Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റി സമാനതകളില്ലാത്ത ക്രൂരതയിൽ കൊലപ്പെടുത്തിയിട്ടും അന്വേഷണത്തോട് മുഖംതിരിച്ചു പൊലീസ്; കേസ് തേയ്ച്ചുമായ്ച്ചു കളയാൻ ശ്രമം നടക്കവേ സാത്തൻകുളം പൊലീസ് സ്റ്റേഷൻ റവന്യൂ വകുപ്പ് ഏറ്റെടുക്കാൻ ഉത്തരവിട്ടു മദ്രാസ് ഹൈക്കോടതി; അസാധാരണ നടപടി പൊലീസ് സഹകരിക്കാതെ വന്നതോടെ; ഇന്ത്യയുടെ 'ജോർജ് ഫ്ളോയിഡിന്' കേസെന്ന് അമർഷം അണപൊട്ടവേ കോടതി ഇടപെടൽ; തൂത്തുക്കുടിയിലെ അച്ഛന്റേയും മകന്റേയും കസ്റ്റഡി മരണത്തിൽ നീതി പുലരുമോ?

മലദ്വാരത്തിൽ കമ്പിയും ലാത്തിയും കയറ്റി സമാനതകളില്ലാത്ത ക്രൂരതയിൽ കൊലപ്പെടുത്തിയിട്ടും അന്വേഷണത്തോട് മുഖംതിരിച്ചു പൊലീസ്; കേസ് തേയ്ച്ചുമായ്ച്ചു കളയാൻ ശ്രമം നടക്കവേ സാത്തൻകുളം പൊലീസ് സ്റ്റേഷൻ റവന്യൂ വകുപ്പ് ഏറ്റെടുക്കാൻ ഉത്തരവിട്ടു മദ്രാസ് ഹൈക്കോടതി; അസാധാരണ നടപടി പൊലീസ് സഹകരിക്കാതെ വന്നതോടെ; ഇന്ത്യയുടെ 'ജോർജ് ഫ്ളോയിഡിന്' കേസെന്ന് അമർഷം അണപൊട്ടവേ കോടതി ഇടപെടൽ; തൂത്തുക്കുടിയിലെ അച്ഛന്റേയും മകന്റേയും കസ്റ്റഡി മരണത്തിൽ നീതി പുലരുമോ?

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തൂത്തുക്കുടിയിലെ സാത്താൻകുളം പൊലീസ് സ്‌റ്റേഷനിൽ അച്ഛനെയും മകനെയു അതിക്രൂരമായി കസ്റ്റഡിയിൽ വെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മദ്രാസ് ഹൈക്കോടതിയുടെ അസാധാരണ നടപടി. അന്വേഷണം തടസങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സാത്താൻ കുളം പൊലീസ് സ്റ്റേഷൻ ഏറ്റെടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. പൊലീസ് സ്റ്റേഷൻ റവന്യൂവകുപ്പിനെ ഏൽപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന്റെ അന്വേഷണത്തോട് പൊലീസ് സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് മധുര ബെഞ്ചിന്റെ ഇടപെടൽ.

അതേസമയം സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ ഒരാഴ്ച മുൻപും കസ്റ്റഡി മരണം നടന്നതായി റിപ്പോർട്ട്. തൂത്തുക്കുടി സ്വദേശി മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകുകയും ചെയ്തു. അച്ഛനും മകനും മരിച്ച കേസിലെ അതേ ഉദ്യോഗസ്ഥർ തന്നെയാണ് ആരോപണവിധേയർ. അന്വേഷണ റിപ്പോർട്ട് നാളെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് പരിഗണിക്കും.

ദുരൂഹ സാഹചര്യത്തിൽ അച്ഛനും മകനും ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സാമി അറിയിച്ചിരുന്നു. ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം അറിയിക്കും. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തമിഴ്‌നാട് സർക്കാർ തീരുമാനം. അതിനിടെ സാത്താൻകുളം ഇൻസ്പെക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

ജയരാജിനും(62) മകൻ ബെനിക്സിനും (32) പരുക്കേറ്റത് സാത്താൻകുടി സ്റ്റേഷനിൽവച്ചാണെന്ന് ഇരുവരെയും ജയിലെത്തിച്ച പൊലീസുകാർ വെളിപ്പെടുത്തിയിരുന്നു. ജയിലിൽ പ്രവേശിക്കുമ്പോൾ ബെനിക്സിന്റെയും ജയരാജിന്റെയും ദേഹത്ത് പരുക്കുകളുണ്ടായിരുന്ന് എന്ന് ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിന്റെ തെളിവുകളും പുറത്തുവന്നു.

ലോക്ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ 19നാണ് സാത്താൻകുളം സ്വദേശി ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെ തിരക്കി സ്റ്റേഷനിലെത്തിയ മകൻ ബെനിക്സിനെയും പിടികൂടി. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ചു ഇരുവരെയും കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. ഇതു ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് സ്റ്റേഷനിലെ പൊലീസുകാർ ദേശീയ മാധ്യമത്തോടു പങ്കുവച്ചത്.

സ്റ്റേഷനിലെത്തിച്ച സമയത്ത് പരുക്കില്ലായിരുന്നുവെന്നാണ് ഇരുവരെയും ജയിലെത്തിച്ച രണ്ടു പൊലീസുകാർ പറയുന്നത്. രഹസ്യഭാഗങ്ങളിൽ കമ്പികൊണ്ടു മർദ്ദിച്ചതിനെ തുടർന്ന് ബെനിക്സിന്റെ പിൻഭാഗം തകർന്നുവെന്നതും ഇവർ ശരിവയ്ക്കുന്നുണ്ട്.ജയിലിലേക്കുള്ള യാത്രക്കിടെ രക്തസ്രാവം നിലയ്ക്കാത്തിനെ തുടർന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും സമ്മതിക്കുന്നു22-ാം തീയതി ജയിലിൽ എത്തിച്ചു മണിക്കൂറുകൾക്കം ഇരുവരും മരിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരങ്ങളിലുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

സാത്താൻകുളം പൊലീസ് സ്റ്റേഷനിൽവെച്ച് ക്രൂരമായി മർദിച്ചശേഷം കോവിൽപ്പെട്ടി സബ് ജയിലിലേക്കു മാറ്റുകയായിരുന്നു. ഇവിടെവെച്ച് ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽവച്ചാണ് ഇരുവരും മരിച്ചത്. സംഭവം ദേശീയശ്രദ്ധയിലെത്തിയതോടെ രണ്ട് എസ്ഐ.മാർ ഉൾപ്പെടെ നാലുപൊലീസുകാരെ സസ്പെൻഡ് ചെയ്തതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് മറ്റുനടപടികൾ ഇല്ലാതിരുന്നത് വിമർശനങ്ങൾക്ക് വഴിവെച്ചു.

ഈ വിവരം ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗായികയും ആർ.ജെ.യുമായ സുചിയായിരുന്നു. മൂന്നു ദിവസത്തിനകം രണ്ടു കോടിയിലധികം പേരാണ് സാമൂഹിക മാധ്യമങ്ങളിൽ സുചിയുടെ വീഡിയോ കണ്ടത്. ഇതോടെ തൂത്തുക്കുടിയിലേക്ക് ലോകശ്രദ്ധയെത്തി. തൂത്തുക്കുടിയിൽ നടന്ന സംഭവം വിശദമാക്കുകയാണ് വീഡിയോയിൽ അവർ ചെയ്തത്. ഇന്ത്യയുടെ 'ജോർജ് ഫ്ളോയിഡ്' നിമിഷം എന്നാണ് തൂത്തുക്കുടി സംഭവത്തെ സുചി വിശേഷിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ പല പ്രശ്നങ്ങളും ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങിപ്പോകുന്നത് ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താത്തതു കൊണ്ടാണെന്ന് സുചി പറയുന്നു. സുചിയുടെ വീഡിയോ ഏറ്റെടുത്ത് രാജ്യാന്തര മാധ്യമങ്ങൾ വരെ ഈ മനുഷ്യാവകാശ ധ്വംസനത്തിൽ ഇടപെട്ടു. നീതി നടപ്പാക്കുന്നതുവരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം തുടരണമെന്ന് സുചി എന്ന സുചിത്ര കാർത്തിക് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഫലം കാണുന്നത്.

ജയരാജും മകൻ ബെനിക്സും പൊലീസ് കസ്റ്റഡിയിൽ നേരിട്ടത് അതിക്രൂര മർദനമെന്ന് ബന്ധുക്കൾ പറയുന്നു. യുഎസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയ്ഡിനെ കൊലപ്പെടുത്തിയതിനു സമാനം എന്ന രീതിയിൽ സാമൂഹികപ്രവർത്തകർ ഏറ്റെടുത്ത വിഷയത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കഴിഞ്ഞ 19നു രാത്രിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിറ്റേന്നു മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ കോവിൽപെട്ടി സബ്ജയിലിലേക്കു മാറ്റി. 22നു രാത്രി ബെനിക്സും പിറ്റേന്നു രാവിലെ ജയരാജും തളർന്നുവീണു. ബെനിക്സ് ആശുപത്രിയിലെത്തുന്നതിനു മുൻപും ജയരാജ് ചികിത്സയിലിരിക്കെയും മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP