Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന കേന്ദ്ര ഉത്തരവിന്റെ പിൻബലത്തിൽ കോടതിയെ സമീപിച്ചാൽ തങ്ങൾ പ്രവർത്തിക്കുന്നത് കേരളാ നോൺ ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരമാണെന്നും കേന്ദ്ര ഉത്തരവ് ബാധകമല്ലെന്നും വിശദീകരിക്കും; രേഖകൾ ചോദിച്ച് കോടതിയെ സമീപിച്ചാൽ ഉയർത്തിക്കാട്ടുക കേന്ദ്ര-കേരള സർക്കാരുകളുടെ ഉത്തരവും; കേന്ദ്ര സർക്കാർ വിചാരിച്ചാൽ അഞ്ചു മിനുട്ടു കൊണ്ട് വെള്ളാപ്പള്ളി നിഷ്‌കാസിതനാകും: എസ് എൻ ഡി പി യോഗം സ്വകാര്യ സ്വത്താക്കുന്ന കള്ളക്കളികളുടെ കഥ

മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന കേന്ദ്ര ഉത്തരവിന്റെ പിൻബലത്തിൽ കോടതിയെ സമീപിച്ചാൽ തങ്ങൾ പ്രവർത്തിക്കുന്നത് കേരളാ നോൺ ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരമാണെന്നും കേന്ദ്ര ഉത്തരവ് ബാധകമല്ലെന്നും വിശദീകരിക്കും; രേഖകൾ ചോദിച്ച് കോടതിയെ സമീപിച്ചാൽ ഉയർത്തിക്കാട്ടുക കേന്ദ്ര-കേരള സർക്കാരുകളുടെ ഉത്തരവും; കേന്ദ്ര സർക്കാർ വിചാരിച്ചാൽ അഞ്ചു മിനുട്ടു കൊണ്ട് വെള്ളാപ്പള്ളി നിഷ്‌കാസിതനാകും: എസ് എൻ ഡി പി യോഗം സ്വകാര്യ സ്വത്താക്കുന്ന കള്ളക്കളികളുടെ കഥ

ശ്രീലാൽ വാസുദേവൻ

ആലപ്പുഴ: കേന്ദ്രനിയമ മന്ത്രാലയം ഒരു ഉത്തരവ് ഇറക്കിയാൽ തീരാവുന്നതേയുള്ളൂ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കസേരയിൽ ഇരുന്നു കൊണ്ടുള്ള വെള്ളാപ്പള്ളി നടേശന്റെ വിക്രിയകൾ. തീർത്തും ജനാധിപത്യ രഹിതമായ തെരഞ്ഞെടുപ്പ് വഴി ജനറൽ സെക്രട്ടറിയുടെ കസേര കുടുംബസ്വത്താക്കി നടേശൻ മാറ്റിയിരിക്കുന്നത് 1974 ലെ കേന്ദ്രനിയമമന്ത്രാലയത്തിന്റെ ഒരു ഉത്തരവ് വഴിയാണ്. ഇത് പിന്നീട് പല തവണ ചോദ്യം ചെയ്യപ്പെട്ടെങ്കിലും രണ്ടു വള്ളത്തിൽ കാല് എന്ന പതിവു തന്ത്രം വഴി ഒക്കെയും വെള്ളാപ്പള്ളി പൊളിച്ചടുക്കുന്നു. സമുദായ സംഘടനയായി രൂപം കൊണ്ട എസ്എൻഡിപിക്ക് എന്നും ശ്രീനാരായണ ഗുരു എതിരായിരുന്നുവെന്ന് ചരിത്രം പറയുന്നു.

എസ്എൻഡിപി യോഗത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറയുന്നത് ഇങ്ങനെയാണ്.

തിരുവിതാംകൂറിലെ 1063-ാമാണ്ടത്തെ ഒന്നാം റെഗുലേഷൻ (1882 ലെ ആറാം നമ്പർ ഇന്ത്യൻ കമ്പനീസ് ആക്ട്) അനുസരിച്ചും ഈഴവ സമുദായത്തിൽ വൈദികവും ലൗകികവും ആയ വിദ്യാഭ്യാസത്തെയും വ്യവസായ ശീലത്തെയും അഭിവൃദ്ധിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഉദ്ദേശ്യ സാധ്യത്തിനായി ഇതിന് താൽക്കാലികങ്ങളോ പ്രയോജകങ്ങളോ ആയ മറ്റു എല്ലാ കാര്യങ്ങളെയും ചെയ്യുന്നതിനുമായി ചേർന്നിട്ടുള്ള ഒരു യോഗമായ അരുവിപ്പുറം ശ്രീനാരായണ ധർമ പരിപാലന യോഗം ക്ലിപ്തമായ ചുമതലയോടു കൂടി ക്ലിപ്തം എന്ന വാക്ക് പേരോടൊന്നിച്ച് ചേർക്കാതെ രജിസ്റ്റർ ചെയ്യപ്പെടണമെന്ന് തിരുവിതാംകൂർ മഹാരാജാവ് തിരുമനസിലെ ഗവൺമെന്റിന് വേണ്ടി തിരുവിതാംകൂർ ദിവാനായ ബഹദൂർ കൃഷ്ണസ്വാമി റാവു സിഐഇഎഫ്എംയു അവർകളാൽ നൽകപ്പെട്ട ലൈസൻസിനെ അനുസരിച്ചും അരുവിപ്പുറം ശ്രീനാരായണ ധർമ പരിപാലന യോഗം മേൽപ്പറയപ്പെട്ട റെഗുലേഷൻ പ്രകാരം ഒരു കമ്പനി അല്ലെങ്കിൽ യോഗമായിട്ട് ഇന്നേ ദിവസം രജിസ്റ്റർ ചെയ്യപ്പെട്ടു എന്നും ടി യോഗം ക്ലിപ്തം ആണെന്നും ഞാൻ ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.

എസ്എൻഡിപി യോഗം സമുദായ സംഘടനയെന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കമ്പനി

അരുവിപ്പുറം ശ്രീ നാരായണ ധർമ പരിപാലന യോഗം 1903 ൽ ഇന്ത്യൻ കമ്പനീസ് ആക്ട് 1882 ന് വിധേയമായി രജിസ്ട്രേഷൻ നമ്പർ 02/1078 രജിസ്റ്റർ ചെയ്തു. അരുവിപ്പുറം ശിവക്ഷേത്രമായിരുന്നു രജിസ്ട്രേഡ് ഓഫീസ്. കാലക്രമത്തിൽ അരുവിപ്പുറം എന്ന വാക്ക് പേരിന്റെ തുടക്കത്തിൽ നിന്ന് നീക്കി എസ്എൻഡിപി യോഗം എന്ന അവരവർ തോന്നുന്ന രീതിയിൽ പ്രയോഗിക്കുന്നു. കേരള നോൺ ട്രേഡിങ് കമ്പനീസ് ആക്ട് 1961, കമ്പനീക് ആക്ട്2013 എന്നിവയും കേരള നോൺ ട്രേഡിങ് കമ്പനീസ് ആകട് 1961 ന്റെ സെക്ഷൻ മൂന്ന് പ്രകാരവുമാണ് ഈ കമ്പനി, അതായത് എസ്എൻഡി പി യോഗം ഇപ്പോൾ പ്രവർത്തിക്കുന്നത്.

കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഇനി പറയുന്നു.
1. അരുവിപ്പുറം ശിവക്ഷേത്രത്തിലും കമ്പനിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ആരാധനയും വാർഷിക ഉത്സവങ്ങളും നടത്തുക.
2. മതപരവും മതേതരവുമായ വിദ്യാഭ്യാസം നൽകി ഈഴവ സമുദായത്തെ ഉയർത്തുക
3. ഇതിനായി കമ്പനിക്ക് വേണ്ടി കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കുകയോ പാട്ടത്തിന് എടുക്കുകയോ ചെയ്യുക
4. അവശ്യ സന്ദർഭങ്ങളിൽ കമ്പനിയുടെ ആസ്തികൾ പണയപ്പെടുത്തുകയോ പാട്ടത്തിന് നൽകുകയോ ചെയ്യുക.
5. ഈടോ പ്രോമിസറി നോട്ടോ സ്വീകരിക്കുക.
6. മേൽപ്പറഞ്ഞ കാര്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുക.

അധികാരത്തിൽ കടിച്ചു തൂങ്ങാൻ ചില വകുപ്പുകൾ ഒഴിവാക്കി

1956 ലെ കമ്പനീസ് ആക്ടിന്റെ ആർട്ടിക്കിൾ 14 ൽ സി ഖണ്ഡികയിൽ കമ്പനിയിലെ എല്ലാ അംഗത്തിനും ഒരു വോട്ട് വീതമുള്ളതായി പറയുന്നു. എന്നാൽ, എസ്എൻഡിപി യോഗത്തിന്റെ ഭാരവാഹികൾ കമ്പനീസ് ആക്ടിലെ സെക്ഷൻ 179(2), 219, ആർട്ടിക്കിൾ 14 ൽ സി ഖണ്ഡിക എന്നിവ തങ്ങൾക്ക് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചു. തങ്ങൾക്ക് തുടർച്ചയായി അധികാര കസേരയിൽ തുടരുന്നതിന് വേണ്ടിയുള്ള കുറുക്കു വഴിയായിരുന്നു ഇത്. ഇതിൻ പ്രകാരം 1974 ഓഗസ്റ്റ് 20 ന് നിയമമന്ത്രാലയം (ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പനി അഫയേഴ്സ് )ഒരു ഉത്തരവ് പുറപ്പെടുവിച്ചു. യോഗം ആവശ്യപ്പെട്ട പ്രകാരമുള്ള സെക്ഷനുകളും ആർട്ടിക്കിളും ചില നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കുന്നതായിരുന്നു ആ ഉത്തരവ്. നിബന്ധനകൾ ഇനി പറയുന്നു:

വാർഷിക പൊതുയോഗത്തിന് 21 ദിവസം മൂൻപായി അത് നടക്കുന്നതിനുള്ള തീയതി, സമയം, സ്ഥലം എന്നിവ കമ്പനിയിലെ ഒരോ അംഗത്തെയും നേരിട്ട് അറിയിക്കണം. കമ്പനിയുടെ ബാലൻസ് ഷീറ്റ്, വരവ്-ചെലവ് കണക്ക് എന്നിവയും ഇതോടൊപ്പം നൽകണം. എതൊരു അംഗം എപ്പോൾ ആവശ്യപ്പെട്ടാലും ബാലൻസ് ഷീറ്റും വരവ്-ചെലവ് കണക്കും യൂണിയനുകളോ ശാഖകളോ കൈമാറണം. പൊതുയോഗ നോട്ടീസും വരവ് ചെലവ് കണക്കും ബാലൻസ് ഷീറ്റും പൊതുയോഗത്തിന് 21 ദിവസം മുൻപ് മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിൽ അംഗങ്ങൾക്ക് മനസിലാകത്തക്ക വിധം പരസ്യമായി നൽകണം. ഏതൊരു അംഗവും ഒരു ശാഖയിലോ യൂണിയനിലോ ചെന്ന് ആവശ്യപ്പെട്ടാൽ ഈ രേഖകൾ നൽകുകയും വേണം.

കേന്ദ്രസർക്കാർ ഉത്തരവ് വെറും മറ, പ്രവർത്തനം കേരളാ കമ്പനീസ് ആക്ട് പ്രകാരം

കേന്ദ്രസർക്കാർ ചില വകുപ്പുകൾ എടുത്തു കളഞ്ഞു കൊണ്ടുള്ള ഉത്തരവിൽ ചില നിബന്ധനകൾ ചേർത്തിരുന്നത് മുകളിൽ പറയുന്നുണ്ട്. അതിലൊന്നാണ് ഏത് അംഗം ചോദിച്ചാലും വരവ് ചെലവ് കണക്കും മറ്റു രേഖകളും അതാത് യൂണിയനുകളിലോ ശാഖകളിലോ നിന്ന് നൽകണമെന്നുള്ളത്. ഇങ്ങനെ രേഖകൾ നൽകിയാൽ തങ്ങളുടെ തട്ടിപ്പ് പുറത്തു വരുമെന്ന് മനസിലാക്കി അത് തടയാൻ മറ്റൊരു വളഞ്ഞ വഴിയാണ് വെള്ളാപ്പള്ളിയും സംഘവും സ്വീകരിച്ചത്.

കേരള നോൺട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്നതിനാലും രജിസ്ട്രേഷൻ ഐ.ജി നിയന്ത്രണ അധികാരി ആയതിനാലും കമ്പനിയുടെ സകല രേഖകളും രജിസ്ട്രേഷൻ ഐ.ജിയുടെ ഓഫീസിലാണ് സൂക്ഷിക്കേണ്ടതെന്നും അതിനാൽ രജിസ്ട്രാർ ഓഫ് കമ്പനീസ് സൂക്ഷിച്ചിരിക്കുന്ന രേഖകൾ കൂടി രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറണം എന്ന് കമ്പനി ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ ആവശ്യം ഉന്നയിച്ചിരുന്നു. അങ്ങനെ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന മുഴുവൻ രേഖകളും 2009 ജനുവരി 16 ന് രജിസ്ട്രേഷൻ ഐ.ജിക്ക് കൈമാറുകയുണ്ടായി. ഇപ്പോൾ രേഖകളെല്ലാം രജിസ്ട്രേഷൻ ഐ.ജിയുടെ പക്കലാണ് ഉള്ളത്. കമ്പനിയിലെ അംഗങ്ങൾ ചോദിക്കുമ്പോൾ രേഖകൾ രജിസ്ട്രേഷൻ ഐജിയുടെ കൈവശമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് കമ്പനി ജനറൽ സെക്രട്ടറി ചെയ്യുന്നത്.

മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന കേന്ദ്ര ഉത്തരവിന്റെ പിൻബലത്തിൽ ഇനി ആരെങ്കിലും കോടതിയെ സമീപിച്ചാൽ തങ്ങൾ പ്രവർത്തിക്കുന്നത് കേരളാ നോൺ ട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരമാണെന്നാകും കമ്പനി ജനറൽ സെക്രട്ടറിയുടെ മറുപടി. ഇതു കൊണ്ട് കേന്ദ്രഉത്തരവ് ബാധകമല്ല. ഇനി രേഖകൾ ചോദിച്ച് കോടതിയെ സമീപിക്കുമ്പോൾ കേന്ദ്ര-കേരള സർക്കാരുകളുടെ ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി നൽകും.

ഒരു അംഗത്തിന് ഒരു വോട്ട് നിയമപരം തന്നെ: അട്ടിമറിച്ച് വെള്ളാപ്പള്ളി

കേരള നോൺട്രേഡിങ് കമ്പനീസ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കമ്പനിക്ക് ആർട്ടിക്കിളും സെക്ഷനും കുറവ് ചെയ്തുകൊടുക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ല. 2013 ലെ കമ്പനീസ് ആക്ടിന്റെ 10-ാം ക്ലോസിലും ഒരു അംഗത്തിന് ഒരു വോട്ട് എന്നുള്ളത് തറപ്പിച്ചു പറയുന്നു. ഈ അവകാശം കേന്ദ്രസർക്കാരിന്റെ 1974 ലെ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് എടുത്തു മാറ്റിയിട്ടുള്ളതാകുന്നു. ഇത് നിയമപരമായ അംഗങ്ങളുടെ അവകാശം നിഷേധിക്കലാണ്. അതു വഴി നിലവിലുള്ള ഭരണ സമിതി ഭരണത്തിൽ കടിച്ചു തൂങ്ങുന്നു. കേന്ദ്രസർക്കാർ 1974 ൽ പുറപ്പെടുവിച്ച ഉത്തരവ് കമ്പനിയിലെ അംഗങ്ങളുടെ ഭാഗം കേൾക്കാതെയുള്ളതാണ്. 1994 മെയ്‌ 21 ലെ കേരള കൗമുദി പത്രത്തിൽ കേന്ദ്രസർക്കാരിന്റെ ഉത്തരവിനെതിരേ പരാതിയുള്ളവർ അറിയിക്കണം എന്നൊരു പരസ്യം നൽകിയിരുന്നു.

സർക്കുലേഷൻ തീരെയില്ലാത്ത ഈ പത്രത്തിൽ പരസ്യം വന്നതു കാരണം ആരും പരാതി നൽകാൻ എത്തിയില്ല. കേന്ദ്രസർക്കാർ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണ്. അതിനാൽ ആ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് നിന്ന് ഡി. രാജ്കുമാർ ഉണ്ണി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഹർജി നൽകിയത്. തൊട്ടുപിന്നാലെ ലോക്ഡൗൺ വന്നതിനാൽ ഇതു വരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്.

1903 ൽ അരുവിപ്പുറം ശ്രീ നാരായണ ധർമ പരിപാലന യോഗം എന്ന പേരിൽ സ്ഥാപിതമായ സമുദായ സംഘടനയ്ക്ക് അന്ന് തൊട്ടിന്നു വരെ 33 ലക്ഷത്തിൽപ്പരം അംഗങ്ങളുണ്ട്. ഇവരിൽ പലരും മരിച്ചു പോയി. ചിലർക്ക് നാലും അഞ്ചും സ്ഥലങ്ങളിൽ നിന്ന് ഒരേ പേരിൽ, വ്യത്യസ്ത മേൽവിലാസത്തിൽ അഞ്ചും ആറും അംഗത്വമുണ്ട്. എസ്എൻഡിപി യോഗം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ വോട്ടുകൾ എല്ലാം ഒരാൾ തന്നെ ചെയ്യുന്നു.

ആനുപാതിക പ്രാതിനിധ്യം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 പേർക്ക് ഒരു വോട്ട് എന്നതാണ് കണക്ക്. അതായത് 200 സമുദായ അംഗങ്ങൾക്കായി ഒരു പ്രതിനിധി വോട്ട് രേഖപ്പെടുത്തും. ഇങ്ങനെ വരുമ്പോൾ പന്തീരായിരത്തിൽപ്പരം വോട്ടുകളാണ് ആകെയുള്ളത്. ഇതിൽ ആറായിരത്തോളം വോട്ട് മാത്രമാണ് പോൾ ചെയ്യപ്പെടുക. ഇങ്ങനെ ചെയ്യുന്നതിൽ രണ്ടായിരത്തോളം മാത്രമാകും എതിർ കക്ഷികൾക്ക് ലഭിക്കുക. ബാക്കി വെള്ളാപ്പള്ളി പക്ഷം കള്ളവോട്ടാക്കി മാറ്റും. ഒരാൾ തന്നെ അഞ്ചും ആറും വോട്ട് ചെയ്യും. വോട്ടെടുപ്പിന് പ്രിസൈഡിങ് ഓഫീസർമാരായി ഇരിക്കുന്നത് എസ്എൻ ട്രസ്റ്റിന് കീഴിലുള്ള കോളജുകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകരാണ്. ഇവർ കള്ളവോട്ടിന് മുന്നിൽ കണ്ണടയ്ക്കേണ്ടി വരും. വെള്ളാപ്പള്ളിക്കൊപ്പം നിന്നില്ലെങ്കിൽ പിന്നീട് പീഡനം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഭയന്നാണ് ഇത്. ഇക്കാര്യം ഇവർ പുറത്ത് പറയാനും മടിക്കുന്നു. ആനുപാതിക പ്രാതിനിധ്യത്തിന്റെ മറവിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് വെള്ളാപ്പള്ളി അധികാരത്തിൽ തുടരുന്നത്.

1974 ലെ നിയമഭേദഗതി കേന്ദ്രസർക്കാർ വിചാരിച്ചാൽ ആ നിമിഷം റദ്ദാക്കാൻ കഴിയും. ഇതിന് വേണ്ടി കേന്ദ്രസർക്കാരിനും രാജ്കുമാർ ഉണ്ണി അപേക്ഷ നൽകിയിട്ടുണ്ട്. കാലാകാലങ്ങളായി അപ്പൻ സിപിഎമ്മും മകൻ ബിജെപിയുമായി നടത്തുന്ന കളിയുടെ ഒരു കാരണം ഈ നിയമ ഭേദഗതിയാണ്. ബിജെപിക്കൊപ്പം ബിഡിജെഎസ് നിൽക്കുന്നതാണ് ആ ഭേദഗതി റദ്ദാക്കാതിരിക്കാൻ കാരണം. പലപ്പോഴും ഭേദഗതി പിൻവലിക്കാൻ കേന്ദ്രം ഒരുങ്ങിയെങ്കിലും രക്ഷയ്ക്ക് എത്തിയത് കേന്ദ്രമന്ത്രി വി. മുരളീധരനാണ്. ചില്ലിപ്പൈസ വാങ്ങാതെ മുരളീധരന്റെ ഭാര്യയ്ക്ക് എസ്എൻഡിപിയുടെ കോളജിൽ ജോലി നൽകിയതിന്റെ ഉപകാരസ്മരണയാണ് ഇതെന്നാണ് എതിർപക്ഷത്തിന്റെ ആരോപണം. സത്യത്തിൽ അപ്പനും മകനും ചേർന്ന് ബിജെപിയെയും സിപിഎമ്മിനെയും പറ്റിക്കുകയാണ്.

രണ്ടു പേരും രണ്ടു നിലപാടുമായി രണ്ട് ധ്രുവങ്ങളിലുള്ള രാഷ്ട്രീയകക്ഷികൾക്കൊപ്പം നിൽക്കുന്നത് അവരുടെ നിലനിൽപ്പിന് വേണ്ടിയാണ്. സമുദായം മുഴുവൻ ഇവരുടെ പിന്നിലുണ്ടെന്ന മൂഢസ്വർഗത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയക്കാർ ഇവരെ ഭയക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP