Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിന്ദൂരം ധരിക്കാൻ വിസമ്മതിക്കുന്നത് വിവാഹം അംഗീകരിക്കാത്തതിന് തുല്യം; യുവാവിന് വിവാഹ മോചനം അനുവദിച്ചു ഗുവാഹത്തി ഹൈക്കോടതി

സിന്ദൂരം ധരിക്കാൻ വിസമ്മതിക്കുന്നത് വിവാഹം അംഗീകരിക്കാത്തതിന് തുല്യം; യുവാവിന് വിവാഹ മോചനം അനുവദിച്ചു ഗുവാഹത്തി ഹൈക്കോടതി

സ്വന്തം ലേഖകൻ

ഗുവാഹത്തി: ഹിന്ദു ആചാരപ്രകാരം സിന്ദൂരം ധരിക്കാൻ വിസമ്മതിക്കുന്നത് ഭാര്യ വിവാഹം അംഗീകരിക്കാൻ തയ്യാറാകാത്തതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഇത്തരമൊരു അഭിപ്രായം നടത്തിയത്. തന്നെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് പീഡിപ്പിക്കുന്നതായുള്ള യുവതിയുടെ പരാതി നിലനിൽക്കുന്നതല്ലെന്നും കോടതി ഉത്തരവിട്ടു.

യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് കുടുംബ കോടതിയിൽ കേസ് കൊടുത്തിരുന്നു. യുവതിയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള ക്രൂരത ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബ കോടതി യുവാവിന്റെ ഹർജി തള്ളി. ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അജയ് ലാബയും ജസ്റ്റിസ് സൗമിത്ര സൈകിയും അംഗങ്ങളായുള്ള രണ്ടംഗ ബെഞ്ചാണ് യുവാവിന് വിവാഹ മോചനം അനുവദിച്ചത്.

സിന്ദൂരം ധരിക്കാൻ തയ്യാറാവാത്തത് താൻ അവിവാഹിതയാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഭർത്താവുമായുള്ള വിവാഹത്തെ അംഗീകരിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രവൃത്തി. ഭർത്താവുമായി കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നതെന്നും യുവാവിന് വിവാഹ മോചനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചു.

2012ലാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഉടനെ തന്നെ, ഭർത്താവിന്റെ കുടുംബക്കാരുമായി ഒത്തുപ്പോകാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് ഇരുവരും വഴക്കായി. തുടർന്ന് 2013 ൽ ഇരുവരും പിരിഞ്ഞു കഴിയാൻ തുടങ്ങി. അതിനിടെ ഭർത്താവും ഭർത്താവിന്റെ കുടുംബക്കാരും ചേർന്ന് തന്നെ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ ആരോപണം നിലനിൽക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ ക്രിമിനൽ കേസ് എടുക്കുന്നത് സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് ക്രൂരതയാണ്. വയസായ അമ്മയെ നോക്കുക എന്ന അടിസ്ഥാനപരമായ കർത്തവ്യത്തിൽ നിന്ന് ഭർത്താവിനെ അകറ്റാൻ ശ്രമിച്ച ഭാര്യയുടെ നടപടി കുടുംബ കോടതി അവഗണിച്ചു. ഭാര്യയുടെ ഇത്തരം പ്രവൃത്തികൾ തന്നെ ക്രൂരതയ്ക്കുള്ള തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP