Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനീസ് പക്ഷം ചേർന്ന് ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങി പാക്കിസ്ഥാനും; നിയന്ത്രണ രേഖക്ക് സമീപം ഗിൽജിത് ബാൾട്ടിസ്ഥാനിൽ 20,000 സൈനികരെ വിന്യസിച്ച് പാക്കിസ്ഥാന്റെ പടയൊരുക്കം; തീവ്രവാദ സംഘടന അൽ ബദറുമായി ചൈന ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; ജമ്മു കശ്മീരിൽ പ്രശ്നം സൃഷ്ടിക്കാൻ ആസൂത്രിത നീക്കമെന്ന് സൂചന; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യൻ സേനയും; പാംഗോങ്ങിൽ സേനാപിന്മാറ്റത്തിന് ഉപാധി വെച്ചതും സംഘർഷം നീട്ടാനുള്ള ചൈനയുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗം; പാക്ക് എംബസിയിലെ ജീവനക്കാരും ഇന്ത്യവിട്ടു

ചൈനീസ് പക്ഷം ചേർന്ന് ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങി പാക്കിസ്ഥാനും; നിയന്ത്രണ രേഖക്ക് സമീപം ഗിൽജിത്  ബാൾട്ടിസ്ഥാനിൽ 20,000 സൈനികരെ വിന്യസിച്ച് പാക്കിസ്ഥാന്റെ പടയൊരുക്കം; തീവ്രവാദ സംഘടന അൽ ബദറുമായി ചൈന ചർച്ച നടത്തിയെന്ന് റിപ്പോർട്ട്; ജമ്മു കശ്മീരിൽ പ്രശ്നം സൃഷ്ടിക്കാൻ ആസൂത്രിത നീക്കമെന്ന് സൂചന; സൂക്ഷ്മ നിരീക്ഷണവുമായി ഇന്ത്യൻ സേനയും; പാംഗോങ്ങിൽ സേനാപിന്മാറ്റത്തിന് ഉപാധി വെച്ചതും സംഘർഷം നീട്ടാനുള്ള ചൈനയുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗം; പാക്ക് എംബസിയിലെ ജീവനക്കാരും ഇന്ത്യവിട്ടു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷം മുതലെടുത്ത് ഇന്ത്യക്കെതിരെ സൈനിക നീക്കം നടത്താൻ ഒരുങ്ങി പാക്കിസ്ഥാൻ. ചൈനീസ് പക്ഷം ചേർന്ന് ഇന്ത്യയിലേക്ക് കടന്നുകയറാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിയന്ത്രണ രേഖക്ക് സമീപത്തായി 20,000 സൈനികരെ പാക്കിസ്ഥാൻ വിന്യസിച്ചു. പാക് അധിനിവേശ കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാക്കിസ്ഥാൻ വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ പ്രശ്നം സൃഷ്ടിക്കാൻ ഭീകരസംഘടനയായ അൽ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ഇന്ത്യയുടെ ബാലാക്കോട്ട് ആക്രണത്തിന് ശേഷം അതിർത്തിയിൽ വിന്യസിച്ചതിനെക്കാൾ കൂടുതൽ സേനയെയാണ് പാക്കിസ്ഥാൻ ഇപ്പോൾ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പാക്-ചൈനീസ് ഉദ്യോഗസ്ഥർ തമ്മിൽ നിരന്തരം ചർച്ചകൾ നടന്നു എന്നാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ലഡാക്കിൽ ചൈന സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഗിൽജിത് ബാൾട്ടിസ്ഥാനിൽ സൈന്യത്തെ രംഗത്തിറക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ ഇന്ത്യൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

ഗിൽജിത് ബാൾട്ടിസ്ഥാനിലെ എയർ ബേസ് ക്യാമ്പ് ചൈനീസ് എയർ ഫോഴ്സിന് സഹായമൊരുക്കുന്ന തരത്തിൽ പാക്കിസ്ഥാൻ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈന്യം സംശയിക്കുന്നത്. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ ബദർ. നീണ്ട നാളുകൾക്ക് ശേഷം കശ്മീരിൽ അൽ ബദറിന്റെ സാന്നിധ്യം വ്യക്തമായിട്ടുണ്ടെന്ന് നേരത്തെ ജമ്മു കശ്മീർ പൊലീസ് അറിയിച്ചിരുന്നു.

അതിനിടെ ന്യൂഡൽഹിയിലെ പാക്ക് എംബസിയിലെ 143 ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അട്ടാരി വാഗാ അതിർത്തി വഴി പാക്കിസ്ഥാനിലേക്കു പോയി. പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന 38 ജീവനക്കാരും അതിർത്തി വഴി തിരിച്ചെത്തി. പാക്ക് എംബസി ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സമാനമായി പാക്കിസ്ഥാനിലെ ഇന്ത്യൻ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇന്ത്യയും പാക്കിസ്ഥാനും എംബസി ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ മാസം നടപടികളെടുത്തിരുന്നു.

അതേസമയം കിഴക്കൻ ലഡാക്കിൽ സംഘർഷം മൂർധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ സേനാ പിന്മാറ്റത്തിന് ഉപാധി വച്ച് ചൈന രംഗത്തെത്തി. ഉപാധിയുടെ മറവിൽ കൂടുതൽ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തിൽ, അതീവ ജാഗ്രത തുടർന്ന് ഇന്ത്യൻ സേന. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ ഉന്നത സേനാ കമാൻഡർമാർ ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പൂർണ പിന്മാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്.

ഇന്ത്യയുടെ ലഫ്. ജനറൽ ഹരീന്ദർ സിങ്, ചൈനയുടെ മേജർ ജനറൽ ലിയു ലിൻ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ സംബന്ധിച്ച് ഇരു സേനകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന നാലാം മലനിരയിൽ (ഫിംഗർ 4) നിന്ന് 5 കിലോമീറ്റർ പിന്നിലുള്ള രണ്ടിലേക്ക് (ഫിംഗർ 2) ഇന്ത്യൻ സേന പിന്മാറിയാൽ, തങ്ങളും ആനുപാതികമായി പിന്മാമെന്നാണു (നാലിൽ നിന്ന് ആറിലേക്ക്) ചൈനയുടെ വാഗ്ദാനം. എന്നാൽ, ഒന്നു മുതൽ 8 വരെയുള്ള മലനിരകൾ തങ്ങളുടേതാണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്കു മാറി അതിർത്തിയിലെ പൂർവ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

മുൻപു നടന്ന ചർച്ചയിൽ ഗൽവാനിൽ നിന്ന് ഇരുസേനകളും സമാന രീതിയിൽ ഏതാനും കിലോമീറ്റർ പിന്നോട്ടു മാറാൻ ധാരണയിലെത്തിയിരുന്നു. ഇന്ത്യ പിന്മാറിയപ്പോൾ, ധാരണ ലംഘിച്ചു ചൈന അവിടെ തുടർന്നതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഈ സാഹചര്യത്തിൽ ചൈനയുടെ വാഗ്ദാനങ്ങൾ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും ഫോൺ സംഭാഷണം നടത്തി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ ചർച്ചയായിരുന്നു ഇത്.

പാംഗോങ് മലനിരകളിൽ 8 കിലോമീറ്ററോളം അതിക്രമിച്ചു കയറി, നാലാം മലനിരയിൽ നിലയുറപ്പിച്ച ചൈനീസ് സേന അവിടെ ചൈനയുടെ ഭൂപടവുമായി സാമ്യമുള്ള ചിത്രം വരച്ചു ചേർത്തതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. പ്രദേശത്ത് ചൈനീസ് സേന സ്ഥാപിച്ച സന്നാഹങ്ങൾക്കു സമീപമാണ് 81 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള ചിത്രം. ദൃശ്യം ഭൂപടത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിനു മുൻപ് അവിടെ അത്തരത്തിലൊരു ചിത്രം ഉണ്ടായിരുന്നില്ലെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP