Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം കലങ്ങി തെളിയട്ടേയെന്ന് കോടിയേരി; ബിജെപിയോട് ചേരാൻ മാത്രം നിലപാടില്ലാത്ത പാർട്ടിയായി കരുതുന്നില്ലെന്ന് പിണറായി; യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ തന്നെ ഉറച്ച് സിപിഎം; കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാൻ ജോസ് കെ മാണിയെ ചേർക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പ്; പൊഴിയാനുള്ള നേതാക്കൾ ഒക്കെ പൊഴിഞ്ഞതിനാൽ ജോസ് കെ മാണിക്ക് ആശങ്കയില്ല; കോൺഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോൺഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെ

എല്ലാം കലങ്ങി തെളിയട്ടേയെന്ന് കോടിയേരി; ബിജെപിയോട് ചേരാൻ മാത്രം നിലപാടില്ലാത്ത പാർട്ടിയായി കരുതുന്നില്ലെന്ന് പിണറായി; യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ തന്നെ ഉറച്ച് സിപിഎം; കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാൻ ജോസ് കെ മാണിയെ ചേർക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പ്; പൊഴിയാനുള്ള നേതാക്കൾ ഒക്കെ പൊഴിഞ്ഞതിനാൽ ജോസ് കെ മാണിക്ക് ആശങ്കയില്ല; കോൺഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോൺഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ യാത്ര ഇടതു പക്ഷത്തേക്കെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്ക് അനുകൂലമാക്കിയി പ്രത്യക്ഷത്തിൽ തന്നെ രംഗത്ത് വന്നു കഴിഞ്ഞു. എല്ലാം കലങ്ങി തെളിയട്ടേയെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ബിജെപിയോട് ചേരാൻ മാത്രം നിലപാടില്ലാത്ത പാർട്ടിയായി കരുതുന്നില്ലെന്ന് പിണറായിയും പറയുന്നു.

ഇതോടെ യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ തന്നെ ഉറച്ച് സിപിഎം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമായി കഴിഞ്ഞു. കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാൻ ജോസ് കെ മാണിയെ ചേർക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പാണുള്ളത്. തങ്ങളുടെ പക്ഷത്ത് നിന്ന് പൊഴിയാനുള്ള നേതാക്കൾ ഒക്കെ പൊഴിഞ്ഞതിനാൽ ജോസ് കെ മാണിക്കും ഇനി ആശങ്കയില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോൺഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെയെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പേരിൽ യുഡിഎഫ് രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയം തന്നെയും വഴിത്തിരിവിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ച മേധാവിത്തം അടിയറ വയ്‌ക്കേണ്ടി വന്നത് പാലായിലെ തോൽവി മൂലമാണെന്നു യുഡിഎഫ് വിശ്വസിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കണമെന്ന നിർദ്ദേശം അംഗീകരിച്ചാൽ ഇനിയും മുന്നണിയിൽ തുടരാനുള്ള പഴുത് ജോസിനുണ്ടെന്നു പറയുന്നുവെങ്കിലും യുഡിഎഫിന്റെ വാക്കുകളിൽ ആത്മാർത്ഥതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഒരു കേരള കോൺഗ്രസ് വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നു കരുതിയെങ്കിലും ഇതു ഇത്രവേഗത്തിൽ പ്രതീക്ഷിച്ചതല്ല.

കേരള കോൺഗ്രസിലെ പിള്ള, ജനാധിപത്യ കേരള കോൺഗ്രസ്, സ്‌കറിയാ തോമസ് വിഭാഗങ്ങളെ ഘടക കക്ഷിയാക്കിയ സിപിഎം ജോസ് കെ. മാണി വിഭാഗത്തെ കിട്ടിയാൽ കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാമെന്ന കരുതലിലാണ്. എൻസിപിയുടെ സിറ്റിങ് സീറ്റായി മാറിയ പാലാ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന കാര്യത്തിൽ ഉറപ്പു വാങ്ങാനാണ് കേരളാ കോൺഗ്രസിന്റെ ശ്രമം. ഇതു നടന്നാൽ കേരളാ കോൺഗ്രസ് ഇടതുപക്ഷത്തിൽ എത്തും. അതിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടാനാകും ജോസ് കെ മാണിയുടെ ശ്രമം.

എൻസിപിയേക്കാൾ സംഘടനാ ശക്തി എന്തുകൊണ്ടും കേരളാ കോൺഗ്രസിനുണ്ട്. 400ൽ ഏറെ പഞ്ചായത്ത് പ്രതിനിധികൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിന്റെ വരവ് കോട്ടയത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇടുക്കിയിലും ഇടതു പക്ഷത്തിന് കരുത്ത് കൂട്ടും. എന്നാൽ ഇടതു പക്ഷത്ത് സിപിഐ പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കേരളാ കോൺഗ്രസിനെ അവർ എതിർക്കുമെന്ന് സിപിഎമ്മിനും അറിയാം. എന്നാൽ സിപിഐയെ അനുനയിപ്പിച്ച് കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടാനാണ് തീരുമാനം. കേരളാ കോൺഗ്രസ് ബിയും കേരളാ കോൺഗ്രസ് സ്‌കറിയാ തോമസും ഇപ്പോൾ തന്നെ ഇടതുപക്ഷത്തുണ്ട്. ഇതിനൊപ്പം ജോസ് കെ മാണി കൂടിയെത്തുമ്പോൾ കേരളാ കോൺഗ്രസ് വികാരവും ഇടതു പക്ഷത്തിന് അനുകൂലമാകുമെന്നാണ് സിപിഎം വിലയിരുത്തൽ.

മുന്നണിയിൽ അച്ചടക്കം വേണം, ധാരണ പാലിക്കപ്പെടണം. ആർക്കും എന്തുമാകാമെന്ന സ്ഥിതി പാടില്ല. കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ച ഈ നിർദ്ദേശത്തോട് മറ്റുഘടകകക്ഷികളും യോജിച്ചതോടെയാണ് ജോസ് കെ. മാണി പക്ഷം യുഡിഎഫ് മുന്നണിക്ക് പുറത്തായത്. കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് യു.ഡി.എഫും ഇല്ലെന്ന് ജോസും പറയുന്നതാണ് പ്രശ്‌നം. മുന്നണി ചെയർമാനായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നുണ്ടാക്കിയ ധാരണയില്ലെന്ന് ജോസ് പക്ഷം പറഞ്ഞതാണ് കടുത്ത തീരുമാനത്തിലേക്ക് മുന്നണിയെ നയിച്ചത്.

സ്ഥിരം തമ്മിൽത്തല്ലുന്ന കേരള കോൺഗ്രസ് വിഭാഗങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും നേരിടുക പ്രയാസമാണെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. രണ്ടിലൊരു വിഭാഗത്തിനെ കൂടെനിർത്താനുള്ള തീരുമാനത്തിലേക്ക് ഇതുംനയിച്ചു. യു.ഡി.എഫിൽ തിരിച്ചെത്തി രണ്ടുവർഷമാകുമ്പോഴാണ് ജോസ് പക്ഷം വീണ്ടും മുന്നണിക്ക് പുറത്തുപോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടിരുന്നു. എന്നാൽ, മറ്റൊരു മുന്നണിയിലും ചേർന്നുമില്ല.

2018 ജൂണിൽ മാണിയും കൂട്ടരും മുന്നണിയിൽ തിരിച്ചെത്തി. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുനിൽകിയാണ് കേരള കോൺഗ്രസിനെ ഒപ്പംകൂട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം. അന്ന് ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് വി എം. സുധീരൻ മുന്നണി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അഞ്ചുമാസംമാത്രം അവശേഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടെന്നാണ് യു.ഡി.എഫ്. ധാരണ. പ്രമേയം പാസാകാൻ സാധ്യത തീരെയില്ല. പ്രമേയം വന്നാൽ സിപിഎം. ജോസ് പക്ഷത്തെ പിന്തുണയ്ക്കുമെന്നതാണ് കാരണം.

കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് എല്ലാം കലങ്ങിത്തെളിയട്ടേയെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. യു.ഡി.എഫുമായി തുടർന്നും ചർച്ചയ്ക്ക് പഴുതിട്ടുള്ള തീരുമാനമാണ് ജോസ് കെ. മാണി വിഭാഗത്തിന്റേതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവരുടെ നിലപാട് ആദ്യം വ്യക്തമാകട്ടേയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം. നേതൃത്വവുമായി ആശയവിനിമയം നടത്തിക്കൊണ്ടാണ് യു.ഡി.എഫിൽ ജോസ് കെ. മാണി വിഭാഗം കടുംപിടിത്തം തുടർന്നതെന്ന അഭ്യൂഹം കോടിയേരി തള്ളി.

ജോസ് വിഭാഗത്തെ തിരക്കിട്ട് എൽഡിഎഫിൽ ഉൾപ്പെടുത്തുമെന്ന സൂചന സിപിഎം നൽകുന്നില്ലെങ്കിലും അതിനുള്ള ചർച്ച നടന്നേക്കും. 2 വീതം എംപിമാരും എംഎൽഎമാരുമുള്ള ഘടകകക്ഷിയെ കൂടെ കിട്ടുമെന്നതും സിപിഎം ഗൗരവത്തോടെ എടുക്കും. രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്‌നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണു നിലപാടു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ''അവർ ആദ്യം നിലപാടു വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവർക്ക് എൽഡിഎഫിലേക്കു വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ല''- മുഖ്യമന്ത്രി പറഞ്ഞു.

ജോസ് വിഭാഗത്തെ ബിജെപി മുന്നണിയുടെ ഭാഗമാക്കാനും ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിൽ തന്നെ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP