Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താമസിക്കാനിടമില്ലാതെ കുട്ടികളുമായി കടവരാന്തയിൽ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ടതോടെ; ആറംഗ കർണാടക സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അർദ്ധരാത്രിയിൽ റോഡ് ഉപരോധിച്ചതിന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

താമസിക്കാനിടമില്ലാതെ കുട്ടികളുമായി കടവരാന്തയിൽ കഴിഞ്ഞിരുന്ന നാടോടി കുടുംബത്തെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി; നടപടി മറുനാടൻ മലയാളി വാർത്തയെ തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ടതോടെ; ആറംഗ കർണാടക സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അർദ്ധരാത്രിയിൽ റോഡ് ഉപരോധിച്ചതിന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

ജാസിം മൊയ്തീൻ

കോഴിക്കോട്: താമസിക്കാൻ ഇടമില്ലാതെ നാല് കുട്ടികളുമായി കടവരാന്തയിൽ അന്തിയുറങ്ങിയിരുന്ന കർണാടക സ്വദേശികളായ ആറംഗ കുടുംബത്തെ പൊലീസെത്തി റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി. കർണാടകയിലെ എച്ച് ഡി കോട്ടയിൽ നിന്നും പഴയ വസ്തുക്കൾ പെറുക്കി വില്പന നടത്തുന്ന സംഘത്തിലെ അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെയാണ് താമരശ്ശേരി പൊലീസ് ഇടപെട്ട് റെസ്‌ക്യു ഹോമിലേക്ക് മാറ്റിയത്. കഴിഞ്ഞ നാലു ദിവസമായി ദുരവസ്ഥയിൽ കഴിഞ്ഞിരുന്ന കുടുംബത്തെ കുറിച്ച് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. സംഭവം വാർത്തയായതിനെ തുടർന്ന് വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റി ഇടപെടുകയും ഇവരെ ഇന്നലെ രാത്രി 12 മണിയോടെ താമരശ്ശേരി എസ്‌ഐ സലീമിന്റെ നേതൃത്വത്തിൽ റസ്‌ക്യൂ ഹോമിലേക്ക് മാറ്റുകയുമായിരുന്നു.

ആഴ്ചകൾക്ക് മുമ്പ് കർണാകയിലെ ബാവലിയിൽ നിന്നും മാനന്തവാടി വഴി കാൽനടയായും വിവിധ ലോറികളിൽ മാറിക്കയറിയുമാണ് ഇവർ താമരശ്ശേരിയിലെത്തിയത്. അതിർത്തി കടക്കാൻ കർണാക പൊലീസാണ് സഹായം നൽകിയതെന്നും ഇവർ പറയുന്നു. രണ്ടാഴ്ച മുമ്പാണ് ഇവർ താമരശ്ശേരിയിലെത്തിയത്. അന്ന് തെരുവിൽ അലയുകയായിരുന്ന ഇവരെ സുരക്ഷിത കേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതിനായി നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികൃതർ തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാർ തന്നെ നേരിട്ട് ജില്ലാകളക്ടറുമായി ഇടപെട്ടതിന് ശേഷം ഇവരെ പൂനൂരിലെ ക്വാറന്റെയിൻ കേന്ദ്രത്തിൽ താമസിപ്പിക്കുകയായിരുന്നു. എന്നാൽ 12 ദിവസത്തിന് ശേഷം ഇവർ ക്വാറന്റെയിൻ കേന്ദ്രത്തിൽ നിന്നും പുറത്തിറങ്ങിയാണ് വീണ്ടും താമരശ്ശേരി ചുങ്കം ഭാഗത്ത് എത്തിയത്.താമസിക്കാൻ മറ്റിടങ്ങളില്ലാത്തതിനാൽ കഴിഞ്ഞ നാല് ദിവസമായി ഇവർ താമരശ്ശേരിയിലെ കടവരാന്തകളിൽ അന്തിയുറങ്ങുകയായിരുന്നു.

കർണാടകയിൽ നിന്നും ജൂൺ 13നാണ് നാല് ചെറിയ കുട്ടികളടങ്ങുന്ന സംഘം താമരശ്ശേരിയിലെത്തിയത്. അച്ഛനും അമ്മയും കുട്ടികളുമാണെന്നാണ് ഇവർ പറയുന്നത്. ബാവലിയിൽ നിന്നും തങ്ങളുടെ കുടുംബവും ജോലിയുമെല്ലാം തമാരശ്ശേരിയിലാണെന്നു പറഞ്ഞാണ് ഇവർ അതിർത്തി കടന്നത്. കർണാടക പൊലീസാണ് ഇവരെ പരിശോധനകൾ പൂർത്തിയാക്കി കേരള അതിർത്തി കടത്തിയത്. പിന്നീട് കേരള പൊലീസ് പരിശോധന നടത്തിയോ എന്ന കാര്യം വ്യക്തവുമല്ല. ബാവലിയിൽ നിന്നും മാനന്തവാടിയിലെത്തിയ സംഘം അവിടെ നിന്നും ലോറികളിൽ മീനങ്ങാടിയിലെത്തിയതിന് ശേഷം വീണ്ടും ലോറികളിൽ കയറി ഈങ്ങാപ്പുഴയിലെത്തുകയായിരുന്നു.

അവിടുന്ന് കാൽനടയായാണ് ജൂൺ 13ന് താമരശ്ശേരിയിലെത്തിയത്. അന്നു തന്നെ 6 പേരടങ്ങുന്ന സംഘത്തെ റോഡിൽ കണ്ടതിനെ തുടർന്ന് ക്വാറന്റെയിനിൽ പ്രവേശിപ്പിക്കുവാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗ്രാമ പഞ്ചായത്തും, താമരശ്ശേരിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതിന് തയ്യാറായിരുന്നില്ല. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് പൂനൂരിലുള്ള ക്വാറന്റെയിൻ സെന്ററിലേക്ക് മാറ്റുകയായിരുന്നു. 13 ദിവസത്തോളം അവിടെ കഴിഞ്ഞ ഇവർ വീണ്ടും ചുങ്കം അങ്ങാടിയിലെത്തുകയും കുട്ടികളുമായി രാത്രി കടവരാന്തയിൽ അന്തിയുറങ്ങുകയുമായിരുന്നു.

സംഭവം വാർത്തയായതിനെ തുർന്ന് കെഎസ്‌യു പ്രവർത്തകരും വിവിധ സന്നദ്ധ സംഘടനകളും ഇന്നലെ അർദ്ധരാത്രിയോടെ സ്ഥലത്തെത്തി ഇവർക്കാവശ്യമായ ഭക്ഷണവും വസ്ത്രവും നൽകി. പിന്നീട് കെഎസ്‌യു പ്രവർത്തകർ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട് അർദ്ധരാത്രിയിൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. നാടോടി സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് തയ്യാറാവാതിരുന്നതോടെയാണ് കെഎസ്‌യു പ്രവർത്തകർ റോഡ് ഉപരോധിച്ചത്. പിന്നീട് ചെൽഡ് വെൽഫയർ കമ്മറ്റി ഇടപെട്ട് താമരശ്ശേരി പൊലീസിന്റെ സഹായത്തോടെ കുട്ടികളെയും കുടുംബത്തെയും വെള്ളിമാട് കുന്ന് റെസ്‌ക്യൂ ഹോമിലേക്ക് മാറ്റുകയായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് റോഡ് ഉപരോധിച്ചതിന് 5 കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

മലപ്പുറത്ത് ഭിക്ഷാടകന് കോവിഡ് ബാധിച്ചതിന്റെ ഉറവിടം പോലും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ കർണാടകയിൽ നിന്നുമെത്തി താമരശ്ശേരിയിലൂടെ അലഞ്ഞു നടന്ന ഇവരുടെ കാര്യം പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല എന്ന് നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP