ തലത്തിൽ ധൂർത്ത് ബെല്ലും ബ്രേക്കും ഇല്ലാതെ മുന്നോട്ടു പോവുകയാണെന്ന പ്രതിപക്ഷ നേതാവിന്റെയും ബിജെപി നേതാക്കളുടെയും ആരോപണം ശരിവയ്ക്കുന്നതാണ് സർക്കാർ തലത്തിലുള്ള ധൂർത്തിന്റെ ഭാഗമായ ഈ ഉത്തരവ്.

എസി വയ്ക്കാൻ അനുവദിച്ച ഈ പ്രിൻസിപ്പൽ സെക്രട്ടറിക്ക് തന്നെയാണ് നോർക്കയുടെ ചുമതലയുമുള്ളത്. കോവിഡ് കാലത്തുള്ള സർക്കാരിന്റെ പ്രവാസി നയം തന്നെ വിമർശിക്കപ്പെടുകയാണ്. കോവിഡ് കാരണം പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ മടിക്കുകയാണ്. ഇതിനു ചൂട്ടുപിടിക്കുന്ന സമീപനമാണ് കേരളത്തിന്റെത് എന്നാണ് പ്രവാസികൾക്കിടയിലുള്ള വിമർശനം. ഇതേ നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലാണ് ഒരു ലക്ഷം രൂപ എസിക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമം കഴിഞ്ഞ ദിവസം വിദേശത്ത് കോവിഡ് കാരണം മരിച്ചുവീണ മലയാളികളുടെ ഫോട്ടോകൾ മുഴുവനായി പ്രസിദ്ധീകരിച്ചിരുന്നു. പ്രവാസികളെ കേരളത്തിൽ തിരികെ എത്തിക്കാൻ ഇനിയും എത്രപേർ മരിച്ചു വീഴണം എന്ന ചോദ്യമാണ് മാധ്യമം ഉയർത്തിയത്. മാധ്യമത്തിന്റെ ഈ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് എത്തിയിരുന്നു. ഇവിടെയും വിമർശിക്കപ്പെട്ടത് നോർക്കയുടെ നിലപാട് തന്നെയായിരുന്നു.

കേന്ദ്രസർക്കാർ കളിക്കുന്ന കള്ളക്കള്ളിക്ക് അനുസൃതമായ നിലപാടാണ് നോർക്കയുടെതും എന്നാണ് ആക്ഷേപം ഉയർന്നത്. ഇത് തന്നെയാണ് മരിച്ചവരുടെ ഫോട്ടോ പ്രദർശിപ്പിച്ച് മാധ്യമവും ചൂണ്ടിക്കാട്ടിയത്. പ്രവാസിയും കോവിഡും സാമ്പത്തിക പ്രതിസന്ധിയുമൊന്നുമല്ല എസിയും സുഖസൗകര്യങ്ങളും തന്നെയാണ് വിഷയം എന്നാണ് ധൂർത്തിന്റെ പ്രതീകമായ ഈ ഉത്തരവും ചൂണ്ടിക്കാട്ടുന്നത്. സർക്കാർ തലത്തിലെ ചെലവ് കുറച്ച് കോവിഡ് പ്രതിരോധത്തിനായി കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി 15 നിർദ്ദേശങ്ങൾ അടങ്ങിയ കത്താണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു മാസം മുൻപ് കൈമാറിയത്. നിലവിൽ മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ടിട്ടുള്ള മുഴുവൻ ഉപദേശകരെയും ഒഴിവാക്കുക എന്നതാണ് ഇതിലെ പ്രധാന ആവശ്യം. വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കിൽ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളിൽ തുടരാൻ അനുവദിക്കുകയോ ചെയ്യുകയാണ് വേണ്ടതെന്നാണ് കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. ഇതെല്ലാം തള്ളിക്കളയുന്ന നയം തന്നെയാണ് പിണറായി സർക്കാർ കൈക്കൊള്ളുന്നത്.

ടവലുകൾക്ക് മുക്കാൽ ലക്ഷം; ചീഫ് സെക്രട്ടറിക്കുള്ള ഹോം തിയേറ്ററിന് മൂന്നു ലക്ഷവും

മുന്നോട്ട്പോകാൻ വകയില്ലെന്ന് പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും സാലറി ചലഞ്ച് നിർബന്ധപൂർവം ഏർപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലാണ് ടൗവലുകൾ അനുവദിക്കാൻ ഏപ്രിൽ മാസം 75000 രൂപ അനുവദിച്ച് ഉത്തരവായത്. ചീഫ് സെക്രട്ടറിക്ക് വാർത്തയും മറ്റു കാര്യങ്ങളും വലിയ സ്‌ക്രീനിൽ കാണാൻ വേണ്ടി 72 ഇഞ്ച് എൽഇഡി ടിവി വാങ്ങാൻ വേണ്ടി അനുവദിച്ചത് 290000 രൂപയാണ്. നേരിട്ട് തുക അനുവദിക്കാൻ പ്രയാസമുള്ളതിനാൽ വളഞ്ഞ വഴിയിൽ ഏതൊക്കെയോ അക്കൗണ്ട് വഴിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വിവിധ അക്കൗണ്ടുകൾ ആണ് ഈ തുക നൽകാൻ ഉപയോഗിച്ചിരിക്കുന്നത്. കൊറോണ പ്രശ്നങ്ങൾ തുടരുന്നതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻകത്ത് നൽകിയപ്പോൾ തന്നെയാണ് ടവൽ വാങ്ങാനുള്ള മുക്കാൽ ലക്ഷവും ചീഫ് സെക്രട്ടറിയുടെ ഓഫീസിനു ഹോം തിയേറ്റർ വാങ്ങാൻ മൂന്നു ലക്ഷത്തിനടുത്ത തുകയും അനുവദിച്ച് ഉത്തരവായത്.

വരുമാനം പൂർണമായി നിലച്ച അവസ്ഥയിൽ ഓപ്പൺ മാർക്കറ്റിൽ നിന്നും വായ്പ എടുത്ത് മാത്രമേ സംസ്ഥാനത്തിനു മുന്നോട്ടു പോകാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കിയത്. ഇത് ചൂണ്ടിക്കാട്ടി തന്നെയാണ് സംസ്ഥാന ജീവനക്കാർക്ക് സാലറി ചാലഞ്ചും നിർബന്ധിതമായി ഏർപ്പെടുത്തിയത്. എന്നാൽ പ്രളയകാലത്തിനു വിഭിന്നമായി ഈ സാലറി ചലഞ്ചിനു അങ്ങനെ പിന്തുണ നൽകുന്ന സമീപനം പ്രതിപക്ഷം നൽകിയിട്ടില്ല. കുത്തിനു പിടിച്ച് ജീവനക്കാരുടെ സാലറി പിടിച്ചു വാങ്ങുന്ന രീതിയെയാണ് പ്രതിപക്ഷം ശക്തമായി എതിർക്കുന്നത്. സാലറി ചാലഞ്ചിനെ ശക്തമായി എതിർക്കുമ്പോൾ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ചെലവ് ചുരുക്കുകയും ധൂർത്ത് സർക്കാർ ഒഴിവാക്കുകയും വേണമെന്നാണ്. പക്ഷെ ആക്ഷേപം ശക്തമായി സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുമ്പോൾ തന്നെയാണ് ധൂർത്ത് പൂർവാധികം ശക്തിയായി ഭരണതലത്തിൽ തുടരുന്നത്. വിവാദമായ ഒട്ടവനവധി കാര്യങ്ങളാണ് കൊറോണ കാലത്തെ ഈ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ചെയ്തു കൂട്ടുന്നത്. അതിൽ പ്രധാനമാണ് ലോക്ക് ഡൗൺ തുടരുമ്പോൾ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാടയ്ക്ക് എടുത്ത നടപടി.

ലോക്ക് ഡൗണിൽ ഹെലികോപ്റ്ററിന് നൽകിയത് രണ്ടു കോടി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരവേ പവൻഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് രാഷ്ട്രീയ വിവാദമായിരുന്നു. സർക്കാർ വരുമാനം നിലച്ചിരിക്കെ തന്നെയാണ് ഹെലികോപ്റ്റർ വാടകയായി ഈ മാസം ആദ്യവാരം ഒരു കോടി എഴുപത് ലക്ഷം രൂപ സർക്കാർ നൽകിയത്. ഹെലികോപ്റ്ററുകൾ വാടകയ്ക്ക് എടുക്കാൻ പവൻ ഹംസ് ലിമിറ്റഡിന് സർക്കാർ 1.70 ലക്ഷം രൂപയാണ് കൈമാറിയത്. ഈ ഇടപാട് തന്നെ വിവാദമായിരുന്നു. ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്. കുറഞ്ഞനിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയർന്ന നിരക്കു ചോദിച്ച കമ്പനിയുടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. സംസ്ഥാനം 1.44 കോടിരൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ചത്തീസ്ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷംരൂപ മാത്രമാണ്. എന്തുകൊണ്ട് കേരളം ഇത്രയും അധിക തുക നൽകുന്നു എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചില്ല.

ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. എഎസ് 365 ഡൗഫിൻ എൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാൻ ഫെബ്രുവരിയിൽ സർക്കാർ അനുമതിനൽകിയിരുന്നു. ഇതിൽ ജിഎസ്ടി തുക കൂടിയാകുമ്പോൾ അത് 1,70,63,000 രൂപയായി ഉയർന്നു. നൽകുന്നത് ഈ ലോക്ക് ഡൗൺ കാലത്തും. ഇതേ മാസം തന്നെയാണ് വരുമാനമില്ല എന്ന് പറഞ്ഞു സാലറി ചാലഞ്ച് സർക്കാർ ഏർപ്പെടുത്തുകയും ചെയ്തത്. കെപിസിസി അധ്യക്ഷൻ ഈ ധൂർത്ത് ഉദാഹരണ സഹിതം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയുടെ ആരോപണങ്ങൾ ഇങ്ങനെ:

കൊറോണ കാലത്ത് മുഖം മിനുക്കലിന്റെ പേരിൽ ധൂർത്ത്:

മുഖ്യമന്ത്രിയുടെ മുഖംമിനുക്കാനായി ന്യൂസ് ചാനലുകളിലെ 'നാം മുന്നോട്ട്' പരിപാടിക്ക് പ്രതിവർഷം 6.37 കോടി രൂപയും അഞ്ചുവർഷത്തേക്ക് 31.85 കോടി രൂപയും ചെലവ് വരുന്നുണ്ട്. ഈ തുക ഒഴിവാക്കി കൊറോണ ഫണ്ടിലേക്ക് നൽകിക്കൂടെ എന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നിട്ട് പോരെ സാലറി ചാലഞ്ച് എന്ന ചോദ്യത്തിനു സർക്കാർ മറുപടി നൽകിയില്ല. 2.25 ലക്ഷം രൂപ നിരക്കിലാണ് 'നാം മുന്നോട്ടി'ന്റെ നിർമ്മാണം പാർട്ടി ചാനലിനു കരാർ നല്കിയിരിക്കുന്നത്. ഒരു എപ്പിസോഡിന് 2.25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വർഷം പാർട്ടി ചാനലിന് എപ്പിസോഡ് നിർമ്മാണത്തിനു നൽകുന്നത് 1.17 കോടി രൂപ. അഞ്ചു വർഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയിൽ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുൻനിര ചാനലിന് ആഴ്ചയിൽ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാൻ 1.25 ലക്ഷം രൂപ. ചില ചാനലുകൾ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാൽ 12 ന്യൂസ് ചാനലുകൾക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വർഷത്തക്ക് 26 കോടി രൂപ. പിആർഡിയും സിഡിറ്റും ചേർന്ന് നിർമ്മിച്ച് ദൂരദർശനിൽ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ധൂർത്തിന്റെ മകുടോദാഹരണമായി മാറുന്നത്. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങൾക്കും പുറംകരാർ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്. പിആർഡിയെ മറികടന്നാണ് ഈ ഇടപാട്.

14 ജില്ലകളിൽ സാംസ്‌കാരിക സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുവദിച്ചിരിക്കുന്ന 700 കോടി രൂപയാണ്. ഇതുകൊറോണ ഫണ്ടിലേക്ക് മാറ്റണം. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണുള്ള ഒരു നിലയത്തിന് 50 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കാബിനെറ്റ് റാങ്ക് വഴിയുള്ള ബാധ്യത:

മുന്നാക്ക കോർപറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ള, ഡൽഹിയിൽ ലെയ്‌സൺ ഓഫീസറായ മുൻ എംപി എ സമ്പത്ത്. , വി എസ് അച്യുതാനന്ദൻ-ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ്. അച്യുതാനന്ദൻ, ചീഫ് വിപ്പ്, കെ. രാജൻ, അഡ്വക്കറ്റ് ജനറൽ സിപി സുധാകര പ്രസാദ് എന്നിവർക്ക് കാബിനെറ്റ് റാങ്ക് നൽകിയിട്ടുണ്ട്. ഇവർക്ക് ഔദ്യോഗിക വസതി, ജീവനക്കാർ, വാഹനം, ടിഎ, ഡിഎ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വർഷം 1.44 കോടി. അഞ്ചുപേർക്ക് 8.64 കോടി രൂപയുടെ പ്രതിവർഷ ചെലവ് ഇതിനു വരുന്നുണ്ട്.. മുഖ്യമന്ത്രിയുടെ ഉപദേശകരായി ഇപ്പോഴും തുടരുന്നത് ആറുപേർ. ഇവർക്കും ചെലവ് ലക്ഷങ്ങൾ വരും. ഈ രീതിയിൽ ഖജനാവ് ചോർന്നുകൊണ്ടിരിക്കുമ്പോഴാണ് ഇതൊന്നും കൂസാതെ ടവൽ വാങ്ങാൻ ഒരുലക്ഷവും ചീഫ് സെക്രട്ടറിക്ക് ഹോം തിയേറ്റർ വാങ്ങാൻ വാങ്ങാൻ മൂന്ന് ലക്ഷവുമൊക്കെ അനുവദിച്ച് ഉത്തരവിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP