Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെ എം മാണിയുടെ രാഷ്ട്രീയത്തെ; അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം തവണ പി ജെ ജോസഫിനെ പുറത്താക്കണം; ഇല്ലാത്ത ധാരണയുടെ പേരിൽ രാജിവെക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്‌നമാണ്; കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓർമ്മപ്പെടുത്തുന്നതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്; യുഡിഎഫിൽ നടന്നത് വൺവേ ചർച്ച; മുന്നണിയിൽ നിന്നും പുറത്താക്കിയ നടപടിയോട് പ്രതികരിച്ചു ജോസ് കെ മാണി

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി; പുറത്താക്കിയത് കെ എം മാണിയുടെ രാഷ്ട്രീയത്തെ; അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം തവണ പി ജെ ജോസഫിനെ പുറത്താക്കണം; ഇല്ലാത്ത ധാരണയുടെ പേരിൽ രാജിവെക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്‌നമാണ്; കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓർമ്മപ്പെടുത്തുന്നതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്; യുഡിഎഫിൽ നടന്നത് വൺവേ ചർച്ച; മുന്നണിയിൽ നിന്നും പുറത്താക്കിയ നടപടിയോട് പ്രതികരിച്ചു ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ മാത്രം പ്രശ്‌നം അല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജി വക്കണമെന്ന് പറയുന്നിടത്തെ നീതിയുടെ പ്രശ്‌നമാണെന്നും ജോസ് കെ മാണി തുറന്നടിച്ചു.

അച്ചടക്കത്തിന്റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്നും ജോസ് കെ മാണി. കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓർമ്മപ്പെടുത്തുന്നു. ഇതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ മുന്നണിക്കകത്ത് ചർച്ച ചെയ്യാനാണ് ശ്രമിച്ചത്. അതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

യുഡിഎഫ് യോഗം ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല. നിരന്തരം അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. രാഷ്ട്രീയ അജണ്ട ബോധപൂർവ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തത്. പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. യുഡിഎഫിൽ നടന്നത് വൺവേ ചർച്ചയാണ്. നാളെ രാവിലെ പത്തരയ്ക്ക് സ്റ്റിയറിങ് കമ്മിറ്റി ചേരും . രാഷ്ട്രീയ നിലപാട് അതിന് ശേഷം പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിനു കൈമാറണമെന്ന, മുന്നണി നിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ അറിയിച്ചിരുന്നു. മുന്നണി നിർദ്ദേശം അംഗീകരിക്കാത്ത ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ തുടർന്നുള്ള യുഡിഎഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കില്ല. ലാഭനഷ്ടങ്ങൾ നോക്കിയല്ല തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി നീളുന്ന തർക്കമാണ് ജോസ് പക്ഷത്തിന്റെ പുറത്താക്കലിൽ എത്തിയത്. നേരത്തെയുള്ള ധാരണ അനുസരിച്ച് പ്രസിഡന്റ് സ്ഥാനം തങ്ങൾക്കു കൈമാറണമെന്ന് ജോസഫ് പക്ഷം ആവശ്യപ്പെട്ടു വരികയാണ്. മുന്നണി നേതൃത്വം ഇടപെട്ട് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയെങ്കിലും ജോസ് പക്ഷം തള്ളുകയായിരുന്നു. കോട്ടയത്ത് ഇത്തരത്തിലൊരു ധാരണയില്ലെന്നാണ് ജോസ് കെ മാണി പക്ഷം പറയുന്നത്. ആവശ്യത്തിനു സമയം നൽകിയിട്ടും തർക്ക പരിഹാരത്തിനു ജോസ് പക്ഷം വഴങ്ങിയില്ലെന്ന് ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി. പല തലത്തിൽ ചർച്ച നടത്തിയിട്ടും സഹകരിച്ചില്ല. ഇങ്ങനെ ഒരു ഘടകകക്ഷിക്കു തുടരാനാവില്ലെന്ന് യുഡിഎഫ് കൺവീനർ പറഞ്ഞു.

അധികാരവും സീറ്റും സംബന്ധിച്ച തർക്കത്തിന്റെ തുടർച്ചയായാണ് പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുണ്ടായ വലിയ ഏറ്റുമുട്ടലുകളും അതിന്റെ ദയനീയ പരിസമാപ്തിയും ഉണ്ടായത്. ഇത്തരം സന്ദർഭങ്ങളിലൊക്കെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് ജോസഫിനെ തണുപ്പിച്ചതും ജോസ് കെ. മാണി നിർദ്ദേശിച്ച ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ അത്തരം സമവായങ്ങളൊക്കെ അസാധ്യമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ യു.ഡി.എഫ്. കടുത്ത തീരുമാനത്തിലേക്കെത്തിയത്.

നേരത്തെ രാജ്യസഭാ സീറ്റിൽ ജോസ് കെ. മാണിയെ മത്സരിപ്പിച്ചപ്പോഴും ലോക്സഭ സീറ്റിൽ തോമസ് ചാഴിക്കാടനെ മത്സരിപ്പിച്ചപ്പോഴും ജോസ് കെ. മാണിയുടെ താത്പര്യങ്ങൾക്ക് മുന്നണിയിൽ ആധിപത്യം ലഭിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ ജോസ് കെ. മാണിയുടെ താൽപര്യങ്ങൾക്ക് മേൽക്കൈ നഷ്ടപ്പെടുന്ന സാഹചര്യത്തിലേയ്ക്കാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്.

പാലാ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിൽ ചടുലനീക്കങ്ങളിലൂടെ ജോസ് കെ മാണി വിഭാഗത്തെ ഏറെക്കുറെ അപ്രസക്തമാക്കുന്ന സാഹചര്യങ്ങളിലേയ്ക്കത്തിക്കാൻ ജോസഫ് വിഭാഗത്തിന് കഴിഞ്ഞു. മാണിയുടെ കുടുംബത്തിൽ നിന്നൊരാളെ സ്ഥാനാർത്ഥിയാക്കുന്നത് തടയാൻ സാധിച്ചു എന്നതായിരുന്നു ജോസഫ് വിഭാഗത്തിന്റെ വലിയ നേട്ടം. പാർട്ടി വർക്കിങ് പ്രസിഡന്റ് ആയ ജോസഫ്, പാർട്ടി ചിഹ്നം വിട്ടുകൊടുക്കാൻ തയ്യാറാകാതെ വന്നതോടെ ജോസ് ടോമിന് പൈനാപ്പിൾ ചിഹ്നത്തിൽ മത്സരിക്കേണ്ടിവരികയും ചെയ്തു. തന്റെ ചിഹ്നം മാണി സാർ ആണെന്ന് പറഞ്ഞ് ജോസ് ടോം ഉപതെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പതിറ്റാണ്ടുകളായി സാക്ഷാൽ കെ.എം. മാണി കൈയടക്കിയിരുന്ന പാലാ സീറ്റ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ മുന്നിൽ അടിയറവെക്കേണ്ടി വന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാനായിരുന്നു ജോസഫ് വിഭാഗത്തിന്റെ ശ്രമം. കഴിഞ്ഞ വർഷം ജൂലൈയിലാണ് കോൺഗ്രസിൽ നിന്ന് ജോസ് കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. അന്നത്തെ ധാരണ പ്രകാരം ബാക്കിയുള്ള ആറ് മാസം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ അവകാശവാദം. എന്നാൽ അത്തരമൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും സ്ഥാനം കൈമാറാൻ സാധിക്കില്ലെന്നും ജോസ് കെ. മാണി വിഭാഗം പറയുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച തർക്കങ്ങളും അതിനൊടുവിൽ നടന്ന വിവാദങ്ങളും രാഷ്ട്രീയ കരുനീക്കങ്ങളുമൊക്കെയാണ് ഈയൊരു നിലപാടിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ധാരണപ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടാണ് യു.ഡി.എഫ്. സ്വീകരിച്ചത്. നേരത്തയുണ്ടാക്കിയ ധാരണ പാലിക്കണമെന്ന് പലവട്ടം യു.ഡി.എഫ്. ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജോസ് കെ. മാണി വിഭാഗം ചെയ്തത്.

മുന്നണി സംവിധാനത്തെത്തന്നെ തള്ളിക്കളയുന്ന ജോസ് കെ. മാണിയുടെ പരസ്യനിലപാട് അംഗീകരിക്കാനാകില്ലെന്ന് ഒടുവിൽ യു.ഡി.എഫ്. നിലപാടെടുത്തു. മുന്നണി സംവിധാനത്തെ അംഗീകരിക്കാത്ത ജോസ് പക്ഷത്തിന്റെ നീക്കം അംഗീകരിക്കേണ്ടെന്ന് ലീഗും മറ്റു ഘടകക്ഷികളും നിലപാട് സ്വീകരിച്ചു. കോൺഗ്രസ് നേതാക്കൾ ഇന്ന് ആശയവിനിമയം നടത്തുകയും ഫോണിൽ സംസാരിക്കുകയും ധാരണ പാലിക്കണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തു. എന്നാൽ ജോസ് കെ. മാണി വഴങ്ങിയില്ല. തുടർന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വാർത്താസമ്മേളനം വിളിച്ചത്. പുറത്താക്കാൻ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. ഒന്ന്- ധാരണ പാലിക്കാൻ കൂട്ടാക്കിയില്ല. രണ്ട്- രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ തള്ളിക്കളഞ്ഞു. മുന്നണി മര്യാദ പാലിക്കാത്ത കക്ഷിയുമായി ഒരു മുന്നണിക്ക് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിൽ യു.ഡി.എഫ്. ഉറച്ചുനിൽക്കുകയാിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP