Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'തീവ്രവാദികൾ മുഖ്യധാരയിലേക്ക് വരാൻ വാതിൽ തുറക്കും'; ഇസ്ലാമിന്റെ മൗലികലക്ഷ്യം ഭരണമാണെന്ന് വ്യാജമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ; മധ്യപൗരസ്ത നാടുകളിൽ ഉയർന്നു വരുന്ന രാഷ്ടീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇവരുടെ സംഭാവന; ജമാഅത്തെ ഇസ്ലാമിയുടെ രംഗപ്രവേശം ഇതര സമൂഹങ്ങളെ ആശയക്കുഴപ്പത്തിലാക്കും; നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയ്ക്കരുത്; മുസ്ലിംലീഗ് വെൽഫെയർ കൂട്ടുകെട്ടിനെതിരെ സമസ്ത മുഖപത്രം

'തീവ്രവാദികൾ മുഖ്യധാരയിലേക്ക് വരാൻ വാതിൽ തുറക്കും'; ഇസ്ലാമിന്റെ മൗലികലക്ഷ്യം ഭരണമാണെന്ന് വ്യാജമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ; മധ്യപൗരസ്ത നാടുകളിൽ ഉയർന്നു വരുന്ന രാഷ്ടീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇവരുടെ സംഭാവന; ജമാഅത്തെ ഇസ്ലാമിയുടെ രംഗപ്രവേശം ഇതര സമൂഹങ്ങളെ ആശയക്കുഴപ്പത്തിലാക്കും; നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയ്ക്കരുത്; മുസ്ലിംലീഗ് വെൽഫെയർ കൂട്ടുകെട്ടിനെതിരെ സമസ്ത മുഖപത്രം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം ലീഗ്- വെൽഫെയർ പാർട്ടി ബന്ധത്തിനെതിരെ സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിലാണ് പുതിയ സഖ്യത്തിനെതിരെ വിമർശനം ഉയരുന്നത്. വെൽഫെയർ പാർട്ടിയുമായുള്ള ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമെന്നും ലേഖനത്തിൽ പ്രതിപാദിക്കുന്നു. തീവ്രവാദികൾ മുഖ്യധാരയിലേക്ക് വരാൻ വാതിൽ തുറക്കുന്നെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഉമർഫൈസി മുക്കം എഴുതിയ 'മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകർക്കു'മെന്ന തലക്കെട്ടിലാണ് ലേഖനം.

ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന ഇതര വിശ്വാസ പ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത വംശീയ, വർഗീയ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്ന തീവ്ര രാഷ്ട്രീയ സംഘനടയാണ് ഇസ്ലാമെന്ന് വരുത്തി തീർക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. 'ജമാഅത്തെ ഇസ് ലാമി അന്തർ ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവർ....അടിസ്ഥാന തത്വശാസ്ത്ര ദുർവ്യാഖ്യാനം ചെയ്ത് മതമൗലിക രാഷ്ട്രവാദം ഉയർത്തിക്കൊണ്ടു വന്നു വിശുദ്ധ ഇസ് ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണ്,' ലേഖനത്തിൽ പറയുന്നു. മധ്യ പൗരസ്ത നാടുകളിൽ ഉയർന്നു വരുന്ന രാഷ്ടീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇത്തരം രാഷ്ട്രീയ ഗ്രൂപ്പുകളുടെ സംഭാവനയാണെന്നും ലേഖനത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ രംഗപ്രവേശം ഇതര സമൂഹങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും പത്രം വിമർശിക്കുന്നു. നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയ്ക്കരുതെന്നും ലേഖനത്തിൽ പറയുന്നു. ഇത് കേരള സമൂഹത്തിന് നിരക്കുന്നതല്ലെന്നുമാണ് ഉയരുന്ന വിമർശനം. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക രാഷ്ട്രീയ കക്ഷിയാണ് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടിയെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. വെൽഫെയർ പാർട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരുന്നു. അതേസമയം വെൽഫെയർപാർട്ടിയുമായി സഖ്യത്തിലേർപ്പെടുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു. വെൽഫെയർ പാർട്ടി ഒരു വർഗീയ പാർട്ടിയാണെന്നും യൂത്ത് ലീഗ് പറഞ്ഞിരുന്നു.

വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നെങ്കിലും മുസ്ലിം ലീഗ് നേതൃത്വം അത് എതിർക്കുകയായിരുന്നു. എന്നാൽ വീണ്ടും പരസ്യമായി വെൽഫെയർ പാർട്ടിയെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ലീഗ്. മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും തമ്മിൽ പ്രാദേശിക തലത്തിലുള്ള ധാരണക്കുള്ള നീക്കങ്ങളല്ല മറിച്ചു യു ഡി എഫുമായി സംസ്ഥാന തലത്തിൽ തന്നെയുള്ള ധാരണക്കുള്ള ആലോചനകളാണ് നടക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വെൽഫെയർ പാർട്ടി- യു ഡി എഫ് ധാരണാ നീക്കം സംബന്ധിച്ച ആദ്യ സൂചന നൽകിയത് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെരീഫ് ആയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും നല്ല പുരോഗതിയുണ്ടെന്നും ആയിരുന്നു ഷെരീഫ് പറഞ്ഞത്. ഷെരീഫിന്റെ വാക്കുകൾ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിൽ നിന്നും ഉണ്ടായത്.

മുസ്ലിം ലീഗുമായി വെൽഫെയർ പാർട്ടി പ്രാദേശിക ധാരണക്ക് ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നയുടൻ കേരളത്തിൽ അരുതാത്തത് എന്തോ നടക്കാൻ പോകുന്നുവെന്ന മട്ടിലുള്ള പ്രതികരണമായിരുന്നു സി പി എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വെൽഫെയർ പാർട്ടിയും എസ് ഡി പി ഐ യും ഉൾപ്പെടെയുള്ളവരുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ വിമർശനം. മത മൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപം എന്നാണു വെൽഫെയർ പാർട്ടിയെ സിപിഎം സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചത് തന്നെ. മുസ്ലിം ലീഗ് - വെൽഫെയർ പാർട്ടി ധാരണാ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും മുസ്ലിം യൂത്ത് ലീഗും പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു.

ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി തന്നെ മുസ്ലിം ലീഗിന് വിയോജിപ്പുണ്ടെന്നും അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നടക്കാത്ത കാര്യമാണെന്നും ആയിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നിലപാട്. യൂത്ത് ലീഗിന്റെ പ്രതികരണം ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അത് താനെ നീങ്ങിക്കൊള്ളുമെന്നും ആയിരുന്നു ഇത് സംബന്ധിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി. എന്നാൽ ധാരണാ നീക്കത്തെ അപലപിച്ചുകൊണ്ടു ആര്യാടൻ മുഹമ്മദ് നടത്തിയ പ്രസ്താവനയോട് മുസ്ലിം ലീഗിൽ നിന്നോ കോൺഗ്രസിൽ നിന്നോ ആരും പ്രതികരിച്ചു കണ്ടില്ല.

തുടക്കത്തിൽ ഉണ്ടായ പ്രതിഷേധ സ്വരങ്ങൾ ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് യു ഡി എഫുമായുള്ള ചർച്ചകൾ സജീവമാണെന്ന വെൽഫെയർ പാർട്ടി നേതാവിന്റെ വെളിപ്പെടുത്തലും അതിനെ ശരിവെക്കും വിധത്തിലുള്ള ലീഗ് നേതാക്കളുടെ പ്രതികരണവും. ഇതോടെ കേവലം പ്രാദേശിക ധാരണാ നീക്കം എന്നതിൽ നിന്നും വെൽഫെയർ പാർട്ടി - യു ഡി എഫ് ധാരണാ നീക്കം എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നു. മുൻപ് ഉന്നയിച്ച അതേ വിമർശം ആയിരിക്കില്ല ഒരുപക്ഷെ സി പി എം ഇനിയിപ്പോൾ ഉന്നയിക്കുക. തീർച്ചയായും അതിനു കൂടുതൽ മൂർച്ച കൈവരാതെ തരമില്ല. അത് മുന്നിൽ കണ്ടു കൊണ്ട് തന്നെയാവണം വെൽഫെയർ പാർട്ടി നേതാവ് തങ്ങൾ 2015 ലെ തദ്ദേശ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്നും ചില പഞ്ചായത്തുകളിൽ ഇപ്പോഴും ഇടതു മുന്നണിയുമായി ഭരണം പങ്കിടുന്നുണ്ടെന്നും പറഞ്ഞത്. 2015 ലെ തിരെഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക ധാരണ ഉണ്ടായിരുന്നുവെന്നതിനു തെളിവുകൾ ഉണ്ടെന്നതിനാൽ വെൽഫെയർ പാർട്ടി നേതാവിന്റെ അവകാശവാദത്തെ സി പി എമ്മിന് പാടെ തള്ളിക്കളയാനാകില്ല.

2015 ൽ എടുത്ത നിലപാടായിരുന്നില്ല പക്ഷെ ഇക്കഴിഞ്ഞ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിച്ചത്. പരസ്യമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തങ്ങൾക്കു ചെറിയ തോതിലെങ്കിലും വേരോട്ടമുള്ള മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി ജീവമായി പ്രവർത്തിക്കുകയും ചെയ്തു. പരമാവധി മുസ്ലിം വോട്ടുകൾ യു ഡി എഫിന് അനുകൂലമായി പോൾ ചെയ്യപ്പെടുന്നതിനു വെൽഫെയർ പാർട്ടിയുടെ പിന്തുണ സഹയാകമായി എന്നത് ഒരു വസ്തുതയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP