Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മണിക്കൂറിന് റേറ്റ് നിശ്ചയിച്ച് നക്ഷത്ര വേശ്യാലയം നടത്തിയ കേസിൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് താത്തയും കൂട്ടാളികളും; വിചാരണ വൈകിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോടതി; കേസിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന് വിമർശനം; സർക്കാർ നിലപാടറിയിക്കാനും ഉത്തരവ്

മണിക്കൂറിന് റേറ്റ് നിശ്ചയിച്ച് നക്ഷത്ര വേശ്യാലയം നടത്തിയ കേസിൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് താത്തയും കൂട്ടാളികളും; വിചാരണ വൈകിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോടതി; കേസിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന് വിമർശനം; സർക്കാർ നിലപാടറിയിക്കാനും ഉത്തരവ്

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഗവ: സെക്രട്ടറിയേറ്റിനും പാളയം നിയമസഭാ മന്ദിരത്തിനും സമീപത്ത് നഗര ഹൃദയത്തിൽ നടന്ന പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റ വിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് വാണിഭ കേന്ദ്ര നടത്തിപ്പുകാരുൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സെക്സ് റാക്കറ്റ് കേസ് പ്രതികൾ കുറ്റവിമുക്തരാക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ വൈകിപ്പിനാണ് പൊലീസൊത്താശയോടെ പ്രതികളുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഉത്തരവിട്ടു. തങ്ങൾക്കെതിരായ പേട്ട പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്നു കാണിച്ചാണ് പ്രതികളുടെ ഹർജി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള ഹർജിയിലാണ് മജിസ്ട്രേട്ട് ജി. ജയകൃഷ്ണൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം നക്ഷത്ര പെൺവാണിഭക്കേസിൽ പ്രതിക്ക് കുറ്റപത്ര പകർപ്പ് നൽകാത്തതിന് തിരുവനന്തപുരം സിറ്റി പേട്ട സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി നേരത്ത കാരണം കാണിക്കൽ മെമോ നൽകിയിരുന്നു. സി ഐക്കെതിരെ ശിക്ഷാ നടപടിയെടുക്കാതിരിക്കാൻ സമാധാനം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ടാണ് മെമോ നൽകിയത്. പ്രതിഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോടതി നിരീക്ഷിച്ച കോടതി പേട്ട സിഐയെ രൂക്ഷമായി വിമർശിച്ചു. രേഖകൾ ഹാജരാക്കാൻ 2019 ജൂൺ 5 ന് നൽകിയ ഉത്തരവ് പാലിക്കാത്തതിനാണ് മുൻ മജിസ്‌ട്രേട്ട് ടി.കെ.സുരേഷ് സിഐക്കെതിരെ ശിക്ഷാ നടപടിയെടുക്കുന്നതിന് മുന്നോടിയായി മെമോ നൽകിയത്. ഇതിനിടെയാണ് പ്രതികൾ കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജി സമർപ്പിച്ചത്. പ്രതിയുമായി പേട്ട സി ഐ ഒത്തുകളിച്ചെന്ന് ആരോപണമുള്ള കേസിലാണ് ഇതേ പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്. പ്രൊസിക്യൂഷൻ ഏജൻസിയായ പൊലീസ് പ്രതിഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.

2017 ഒക്ടോബർ 12 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിൽ 2007-08 മുതൽ ഇതരസംസ്ഥാന യുവതികളെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം നടത്തി വരുന്ന നെടുമങ്ങാട് സ്വദേശി താത്തയെന്നും നസീമയെന്നും അറിയപ്പെടുന്ന നബീസ (55), റാക്കറ്റിനെ സഹായിക്കുന്ന നസീമയുടെ സഹോദരി ഭർത്താവ് നെടുമങ്ങാട് സ്വദേശി സലിംഘാൻ ( 48 ) , ഇടപാടുകാരായ തമ്പാനൂർ സ്വദേശി ജയകുമാർ ( 38) , പേരൂർക്കട സ്വദേശി വിനേഷ് ( 26 ) , നെടുമങ്ങാട് സ്വദേശി കിഷോർ കുമാർ ( 46 ) എന്നിവരാണ് പാറ്റൂർ പെൺവാണിഭ കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. വാണിഭ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയ നാലു യുവതികളെ സെക്സ് റാക്കറ്റിലെ ഇരകളായി കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കോടതി നാലു യുവതികളെയും ഷെൽട്ടർ ഹോമിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. പേട്ട സർക്കിൾ ഇൻസ്പെക്ടർ ആണ് അന്വേഷണം പൂർത്തിയാക്കി 2017 ഡിസംബർ 27 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എല്ലാ പ്രതികൾക്കുമുള്ള കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും മതിയായ പകർപ്പ് ഹാജരാക്കാതെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

താത്തയെയും കൂട്ടരെയും വിചാരണയിൽ രക്ഷിച്ചെടുക്കാൻ പഴുതുകളൊരുക്കിയുള്ള കുറ്റപത്രവും സാക്ഷിമൊഴികളുമാണ് സ്റ്റേഷൻ റൈറ്ററും എസ്ഐയും സിഐയും ചേർന്ന് കോടതിയിൽ ഹാജരാക്കുന്നത്. അതിനാൽ തന്നെ വിചാരണയിൽ കേസ് തള്ളി താത്തയടക്കമുള്ള പ്രതികളെ കോടതി വിട്ടയക്കാറാണ് പതിവ്. താത്തയെ തൊട്ടാൽ കൈ പൊള്ളുമെന്ന ഭയമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഇതിന് പ്രേരിപ്പിക്കുന്നത്. താത്തയുടെ ആതിഥ്യം സ്വീകരിക്കുന്ന ഏമാന്മാരുടെ കിടപ്പറ രംഗങ്ങൾ താത്തയുടെ പക്കലുള്ളതിനാലാണ് താത്തയെ ഉന്നത ഉദ്യോഗസ്ഥരടക്കം ഭയക്കുന്നത്.

1956 ലെ അസാന്മാർഗ്ഗിക പ്രവർത്തനം തടയൽ നിയമത്തിലെ വകുപ്പുകളായ 3 ( വേശ്യാലയം നടത്തൽ) , 4 ( വേശ്യാവൃത്തി ഉപജീവനമാക്കി പണം സമ്പാദിക്കൽ) , 5 ( വേശ്യാവൃത്തിക്ക് വേണ്ടി സ്ത്രീകളെ പാർപ്പിക്കൽ), 7 ( ജില്ലാ മജിസ്ട്രേട്ടോ പൊലീസ് കമ്മീഷണറോ പൊതു സ്ഥലമായി പരസ്യപ്പെടുത്തിയിട്ടുള്ള ആരാധനാലയം , വിദ്യാഭ്യാസ സ്ഥാപനം , ഹോസ്റ്റൽ , ആശുപത്രി എന്നീ സ്ഥലങ്ങളുടെ 200 മീറ്റർ പരിധിക്കുള്ളിൽ വേശ്യാലയം നടത്തൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയുള്ളതാണ് കുറ്റപത്രം. നിയമപരമായി രേഖകൾ ഹാജരാക്കാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥൻ നീതിന്യായ കോടതിയുടെ ഉത്തരവ് ലംഘിച്ച് രേഖകൾ ഹാജരാക്കാൻ വീഴ്ച വരുത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 175 പ്രകാരം കുറ്റകരവും സർക്കിൾ ഇൻസ്പെക്ടറെ 6 മാസം തടവും ആയിരം രൂപ പിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.

2009 ജൂൺ 25 ന് കുമാരപുരത്ത് ഇരുനില ആഡംബര വാടക വീടെടുത്ത് 12 അന്യ സംസ്ഥാന യുവതികളെ പാർപ്പിച്ച് നക്ഷത്ര പെൺവാണിഭം നടത്തവേ പൊലീസ് റെയ്ഡ് വിവരം ചോർന്ന് കിട്ടിയ താത്ത മുങ്ങി. റെയ്ഡിൽ അറസ്റ്റ് ചെയ്യപ്പെട്ട 12 യുവതികളെയും താത്തയുടെ മകൻ ഷിനുവിനെയും കോടതി റിമാന്റ് ചെയ്തു. മനുഷ്യക്കടത്ത് പെൺവാണിഭ സംഭവം വിവാദമായതിനെ തുടർന്ന് 29 ന് ചോദ്യം ചെയ്യലിനായി താത്ത തമ്പാനൂർ സർക്കിൾ ഇൻസ്‌പെകറുടെ മുന്നിൽ 2 അഭിഭാഷകർക്കൊപ്പം കീടങ്ങിയത് ഡയസെപം ഗുളിക വിഴുങ്ങിയ ശേഷമായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതാത്തയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു. അവിടെ കിടത്തി ചികിത്സ നേടിയ താത്ത അങ്ങനെ മനുഷ്യക്കടത്ത് കേസിലെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെട്ടു.അതോടെ അന്വേഷണം മരവിപ്പിച്ചു. താത്തയുടെ മൊഴിയെടുത്താൽ മാത്രമേ തുടരന്വേഷണം നടത്താനാകൂവെന്ന തമ്പാനൂർ സിഐയുടെ നിലപാടിനെ മേലുദ്യോഗസ്ഥരും അംഗീകരിച്ചു. അതോടെ സംസ്ഥാനാന്തര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റ് കേസിന്റെ അന്വേഷണം പാതിവഴിയിൽ പൊലീസ് ഉപേക്ഷിച്ചു.കേരളത്തിനകത്തും പുറത്തും ഒട്ടേറെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി വേരൂന്നി പടർന്നു കിടക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം അതോടെ നിലച്ചു.

പൊലീസുദ്യോഗസ്ഥരടക്കമുള്ള സമൂഹത്തിലെ ' വെള്ള കോളർ ' ജോലിക്കാരും ഉൾപ്പെടെയുള്ളവർ താത്തയുടെ ഇടപാടുകാരുടെ നീണ്ട പട്ടികയിലുണ്ട്.മണിക്കൂർ നിരക്കിലാണ് ഇടപാട് ഉറപ്പിക്കുന്നത്. താത്തയുടെയും കൂട്ടാളികളുടെയും ഓൺലൈൻ പെൺവാണിഭ കേന്ദ്രം 20l 9 സെപ്റ്റംബർ മാസത്തിൽ റെയ്ഡ് ചെയ്ത മെഡിക്കൽ കോളേജ് പൊലീസ് 7 കർണ്ണാടക സ്വദേശിനികളെയും വാണിഭത്തിലൂടെ സമ്പാദിച്ച 3 ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു. തലസ്ഥാന നഗരിയിൽ ഭരണ സിരാ കേന്ദ്രത്തിന്റെയും ഉന്നത രാഷ്ട്രീയ - പൊലീസ് മേധാവികളുടെയും മൗനാനുവാദത്തോടെയാണ് താത്തയുടെയുടെ പെൺവാണിഭ ശൃംഖല പ്രവർത്തിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP