Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വാതന്ത്ര്യത്തിനായി നിലവിളിച്ച് ഹോങ്കോങുകാർ വീണ്ടും തെരുവിൽ; പുതിയ ദേശവിരുദ്ധ നിയമം ഉപയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്ത് ചൈന; കുരുമുളക് സ്പ്രേയും ജലപീരങ്കിയുമായി റയട്ട് പൊലീസ് തെരുവിൽ; ലോക സാമ്പത്തിക തലസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ച് കൈയിലെടുക്കാൻ ഇറങ്ങിയ ചൈനീസ് വ്യാളികൾക്കെതിരെ ലോകം; ഹോങ്കോംങ് പൗരന്മാർക്ക് മുഴുവൻ പൗരത്വം നൽകി രക്ഷിക്കാൻ ഒരുങ്ങി ബ്രിട്ടനും

സ്വാതന്ത്ര്യത്തിനായി നിലവിളിച്ച് ഹോങ്കോങുകാർ വീണ്ടും തെരുവിൽ; പുതിയ ദേശവിരുദ്ധ നിയമം ഉപയോഗിച്ച് നേതാക്കളെ അറസ്റ്റ് ചെയ്ത് ചൈന; കുരുമുളക് സ്പ്രേയും ജലപീരങ്കിയുമായി റയട്ട് പൊലീസ് തെരുവിൽ; ലോക സാമ്പത്തിക തലസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ച് കൈയിലെടുക്കാൻ ഇറങ്ങിയ ചൈനീസ് വ്യാളികൾക്കെതിരെ ലോകം; ഹോങ്കോംങ് പൗരന്മാർക്ക് മുഴുവൻ പൗരത്വം നൽകി രക്ഷിക്കാൻ ഒരുങ്ങി ബ്രിട്ടനും

മറുനാടൻ മലയാളി ബ്യൂറോ

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതൊക്കെ കമ്മ്യുണിസ്റ്റ് മാനിഫസ്റ്റോയിൽ എഴുതിവച്ചിരിക്കുന്ന ചില വാക്കുകൾ എന്നതിൽ കവിഞ്ഞ് തങ്ങളുടെ പ്രായോഗിക കമ്മ്യുണിസത്തിൽ അതിനൊന്നും വലിയ പ്രസക്തിയില്ലെന്ന് ലോകത്തോട് ഒരിക്കൽ കൂടി വിളിച്ചുപറയുകയാണ് കമ്മ്യുണിസ്റ്റ് ചൈന. പതിറ്റാണ്ടുകൾക്ക് മുൻപ് ടിയാനൻ മെൻ ചത്വരത്തിൽ ജനാധിപത്യത്തിനായി മുറവിളികൂട്ടിയ യുവതയുടെ നെഞ്ചിലേക്ക് പാറ്റേൺ ടാങ്കുകൾ ഓടിച്ചുകയറ്റിയ അതേ ആവേശത്തോടെയാണ് ഇന്നലെ സ്വാതന്ത്ര്യത്തിനായി വാദിച്ച് തെരുവിലിറങ്ങിയ ഹോങ്കോംഗുകാരെ നേരിടാൻ ചൈനയുടെ റയട്ട് പൊലീസ് എത്തിയത്.

അന്താരാഷ്ട്ര കരാറുകൾക്ക് പുല്ലുവില കൽപിച്ച്, പുതിയ ദേശീയ സുരക്ഷാ നിയമം എന്ന കുതന്ത്രത്തിലൂടെ ഹോങ്കോംഗിന് മുകളിൽ സർവ്വാധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ചൈനയുടെ നടപടിക്കെതിരെയുള്ള ഏതൊരു പ്രക്ഷോഭവും ക്രൂരമായി തന്നെ അടിച്ചമർത്തപ്പെടും എന്നൊരു മുന്നറിയിപ്പ് കൂടിയായിരുന്നു ഇന്നലത്തെ പൊലീസ് ഇടപെടൽ. പതാകയുയർത്തി സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യം വിളിച്ച ഒരു പതിനഞ്ച് കാരിയുൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ കുരുമുളക് സ്പ്രേ, ജലപീരങ്കി എന്നിവയൊക്കെയായാണ് പൊലീസ് എത്തിയത്.

ആഴ്‌ച്ചകൾ നീണ്ട അനിശ്ചിതത്തിനു ശേഷം ചൊവ്വാഴ്‌ച്ചയായിരുന്നു ബെയ്ജിങ് പുതിയ കരിനിയമത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ലോകത്തിലെ തിളങ്ങുന്ന സമ്പദ്ഘടനകളിലൊന്നിനെ വരിഞ്ഞു മുറുക്കുന്ന നിയമത്തിന്റെ വിശദാംശങ്ങൾ വെളിപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. ഹോങ്കോംഗ് ചൈനക്ക് കൈമാറിയതിന്റെ 23-)0 വാർഷിക ദിനത്തിലായിരുന്നു ഇത് സംഭവിച്ചത്. ആദ്യം പ്രതിഷേധക്കാരിൽ അധികം പൊലീസുകാരാണ് ഉണ്ടായിരുന്നതെങ്കിൽ, ജലപീരങ്കിയേയും മറ്റും തൃണവത്ഗണിച്ച് ആയിരങ്ങൾ പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമത്തിനൊന്നും മുതിരാതെ, ''ഹോങ്കോംഗിന് സ്വാതന്ത്ര്യം'' എന്നെഴുതിയ ഒരു പതാകയുമായി നിന്നിരുന്ന ഒരു പുരുഷനേയാണ് ആദ്യം അറസ്റ്റ് ചെയ്തത്. അതുപോലെ മറ്റൊരു പ്ലക്കാർഡുമായി നിന്ന സ്ത്രീയേയും പിന്നാലെ അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബോർഡുകളും മറ്റും പ്രദർശിപ്പിച്ച മറ്റുള്ളവരേയു അറസ്റ്റ് ചെയ്തു. അനധികൃതമായി കൂട്ടം ചേർന്നതിനും ആയുധങ്ങൾ കൈവശം വച്ചതിനുമായി 370 പേരോളം അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

അർദ്ധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിനെ പൂർണ്ണമായും ചൈനയുടെ ഏകാധിപത്യത്തിൻ കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയതാണ് പുതിയ ദേശീയ സുരക്ഷാ നിയമം. ചൈനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഏത് പ്രവർത്തിയും ഈ നിയമമനുസരിച്ച് കുറ്റകരമാണ്. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുകയോ മുദ്രാവാക്യം മുഴക്കുകയോ ഒക്കെ കുറ്റകരമാണ്. ഏറ്റവും ഭയാനകമായ കാര്യം, ഇത്തരത്തിൽ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിക്കുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നവരെ തീവ്രവാദികളായിട്ടായിരിക്കും കണക്കാക്കുക എന്നതാണ്. പിന്നീടവരെ മെയിൻലാൻഡ് ചൈനയിലേക്ക് മാറ്റുകയും കടുത്ത ശിക്ഷകൾ വിധിക്കുകയും ചെയ്യും.

പ്രതിഷേധത്തിനിടയിൽ ഒരു പൊലീസുകാരന്റെ കൈയിൽ കുത്തേറ്റു എന്നാണ് പൊലീസുകാർ പറയുന്നത്. ഇത് ചെയ്തവർ ഓടി രക്ഷപ്പെട്ടു എന്നും അവർ വ്യക്തമാക്കുന്നു. അടുത്തുനിന്നവർ അവരെ പിടിക്കാൻ പൊലീസിനെ സഹായിച്ചില്ല എന്നും പൊലീസ് പറയുന്നുണ്ട്. അതിനിടയിൽ, എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന രീതിയിൽ അവ്യക്തമായതും രഹസ്യ വിചാരണകൾക്ക് അനുവാദം നൽകുന്നതുമായ ഒരു നിയമവും, അത് ദുരുപയോഗം ചെയ്യുവാനായി തെരഞ്ഞെടുക്കപ്പെട്ട ഒരുകൂട്ടം ജഡ്ജിമാരുമായി ചൈനയുടെ പൊലീസ് ഹോങ്കോംഗിൽ അഴിഞ്ഞാടുകയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഏഷ്യാ പസഫിക് റീജിയണൽ ഡയറക്ടർ നിക്കോളാസ് ബെക്വിലിൻ ആരോപിച്ചു.

അതിനിടയിൽ ഹോങ്കോംഗിലേക്ക് യാത്രചെയ്യുന്നവർക്ക് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോങ്കോംഗ് വിട്ടു വരുന്നവർക്ക് പൗരത്വം നൽകാനായി ബ്രിട്ടന്റെ പൗരത്വനിയമം നേരത്തെ ഭേദഗതി ചെയ്തിരുന്നു. ചൈനയുടെ ഇന്നലത്തെ പ്രവർത്തിയെ അപലപിച്ചുകൊണ്ട് ലോക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP