Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡോക്ടറാണെന്നും എമിറേറ്റ്‌സ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരെന്നും ആൾമാറാട്ടം നടത്തി; അനവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ഷൈൻ സത്യപാലനെ പ്രോസിക്യൂഷന്റെ വീഴ്ചയിൽ വെറുതെ വിട്ടു; തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തുകളിച്ച് പൊലീസ്: വഞ്ചനാക്കേസ് പ്രതിയെ കോടതി വിട്ടയച്ചു: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് ഐക്ക് കോടതിയുടെ രൂക്ഷ വിമർശനം

ഡോക്ടറാണെന്നും എമിറേറ്റ്‌സ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരെന്നും ആൾമാറാട്ടം നടത്തി; അനവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ഷൈൻ സത്യപാലനെ പ്രോസിക്യൂഷന്റെ വീഴ്ചയിൽ വെറുതെ വിട്ടു; തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തുകളിച്ച് പൊലീസ്: വഞ്ചനാക്കേസ് പ്രതിയെ കോടതി വിട്ടയച്ചു: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് ഐക്ക് കോടതിയുടെ രൂക്ഷ വിമർശനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് പ്രതിയുമായി ഒത്തു കളിച്ചതിന്റെ ഫലമായി സംസ്ഥാനത്തെമ്പാടുമായി അനവധി വാഹന തട്ടിപ്പു കേസുകളും വിവാഹ തട്ടിപ്പു കേസുകളും ജോലി തട്ടിപ്പു കേസും വഞ്ചനാക്കേസുകളും നിലവിലുള്ള പ്രതിയെ വാഹന തട്ടിപ്പ് കേസിൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. ഡോക്ടറെന്നും എമിറേറ്റ്‌സ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരെന്നും ആൾമാറാട്ടം നടത്തി റെന്റ് എ കാർ വാഹന തട്ടിപ്പ് നടത്തിയ കേസിലാണ് ചിറയിൻകീഴ് പള്ളിയറമൂട് അമ്പാടി കോലറ വീട്ടിൽ ഷൈൻ സത്യപാലനെ ( 31) യാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്തിട്ടും കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തൊണ്ടിമുതലായ കാർ വീണ്ടെടുക്കാനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനും തൊണ്ടിമുതൽ വീണ്ടെടുക്കാത്തതിനും കാർ വാടക കരാറിലെ ഒപ്പ് പ്രതിയുടേതാണെന്ന് തെളിയിക്കാത്തതിനും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ മുൻ സബ്ബ് ഇൻസ്‌പെക്ടർ എസ്. നാസറിനെ മജിസ്‌ട്രേട്ട് ആർ. ജയകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. പ്രതിക്കെതിരായ കുറ്റാരോപണം സംശയാതീതമായി തെളിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 248 ( 1 ) പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി വിട്ടയച്ചത്.

2012 ജൂൺ 3 നാണ് കേസിനാസ്പദമായ വാഹന തട്ടിപ്പ് നടന്നത്. കുമാരപുരത്ത് മില്ലേനിയം ഗ്രൂപ്പ് ട്രാവൽസ് എന്ന പേരിൽ റെന്റ് എ കാർ ബിസിനസ്സ് നടത്തുന്ന ട്രാവൽ ഏജൻസി ഉടമ പാട്രിക് ജോസഫ് ഗോമസ് ആണ് പരാതിക്കാരൻ. പ്രതി ആവലാതിക്കാരനെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ഡോക്ടറാണെന്നും എമിറേറ്റ്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരാണെന്നും ആൾമാറാട്ടം നടത്തി ട്രാവൽ ഏജൻസിയിൽ നിന്നും കെ എൽ 01-എ എക്‌സ് 1454 എന്ന രജിസ്‌ട്രേഷൻ നമ്പരുള്ള സ്വിഫ്റ്റ് ഡിസയർ കാർ പ്രതിമാസം 46,700 രൂപ വാടക സമ്മതിച്ച് പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് , പാൻ കാർഡ് , ഐ ഡി കാർഡ് എന്നിവ നൽകി കരാർ ഒപ്പിട്ട് പൂജപ്പുര വിലാസവും നൽകി മൂന്ന് മാസക്കാലാവധിക്ക് കാർ ഏറ്റെടുത്തുകൊണ്ടുപോയ ശേഷം വാടക നൽകുകയോ കാർ തിര്യെ ഏൽപ്പിക്കുകയോ ചെയ്യാതെ പ്രതി ട്രസ്റ്റ് ലംഘനവും വിശ്വാസ വഞ്ചനയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

മറ്റൊരു തട്ടിപ്പു കേസിൽ ആലുവ സബ്ബ് ജയിലിൽ കിടന്ന പ്രതിയെ ആലുവയിൽ ചെന്ന് അവിടത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ അനുവാദം വാങ്ങി നാമ മാത്രമായി ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്കായി കേസ് നിലവിലുള്ള തിരുവനന്തപുരം കോടതിയിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 ( 1 ) ( എ ) പ്രകാരം പ്രൊഡക്ഷൻ വാറണ്ടിന് അപേക്ഷ നൽകി പ്രതിയെ വരുത്തി കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പൊലീസ് കസ്റ്റഡി വാങ്ങിയില്ല. ഒരു കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റിലായാൽ അറസ്റ്റ് തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൂടുതൽ തെളിവു ശേഖരിക്കുന്നതിനും തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനും കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും മറ്റുമായി കോടതിക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാം. കേസന്വേഷണത്തെ സഹായിക്കാനായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 ( 2 ) ( എ ) പ്രകാരം കോടതിയിൽ നിക്ഷിപ്തമായ ഈ അധികാരം അന്വേഷണ ഉദ്യോഗസ്ഥൻ വിനിയോഗിച്ചില്ല. പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതിന് പകരം ആലുവ കോടതിയിൽ വെച്ച് വെറും ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി കൈ കഴുകി.

റെന്റ് എ കാർ കരാറിലുള്ള ഒപ്പ് പ്രതിയുടേതാണെന്ന് തെളിയിക്കുന്നതിന് കോടതി മുഖേന പ്രതിയുടെ 40 ഒപ്പ് സാമ്പിളുകളെടുത്ത് കരാറിലെ തന്റേതല്ലെന്ന് പ്രതി തർക്കിക്കുന്ന ഒപ്പും കോടതിയിൽ വച്ചെടുത്തതും പ്രതി തന്റേതെന്ന് സമ്മതിക്കുന്നതുമായ 40 ഒപ്പുകളും തമ്മിൽ താരതമ്യം ചെയ്ത് പരിശോധനാ ഫലം ലഭ്യമാക്കാനായി ഫോറൻസിക് ലാബിലേക്കയക്കാൻ ഫോർവേർഡിങ് ലെറ്റർ കോടതിയിൽ സമർപ്പിച്ചില്ല. റെന്റ് എ കാർ ട്രാവൽ ഏജൻസിക്ക് വാഹനം കൈമാറിയ യഥാർത്ഥ ആർ.സി. ഉടമസ്ഥനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംഭവവുമായി നേരിട്ട് അറിവില്ലാത്ത ഒരു ഡ്രൈവറെ മൂന്നാം സാക്ഷിയാക്കിയതിനാൽ ആ സാക്ഷിമൊഴി അവിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി. കാർ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ ട്രാവൽ ഏജൻസി ഉടമയുടെ കൈവശത്തായിരുന്നുവെന്നും ആ കാറാണ് അയാളുടെ കൈവശത്തു നിന്നും പ്രതിക്ക് വാടകക്ക് നൽകിയതെന്നും പ്രതി അത് തിര്യെക്കൊടുത്തില്ലെന്നും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രോസിക്യൂഷന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.

2013 ഓഗസ്റ്റ് 5 ന് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞ് വീണ്ടും സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിവരുകയായിരുന്നു. സ്വകാര്യ എയർവേയ്‌സിലെ ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തുന്ന ഷൈനിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഡോ. സിദ്ദിഖ് അബ്ദുൾ റഹ്മാൻ , ഡോ. ഷൈൻ സത്യപാലൻ എന്നീ പേരുകളിലായിരുന്നു സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയത്. പ്രതിയെ 2018 ജൂൺ 1 ന് ആണ് സിറ്റി ഷാഡോ പൊലീസ് പിടികൂടി വലിയതുറ പൊലീസിന് കൈമാറിയത്. ഇതിഹാദ് എയർവെയ്‌സിന്റെ സൗത്ത് ഏഷ്യാ എച്ച്.ആർ. മേധാവി എന്ന് സ്വയം അവരോധിച്ചാണ് ഇയാൾ മറ്റുള്ളവരെ പരിചയപ്പെടുന്നത്.

മാവേലിക്കര സ്വദേശിയായ കോശി മലയിൽ ജേക്കബ്ബിനെ എയർവെയ്‌സിന്റെ കേരളത്തിലെ ആവശ്യത്തിന് കാർ വേണമെന്ന് വിശ്വസിപ്പിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ വ്യാജ ലെറ്റർ ഹെഡിൽ കരാർ തയ്യാറാക്കി നൽകി പുതിയ കാർ വാടകക്ക് എടുത്ത ഇയാൾ കാറുമായി മുങ്ങി. വാഹനം നഷ്ടപ്പെട്ട കോശി പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. 2018 മെയ് മാസത്തിൽ തൃശൂർ സ്വദേശിയുടെ കാറും ഒരു ലക്ഷം രൂപയും ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ തട്ടിയെടുത്തിരുന്നു.

എറണാകുളത്ത് യു.എ.ഇ. എംബസിക്ക് ഫ്‌ളാറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് രണ്ടു വിദേശ മലയാളികളിൽ നിന്ന് സെക്യൂരിറ്റി ഫീസ് എന്ന പേരിലും വൻ തുക തട്ടിയെടുത്തു. കൊല്ലം ഇരവിപുരത്ത് ഭാര്യയും മക്കളും ഉള്ള ഇയാൾ പഞ്ചാബ് , ഡൽഹി , ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഐ.എ.എസ്. ഓഫീസർ , പ്രമുഖ വ്യോമയാന കമ്പനികളുടെ മേധാവി എന്നിങ്ങനെ പരിചയപ്പെടുത്തി പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. പെൺകുട്ടികളെ കബളിപ്പിച്ചതിന് പഞ്ചാബിലെ ലുധിയാനയിലും പട്യാലയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

2018 ജൂൺ 1 ന് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത സമയം ഇയാളുടെ പക്കൽ നിന്ന് വ്യാജ വിലാസത്തിലുള്ള ആധാർ കാർഡ് , പാൻ കാർഡ് , നിരവധി ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ , ദേശസാൽകൃത ബാങ്കുകളുടെ പാസ്ബുക്കുകൾ , വ്യാജ അക്കൗണ്ട് ബുക്കുകൾ , ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ വ്യാജ ലെറ്റർ ഹെഡ് എന്നിവ പിടിച്ചെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP