Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സേഫായ മറുപടിയിൽ പഴുതുകൾ കണ്ടെത്താനാവാതെ അന്വേഷണ സംഘം; ധർമ്മജൻ ബോൾഡാട്ടിയെ ബ്ലാക് മെയിൽ കേസിൽ പ്രതിയാക്കില്ല; സിനിമ നിർമ്മിക്കാനെന്ന് പറഞ്ഞെത്തിയ അഷ്‌കർ അലിക്ക് നടീ നടന്മാരുടെ നമ്പർ കൈമാറിയെന്ന പ്രൊഡക്ഷൻ കൺട്രോളറുടെ മൊഴിയും കരുതലുകൾ എടുത്ത്; ടിനി ടോമിനേയും ബാബുരാജിനേയും ചോദ്യം ചെയ്യുന്നതും സംശയ നിവാരണത്തിന് മാത്രം; ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരീസിന്റെ സിനിമാ ബന്ധങ്ങളിൽ അന്വേഷണം തുടരും; ഷംനാ കാസിമിന്റെ മൊഴി നിർണ്ണായകമാകും

സേഫായ മറുപടിയിൽ പഴുതുകൾ കണ്ടെത്താനാവാതെ അന്വേഷണ സംഘം; ധർമ്മജൻ ബോൾഡാട്ടിയെ ബ്ലാക് മെയിൽ കേസിൽ പ്രതിയാക്കില്ല; സിനിമ നിർമ്മിക്കാനെന്ന് പറഞ്ഞെത്തിയ അഷ്‌കർ അലിക്ക് നടീ നടന്മാരുടെ നമ്പർ കൈമാറിയെന്ന പ്രൊഡക്ഷൻ കൺട്രോളറുടെ മൊഴിയും കരുതലുകൾ എടുത്ത്; ടിനി ടോമിനേയും ബാബുരാജിനേയും ചോദ്യം ചെയ്യുന്നതും സംശയ നിവാരണത്തിന് മാത്രം; ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരീസിന്റെ സിനിമാ ബന്ധങ്ങളിൽ അന്വേഷണം തുടരും; ഷംനാ കാസിമിന്റെ മൊഴി നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ ധർമ്മജൻ ബോൾഗാട്ടി പ്രതിയാകില്ല. കേസിൽ ബാബു രാജിനേയും ടിനി ടോമിനേയും പൊലീസ് ചോദ്യം ചെയ്യും. ഹാരീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സംഘം തന്നെ വിളിച്ചിരുന്നെന്നും സിനിമാനടിമാരുടെ ഫോൺ നമ്പറുകൾ ചോദിച്ചിരുന്നുവെന്നും ധർമജൻ പൊലീസിന് മൊഴി നൽകി. എന്നാൽ ഫോൺ നമ്പർ കൊടുക്കുകയോ ഷംനയെ പ്രതികൾക്ക് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞു. ഇതിന് വിരുദ്ധമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടില്ല.

അറസ്റ്റിലായ പ്രതികളുടെ പക്കൽ ധർമജന്റെ ഫോൺ നമ്പർ കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് മൊഴിയെടുക്കാൻ വിളിപ്പിക്കുകയായിരുന്നു. പ്രതികൾ സ്വർണക്കടത്തുകാരാണെന്ന് പറഞ്ഞാണ് തന്നെ വിളിച്ചതെന്നും ധർമജൻ പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളറായ ഷാജി പട്ടിക്കരയാണ് തന്റെയും ഷംന കാസിമിന്റെയും മൊബൈൽ നമ്പർ കൊടുത്തത്. ലോക്ഡൗൺ കാലത്ത് അഷ്‌കർ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വർണക്കടത്തിന്റെ ആൾക്കാരാണെന്നും സിനിമാ മേഖലയിൽനിന്നുള്ള സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വർണം കടത്തുന്നവരാണെന്നും പറഞ്ഞുവെന്ന് ധർമ്മജൻ പറയുന്നു. ഇതോടെ ബ്ലാക് മെയിൽ കേസിലുള്ളവർക്കുള്ള സ്വർണ്ണക്കടത്ത് ബന്ധം വീണ്ടും ചർച്ചയാകുകയാണ്. തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതി വിഷയം കാര്യമായെടുത്തില്ല. നടിമാരായ ഷംനയുടെയും മിയയുടെയും നമ്പറുകൾ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം നടിമാരെ പരിചയപ്പെടുത്തി നൽകണമെന്നും പറഞ്ഞു. പൊലീസിൽ പരാതിനൽകുമെന്ന് പറഞ്ഞതോടെ ഫോൺ കട്ടുചെയ്തു. പിന്നീട് ഇവർ വിളിച്ച ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയെന്നും ധർമജൻ പൊലീസിനോട് പറഞ്ഞു. ധർമ്മജന്റെ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുക്കുകയാണ്. അതുകൊണ്ട് തന്നെ നടനെ കേസിൽ പ്രതിയാക്കില്ല.

പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരിസിനെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. പ്രതികളായ റഫീഖും മുഹമ്മദ് ഷരീഫും ഹാരിസും ബന്ധുക്കളാണ്. ഷാജി പട്ടിക്കരയിൽ നിന്നാണ് ഇവർ നടികളുടെ ഫോൺ നമ്പർ സംഘടിപ്പിച്ചിരുന്നത്. ഹാരിസ് വഴിയാണ് പ്രതികൾ ഷംനയെ ബന്ധപ്പെട്ടത്. ഹൈദരാബാദിൽ നിന്ന് ഉച്ചയോടെ ഷംന നാട്ടിൽ തിരിച്ചെത്തി. മരടിലെ വീട്ടിൽ 14 ദിവസം ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. ഷംനയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു. നടിയുടെ മൊഴിയും കേസിൽ നിർണ്ണായകമാകും.

മുഖ്യപ്രതികളിൽ ഒരാളായ ഹാരിസ് പിടിയിലായതോടെയാണ് അന്വേഷണം സിനിമ മേഖലയിലെ കൂടുതൽ പേരിലേക്ക് എത്തുന്നത്. മേക്കപ്പ് മാനാണ് അറസ്റ്റിലായ ഹാരിസ്. പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്നും ധർമ്മജന്റെ നമ്പർ കിട്ടിയിരുന്നു. ഇതേക്കുറിച്ച് കൂടുതൽ ചോദിക്കാൻ ആണ് ധർമജനെ കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചത്. എന്നാൽ തട്ടിപ്പുകാരെപ്പറ്റി തനിക്ക് അറിയില്ലെന്നും അഷ്‌കർ അലി എന്ന് പരിചയപ്പെടുത്തിയ ആൾ ആണ് നമ്പർ വാങ്ങിയതെന്നും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര വ്യക്തമാക്കി. ഇയാൾ സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിനാൽ ആണ് നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര പറഞ്ഞു.

ബ്ലാക്ക് മെയിൽ കേസിലെ തട്ടിപ്പിന്റെ ആസൂത്രണത്തിൽ ഹാരിസിന് മുഖ്യ പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസ് തൃശ്ശൂർ സ്വദേശിയാണ്. തട്ടിപ്പ് സംഘത്തെയും ഷംന കാസിമിനെയും ബന്ധപ്പെടുത്തിയതിൽ ഇയാൾക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്. ചില കാര്യങ്ങളിൽ പരാതിക്കാരിയിൽ നിന്നും വ്യക്തത വേണ്ടിവരുമെന്ന് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു. ഷംന കാസിമിന്റെ അച്ഛൻ കാസിമിന്റെയും അമ്മ റൗല ബീവിയുടെയും മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തുകയാണ്. എന്നാൽ തട്ടിപ്പിന് പിന്നിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി പറഞ്ഞു.

കേസിൽ കൂടുതൽ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താൽപ്പര്യക്കുറവ് അറിയിക്കുന്നത് പൊലീസിന് തിരിച്ചടിയാകുന്നുണ്ട്. കുടുംബപരമായ പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല യുവതികളും പിന്മാറുന്നത്. ഈ പ്രതികളുമായി ബന്ധപ്പെട്ട് നിലവിൽ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എട്ട് പ്രതികൾ അറസ്റ്റിലുമായി. അതിനിടെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവർത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി വെളിപ്പെടുത്തി. പരാതിയും കേസുമായി നടന്നാൽ, ഭാവി നശിപ്പിക്കുമെന്ന് ഇവർ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി. പരാതിയിൽ ഉറച്ചു നിൽക്കുകയാണ് ഇവർ.

'പാലാരിവട്ടം സ്വദേശിനിയാണ്, കൊച്ചിയിൽ ജൂവലറിയുടെ പരസ്യത്തിന്റെ ഷൂട്ടുണ്ടെന്ന് എന്നെ വിളിച്ചു പറഞ്ഞത്. 2 വർഷമായി ഇവരെ അറിയാം. ഇവന്റ് മാനേജ്‌മെന്റ് രംഗത്തുണ്ടായിരുന്ന ഇവർ ഇപ്പോൾ മോഡലിങ് രംഗത്താണു പ്രവർത്തിക്കുന്നത്. ഇവരെ വിശ്വസിച്ചാണു ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്. പിറ്റേന്ന് ഉച്ചയോടെ ഷൂട്ട് തീരുമെന്നു പറഞ്ഞിരുന്നു. മാർച്ച് 3ന് രാത്രി 9ന് വീട്ടിൽ നിന്നു സ്‌കൂട്ടിയിലാണു യാത്ര തുടങ്ങിയത്. അർധരാത്രിയോടെ കുണ്ടന്നൂരിലെത്തി. ഇടനിലക്കാരിയെ വിളിച്ചപ്പോൾ, കൊച്ചിയിലല്ല പാലക്കാട് വടക്കഞ്ചേരിയിലാണ് എത്തേണ്ടതെന്നു പറഞ്ഞു. ഒരു സുഹൃത്തിന്റെ ബൈക്കിൽ 4ന് പുലർച്ചെ 2ന് വടക്കഞ്ചേരിയിലെത്തി-യുവതി പറയുന്നു.

ഇടനിലക്കാരി തന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ, മുറിയിൽ സ്ത്രീകൾ മാത്രമേയുള്ളുവെന്നും ആണുങ്ങളെയും കൂട്ടി വരരുതെന്നും പറഞ്ഞതനുസരിച്ച്, അൽപമകലെ ബൈക്ക് നിർത്തി. നടന്നാണ് ഹോട്ടലിലെത്തിയത്. ഹോട്ടലിലെ ഒരു മുറിയിൽ 2 പെൺകുട്ടികളും മറ്റൊന്നിൽ 4 പെൺകുട്ടികളുമുണ്ടായിരുന്നു. ഇവരിൽ 2 പേർ 3 ആഴ്ചകളായി അവിടെ തടവിലായിരുന്നു. തടവിലാക്കിയ തട്ടിപ്പു സംഘത്തിൽ 9 പേരാണുണ്ടായിരുന്നത്. ഷൂട്ടിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് കറൻസി കടത്താണു ജോലിയെന്നു സംഘത്തിലെ റഫീഖ് പറഞ്ഞത്. അവിടെയുണ്ടായിരുന്ന 2 പെൺകുട്ടികളാണു സ്വർണക്കടത്തിനെപ്പറ്റി പറഞ്ഞത്. പറ്റില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞപ്പോൾ, പങ്കെടുത്താലും ഇല്ലെങ്കിലും ഡീൽ കഴിയാതെ പുറത്തു പോകാൻ പറ്റില്ലെന്നായിരുന്നു റഫീഖിന്റെ മറുപടി.

ചതി മനസ്സിലായപ്പോൾ, ഇടനിലക്കാരിയെ വിളിച്ചെങ്കിലും തിരിച്ചു പോന്നോളൂ എന്ന മറുപടി മാത്രമാണു ലഭിച്ചത്. 5 ദിവസം ഇങ്ങനെ പോയി. ഒരു ദിവസം മാത്രമാണു ഭക്ഷണം കഴിച്ചത്. അടുത്ത ദിവസം, സമാനരീതിയിൽ ഹോട്ടലിലെത്തിയ ചില പെൺകുട്ടികളുടെ കാറിൽ ഞാനടക്കം 6 പേർ രക്ഷപ്പെട്ട് തൃശൂരിലെത്തി'-യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP