Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലബാർ സമരം വർഗീയ കലാപവും മതപരിവർത്തനോന്മുഖമായ ജിഹാദും ആയിരുന്നു എന്ന ആരോപണം ചരിത്ര വസ്തുതകൾക്ക് നിരക്കാത്തത്; അത് ധീരമായ ബ്രിട്ടീഷ് വിരുദ്ധ സമരം; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളെ ചെറുക്കണം; മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നെന്ന സംസ്ഥാന സെക്രട്ടറി എ പി അഹമ്മദിന്റെ വാദം തള്ളി യുവകലാ സാഹിതി

മലബാർ സമരം വർഗീയ കലാപവും മതപരിവർത്തനോന്മുഖമായ ജിഹാദും ആയിരുന്നു എന്ന ആരോപണം ചരിത്ര വസ്തുതകൾക്ക് നിരക്കാത്തത്; അത്  ധീരമായ ബ്രിട്ടീഷ് വിരുദ്ധ സമരം; ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കങ്ങളെ ചെറുക്കണം; മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നെന്ന സംസ്ഥാന സെക്രട്ടറി എ പി അഹമ്മദിന്റെ വാദം തള്ളി യുവകലാ സാഹിതി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തുർക്കി മോഡൽ ഖിലാഫത്ത് ഇവിടെ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു മലബാർ കലാപമെന്നും അത് ഹിന്ദുവിരുദ്ധമായിരുന്നുവെന്നുമുള്ള സംസ്ഥാന സെക്രട്ടറി എ പി അഹമ്മദിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് സിപിഐയുടെ സാംസ്കാരിക മുഖമായ യുവകലാസാഹിതി.

മലബാർ കലാപത്തിന്നു നൂറു വർഷം തികയുന്ന സന്ദർഭത്തിൽ സമര നേതാക്കളിലൊരാളായിരുന്ന വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആധാരമാക്കി സിനിമ നിർമ്മിക്കാനുള്ള ഉദ്യമങ്ങൾ ചില വിവാദങ്ങൾക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. പ്രധാനമായും സംഘ പരിവാർ ശക്തികളാണ് സിനിമക്കെതിരായി രംഗത്ത് വന്നിട്ടുള്ളത്. ഇതിന് അനുകൂലമായും എതിരായും ഉയർന്നു വരുന്ന വാദകോലാഹലങ്ങൾ രമ്യവും സ്നേഹാർദ്രവുമായ സാമുദായിക വിനിമയങ്ങളും പരസ്പരസൗഹൃദവും നിലനിന്നു പോരുന്ന കേരളത്തിൽ പൊതുവായും, മലപ്പുറം ജില്ലയിൽ വിശേഷിച്ചും അസഹിഷ്ണുതയുടേയും വിദ്വേഷത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുവാൻ മാത്രമേ ഉതകുകയുള്ളു എന്നും യുവകലാസാഹിതി ന്യായമായും ഉൽക്കണ്ഠപ്പെടുന്നുവെന്ന് സംഘടന പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇതിഹാസ കഥാപാത്രങ്ങളേയും ചരിത്ര പുരുഷന്മാരേയും മറ്റും നോവൽ, നാടകം, സിനിമ തുടങ്ങിയ കലാ സാഹിത്യരൂപങ്ങളിലൂടെ പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള സർഗാത്മക പരീക്ഷണങ്ങൾ ലോകത്തുടനീളം ധാരാളം ഉണ്ടായിട്ടുണ്ട്. ആറ്റൻ ബറോയുടെ ഗാന്ധിയും മുസ്തഫാ അക്കാദിന്റെ ലയൺ ഓഫ് ദി ഡിസർട്ടും കേതൻ മേത്തയുടെ മംഗൾ പാണ്ഡെയും എം ടി. വാസുദേവൻ നായരുടെ വടക്കൻ വീരഗാഥയും അടക്കം നൂറു നൂറു സൃഷ്ടികൾ അങ്ങനെ ഉണ്ടായതാണ്. ബ്രിട്ടീഷുകാരാൽ വധിക്കപ്പെട്ട കുഞ്ഞഹമ്മദ് ഹാജിയുടെ ബയോപിക്കിലൂടെ ചലച്ചിത്ര സ്രഷ്ടാക്കൾ മുന്നിട്ടിറങ്ങിയിട്ടുള്ളത് തങ്ങളുടേതായ സർഗാവിഷ്‌കാരത്തിനാണ്. ചിത്ര നിർമ്മാണം തുടങ്ങുക പോലും ചെയ്യുന്നതിന്ന് മുമ്പ് അതിന്റെ മതവും രാഷ്ട്രീയവും വ്യാഖ്യാനിച്ച് ചിത്രനിർമ്മാണം തടസ്സപ്പെടുത്തുകയും അതുവഴി സാമുദായികസ്പർദ്ധ ഉളവാക്കുകയും ചെയ്യുന്ന സംഘപരിവാർ നീക്കം കുത്സിതവും ഹീനവുമാണ്. എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ വർഗ്ഗീയശക്തികൾ നടത്തുന്ന ഇത്തരം കടന്നാക്രമങ്ങളെ യുവകലാസാഹിതി ശക്തിയായി അപലപിക്കുന്നു.

മലബാർ സമരം വർഗീയ കലാപവും മതപരിവർത്ത നോന്മുഖമായ ജിഹാദും ആയിരുന്നു എന്ന ആരോപണം ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണ്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പ്രാദേശികവും സാമുദായികവും വർഗപരവും ഗോത്രപരവുമായ മാനങ്ങളുള്ള നൂറ്റിപത്തിലധികം കർഷക കലാപങ്ങൾ നടന്നിട്ടുണ്ട്. ബസ്തർ, സാന്താൾ, കോലി, ബിർസാ തുടങ്ങിയ ഇത്തരം ചെറുത്തു നിൽപ്പുകളെ അതിനിഷ്ഠൂരമായാണ് ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്. അക്കൂട്ടത്തിലൊന്നാണ് മലബാർ കലാപം. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിക്കുകയും കാർഷിക സമരത്തിന്റെ സ്വഭാവം പുലർത്തുകയും ചിലേടത്തെങ്കിലും സാഹചര്യങ്ങളുടെ ഗൂഢാലോചനകളാൽ വഴിമാറി വർഗീയമായ അപചയങ്ങൾ സംഭവിക്കുകയും ചെയ്ത ഈ പ്രക്ഷോഭത്തെ അതിനെക്കുറിച്ച് പഠനം നടത്തിയ കോൺറാഡ് വുഡ്, സൗമ്യേന്ദ്രനാഥ ടാഗൂർ, ഡോ. കെ എൻ പണിക്കർ, ഡോ. എം ഗംഗാധരൻ തുടങ്ങിയ ചരിത്രകാരന്മാരാരും ഹിന്ദു വിരുദ്ധമെന്ന് വിലയിരുത്തിയിട്ടില്ല. അപചയങ്ങളല്ല, സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയും ചൈതന്യ വും ആയിരിക്കണം അതിനെ വിലയിരുത്തുന്നതിന്റെ മാനദണ്ഡം. ധീരമായൊരു ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്പിനെ മറിച്ച് വിശേഷിപ്പിക്കുന്നത് ദുരുദ്ദേശ്യപരമായ സാമാന്യവൽക്കരണമാണ്.

ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ ഈ കർഷക പ്രക്ഷോഭത്തെ ഹിന്ദു വിരുദ്ധവും വർഗീയവും ആയി മുദ്രകുത്തുന്നത് മത സൗഹാർദ്ദത്തിനും പുരോഗമനചിന്തക്കും എതിരും ഇടതുപക്ഷ മതേതര ശക്തികൾ പതിറ്റാണ്ടുകളായി സ്വീകരിച്ചു വരുന്ന സാമാന്യ സമീപനത്തിൽ നിന്നുള്ള വ്യതിയാനവുമാണെന്നും യുവകലാസാഹിതി വിശ്വസിക്കുന്നു.

മലബാർ കലാപചരിത്രത്തെ മുനിർത്തി വസ്തുതാവിരുദ്ധമായ പ്രചരണമഴിച്ചുവിട്ട് കേരളത്തിന്റെ മതേതരമായ സാമൂഹിക അന്തരീക്ഷം തകർക്കാൻ ഉദ്ദേശിച്ചു സംഘപരിവാർ നടത്തുന്ന നീക്കങ്ങൾക്കെതിരായി ഉറച്ചുനിന്ന് പോരാടാൻ എല്ലാ ജനാധിപത്യ മതനിരപേക്ഷ പുരോഗമന ശക്തികളൊടും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ. എം. സതീശനും അഭ്യർത്ഥിച്ചു.

ഇതിന് വിരുദ്ധമായ നിലപാടായിരുന്നു സംഘടനയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദിന്റേത്.
തുർക്കിയിലെ ഖലീഫയുടെ പദവി ബ്രിട്ടീഷുകാർ എടുത്തു കളഞ്ഞപ്പോൾ അത് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. ആഗോളതലത്തിൽ ബ്രിട്ടനെതിരെ വലിയ പ്രതിഷേധമുണ്ടായി. ആ മുസ്ലിം പ്രതിഷേധത്തെ ഇന്ത്യയിയെ ദേശീയ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിച്ചേർത്ത് ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ സമരം ശക്തമാക്കാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുാനിച്ചത്. സത്യത്തിൽ ആ തീരുമാനം വലിയൊരു അബദ്ധമായിരുന്നു. മുസ്ലീങ്ങൾ ലോകത്തെവിടെയും ഏത് ലക്ഷ്യത്തിന് വേണ്ടി നടത്തിയ സമരങ്ങൾ ഒരിക്കൽ പോലും അഹിംസാപരമായിരുന്നില്ല. കായികമായ പോരാട്ടങ്ങൾക്ക് പേരുകേട്ടവരാണ് ലോകത്തെവിടെയും മുസ്ലിം സമുദായം. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിന്റെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാതെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഖിലാഫത്ത് പ്രസ്ഥാനത്തെ കൂട്ടിച്ചേർത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ജന്മിത്വ, സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടോടെ ആരംഭിച്ച സമരം വളരെ പെട്ടന്ന് ഹിന്ദു വിരുദ്ധമായി തീരുകയും വ്യാപകമായി ഹിന്ദു ജനത ആക്രമിക്കപ്പെടുകയും ചെയ്തു. കൊള്ളയും കൊലപാതകവും അറിയാതെ സംഭവിച്ച കാര്യങ്ങളല്ല. കലാപത്തിന്റെ ലക്ഷ്യത്തിൽ തന്നെ അതെല്ലാമുണ്ടായിരുന്നു. അല്ലാതെ പലരും പറയുന്നതുപോലെ വഴിതെറ്റി സൗകര്യം കിട്ടിയപ്പോൾ കൊള്ളയും കൊലപാതകവും ബലാത്സംഗവും നടത്തിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തുർക്കി മോഡൽ ഖിലാഫത്ത് ഇവിടെ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു മലബാർ കലാപം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിവാദ പുരുഷനാകുന്നത് അങ്ങിനെയാണ്. ആ പോരാട്ടം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിക്കാനായിരുന്നുവെന്നെല്ലാം നിയമസഭയിൽ ഉൾപ്പെടെ പലരും പ്രസംഗിക്കുന്നത് കേട്ടു. അത് ചരിത്ര വിരുദ്ധമാണ്. തുർക്കി തൊപ്പിയായിരുന്നു ഹാജി അണിഞ്ഞിരുന്നത്. തുർക്കി ഖലീഫയായിരുന്നു അദ്ദേഹത്തിന്റെ റോൾ മോഡൽ. ആ ഖിലാഫത്താണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞതുതന്നെ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കൊപ്പം ചേരുമോ എന്ന പേടികൊണ്ടാണ്. ജയിച്ചാൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ കഴിയും.. അഥവാ തോറ്റാൽ വീരസ്വർഗം കിട്ടുമെന്ന് വിശ്വസിച്ചിരുന്ന പാവപ്പെട്ട മുസ്ലീങ്ങളെയാണ് കലാപത്തിൽ കണ്ണിചേർത്തതെന്നും എ പി അഹമ്മദ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP