Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജീവന്റെ ജീവനായ അമ്മയെ കാണാതെ മക്കൾ; ഭർത്താവ് നാട്ടിൽ കുടുങ്ങിയതോടെ വരുമാന മാർഗം നിലച്ച് പട്ടിണിയുടെ വക്കിലെത്തിയ കുടുംബങ്ങൾ; അമ്മയും കുഞ്ഞും നാട്ടിൽ കുടുങ്ങിയതോടെ ഒറ്റപ്പെട്ടു പോയ മൂത്ത കുട്ടികൾ; ഇ ലേണിങിൽ സഹായിയാകേണ്ട അമ്മമാർ അടുത്തില്ലാതെ വിഷമിക്കുന്ന മക്കൾ: കോവിഡ് കാലത്ത് പ്രവാസികളുടെ പ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും വലുത്

ജീവന്റെ ജീവനായ അമ്മയെ കാണാതെ മക്കൾ; ഭർത്താവ് നാട്ടിൽ കുടുങ്ങിയതോടെ വരുമാന മാർഗം നിലച്ച് പട്ടിണിയുടെ വക്കിലെത്തിയ കുടുംബങ്ങൾ; അമ്മയും കുഞ്ഞും നാട്ടിൽ കുടുങ്ങിയതോടെ ഒറ്റപ്പെട്ടു പോയ മൂത്ത കുട്ടികൾ; ഇ ലേണിങിൽ സഹായിയാകേണ്ട അമ്മമാർ അടുത്തില്ലാതെ വിഷമിക്കുന്ന മക്കൾ: കോവിഡ് കാലത്ത് പ്രവാസികളുടെ പ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും വലുത്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: നാട്ടിലെന്തെങ്കിലും അത്യാവശ്യം വന്നാൽ പ്രിയപ്പെട്ടവരെ ഗൾഫ് നാടുകളിലെ വീടുകളിൽ സുരക്ഷിതമാക്കി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവരാണ് പ്രവാസികളിൽ പലരും. നാട്ടിൽ കിട്ടുന്നതിലും സുരക്ഷിതത്വം ഗൾഫ് നാടുകളിൽ കിട്ടുന്നതിനാൽ ആരും ഭയപ്പെടാറുമില്ല. എന്നാൽ കോവിഡ് കാലത്തിന് തൊട്ടു മുമ്പ് കേരളത്തിലേക്ക് യാത്ര ചെയ്ത് നാട്ടിൽ കുടുങ്ങിയ പല പ്രവാസികളും അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടും മറ്റും വിദേശ രാജ്യങ്ങളിൽ നിന്നും മലയാളികൾ കേരളത്തിലേക്ക് കൊണ്ടു വരുന്ന സർക്കാർ പ്രവാസികൾ അനുഭവിക്കുന്ന ഈ മാനസിക പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടി അറിയേണ്ടതാണ്.

മക്കളെ ഗൾഫ് നാടുകളിൽ പിതാവിനൊപ്പം നിർത്തി 'ദാ ഇപ്പൊ വരാം..' എന്ന് പറഞ്ഞ് നാട്ടിലേക്ക് പോന്ന പല അമ്മമാരും ഇന്ന് ഗൾഫിലേക്ക് തിരികെ പോകാൻ കഴിയാതെ പ്രതിസന്ധിയിലാണ്. പെറ്റമ്മയെ കാണാതെ ജോലിക്ക് പോകുന്ന അച്ഛൻ മടങ്ങി വരുന്നതും കാത്ത് ഫ്‌ളാറ്റ് മുറികളിൽ കഴിയുന്ന കുഞ്ഞുങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷമോ അതിനും മുകളിലാണ്. ഭർത്താവ് നാട്ടിൽ കുടുങ്ങിയതോടെ വരുമാന മാർഗം നിലച്ച് പട്ടിണിയുടെ വക്കിലെത്തിയ കുടുംബങ്ങളും ഗൾഫ് നാടുകളിൽ നിരവധിയുണ്ട്. പലരും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കരുണയിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുക എപ്പോഴാണെന്ന കാര്യം ഇതുവരെ വ്യക്തമാകാത്തതാണ് ആയിരക്കണക്കിന് പേരെ ദുരിതത്തിലാക്കുന്നത്.

അടുത്ത ബന്ധുക്കളുടെ മരണത്തെ തുടർന്നും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും വിവാഹം, വീട് കുടിയിരിക്കൽ തുടങ്ങിയ വിശേഷങ്ങളിൽ പങ്കെടുക്കാനുമാണ് കുറഞ്ഞ ദിവസത്തിലേയ്ക്കായി പലരും നാട്ടിലേയ്ക്ക് പോയത്. വാർഷിക അവധിക്ക് ചെന്നവരും ഒട്ടേറെയുണ്ട്. കോവിഡിനെ തുടർന്ന് വിമാനത്താവളങ്ങൾ അടയ്ക്കുന്നതിന് മുൻപേ തിരിച്ചുവരാൻ സാധിക്കുമായിരുന്നിട്ടും പെട്ടെന്ന് മടങ്ങൻ മടിച്ചതാണ് ചിലർക്ക് വിനയായത്.

നാട്ടിൽ ചെന്നിട്ട് ഉടനെ തിരിച്ചു പോരാനുള്ള മടിയാണ് പലരേയും ഇത്രയും വലിയ ഊരാക്കുടുക്കിലാക്കിയത്. കൂടാതെ, രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കാൻ ഇത്ര വൈകുമെന്നും പലരും കരുതിയില്ല. കണക്കുകൂട്ടലുകൾ ആകെ താളംതെറ്റിയപ്പോൾ പ്രതിസന്ധിയിലായത് ഉപജീവനമാർഗം തന്നെ. യുഎഇ താമസ വീസക്കാരുടെ തിരിച്ചുപോക്ക് ഉടൻ യാഥാർഥ്യമാകുമെന്ന് ഡൽഹിയിലെ യുഎഇ സ്ഥാനപതി അഹമദ് അൽ ബന്ന ഈ മാസം 25ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

മാസങ്ങളായി നാട്ടിൽ കുടുങ്ങി പോയ അമ്മമാരെ കാണാതെ വിലപിക്കുന്ന കുഞ്ഞു മക്കളുടെ വീഡിയോയും മറ്റും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുമ്പോൾ അത് എല്ലാ പെറ്റമ്മമാരുടേയും നൊമ്പരമായി മാറുകയാണ്. മക്കളുടെ അരികിലേക്ക് തിരികെ എത്താൻ പല മാതാപിതാക്കളും യുഎഇ ഭരണാധികാരിയുടെ ശ്രദ്ധയും ഇക്കാര്യത്തിലേക്ക് ക്ഷണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ട്വിറ്റർ പേജിൽ യുഎഇയിലുള്ള രണ്ട് കുട്ടികളുടെ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. 10 വയസുള്ള പെൺകുട്ടിയും 6 വയസുള്ള ആൺകുട്ടിയും ഇന്ത്യയിൽ കുടുങ്ങിപ്പോയ മാതാവിനെ തിരിച്ചുകൊണ്ടുവരാൻ ദയനീയമായി ആവശ്യപ്പെടുന്ന ആ വീഡിയോ ആരുടെയും കരളലിയിക്കും.

അടിയന്തരാവശ്യത്തിനായി 4 മാസം മുൻപ് നാട്ടിലേയ്ക്ക് പോയ മാതാവ് അവിടെ കുടുങ്ങിപ്പോയെന്നും അമ്മയെ കാണാതെ വളരെ വിഷമത്തിലുമാണെന്നും കുട്ടികൾ പറയുന്നു. കുട്ടികളുടെ മാതാവാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മക്കളെ കാണാതെ വിഷമിക്കുന്ന ഒരു മാതാവിന്റെ അപേക്ഷയാണെന്ന് ഇന്ത്യൻ അധികൃതരോട് ഇവർ പറയുന്നു.

100 ദിവസത്തിലേറെയായി കുടുംബത്തെ വിട്ട് ഇന്ത്യയിൽ കഴിയുകയാണെന്നും തിരിച്ചുവരവിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് രക്ഷിത എന്ന യുവതിയുടെ ആവശ്യം. അതേസമയം അമ്മയെ കാണാതെ വിഷമിക്കുന്ന മലയാളി ബാലിക തന്റെ അമ്മയെ തിരികെ കിട്ടാന്്# ഷെയ്ഖ് മുഹമ്മദിനും മോദിക്കും കത്തെഴുതിയിരിക്കുകയാണ്. ദുബായിൽ ജോലി ചെയ്യുന്ന മധുനായരുടെ മകൾ മീനാക്ഷിയാണ് കത്തെഴുതിയത്. അമ്മയെ കാണാതെ മകൾ വലിയ വിഷമത്തിലാണെന്നും അവളെ സാന്ത്വനിപ്പിക്കാൻ തനിക്കാവുന്നില്ലെന്നും മധു നായരും കുറിക്കുന്നു.

കോവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ഇലേണിങ് ക്ലാസുകളാണ് നടക്കുന്നത്. മിക്ക കുട്ടികളും അമ്മമാർ കൂട്ടിരുന്നാലെ പഠിക്കൂ. എന്നാൽ അമ്മമാർ നാട്ടിൽ പെട്ടതോടെ കുട്ടികളുടെ പഠനവും അവതാളത്തിലായി.ജോലിക്ക് പോകുന്ന പിതാക്കന്മാർക്ക് മക്കളെ കാര്യമായി ശ്രദ്ധിക്കാനും സാധിക്കുന്നില്ല. മക്കളെ ബന്ധുക്കളുടെ അരികിൽ വിട്ട് ചെന്ന മാതാപിതാക്കളും ഉണ്ട്. കുട്ടികളുടെ പഠനത്തെ ഇത് ഏറെ ബാധിച്ചതായി കണ്ണൂർ താഴേ ചൊവ്വ സ്വദേശി ശ്രീനന്ദൻ പറഞ്ഞു. ഗൾഫിലെ ഓൺലൈൻ ക്ളാസ്സുകളിൽ പങ്കെടുക്കുവാൻ വേണ്ട ഇന്റർനെറ്റ് സൗകര്യം നാട്ടിൽ പലയിടത്തും കുറവായതിനാൽ അവിടെയുള്ള കുട്ടികളുടെ കാര്യവും പരിതാപകരമായി.

അടുത്തിടെ പിറന്ന കുഞ്ഞിനെ ബന്ധുക്കൾക്ക് കാണിക്കാനാണ് മലപ്പുറം താനൂർ സ്വദേശിയും നോവലിസ്റ്റുമായ അസിയുടെ ഭാര്യ ഷഹീന ഭർത്താവിനെയും 2 മക്കളെയും കൂടാതെ നാട്ടിലേയ്ക്ക് ചെന്നത്. കോവിഡ് വ്യാപകമാകുന്നതിന് തൊട്ടുമുൻപായിരുന്നു അത്. തിരിച്ചുവരവ് ഇത്ര വൈകുമെന്ന് വിചാരിച്ചില്ല. മക്കളെയും ഭർത്താവിനെയും കാണാതെ ഷഹീനയും മാതാവിനെയും കുഞ്ഞനുജത്തിയെയും കാണാതെ മക്കളും ഭാര്യയെയും കുഞ്ഞുമോളെയും കാണാതെ അസിയും ബേജാറിലാണ്.

ഈ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് പ്രവാസികളെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണമെന്ന് അസി ആവശ്യപ്പെടുന്നു. അച്ഛനമ്മമാരെ പിരിഞ്ഞു അന്യനാട്ടിൽ കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയാണ് ദയനീയം. പലരും തിരിച്ചു വരാൻ ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴായിരുന്നു വിമാനസർവീസ് റദ്ദാക്കിയത്. മാസങ്ങളായുള്ള ഈ കാത്തിരിപ്പ് കുട്ടികളിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ വലുതാണ്. മാധ്യമങ്ങളെല്ലാം ഗൾഫിൽ നിന്ന് നാട്ടിലേയ്ക്ക് ആളുകളെ കൊണ്ടുപോകുന്നത് മാത്രമാണ് ചർച്ച ചെയ്യുന്നത്. എന്നാൽ, അവിടെ കുടുങ്ങി ജീവിതം തന്നെ പ്രതിസന്ധിയിലാകുന്നവരെക്കുറിച്ചും ശബ്ദിക്കേണ്ടിയിരിക്കുന്നുഅസി പറയുന്നു. പ്രത്യേക വിമാനങ്ങളോ, വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങളോ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

ഭാര്യയും മക്കളും ഗൾഫിൽ; അന്നദാതാവ് നാട്ടിലും
കുടുംബത്തിന്റെ ഏക വരുമാന മാർഗമായ ഭർത്താവ് നാട്ടിൽ പെട്ടത് കാരണം പട്ടിണി കിടക്കേണ്ടി വരുന്ന പ്രവാസി കുടുംബങ്ങളും ഗൾഫിലുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായസഹകരണമാണ് ഇവരെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നത്. പക്ഷേ, ഇനിയും എത്രനാൾ ഇങ്ങനെ കഴിയുമെന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്.

നാട്ടിൽ കുടുങ്ങിയതോടെ പലർക്കും ജോലി നഷ്ടമായി സൂപ്പർഹൈപ്പർ മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ്കകാണ് മടങ്ങി വരേണ്ടെന്ന അറിയിപ്പ് ലഭിച്ചത്. പലർ്കകും പകരം ജോലിക്ക് ആളെ എടുത്തതായും ഇവർ പറയുന്നു. ജോലി നഷ്ടമാകുന്നു; തിരിച്ചുവരേണ്ടെന്നും അറിയിപ്പ്. കഫ്റ്റീരിയ, ഗ്രോസറി തുടങ്ങിയ ഇടങ്ങളിലും കെട്ടിട നിർമ്മാണ കമ്പനികളിലും തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരുടെ മടക്കം വൈകുമ്പോൾ, ഹതാശരാകുന്നത് കുടുംബം ഒന്നാകെ തന്നെ. മറ്റ് രാജ്യങ്ങളിൽ നിന്ന് വിമാന സർവീസ് ഉള്ളതിനാൽ അവിടെയുണ്ടായിരുന്ന ജീവനക്കാർക്ക് കുറച്ചു വൈകിയാണെങ്കിലും തിരിച്ചെത്താൻ സാധിച്ചു.

ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം ഗൾഫിലെ നിയമ നടപടികളാണ്. താമസ സ്ഥലത്തെയും ബിസിനസ് സ്ഥാപനങ്ങളുടെയും വാടക, ജല വൈദ്യുതി ബിൽ എന്നിവ അടയ്ക്കാൻ ാധിക്കാതെ വരികയും ബിസിനസ്സ് ആവശ്യങ്ങൾക്കും മറ്റും നൽകിയ ചെക്കുകൾ ബാങ്കുകളിൽ നിന്ന് മടങ്ങുന്നതുമാണ് പ്രശ്‌നമാകുന്നത്. ഇതുമൂലം നിയമനടപടിക്ക് വിധേയമകേണ്ടി വരുമോയെന്ന ആശങ്ക പടരുന്നുണ്ട്.

പ്രവാസികൾ നേരിടുന്ന ഈ ഗുരുതര പ്രതിസന്ധിക്ക് അടിയന്തര തീരുമാനങ്ങൾ അധികൃതർ കൈക്കൊള്ളണമെന്നാണ് ശക്തമായ ആവശ്യം. ഇന്ത്യയിലേയ്ക്ക് ചാർട്ടേർഡ് വിമാനങ്ങൾ അനുവദിച്ച പോലെ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തിരിച്ചും ഇത്തരം സർവീസുകൾ ഏർപ്പെടുത്താൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന ചോദ്യം ഉയർന്നുതുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP