Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി; യുഡിഎഫ് തീരുമാനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകണമെന്ന മുന്നണിയുടെ അന്ത്യശാസനം തുടർച്ചയായി നിരസിച്ചതോടെ; മുന്നണിയിലെ ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവേ ഉണ്ടായ വൻ നീക്കത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടൽ; ചർച്ച ചെയ്യാൻ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി; യുഡിഎഫ് തീരുമാനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു നൽകണമെന്ന മുന്നണിയുടെ അന്ത്യശാസനം തുടർച്ചയായി നിരസിച്ചതോടെ; മുന്നണിയിലെ ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവേ ഉണ്ടായ വൻ നീക്കത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഞെട്ടൽ; ചർച്ച ചെയ്യാൻ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ തർക്കം പൊട്ടിത്തെറിയിലേക്ക്. യുഡിഎഫിൽ നിന്നും ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗവുമായി പങ്കുവെക്കാൻ തയ്യാറല്ലെന്ന് നിലപാട് സ്വീകരിച്ചതോടെയാണ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടങ്ങൾ നോക്കുന്നില്ലെന്ന് തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ വ്യക്തമാക്കി.

ജോസ് പക്ഷം ഉടൻ സ്ഥാനം രാജിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ്. ഇല്ലെങ്കിൽ അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നതിനെ പറ്റിയും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അതേസമയം വിഷയം ചർച്ച ചെയ്യാൻ ജോസ് കെ മാണി അടിയന്തര യോഗം വിളിച്ചു. ഉന്നതാധികാര സമിതി യോഗം വൈകീട്ട് കോട്ടയത്ത് ചേരും. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. അതുകൊണ്ട് തന്നെയാണ് മുന്നണിയിൽ നിന്നും പുറത്താക്കിയത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും അത് ചെയ്തില്ല, ധാർമികമായ സഹകരണം ഉണ്ടായില്ല, പല തവണ സമവായചർച്ച നടത്തിയിട്ടും വഴങ്ങാൻ തയ്യാറായില്ല എന്നെല്ലാമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത്. മുന്നണിയിലെ ലാഭനഷ്ടം തൽക്കാലം നോക്കുന്നില്ലെന്നും പല തവണ ചർച്ച നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കെ എം മാണിയുടെ മരണശേഷം ഉടനെത്തന്നെ കേരളാ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ആർക്ക് എന്നതിൽ വലിയ അധികാരത്തർക്കം തുടങ്ങിയിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴാകട്ടെ തമ്മിലടി അതിന്റെ മൂർദ്ധന്യത്തിലെത്തി. ഏറ്റവുമൊടുവിൽ വർഷങ്ങളോളം യുഡിഎഫ് കയ്യിൽ വച്ച പാലാ കയ്യിൽ നിന്ന് പോയി. ഇടത് മുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ജയിച്ചു. ദുർബലനായ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോൺഗ്രസ് തർക്കമാണ് ഏറ്റവുമൊടുവിൽ പൊട്ടിത്തെറിയിലെത്തിയത്. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാൽ ജോസ് കെ മാണി അതിന് തയ്യാറായില്ല. യുഡിഎഫിന്റെ നേതൃത്വത്തിൽ പല തവണ സമവായചർച്ചകൾ നടന്നു. ഒരുമിച്ച് പോകണം എന്ന നിലപാട് യുഡിഎഫ് കൺവീനറും പ്രതിപക്ഷനേതാവും പല തവണ ജോസ് കെ മാണിയോടും പി ജെ ജോസഫിനോടും പറഞ്ഞു.

ഇതിനിടെ, പി ജെ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്, കോവിഡ് പ്രതിരോധത്തിൽ ഇടതുമുന്നണി സർക്കാർ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന അഭിപ്രായപ്രകടനം നടത്തിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴി വച്ചു. ജോസഫ് പക്ഷം യുഡിഎഫ് വിടുന്നു എന്ന് അണിയറസംസാരങ്ങളുണ്ടായി. എൽഡിഎഫിലേക്ക് പോകാൻ തയ്യാറായി ജോസഫ് വിഭാഗം നിൽക്കുകയാണെന്ന ആരോപണം പല തവണ ജോസ് കെ മാണി തന്നെ നേരിട്ട് ഉന്നയിച്ചു. ഇടപെട്ട യുഡിഎഫ് നേതൃത്വം ജോസ് കെ മാണി പക്ഷത്തിന് കർശനമുന്നറിയിപ്പ് നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറിയേ തീരൂ. ജോസ് പക്ഷം രാജി വച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനമെടുക്കും എന്ന് അറിയിച്ചിട്ട് പോലും ജോസ് പക്ഷം ഒരിഞ്ച് പിന്നോട്ട് മാറിയില്ല. ഏറ്റവുമൊടുവിൽ പി ജെ ജോസഫിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നെങ്കിലും അവസാനചർച്ച കൂടി നടന്നിട്ടും ഒന്നും നടക്കാതിരുന്നതിനാലാണ് കടുത്ത തീരുമാനത്തിലേക്ക് യുഡിഎഫ് കടന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP