Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം

ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം; കോൺഗ്രസിൽ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും മുൻതൂക്കം കോൺഗ്രസിൽ എ ഗ്രൂപ്പിനാണ്. ഇവിടെ നിന്ന് കൂടുതൽ എംഎൽഎമാർ ജയിച്ചാൽ അത് ഉമ്മൻ ചാണ്ടിക്ക് കരുത്താകും. ഇത് തിരിച്ചറിഞ്ഞ് കോട്ടയത്തെ വിജയ സാധ്യതകൾ തകർക്കാനായിരുന്നു യുഡിഎഫിൽ നിന്നുള്ള ജോസ് കെ മാണിയുടെ പുറത്താക്കൽ. സ്വാഭാവികമായി ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാൽ നേട്ടം സിപിഎമ്മിന് തന്നെയാകും. ഇതിലൂടെ അടുത്ത നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുമ്പോൾ ഐ ഗ്രൂപ്പിന് മുൻതൂക്കം കിട്ടും. ഇത് മനസ്സിൽ വച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കമാണ് ജോസ് കെ മാണിയുടെ പുറത്താക്കൽ എന്നാണ് ലഭിക്കുന്ന സൂചന.

കോട്ടയത്ത് കെ എം മാണിയെ ഒതുക്കാൻ ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. ബാർ കോഴ അതിന്റെ ഭാഗമായിരുന്നു. യുഡിഎഫിൽ നിന്ന് മാണിയെ പുറത്താക്കുകയെന്നത് മാത്രമായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിന്റെ ഭാഗമായി മാണി വീണ്ടും യുഡിഎഫിലെത്തി. മാണിയുടെ മരണത്തോടെ മോഹം വീണ്ടും ചെന്നിത്തല പൊടി തട്ടിയെടുത്തു. പാലായിൽ മത്സരിക്കാനുള്ള മോഹം കോൺഗ്രസ് നേതാവായ ജോസഫ് വാഴക്കനുണ്ട്. ചെന്നിത്തലയുടെ വലംകൈയാണ് വാഴക്കൻ. അതും ഐ ഗ്രൂപ്പിന്റെ നിലപാടിനെ സ്വാധീനിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ളിടത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്ന എക്കാരും ഉണ്ട്. ഇവർ കൂടി ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ചു. അങ്ങനെയാണ് കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്ന് ജോസ് കെ മാണിയെ പുറത്താക്കാൻ കഴിയില്ല. കാരണം അവർക്ക് ഇടതു പക്ഷത്തോട് ചേർന്ന് അധികാരം പിടിച്ചെടുക്കാൻ കഴിയും. ഇത് മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി. ഇത് കാരണം പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടങ്ങളൊന്നും കോൺഗ്രസിന് ഉണ്ടാകാനും പോകുന്നില്ല. ജോസ് കെ മാണിയുടെ പ്രതിനിധിയെ പുറത്താക്കാൻ അവിശ്വാസവും കൊണ്ടു വരുന്നില്ല. പിന്നെ എന്തിനാണ് ജോസ് കെ മാണിയെ പുറത്താക്കിയതെന്നതാണ് ഉയരുന്ന ചോദ്യം. മധ്യ തിരുവിതാംകൂറിൽ ജോസ് കെ മാണിയെ മാറ്റിയാൽ കോൺഗ്രസിന് തോൽവിയാകും ഭയം. ഇതും മറന്ന് ജോസ് കെ മാണിയെ വെട്ടുന്നത്തിന് കാരണം കോൺഗ്രസ് നിയമസഭാ കക്ഷിയിൽ എ ഗ്രൂപ്പിന് മുൻതൂക്കം കിട്ടാതിരിക്കുകയെന്ന ലക്ഷ്യം മാത്രമാണ്.

കെബി ഗണേശ് കുമാറിനെ മുന്നണിയിൽ എത്തിക്കാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാൽ സോളാർ കേസിൽ തന്നെ കുടുക്കിയ ഗണേശിനെ വേണ്ടെന്ന ഉറച്ച നിലപാട് ഉമ്മൻ ചാണ്ടി എടുത്തു. ഇതിന് പിന്നാലെയായിരുന്നു കേരളാ കോൺഗ്രസിലെ ചെന്നിത്തലയുടെ ഇടപെടൽ. പിജെ ജോസഫിന് വേണ്ടി ജോസ് കെ മാണിക്കെതിരെ വാദിച്ചതും കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയതും ചെന്നിത്തലയുടെ നീക്കമായിരുന്നു. ജോസ് കെ മാണിയെ പ്രകോപിപ്പിക്കുന്ന വിധത്തിൽ തീരുമാനവും പ്രഖ്യാപിച്ചു. ഇതിന് ഇറക്കിയത് യുഡിഎഫ് കൺവീനറായ ബെന്നി ബെഹന്നാനേയും. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു ഒരു കാലത്ത് ബെന്നി. എന്നാൽ ഇപ്പോൾ ചെന്നിത്തലയ്‌ക്കൊപ്പമാണ്. ഇതും ബെന്നിയുടെ പൊട്ടിത്തെറിച്ചുള്ള ജോസ് കെ മാണി പുറത്താക്കൽ പ്രഖ്യാപനത്തിന് കാരണമായി.

അതിനിടെ മുന്നണിയെ വെല്ലുവിളിച്ചു നിന്നിരുന്ന കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിന് 'ഷോക്ക് ട്രീറ്റ്‌മെന്റ്' അനിവാര്യമായിരുന്നുവെന്നു യുഡിഎഫ് നേതൃയോഗം. അതിനുള്ള ശക്തമായ മുന്നറിയിപ്പെന്ന നിലയിലാണു മുന്നണി യോഗങ്ങളിൽ നിന്നു പുറത്തുനിർത്താൻ തീരുമാനിച്ചതെന്നു ആമുഖമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുമായി നടന്ന ചർച്ചകളുടെ നാൾവഴി വിശദാംശങ്ങളോടെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. യുഡിഎഫ് തന്നെ ഒരു സ്തംഭനാവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് എല്ലാവരുമായും ആലോചിച്ച് അവർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. അങ്ങനെ ജോസ് കെ മാണിയിൽ തീരുമാനം എടുത്തു.

യുഡിഎഫ് തീരുമാനത്തോടു എല്ലാ കക്ഷികളും യോജിച്ചു. പക്ഷേ പുറത്താക്കി എന്ന നിലയിലാണല്ലോ തീരുമാനം പുറത്തുവന്നതെന്നു ചിലർ ചോദിച്ചപ്പോൾ മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നു ചെന്നിത്തലയും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലെ രാജിയാണ് തന്റെയും ആവശ്യമെന്നും പുറത്താക്കലല്ലെന്നും പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. യുപിഎക്കു നഷ്ടമുണ്ടാകുന്ന നടപടികൾ സൂക്ഷിച്ചുവേണമെന്നു കെ. മുരളീധരൻ പറഞ്ഞു. ഇതേത്തുടർന്നു നടപടി സംബന്ധിച്ചു വാർത്താസമ്മേളനത്തിൽ വ്യക്തത വരുത്താൻ യോഗത്തിൽ ധാരണയായി. അങ്ങനെയാണ് ജോസ് കെ മാണിയെ പുറത്താക്കിയില്ലെന്നും മാറ്റി നിർത്തിയിട്ടേയുള്ളൂവെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചത്. എന്നാൽ ചെന്നിത്തലയുടെ ഓഫർ ജോസ് കെ മാണി തള്ളി.

എന്നാൽ യുഡിഎഫിന്റേത് സാങ്കേതികമായ തിരുത്തൽ മാത്രമാണെന്നും രാഷ്ട്രീയ നിലപാടിന്റെ തിരുത്തൽ അല്ലെന്നും ജോസ് കെ. മാണി എംപിയും പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന മുൻ നിലപാടിൽ മാറ്റമില്ല . യുഡിഎഫ് കൺവീനറുടെ പ്രഖ്യാപനം വന്നിട്ട് മൂന്നു ദിവസമായി. കെ.എം.മാണിയുടെ പാർട്ടിയോട് കടുത്ത അനീതി കാണിച്ചുവെന്ന് പ്രവർത്തകരുടെ വികാരം ഉയർന്നിട്ടും യുഡിഎഫ് നിലപാട് തിരുത്തിയില്ല. പുറത്താക്കിയതിനെക്കുറിച്ച് സാങ്കേതിക തിരുത്ത് എന്നു പറഞ്ഞിട്ട് പഴയ നിലപാട് യുഡിഎഫ് ആവർത്തിച്ചു. യുഡിഎഫ് യോഗം ചേരുന്നതിനു തൊട്ടുമുൻപ് വരെ ഒരു തിരുത്തലും വന്നില്ല. കൂറുമാറിയ ആൾക്ക് സ്ഥാനം കൊടുക്കണമെന്നു പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്നു മനസ്സിലാകുന്നില്ല. ഇനി ചർച്ചയില്ലെന്നു യുഡിഎഫ് തന്നെയാണ് പറഞ്ഞതെന്നും ജോസ് കെ.മാണി പറഞ്ഞു.

അതിനിടെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശം. കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായതിന്റെ പ്രതിഫലനമാണ് ഇത്. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ എടുത്തു പറയുന്നു.

രാഷ്ട്രീയരംഗത്ത് വരുന്ന മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കോടിയേരി അവകാശപ്പെട്ടു. അതേസമയം, കേരളാ കോൺഗ്രസ് (എം) നെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയർമാൻ ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി ആവർത്തിച്ചു. രാഷ്ട്രീയ തിരുത്തൽ വരുത്താതെ ചർച്ചയില്ലെന്നും ജില്ലാ പഞ്ചായത്തിൽ കൂറ് മാറിയ വ്യക്തിക്ക് പ്രസിഡന്റ് പദവി നൽകണമെന്ന് പറയുന്നത് യുക്തിയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP