Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ 155 മരണം രേഖപ്പെടുത്തിയെങ്കിലും കോവിഡ് രോഗബാധ രാജ്യം വിട്ടൊഴിയുന്നുവെന്ന സൂചന ശക്തം; ഞായറാഴ്‌ച്ച പബ്ബുകൾ തുറക്കുന്നതോടെ രോഗം ആളിപ്പടരുമെന്ന് കരുതി തയ്യാറെടുപ്പുകളും തുടങ്ങി; ഒന്നാം ഘട്ടം കടന്ന ബ്രിട്ടൻ രണ്ടാം ഘട്ടത്തിനു ഒരുങ്ങന്നതിങ്ങനെ

ഇന്നലെ 155 മരണം രേഖപ്പെടുത്തിയെങ്കിലും കോവിഡ് രോഗബാധ രാജ്യം വിട്ടൊഴിയുന്നുവെന്ന സൂചന ശക്തം; ഞായറാഴ്‌ച്ച പബ്ബുകൾ തുറക്കുന്നതോടെ രോഗം ആളിപ്പടരുമെന്ന് കരുതി തയ്യാറെടുപ്പുകളും തുടങ്ങി; ഒന്നാം ഘട്ടം കടന്ന ബ്രിട്ടൻ രണ്ടാം ഘട്ടത്തിനു ഒരുങ്ങന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത് 155 കൊറോണ മരണങ്ങളാണ്. അധിക മരണങ്ങൾ ശരാശരിയുടെ താഴെ എത്തുവാൻ തുടങ്ങിയതോടെ കൊറോണയുടെ ആദ്യ തരംഗം അവസാനിച്ചിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. പ്രതിവാര മരണനിരക്കിൽ 10% കുറവുണ്ടായതായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ ഔദ്യോഗിക കണക്ക് പ്രകാരം ബ്രിട്ടനിലെ മൊത്തം കോവിഡ മരണങ്ങളുടെ എണ്ണം 43,730 ആയി ഉയർന്നു. എന്നാൽ മറ്റുപല റിപ്പോർട്ടുകളും കാണിക്കുന്നത് യഥാർത്ഥ മരണസംഖ്യ 55,000 എങ്കിലും ഉണ്ടാകുമെന്നാണ്.

ഇന്നലെ പുതിയതായി 689 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതോടെ കഴിഞ്ഞ ഏഴുദിവസങ്ങളിലെ ശരാശരി ലോക്ക്ഡൗണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞതായി. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് മാർച്ച് 23 ൻ' ഇത് 730 ആയിരുന്നു. ഇന്നലെ വരെയുള്ള ശരാശരി 867 ആണ്. അതുപോലെ ഇംഗ്ലണ്ടിലും വെയിൽസിലും മരിക്കുന്നവരുടെ എണ്ണം ശരാശരിയേക്കാൾ താഴെ എത്തി എന്ന് മറ്റൊരു റിപ്പോർട്ട് കാണിക്കുന്നു. കൊറോണ വ്യാപനം മൂർച്ഛിച്ചതിനു ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഒന്നാം തരംഗത്തിന്റെ അവസാനപാദത്തിലെത്തി എന്നതാണെന്നാണ് വിദഗ്ദർ പറയുന്നത്.

ഇന്നലെ എൻ എച്ച് എസ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയത് 37 മരണങ്ങളായിരുന്നു. അതേ സമയം വെയിൽസിലും സ്‌കോട്ട്ലാൻഡിലും മൂന്ന് മരണങ്ങൾ വീതം രേഖപ്പെടുത്തുകയുണ്ടായി. നോർത്തെൺ അയർലൻഡിൽ ഇന്നലെ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എൻ എച്ച് എസ് ജീവനക്കാർക്കുള്ള ആന്റിബോഡി പരിശോധന അടക്കം ഇന്നലെ 1,33,467 പരിശോധനകൾ നടത്തി എന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

എന്നാൽ ഈ വാരാന്ത്യത്തിൽ ലോക്ക്ഡൗണിൽ പ്രധാന ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കെ കൊറോണയുടെ രണ്ടാം വരവിന്റെ ഭീതിയും ബ്രിട്ടീഷുകാരുടെ മനസ്സിൽ നിഴലിക്കുന്നുണ്ട്. രോഗവ്യാപനം കടുത്ത ലെസ്റ്ററിൽ ഇളവുകൾ ബാധകമായിരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരാൻ പോകുന്ന സൂപാർ സാറ്റർഡേക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് ബ്രിട്ടനിൽ നടക്കുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനു ശേഷം പബ്ബുകൾ തുറക്കുമ്പോൾ അപകടകങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുനെന്നാണ് ആശുപത്രികൾ പ്രതീക്ഷിക്കുന്നത്.അക്രമസംഭവങ്ങളും ഉണ്ടായേക്കാമെന്ന് അധികൃതർ ഭയപ്പെടുന്നു. ഏകദേശം പുതുവർഷത്തലേന്നിന്റെ സാഹചര്യമായിരിക്കും വരുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊറോണക്കെതിരെയുള്ള യുദ്ധം തുടരുമ്പോഴും ഏതു സാഹചര്യവും അഭിമുഖീകരിക്കുവാനുള്ള തയ്യാറെടുപ്പുകൾ എൻ എച്ച് എസ് നടത്തിക്കഴിഞ്ഞു. എന്നാൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത് സൂപ്പർ സാറ്റർഡേ മഴയിൽ ഒലിച്ചുപോകുമെന്നാണ്. ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായോ ശക്തമായോ മഴ പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതി ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇത് ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങുന്നതിനെ തടയും എന്നാണ് പൊലീസ് വകുപ്പിന്റെ ആശ്വാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP