Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ-മൊബിലിറ്റി പദ്ധതി: പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കേന്ദ്രസർക്കാർ എംപാനൽ ചെയ്ത സ്ഥാപനം; സെബി വിലക്കിയത് പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനത്തെ മാത്രം; ഓഡിറ്റും കൺസൾട്ടൻസിയും രണ്ടാണെന്ന വസ്തുത മറച്ചുവച്ചു; ടെക്‌നോ സിറ്റിയിൽ കളിമൺ ഖനനം നടത്താൻ തീരുമാനിച്ചിട്ടില്ല; കാളപെറ്റു എന്നുകേട്ടാൽ കയറെടുക്കുകയല്ല പാല് കറക്കാൻ ഓടുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി

ഇ-മൊബിലിറ്റി പദ്ധതി: പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കേന്ദ്രസർക്കാർ എംപാനൽ ചെയ്ത സ്ഥാപനം; സെബി വിലക്കിയത് പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനത്തെ മാത്രം; ഓഡിറ്റും കൺസൾട്ടൻസിയും രണ്ടാണെന്ന വസ്തുത മറച്ചുവച്ചു; ടെക്‌നോ സിറ്റിയിൽ കളിമൺ ഖനനം നടത്താൻ തീരുമാനിച്ചിട്ടില്ല; കാളപെറ്റു എന്നുകേട്ടാൽ കയറെടുക്കുകയല്ല പാല് കറക്കാൻ ഓടുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇമൊബിലിറ്റി ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ് കേന്ദ്രസർക്കാർ എംപാനൽ ചെയ്ത സ്ഥാപനമാണ്. പ്രതിരോധമന്ത്രാലയത്തിന്റേതടക്കമുള്ള കൺസൾട്ടൻസി ചെയ്യുന്നവരാണ് അവർ. പ്രതിപക്ഷനേതാവ് ഉന്നയിച്ചത് വസ്തുതകളുമായി പൊരുത്തപ്പെടാത്ത ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനകൾക്ക് ശേഷം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനമെടുത്തത്. സെബി വിലക്കിയ കമ്പനിയെന്ന ആരോപണം ശരിയല്ല. വിലക്കുള്ളത് ബെംഗളുരിലെ ഓഡിറ്റ് സ്ഥാപനത്തിനാണ്. ഇത് കൺസൾട്ടന്റ് സ്ഥാപനം. രണ്ടും രണ്ട് ലീഗൽ എന്റ്ിറ്റിയാണ്. 'സെബി വിലക്കിയത് പിഡബ്ല്യുസിയുടെ ഓഡിറ്റ് സ്ഥാപനത്തെ മാത്രമാണ്. ഓഡിറ്റും കൺസൾട്ടൻസിയും വ്യത്യസ്ത പ്രക്രിയയാണെന്ന വസ്തുത മറച്ചുവച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ട് സർക്കാർ പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധപദ്ധതികൾ പഠിക്കുന്നതിനോ സാധ്യതകൾ പഠിക്കുന്നതിനോ സർക്കാരുകളുമായി കൺസൾട്ടൻസികൾ സഹകരിക്കുന്നത് ആദ്യകാര്യമല്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിന് വേണ്ടി കെപിഎംജിയാണ് പഠനം നടത്തിയത്.

പ്രതിപക്ഷത്തിന് തുടക്കംമുതൽ നിഷേധാത്മക നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ കോവിഡ് പ്രതിരോധം അട്ടിമറിക്കാൻ പ്രതിപക്ഷം തുടർച്ചയായി ശ്രമിക്കുന്നു. ജനങ്ങൾ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും സർക്കാരിനെ ആക്രമിക്കണമെന്ന മാനസികനിലയാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദരസഹോദരങ്ങളെപ്പോലെയാണ്. ടെക്‌നോ സിറ്റിയിൽ കളിമൺ ഖനനം നടത്താൻ ഒരു തീരുമാനവുമെടുത്തിട്ടില്ല. കാളപെറ്റു എന്നുകേട്ടാൽ കയറെടുക്കുകയല്ല പാല് കറക്കാൻ ഓടുകയാണ് പ്രതിപക്ഷം. ഇതുവരെ ഉന്നയിച്ച ആരോപണവും ക്ലച്ച് പിടിക്കാത്തതിന്റെ ജാള്യമാണ് പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണം ഉന്നയിച്ച് പദ്ധതി പിൻവലിക്കുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ ശൈലി. വസ്തുതക്ക് നിരക്കാത്തതാണ് ആരോപണങ്ങൾ എന്നു മുഖ്യമന്ത്രി ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

കോവിഡ് പ്രതിരോധം പുതിയ തലത്തിലേക്ക് എത്തിയ അവസരത്തിൽ പ്രത്യേകിച്ചും മറ്റേതെങ്കിലും അജണ്ടയ്ക്കു പിന്നാലെ പോകാൻ സർക്കാരിന് താൽപര്യമില്ല. എല്ലാ ഊർജവും ജനങ്ങളുടെ സംരക്ഷണത്തിനായി വിനിയോഗിക്കപ്പെടണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. പ്രതിപക്ഷവും ഈ പോരാട്ടത്തിൽ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് തുടക്കംമുതൽ സർക്കാർ നടത്തിയത്. ദൗർഭാഗ്യവശാൽ പ്രതിപക്ഷം ആ നിലയ്ക്കല്ല നീങ്ങുന്നത്. സർക്കാരിനെ എതിർക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, സർക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കംവെക്കാനും ഏതു നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് ശ്രമമുണ്ടാകുന്നത്.

സർക്കാരിന്റെ തുടക്കം മുതൽ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. നാടിന്റെ വികസനം മുൻനിർത്തി സർക്കാർ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിർത്തു. പ്രളയം വന്നപ്പോൾ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെപ്പോലും അട്ടിമറിക്കാൻ ശ്രമിച്ചു. കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവെക്കാൻ തീരുമാനിച്ചപ്പോൾ ആ ഉത്തരവ് കത്തിച്ചവരാണ് ഇവർ. ജനങ്ങൾ പ്രതിസന്ധിയിലായാലും നാടിന്റെ വഴി മുട്ടിയാലും സർക്കാരിനെ ആക്രമിച്ചാൽ മതി എന്ന മാനസികാവസ്ഥയിലാണ് അവർ എത്തിയത്.

അതിന്റെ ഒരു ഉദാഹരണമാണ് കഴിഞ്ഞദിവസം ടെക്‌നോസിറ്റിയിൽ കളിമൺ ഖനനം നടത്തുന്നുവെന്നും അത് അഴിമതിയാണ് എന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ഒരു മാധ്യമം അത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ ടെക്‌നോസിറ്റിയിലേക്ക് ഓടിയെത്തി അഴിമതിയാരോപണം ഉന്നയിച്ചു. ടെക്‌നോസിറ്റിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് കളിമണ്ണ് ഉണ്ട് എന്നത് ശരിയാണ്. അത് ഖനനം ചെയ്യണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുമുണ്ടാകാം. എന്നാൽ, സർക്കാർ അക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ല.

പള്ളിപ്പുറം ടെക്‌നോസിറ്റി വക ഭൂമിയിൽ കളിമൺ നല്ല നിലയിൽ ലഭ്യമാണ്. ടെക്‌നോസിറ്റി സ്ഥലത്ത് നിന്നും സോഫ്റ്റ് സോയിൽ എടുത്ത് പകരം ഹാർഡ് സോയിൽ നിക്ഷേപിക്കാനുള്ള ഒരു നിർദ്ദേശം കേരള ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് എന്ന പൊതുമേഖലാ സ്ഥാപനം മുന്നോട്ടുവെച്ചിരുന്നു. അന്ന് ഒരു ഉദ്യോഗസ്ഥതല സമിതിയെ ഖനനം സംബന്ധിച്ച സാധ്യതകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ചു.

വ്യവസായ വകുപ്പ് ഡയറക്ടർ, മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ, ടെക്‌നോപാർക്ക് സിഇഒ എന്നിവരടങ്ങുന്ന ആ സമിതിപരിശോധന നടത്തി, നിർദ്ദേശം അംഗീകരിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സർക്കാർ തലത്തിൽ കളിമൺ ഖനനത്തിന് അനുമതി നൽകാനുള്ള യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല.

ഇതിൽ എങ്ങനെയാണ് അഴിമതി ആരോപിക്കാൻ കഴിയുന്നത്. കാളപെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നത് പഴഞ്ചൊല്ലാണ്. ഇവിടെ നമ്മുടെ പ്രതിപക്ഷം കയറെടുക്കുകയല്ല, പാലു കറക്കാൻ തന്നെ ഓടുകയാണ് ചെയ്യുന്നത്.

ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. അഞ്ചാംവർഷം എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആ ജാള്യം മറച്ചുവെക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങളെ തളർത്താൻ കഴിയുമോ എന്നു നോക്കാനുമാണ്. പത്രസമ്മേളനം വിളിച്ച് ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുക. കുറച്ചുദിവസം അതുതന്നെ ചർച്ചയാക്കാൻ ശ്രമിക്കുക. ഒടുവിൽ ഒന്നും തെളിയിക്കാനാവാതെ വാക്ക് മാറ്റിപ്പറഞ്ഞ് പിന്മാറുക- ഇതാണ് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് നടത്തുന്ന അഭ്യാസം. ഇതിനുമുമ്പ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളും അതിൽനിന്നുള്ള നിരുപാധിക പിന്മാറ്റവും കഴിഞ്ഞദിവസം തന്നെ നാം കണ്ടല്ലൊ.

ഒടുവിൽ അദ്ദേഹം ഉന്നയിച്ചത് സംസ്ഥാനത്ത് ഇ-മൊബിലിറ്റി ഹബ്ബ് സംബന്ധിച്ച ഡിപിആർ തയ്യാറാക്കാൻ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിയെ ഏൽപ്പിച്ചത് ക്രമരഹിതമായിട്ടാണ് എന്നാണ്.

ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് ഒരു കാര്യം പറയുമ്പോൾ സ്വാഭാവികമായും ഗവൺമെന്റിന് അത് അവഗണിക്കാൻ പറ്റില്ല. വ്യക്തത വരുത്തേണ്ടിവരും. അതിന് നമ്മുടെയാകെ കുറേ സമയം നഷ്ടപ്പെടും. ഇപ്പോൾ അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട ഒരു അവസ്ഥയിലല്ല നമ്മുടെ നാട് നിൽക്കുന്നത്.

കോവിഡ് ബാധ അനുദിനം വർധിക്കുകയാണ്. അതിന്റെ ഭീഷണിയിൽനിന്ന് ജനങ്ങളെ രക്ഷപ്പെടുത്താൻ കയ്യും മെയ്യും മറന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ദുരാരോപണങ്ങളും കുപ്രചാരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തിൽ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങൾക്കും പ്രയോജനകരമല്ല എന്നു മാത്രം ഈ ഘട്ടത്തിൽ പറഞ്ഞുവെക്കട്ടെ. എന്തായാലും വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ളത്.

ഇ-മൊബിലിറ്റി സർക്കാരിന്റെ നയമാണ്. പുതിയകാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. 2022ഓടെ പത്തുലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കണം എന്നാണ് ആലോചിച്ചിട്ടുള്ളത്. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വൈദ്യുതി വാഹനനയം രൂപീകരിച്ചത്.

നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങൾ വർധിച്ചതോതിൽ വേണമെന്നത് സർക്കാരിന്റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. അതിനുവേണ്ടിയാണ് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതും അതിനായി പഠനങ്ങൾ നടത്തുന്നതും.

പ്രതിപക്ഷ നേതാവ് പരാമർശിച്ച പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫൊമാറ്റിക്‌സ് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റഡ് (നിക്‌സി) എംപാനൽ ചെയ്തിട്ടുള്ളതാണ്.

കേരള സർക്കാർ 2019 ഓഗസ്റ്റ് 13ലെ ഉത്തരവു പ്രകാരം നിക്‌സിയുടെ അംഗീകൃത ലിസ്റ്റിലുള്ള മൂന്ന് കമ്പനികളെ ബസ് പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇ-മൊബിലിറ്റിക്കുള്ള കർമ്മപദ്ധതി തയ്യാറാക്കൽ എന്നിവയുടെ കൺസൾട്ടന്റുകളായി തീരുമാനിച്ചിട്ടുണ്ട്. അവ ഏതാണെന്നു പറയാം.

1. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (ദക്ഷിണ മേഖല - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം).

2. കെപിഎംജി അഡൈ്വസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (മധ്യമേഖല - കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം).

3. ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ (ഉത്തരമേഖല - കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്) എന്നിവയാണ്.

പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയം തുടങ്ങി കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആർ ഉൾപ്പെടെയുള്ള മർമ്മപ്രധാന സ്ഥാപനങ്ങളുടെയും കൺസൾട്ടൻസി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പിഡബ്ല്യുസി എന്നു കൂടി ഈ ഘട്ടത്തിൽ സൂചിപ്പിക്കട്ടെ.

2020 ഫെബ്രുവരി 20ന്റെ ഗതാഗത വകുപ്പ് ഉത്തരവ് പ്രകാരം ഈ മൂന്ന് കമ്പനികളെയും ബസ് പോർട്ടുകളുടെ കൺസൾട്ടാന്റായും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ വൈദ്യുത വാഹന ഉൽപാദന ഇക്കോ സിസ്റ്റത്തിന്റെ ലോജിസ്റ്റിക് പോർട്ടുകളുടെയും കൺസൾട്ടന്റായും തീരുമാനിച്ചു. ഓരോ ബസ് പോർട്ടുകൾക്കും 2.15 കോടി രൂപയും (നികുതി പുറമെ) ലോജിസ്റ്റിക് പോർട്ടുകൾക്ക് 2.09 കോടി രൂപയും (നികുതി പുറമെ) ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയുമില്ല. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ട്. ട്രാൻസ്‌പോർട്ട് വകുപ്പ്, പ്ലാനിങ്, ധനകാര്യ വകുപ്പുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കു ശേഷമാണ് ഫയലിൽ അന്തിമ തീരുമാനമുണ്ടായത്.

സെബി വിലക്കിയ കമ്പനിക്കാണ് കരാർ കൊടുത്തത് എന്ന ആക്ഷേപവും തീർത്തും അടിസ്ഥാനരഹിതമാണ്. കേന്ദ്ര സർക്കാരിന്റെ ഏജൻസിയായ നിക്‌സി എംപാനൽ ചെയ്ത പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൺസൾട്ടിങ് കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുണ്ട് എന്നു പറയുന്നത് പ്രൈസ് വാട്ടർഹൗസ് ആൻഡ് കമ്പനി, ബംഗളൂരു എൽഎൽപി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്.

ആ സ്ഥാപനമാണ് ഡോ. മന്മോഹൻസിങ് സർക്കാരിന്റെ കാലത്ത് അഗസ്റ്റ് വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. കരാറിലെ പ്രശ്‌നങ്ങളും ഇടനിലക്കാരുടെ പങ്കാളിത്തവും അവർ തെളിവുസഹിതം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഈ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അന്വേഷണങ്ങൾ വേണ്ടിവന്നത്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ഓഡിറ്റ് കമ്പനി; ഇത് കൺസൾട്ടന്റ് സ്ഥാപനം. രണ്ടും രണ്ട് ലീഗൽ എന്റ്റിറ്റിയാണ്. ഓഡിറ്റും കൺസൾട്ടൻസിയും രണ്ട് വ്യത്യസ്ത പ്രവർത്തനമാണ് എന്ന ലളിതമായ കാര്യം മറച്ചുവെക്കപ്പെടുന്നു.

കേന്ദ്രം എംപാനൽ ചെയ്ത ഒരു ഏജൻസിയെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചട്ടപ്രകാരം ചുമതലപ്പെടുത്തിയതിൽ എന്ത് ക്രമക്കേടാണുള്ളതെന്ന് പറയാൻ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ ഭാവി ആവശ്യമാണ് പുതിയ ട്രാൻസ്‌പോർട്ട് നയം. ഇതിന്റെ ഭാഗമായാണ് കേരളത്തിന് ഉതകുന്ന വിധത്തിൽ ഇലക്ട്രിക് വെഹിക്കിൾ നയവും ഇലക്ട്രിക് വെഹിക്കൾ മാനുഫാച്വറിങ് ഇക്കോസിസ്റ്റവും.

അവ വികസിപ്പിക്കാനുള്ള പദ്ധതികൾ ആലോചിക്കാനായി 2019 ഓഗസ്റ്റ് 17ന് വ്യവസായവകുപ്പ്, ധനകാര്യവകുപ്പ്, ഗതാഗത വകുപ്പ് സെക്രട്ടറിമാർ എന്നിവരുടെ ഉന്നതതല യോഗം ചേർന്നു. ഫയലിൽ ഉത്തരവുകൾ പുറപ്പെടുവിച്ചത് ചട്ടപ്രകാരമുള്ള എല്ലാ പരിശോധനയും കഴിഞ്ഞാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ധനകാര്യ-ആസൂത്രണ വകുപ്പുകൾ കണ്ടശേഷമാണ് ഇതു സംബന്ധിച്ച ഉത്തരവുകൾ ഇറങ്ങിയത്. 2019 ജൂലൈ 11ലെ ഉത്തരവിനുശേഷം 2020 ഫെബ്രുവരി 20ന് വിശദമായ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് എല്ലാ പരിശോധനകൾക്കും ശേഷമാണ്.

പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല സൗകര്യ വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സർക്കാർ സമീപനം സുതാര്യമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതുകൊണ്ട് സർക്കാർ ഇതിൽനിന്ന് പിന്തിരിയാൻ പോകുന്നില്ല. വെല്ലുവിളികൾക്കിടയിൽ കേരളത്തിന്റെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചട്ടങ്ങൾ പാലിച്ചുകൊണ്ട് കൈക്കൊള്ളും.

ചില അനുഭവങ്ങൾ നാം ഇവിടെ ഓർക്കേണ്ടതുണ്ട്.

കിഫ്ബി എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നവും ഉഡായിപ്പുമാണ് എന്നെല്ലാം പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു. എന്നാലിപ്പോൾ കിഫ്ബി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞത്. ഇതിൽ 18,500 കോടിയുടെ പദ്ധതികൾ ടെൻഡർ ചെയ്തു കഴിഞ്ഞു. അതിൽ തന്നെ 16,000 കോടി രൂപയുടെ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു. അംഗീകരിച്ച പദ്ധതികളിൽ 5400 കോടി രൂപയുടെ ബില്ലുകൾ പാസാക്കി കഴിഞ്ഞു.

എല്ലാ നിയോജക മണ്ഡലങ്ങളിലും 5 കോടി രൂപ വീതം ചെലവഴിച്ച് ഓരോ സ്‌കൂളുകൾ രാജ്യാന്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഈ ഡിസംബറിൽ പൂർത്തീകരിക്കും. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ വിദ്യാലയങ്ങളെ സജ്ജമാക്കാൻ സെക്കൻഡറി, ഹയർ സെക്കൻഡറി തലത്തിലെ 45000 ക്ലാസ്സ് റൂമുകളാണ് ഹൈടെക് ആക്കി മാറ്റിയത്. 11,000 എൽപി, യുപി സ്‌കൂളുകളും ആധുനികവൽക്കരിച്ചു.

ഇരുപത്തഞ്ചോളം ആശുപത്രികളിൽ 2200 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. ഇതിൽ പുനലൂർ താലൂക്ക് ആശുപത്രി, കൊച്ചിൻ കാൻസർ സെന്റർ, എറണാകുളം ജനറൽ ആശുപത്രി എന്നിവയുടെ വികസനം ഈ വർഷം പൂർത്തിയാക്കും. നാളിതുവരെയുണ്ടാകാത്ത വിധം വ്യവസായങ്ങൾക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന് 14000 കോടി രൂപ വകയിരുത്തി. ഇതിൽ 977 കോടി രുപ ചെലവിൽ പെട്രോ കെമിക്കൽ പാർക്കിന്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി. ഭൂമിയുടെ വിലയായ 434 കോടി രൂപ ആദ്യ നിക്ഷേപ സംരംഭകരായ ബിപിസിഎൽ മുതൽമുടക്കിക്കഴിഞ്ഞു.

കൂടുതൽ പറയുന്നില്ല. മലർപ്പൊടിക്കാരന്റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയണമെന്നൊന്നും ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നുണ്ടല്ലൊ.

ഇനി വേറെ ചിലതു നോക്കാം.

ജൂൺ 25ന് പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങൾ ഇതായിരുന്നു: റീബിൽഡ് കേരളക്ക് കെപിഎംജിക്ക് കൺസൾട്ടൻസി നൽകിയതിന് പിന്നിൽ അഴിമതി 'സർക്കാർ കമ്മീഷൻ തട്ടാൻ വേണ്ടി കരാർ നൽകുന്നു'. അതേ പ്രതിപക്ഷ നേതാവ് മൂന്നുദിവസം കഴിഞ്ഞ് ജൂൺ 28ന് പറഞ്ഞത് ഇങ്ങനെയാണ്:

'കഴിഞ്ഞ ദിവസം ഞാൻ (പ്രതിപക്ഷ നേതാവ്) കെപിഎംജിക്ക് കൺസൽട്ടൻസി കൊടുത്ത കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.... അന്ന് ഇത് തെറ്റാണെന്നും ശരിയായ നടപടി അല്ല എന്നും ഞാൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കൺസൽട്ടൻസി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു ടെണ്ടർ ചെയ്‌തെന്ന്. ഞാൻ അന്വേഷിച്ചപ്പോൾ ശരിയാണ്. 28 പേർ അപേക്ഷ കൊടുത്തു, അതിൽ നിന്നും 5 പേരെ തെരഞ്ഞെടുത്തു. അവർ ടെണ്ടർ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പിനിക്ക് കൺസൽട്ടൻസി ഉറപ്പിച്ചത്'.

എന്താണ് ഇതിനർത്ഥം. ഒരു അന്വേഷണവും നടത്താതെ ഒരു ഉറപ്പുമില്ലാതെയാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നല്ലേ? ഇനി മറ്റൊരു ഉദാഹരണമെടുക്കാം.

ഏപ്രിൽ 15ന് അദ്ദേഹം പറഞ്ഞത് 'ഇപ്പോൾ നമുക്ക് അറിയാൻ കഴിഞ്ഞത് റേഷൻ കാർഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവർക്ക് ആൾറെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തിൽ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്‌ളർ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ്'.

മെയ് 25ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇതേ കാര്യത്തിൽ പറഞ്ഞതു നോക്കുക.
മാധ്യമ പ്രവർത്തകരുടെ ചോദ്യം: 87 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരം ചോർത്തി നൽകി എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ?

ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവൺമെന്റ് പറഞ്ഞപ്പോൾ ഒകെ, ഞാൻ അത് അംഗീകരിക്കുന്നു.

ഇങ്ങനെയല്ലേ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നത്. ഒരു ഉറപ്പുവേണ്ടേ? ഇത് ഒരു സംസ്ഥാനത്തിന്റെയും മൂന്നരക്കോടി ജനങ്ങളുടെയും കാര്യമല്ലേ? അതിൽ മിനിമം ഉത്തരവാദിത്വമെങ്കിലും കാണിക്കണമെന്നേ എനിക്ക് പ്രതിപക്ഷ നേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യർത്ഥിക്കാനുള്ളു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP