Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണവും പാസ്പോർട്ടും നഷ്ടപ്പെട്ട് ദുബായിൽ അലയുകയായിരുന്ന യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെട്ടതായി ബിജെപി സംസ്ഥാന സമിതിയംഗം ടിപി സുരേഷ് മറുനാടനോട്; നാട്ടിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യുവാവ് ഗൾഫിലെത്തിയത് മൂന്ന് മാസത്തെ സന്ദർശക വിസയിൽ

പണവും പാസ്പോർട്ടും നഷ്ടപ്പെട്ട് ദുബായിൽ അലയുകയായിരുന്ന യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെട്ടതായി ബിജെപി സംസ്ഥാന സമിതിയംഗം ടിപി സുരേഷ് മറുനാടനോട്; നാട്ടിൽ ബസ് ഡ്രൈവറായിരുന്ന കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ യുവാവ് ഗൾഫിലെത്തിയത് മൂന്ന് മാസത്തെ സന്ദർശക വിസയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: പണവും പാസ്പോർട്ടും നഷ്ടപ്പെട്ട അവസ്ഥയിൽ മാനസിക പ്രശ്നങ്ങളോടെ ദുബൈയിൽ അലയുകയായിരുന്ന യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കോഴിക്കോട് കുന്ദമംഗലം ഒഴയാടി ഒറ്റപ്പിലാക്കിൽ സ്വദേശിയായ യുവാവാണ് മനസിന്റെ താളം തെറ്റിയ നിലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദുബൈയിലെ തെരവുകളിൽ അലയുന്നതായി പ്രവാസി മലയാളികളുടെ ശ്രദ്ധയിൽപെട്ടത്. ഇവർ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ഫോൺനമ്പർ സംഘടിപ്പിച്ച് നാട്ടിലറിയിക്കുകയും ഭക്ഷണവും താമസവുമൊരുക്കുകയായിരുന്നു. നാട്ടിലുള്ള സഹോദരന്റെ ഭാര്യയുടെ നമ്പർ മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. ഈ നമ്പറിൽ വിളിച്ചാണ് ഇദ്ദേഹത്തെ കണ്ടെത്തിയ പ്രവാസി മലയാളികൾ വീട്ടിൽ കാര്യങ്ങളറിയിച്ചത്.

ഫെബ്രുവരി 12നാണ് ഇദ്ദേഹം മൂന്ന് സുഹൃത്തുക്കളോടൊപ്പം മൂന്ന് മാസത്തെ സന്ദർശക വിസയിൽ ജോലി തേടി ഷാർജയിലെത്തുന്നത്. ഷാർജയിലെ സജ പൊലീസ് സ്റ്റേഷനടുത്ത് ഒരു കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തതിന് ശേഷം ഇവിടെ നിന്നും പുറത്തുപോകുകയായിരുന്നു. മറ്റൊരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞാണ് അവിടെ നിന്നും പുറത്തുപോയതെന്നാണ് കൂടെ ജോലിചെയ്തവർ പറയുന്നത്. പിന്നീട് റൂമിലെത്തി പാസ്പോർട്ടും ബാഗുമെല്ലാം എടുത്ത് ഇറങ്ങിപ്പോയെന്നും കൂടെയുണ്ടായിരുന്നവർ പറയുന്നു. പുതിയ ജോലി ലഭിച്ചതിനാൽ താമസം മാറിപ്പോകുന്നു എന്നു പറഞ്ഞതിനാൽ കൂടെയുണ്ടായിരുന്നവർ പിന്നീട് അന്വേഷിച്ചതുമില്ല. മെയ് 18നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചതെന്നും വീട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇതിനിടെയിലാണ് ഷാർജയിലെ സജ വ്യവസായ മേഖലയിൽ അലഞ്ഞുതിരിയുന്ന തരത്തിൽ പ്രവാസി മലയാളിയായ മഹറൂഫ് എന്നയാളുടെ ശ്രദ്ധയിൽപെടുന്നത്. ഉച്ചക്ക് ഭക്ഷണം ആവശ്യപ്പെട്ട് എത്തിയ യുവാവിനോട് മഹറൂഫ് ഭക്ഷണം നൽകിയതിന് ശേഷം കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. മനസ്സിന്റെ താളം തെറ്റിയ നിലയിലായിരുന്ന ചെറുപ്പക്കാരന് നാട്ടിലുള്ള സഹോദരന്റെ ഭാര്യയുടെ നമ്പർ മാത്രമാണ് ഓർമ്മയുണ്ടായിരുന്നുള്ളൂ. ഈ നമ്പറിൽ ബന്ധപ്പെട്ടാണ് വീട്ടുകാരെ കാര്യങ്ങളറിയിച്ചത്. ഈ സമയത്ത് യുവാവ് മഹ്റൂഫിന്റെ ഫോണിൽ നിന്ന് വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. പക്ഷെ ആരെയും ഓർമ്മയില്ലാത്ത തരത്തിലാണ് അപ്പോൾ സംസാരിച്ചതെന്നും വീട്ടുകാർ പറയുന്നു.

തുറെ ദിവസം തെരുവിൽ അലയുന്നതിനിടയിൽ ശരീരത്തിൽ മുറവുകളുണ്ടായിട്ടുണ്ട്. സജ മേഖലയിലെ പ്രവാസി മലയാളികൾ ഇടപെട്ട് നിലവിൽ ഭക്ഷണവും താമസ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് കാലമായതിനാൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പാസ്പോർട്ടിന്റെ ഫോട്ടോകോപ്പിയും ലൈസൻസും മറ്റു രേഖകളുടെ കോപ്പികളുമെല്ലാം വീട്ടിൽ നിന്നും ഇപ്പോൾ സംരക്ഷണമൊരുക്കിയവർക്ക് അയച്ചുനൽകിയിട്ടുണ്ട്.

അതേ സമയം യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ബിജെപി സംസ്ഥാന സമിതിയംഗവും നാട്ടുകാരനുമായ ടിപി സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ബിജെപിയുടെ ഓവർസീസ് വിഭാഗത്തിന്റെ ചുമതലയുള്ള ചന്ദ്രപ്രകാശ് എന്നയാളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഷാർജയിൽ യുവാവിന് വേണ്ട സഹായങ്ങൾ നൽകും. പാസ്പോർട്ട് നഷ്ടപെട്ട അവസ്ഥയിൽ നാട്ടിലെത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ബിജെപി സംസ്ഥാന സമിതി അംഗം ടിപി സുരേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ മൂന്ന് വർഷത്തോളം സൗദിയിലായിരുന്ന യുവാവ് ഇനി ഗൾഫിലേക്ക് തിരിച്ചുപോകില്ലെന്ന് പറഞ്ഞ് നാട്ടിൽ ബസ്ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീർക്കുന്നതിനായാണ് സുഹൃത്തുക്കളോടൊപ്പം ഫെബ്രുവരിയിൽ വീണ്ടും ഗൾഫിലേക്ക് പോയത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അമ്മയും സഹോദരന്റെ ഭാര്യയും കുടുംബവുമെല്ലാം ഒരേ വീട്ടിലാണ് കഴിയുന്നത്. സഹോദരൻ സൗദിയിലാണ്. അദ്ദേഹവും അനിയനെ നാട്ടിലെത്തിക്കുന്നതിന് വേണ്ട ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. നിയമ നടപടികളെല്ലാം തീർത്ത് അടുത്ത് തന്നെ നാട്ടിലെത്താക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP