Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 438 മരണം; ആകെ മരണം 17,848 ആയി; പുതുതായി രോഗം സ്ഥിരീകരിച്ചത് 19,063 പേർക്ക്; ചികിത്സയിലുള്ളത് 3,77,739 പേർ; കോവിഡ് കേസുകൾ ആറ് ലക്ഷം കടന്നു; മഹാരാഷ്ട്രയിൽ 198 മരണം; 5537 പുതിയ കേസുകളും; തമിഴ്‌നാട്ടിലും 63 മരണം; രാജ്യത്ത് ചികിത്സയിലുള്ളത് 70ലധികം ഡോക്ടർമാർ; ഭീതിയോടെ രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:ഇന്ത്യയിൽ കോവിഡ് നിരക്ക് വർധിക്കുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്തത് 604,808 കേസുകളാണ്. ആശങ്ക വർധിപ്പിച്ച് മരണസംഖ്യയും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 438 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17,848 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,063 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതിൽ 377,739 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

3,59,891 പേർക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5537 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 1,80,298 ആയി. ബുധനാഴ്ച 198 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 8053 ആയി. 79,091 പേർ ചികിത്സയിലുണ്ട്.മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം 60 ആയി. ഇവരിൽ മൂന്ന് ഓഫീസർമാരും ഉൾപ്പെടുന്നു. മുംബൈയിൽ മാത്രം 38 പൊലീസുകാർ മരിച്ചു. ആകെ 4,900 പൊലീസുകാർ കോവിഡ് രോഗബാധിതരായി.

തമിഴ്‌നാട്ടിൽ ബുധനാഴ്ച 3882 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 94,049 ആയി. നിലവിൽ 39,856 പേരാണ് ചികിത്സയിലുള്ളത്. 63 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരിച്ചത്.

മരണപ്പെട്ടവരുടെ ആകെ എണ്ണം 1264 ആയി ഉയർന്നു. ഇന്ന് രോഗം ബാധിച്ചവരിൽ 16 പേർ വിദേശരാജ്യങ്ങളിൽ നിന്നും 59 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. 2852 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 52962 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ചെന്നൈയിലാണ്. ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 60,533 കടന്നു. ചെങ്കൽപേട്ട്, തിരുവള്ളൂർ, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് മേഖലകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

കേരളത്തിൽ ഇന്ന് 151 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയിൽ നിന്നുള്ള 34 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 17 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 12 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കൊല്ലം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,87,219 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,84,388 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2831 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 290 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,39,017 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4042 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 50,448 സാമ്പിളുകൾ ശേഖരിച്ചതിൽ 48,442 സാമ്പിളുകൾ നെഗറ്റീവ് ആയി.

രാജ്യത്ത് 70ലധികം ഡോക്ടർമാർ ചികിത്സയിൽ

രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 70ഓളം ഡോക്ടർമാർ. ജനുവരി 30 മുതൽ ഇന്നുവരെ നിരവധി ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി രോഗബാധ സാധ്യത കാണുന്ന സാഹചര്യത്തിൽ സർക്കാർ ഉടൻതന്നെ അണുബാധ നിയന്ത്രണ ഓഡിറ്റ് പുറത്തിറക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു.

കോവിഡിനോട് നേരിട്ട് പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകർ. രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മതിയായ സുരക്ഷ സംവിധാനങ്ങളുടെ അഭാവവും രോഗപ്രതിരോധ ശേഷി ഇല്ലായ്മയുമാണ് ആരോഗ്യപ്രവർത്തകർക്ക് തിരിച്ചടിയാകുന്നത്.

'യാദൃശ്ചികമായല്ല 2020 ലെ ലോകാരോഗ്യ ദിനത്തിന്റെ ചിന്താവിഷയമായി 'നഴ്‌സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണക്കുക'എന്ന വാചകം തിരഞ്ഞെടുത്തത്. കോവിഡ് മഹാമാരിയെ തുടർന്ന് ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഡൽഹിയിൽ മാത്രം ഏകദേശം 2,000 ത്തിൽ അധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു.

മെയ്‌ 23 വരെയുള്ള ഐ.സി.എം.ആറിന്റെ കണക്കുപ്രകാരം 1,073 ആരോഗ്യ പ്രവർത്തകർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന രോഗബാധ സാധ്യതയും വെല്ലുവിളിയും കണക്കിലെടുത്ത് ആരോഗ്യ പ്രവർത്തകർക്കായി അണുബാധ നിയന്ത്രണ ഓഡിറ്റ് സർക്കാർ തയാറാക്കണം.' -ജെ.എൻ.യു പൊതുജനാരോഗ്യ വിഭാഗത്തിലെ രജീബ് ദാസ്ഗുപ്ത പറയുന്നു.

ആഗോളതലത്തിൽ രോഗം ബാധിച്ചവരിൽ ഒരു ശതമാനം ആരോഗ്യ പ്രവർത്തകരാണ്. ഞായറാഴ്ച കോവിഡ് ബാധിച്ച് ഒരു ഡോക്ടർ നോയിഡയിലെ ആശുപത്രിയിൽ മരിച്ചിരുന്നു. ജൂൺ എട്ടിന് രോഗം സ്ഥിരീകരിച്ച ഡോ. സയീദ് അഹമദ് അലിയാണ് മരിച്ചത്. കഴിഞ്ഞ ഡൽഹിയിലെ എൽ.എൻ.ജെ.പി ആശശുപത്രിയിലെ മുതിർന്ന ഡോക്ടർ അസീം ഗുപ്തയും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് 70 ൽ കൂടുതൽ ഡോക്ടർമാർ മരിച്ചിട്ടുണ്ടാകാമെന്ന് ഡൽഹി മെഡിക്കൽ കൗൺസിൽ പറയുന്നു.

ഡോക്ടർമാർ നേരിടുന്ന പ്രധാന വെല്ലുവിളി മതിയായ സുരക്ഷ ഉപകരണങ്ങളുടെ അഭാവമാണ്. ഡൽഹി എയിംസിൽ അടക്കം സുരക്ഷ ഉപകരണങ്ങളുടെ അഭാവം മൂലം നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ ഡോക്ടർ ദിനത്തിൽ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായി ഡൽഹിയിലെ ഡോക്ടർമാർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP