Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകയിൽ കോവിഡ് ബാധിതരുടെ മൃതദേഹം ബാഗിലാക്കി വലിച്ചെറിയുന്നു; 'ഇതാണോ സംസ്‌കാരം? എന്നു ചോദിച്ചു ഡികെ ശിവകുമാർ; കോവിഡിനെ പിടിച്ചുകെട്ടി എന്നു കുരുതിയ നഗരങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് അതിഭയാനകം; ആഗ്രയും ബംഗളുരുവും കോവിഡിന്റെ പിടിയിൽ; തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ മന്ത്രിയെ അടക്കം കോവിഡ് ബാധിച്ചതോടെ എല്ലാം നിയന്ത്രണാതീതം; മഹാരാഷ്ട്രയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിലും ഭേദമാകുന്നവരുടെ നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നു

കർണാടകയിൽ കോവിഡ് ബാധിതരുടെ മൃതദേഹം ബാഗിലാക്കി വലിച്ചെറിയുന്നു; 'ഇതാണോ സംസ്‌കാരം? എന്നു ചോദിച്ചു ഡികെ ശിവകുമാർ; കോവിഡിനെ പിടിച്ചുകെട്ടി എന്നു കുരുതിയ നഗരങ്ങളിലും രോഗത്തിന്റെ രണ്ടാം വരവ് അതിഭയാനകം; ആഗ്രയും ബംഗളുരുവും കോവിഡിന്റെ പിടിയിൽ; തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ മന്ത്രിയെ അടക്കം കോവിഡ് ബാധിച്ചതോടെ എല്ലാം നിയന്ത്രണാതീതം; മഹാരാഷ്ട്രയിൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിലും ഭേദമാകുന്നവരുടെ നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഇന്ത്യയിൽ കോവിഡ് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ അതിവേഗം പടരുകയാണ്. രോഗബാധിച്ചു മരിച്ചവരെ അടക്കുന്നതിൽ പോലും വീഴ്‌ച്ചകൾ ഉണ്ടാകുന്നത് പതിവായിരിക്കുന്നത്. കർണാടകയിലെ ബെല്ലാരിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നത് രാജ്യത്തിന് ഞെട്ടലുണ്ടാക്കുന്നതാണ്. മൃതദേഹങ്ഹൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി വലിച്ചെറിയുന്ന അവസ്ഥയാണ് ഇവിടെ കാണാൻ സാധിച്ചത്.

മനുഷ്യത്വരഹിതമായ രീതിയിൽ മൃതദേഹങ്ങൾ മറവു ചെയ്യുന്നതു വളരെയധികം വേദനിപ്പിക്കുന്നെന്നു കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ ്ട്വിറ്ററിൽ കുറിച്ച വീഡിയോയിൽ പറയുന്നു. പിപിഇ കിറ്റ് ധരിച്ച കുറച്ചുപേർ ബാഗുകളിലാക്കി കൊണ്ടുവന്ന മൃതദേഹങ്ങൾ വലിയ കുഴിയിലേക്കു വലിച്ചെറിയുന്നതാണു വിഡിയോയിൽ കാണുന്നത്. 'ഇതാണോ സംസ്‌കാരം? സർക്കാർ കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ കാഴ്ച' ശിവകുമാർ പറഞ്ഞു. സർക്കാർ ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു. സംഭവം കർണാടകയിൽ വൻ വിവാദമായതോടെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം പ്രതിരോധ മാതൃക തീർത്ത നഗരങ്ങളിലും വിള്ളൽ വീഴ്‌ത്തി കോവിഡ് വേഗം പടരുകയാണ്. പിടിച്ചു നിൽക്കുന്നതു രാജസ്ഥാനിലെ ഭിൽവാഡ മാത്രമായിരിക്കുന്നു. രോഗത്തിന്റെ പിടിയിലകപ്പെട്ട ആദ്യ നഗരങ്ങളിലൊന്നായ ആഗ്രയിലടക്കം, കേന്ദ്ര ആരോഗ്യമന്ത്രാലയം മാതൃകയെന്നു വിശേഷിപ്പിച്ച നഗരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഭീതിതമാണ്. രോഗബാധ അതിവേഗമാണ് ഈ നഗരങ്ങളിൽ ഉയരുന്നത്. ഇവിടെങ്ങളിലെല്ലാം കോവിഡിന്റെ രണ്ടാം വരവാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്.

കേരളത്തിനു പിന്നാലെ രണ്ടാംവരവിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലൊന്ന്. തുടക്കത്തിലെ ഭീതിയെ എളുപ്പം പിടിച്ചുകെട്ടിയതോടെ 'ആഗ്ര മോഡൽ' കേന്ദ്രം തന്നെ മറ്റു സംസ്ഥാനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ആകെ 1214 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും മരണനിരക്ക് മുംബൈ, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളെക്കാൾ കൂടുതലാണ് 7.14%. യുപിയിലെ ആകെ മരണത്തിന്റെ 12% (87 പേർ) ആഗ്രയിലാണ്.

ബെംഗളൂരു നഗരത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. ജൂൺ 15 വരെ 732 കേസുകൾ മാത്രമുണ്ടായിരുന്ന ഇവിടെ ആകെ കേസുകൾ 4052 ആയി. മരണം 91. മൂവായിരത്തിൽപരം പുതിയ കേസുകൾ. 1.3 കോടി ജനസംഖ്യയുള്ള ബെംഗളൂരുവിൽ സ്ഥിതി ഗുരുതരമെന്നാണു വിലയിരുത്തൽ. 534 പേർ മാത്രമാണ് രോഗമുക്തരായത്. ജയ്പുർ, ഇൻഡോർ നഗരങ്ങളിലെയും കോവിഡ് നിരക്ക് ഉയരുകയാണ്. ഒരു ഘട്ടത്തിൽ കോവിഡ് കാര്യമായി വർധിക്കുകയും പിന്നീട് സ്ഥിതി ഭേദമാക്കുകയും ചെയ്ത നഗരങ്ങളുടെ പട്ടികയിലാണു രണ്ടും. പുതിയ കേസുകളുടെ എണ്ണം രണ്ടിടത്തും കുറവാണെന്ന ആശ്വാസമുണ്ട്. പക്ഷേ, മരണനിരക്കു പ്രശ്‌നമാണ്. രാജസ്ഥാനിലെ 38.38% മരണവും ജയ്പുരിലാണ്. മധ്യപ്രദേശിലെ 40% മരണവും 34% കോവിഡ് കേസുകളും ഇൻഡോറിലാണ്.

അതേസമയം കർശന നടപടികളുമായി പിടിച്ചു നിൽക്കുന്നത് രാജസ്ഥാനിലെ ഭിൽവാഡയാണ്. കർശന നിയന്ത്രണ നടപടികളുമായി പിടിച്ചു നിൽക്കുകയാണു രാജസ്ഥാനിലെ ഭിൽവാഡ. രോഗവ്യാപനത്തിന്റെ തുടക്കം മുതൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇവിടെ കോവിഡ് മാനദണ്ഡം ലംഘിച്ചു വിവാഹാഘോഷത്തിൽ പങ്കെടുത്ത കുടുംബത്തിനെതിരെ കേസെടുക്കുകയും 6.26 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഈ വിവാഹപാർട്ടിയോടെ ഭിൽവാഡയിലും ഭീഷണി തുടങ്ങി. വിവാഹ ചടങ്ങിൽ പങ്കെടുത്ത 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 252. മരണം 5.

തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ്

അതിനിടെ തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പി അൻപഴകൻ അടക്കം 3,943 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാടിനെ കൂടുതൽ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ഇതിൽ ആറുപേർ കേരളത്തിൽനിന്ന് എത്തിയവരാണ്. ഇതോടെ തമിഴ്‌നാട്ടിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി. 38,889 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ. 60 പേർകൂടി ഇന്ന് മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 1201 ആയി. 50,074 പേരാണ് ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത്.

അതിനിടെ, കോവിഡ് സ്ഥിരീകരിക്കപ്പെട്ട മന്ത്രി അൻപഴകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹം കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, ഒരാഴ്ചയായി നിരീക്ഷണത്തിൽ ആയിരുന്നു. അതിനിടെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി.മന്ത്രിക്ക് ചുമയ്ക്കുള്ള മരുന്ന് നൽകുന്നുണ്ട്. മറ്റുബുദ്ധിമുട്ടുകളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഇലക്ട്രോണിക്സ്, സയൻസ് ആൻഡ് ടെക്നോളജി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അൻപഴകൻ.

അതിനിടെ, സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ പത്തുപേർ വിദേശ രാജ്യങ്ങളിൽനിന്ന് (ജർമനി ആറ്,ബെഹ്റൈൻ രണ്ട്, ജപ്പാൻ ഒന്ന്, കുവൈത്ത് ഒന്ന്) എത്തിയവരാണ്. മറ്റുസംസ്ഥാനങ്ങളിൽനിന്ന് റോഡുമാർഗവും ട്രെയിൻ മാർഗവും തമിഴ്‌നാട്ടിൽ എത്തിയ 69 പേർക്കും (കേരളം ആറ്, ഛത്തീസ്‌ഗഢ് 30, കർണാടക 19, ആന്ധ്രാപ്രദേശ് നാല്, പുതുച്ചേരി നാല്, മഹാരാഷ്ട്രാ മൂന്ന്, ഉത്തർപ്രദേശ് രണ്ട്, തെലങ്കാന ഒന്ന്) കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനങ്ങളിൽ എത്തിയ ഏഴുപേർക്കും (തെലങ്കാന രണ്ട്, ഡൽഹി ഒന്ന്, കർണാടക ഒന്ന്, മഹാരാഷ്ട്രാ ഒന്ന്, പശ്ചിമ ബംഗാൾ ഒന്ന്, അസം ഒന്ന്) കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം

രാജ്യത്ത് ഏറ്റവും മോശം അവസ്ഥയാണ് മഹാരാഷ്ട്രയിൽ എങ്കിലും രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം പകരുന്നുണ്ട്. മഹാരാഷ്ട്രയിൽ ഇന്നലെ 4878 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. ചൊവ്വാഴ്ച 245 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 95 പേർ മരിച്ചത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്. ഇന്നു റിപ്പോർട്ടു ചെയ്തതിൽ 150 മരണം ഇതിന് മുമ്പുള്ള ദിവസങ്ങളിലേതാണ്. 4.49 ശതമാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക്.

നിലവിൽ 75,979 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 90,911 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു. ഇന്ന് മാത്രം 1951 പേർ രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 52.02 ശതമാനമായി ഉയർന്നു. 9,66,723 സാപിളുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ പരിശോധിച്ചത്. 5,78,033 പേരാണ് നിലവിൽ വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നത്. 38,866 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP