Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിടത്തിന്റെ പിതൃത്വാവകാശ വാദവുമായി മൂന്ന് രാഷ്ടീയ പാർട്ടികൾ രംഗത്തെത്തിയതോടെ അരങ്ങേറിയത് രണ്ട് ഉദ്ഘാടനങ്ങൾ; അംഗൻവാടിയുടെ അവകാശവാദവുമായി സിപിഎമ്മും കോൺഗ്രസും രംഗത്ത് വന്നതിന് പിന്നാലെ അവകാശ വാദവുമായി ക്ലൈമാക്‌സിൽ ബിജെപിയും; തിരുവല്ലയിലെ പെരിങ്ങര പഞ്ചായത്ത് അംഗൻവാടി ഉദ്ഘാടനം സംഭവബഹുലമായപ്പോൾ

എസ് രാജീവ്

തിരുവല്ല : അംഗൻവാടി കെട്ടിടത്തിന്റെ പിതൃത്വാവകാശ വാദവുമായി മൂന്ന് രാഷ്ടീയ പാർട്ടികൾ. അംഗൻവടി കെട്ടിടത്തിന്റെ പിതൃത്വാവകാശം ഊട്ടിയുറപ്പിക്കാൻ ഉദ്ഘാടന മഹാമഹവുമായി സി പി എമ്മും കോൺഗ്രസും രംഗത്തെത്തിയതിന് പിന്നാലെ തങ്ങളാണ് യഥാർത്ഥത്തിൽ അംഗൻവാടിയുടെ അവകാശികളെന്ന വാദമുയർത്തി ബിജെപി കൂടി രംഗത്തെത്തിയതോടെയാണ് ഉദ്ഘാടന വിവാദത്തിന് കൊഴുപ്പേറിയത്. ഒരേ കെട്ടിടത്തിന്റെ രണ്ട് ഉദ്ഘാടന ചടങ്ങുകൾ നടന്നത് മിനിട്ടുകളുടെ മാത്രം വ്യത്യാസത്തിൽ കനത്ത പൊലീസ് കാവലിൽ. സി പി എമ്മുകാർ തിരി കൊളുത്തി ഉദ്ഘാടനം നിർവഹിച്ചത് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ വിളക്ക് കത്തിച്ച് . അംഗൻവാടി ഉദ്ഘാടകനെ ചൊല്ലി സി പി എമ്മിനും കോൺഗ്രസിനും ഇടയിലുണ്ടായ തർക്കങ്ങളാണ് രണ്ട് ഉദ്ഘാടനങ്ങൾക്കും പിതൃത്വം സംബന്ധിച്ച അവകാശ വാദങ്ങൾക്കും കളമൊരുക്കിയത്. തിരുവല്ലയിലെ പെരിങ്ങര പഞ്ചായത്ത് 13-ാം വാർഡിൽ ചാത്തങ്കരിയിലാണ് ഏറെ രസകരവും വ്യത്യസ്തവുമായ ഉദ്ഘാടന മഹാമഹം നടന്നത്.

തിങ്കളാഴ്ച രാവിലെ 10.30നാണ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാത്തങ്കരി ഗവൺമെന്റ് എൽ പി സ്‌കൂൾ വളപ്പിൽ നിർമ്മിച്ച അംഗൻവാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ ഉദ്ഘാടന സമയത്തിന് പത്ത് മിനിട്ട് മുമ്പ് സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തിൽ എത്തിയ സംഘം സി പി എമ്മിന്റെ വാർഡ് മെമ്പറായ വിലാസിനി ഷാജിയെക്കൊണ്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. ഉദ്ഘാടനം സംബന്ധിച്ച തർക്കങ്ങൾ മണത്തറിഞ്ഞ പുളിക്കീഴ് പൊലീസ് രാവിലെ 10 മണിയോടെ തന്നെ സ്ഥലത്ത് കനത്ത സന്നാഹമൊരുക്കിയിരുന്നു. സി പി എമ്മിന്റെ ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് നേതാക്കൾ പിരിഞ്ഞതോടെ കോൺഗ്രസിന്റെ ഊഴമായി. 10.40 ന് നടന്ന ഔദ്യോഗിക ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാമോഹൻ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടനത്തിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിരുന്ന അതേവിളക്കിലെ തിരിയിലാണ് വാർഡ് മെമ്പർ വിലാസിനി ഷാജിയുടെ നേതൃത്വത്തിൽ ഉദ്ഘാട ചടങ്ങ് നടത്തിയത്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് വാർഡ് മെമ്പർ കൂടിയായ വിലാസിനി ഷാജി പങ്കെടുത്തുമില്ല. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ ചേർന്ന് ഔദ്യോഗികമായി തീരുമാനിച്ച ഉദ്ഘാടന ചടങ്ങാണ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് ചാത്തങ്കരി പറഞ്ഞു. എംഎ‍ൽഎയെ ഉൾപ്പെടുത്താതെ രാഷ്ട്രീയ നീക്കത്തിന് ശ്രമിച്ചതിനാലാണ് സമാന്തര ഉദ്ഘാടന ചടങ്ങ് നടത്തിയതെന്ന് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി എംഏരിയാ കമ്മിറ്റി അംഗവുമായ പ്രമോദ് ഇളമൺ പ്രതികരിച്ചു. ഈ വിവാദങ്ങൾക്കിടയിലാണ് കെട്ടിടത്തിന്റെ ബിജെപി അവകാശ വാദവുമായി രംഗത്ത് വന്നത്. ഏഴു ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ടിനായായി 5 ലക്ഷം രൂപ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കിയതാണെന്നും അതിനാൽ കെട്ടിടത്തിന്റെ ഉദ്ഘാടനാവകാശം ബിജെപിക്ക് മാത്രമാണെന്നുമാണ് ബിജെപി ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവർ ഉയർത്തുന്ന വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP