Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയെ കടലിൽ നേരിടാനും പടയൊരുക്കം; ഇന്ത്യ-ജപ്പാൻ നാവിക സേനകൾ സംയുക്തമായി അഭ്യാസം നടത്തിയത് ഇന്തോ - പസിഫിക് സമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ; രണവീരന്മാരായി അണിനിരന്നത് യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ; ചൈനയെ ലക്ഷ്യമിട്ട് മൂന്ന് യുഎസ് വിമാനവാഹിനി കപ്പലുകളും; ദക്ഷിണ ചൈന കടലിനോടു ചേർന്നുള്ള സീഷ ദ്വീപിൽ ജൂലൈ 1 മുതൽ 5 വരെ സേനാഭ്യാസം നടത്തുമെന്ന പ്രഖ്യാപിച്ചു ചൈനയും

ചൈനയെ കടലിൽ നേരിടാനും പടയൊരുക്കം; ഇന്ത്യ-ജപ്പാൻ നാവിക സേനകൾ സംയുക്തമായി അഭ്യാസം നടത്തിയത് ഇന്തോ - പസിഫിക് സമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ; രണവീരന്മാരായി അണിനിരന്നത് യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ; ചൈനയെ ലക്ഷ്യമിട്ട് മൂന്ന് യുഎസ് വിമാനവാഹിനി കപ്പലുകളും; ദക്ഷിണ ചൈന കടലിനോടു ചേർന്നുള്ള സീഷ ദ്വീപിൽ ജൂലൈ 1 മുതൽ 5 വരെ സേനാഭ്യാസം നടത്തുമെന്ന പ്രഖ്യാപിച്ചു ചൈനയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിസംഘർഷം പരിഹരിക്കാൻ നയതന്ത്രതല ചർച്ചകൾ സജീവമാക്കുന്നതിനിടെ നാവികസേനകൾ കരുത്തുകാട്ടി വീണ്ടും രംഗത്ത്. കരയിലെ സംഘർഷത്തിനു പിന്നാലെ കടലിലും പടയൊരുക്കം നടക്കുകയാണ്. ഇന്തോ പസിഫിക് സമുദ്ര മേഖലയിൽ ചൈന ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യ ജപ്പാൻ നാവികസേനകൾ സംയുക്ത അഭ്യാസം നടത്തി. യുദ്ധക്കപ്പലുകളായ റാണ, കുലിഷ് എന്നിവ പങ്കെടുത്തു. പ്രദേശത്തു കൂടുതൽ യുദ്ധക്കപ്പലുകളെ ഇന്ത്യ നിയോഗിച്ചു. ദക്ഷിണ ചൈന കടലിനോടു ചേർന്നുള്ള സീഷ ദ്വീപിൽ ജൂലൈ 1 മുതൽ 5 വരെ സേനാഭ്യാസം നടത്തുമെന്നു പിന്നാലെ ചൈന പ്രഖ്യാപിച്ചു. ചൈനയെ ലക്ഷ്യമിട്ടു യുഎസിന്റെ 3 വിമാനവാഹിനികളും ഇന്തോ പസിഫിക്കിൽ നിലയുറപ്പിച്ചിട്ടുണ്ട്.

പ്രശ്‌നം പരിഹരിക്കും വരെ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ വിഡിയോ കോൺഫറൻസ് വഴി പ്രതിവാര ചർച്ച നടത്താൻ അടക്കം തീരുമാനിച്ചിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ ഡയറക്ടർ ജനറൽ വൂ ജിയാൻഗാവോയും തമ്മിലായിരിക്കും ചർച്ചയെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഉന്നത സേനാതല ചർച്ചകളുംതുടരും. ഈ മാസം 6, 22 തീയതികളിൽ നടന്ന ചർച്ചകളിലെ ധാരണപ്രകാരമുള്ള സേനാ പിന്മാറ്റത്തിനു ചൈന തയാറാവാത്ത സാഹചര്യത്തിൽ, ലഫ്. ജനറൽ തലത്തിൽ വീണ്ടും ചർച്ച വേണ്ടിവരും. ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്, ദക്ഷിണ ഷിൻജിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണു ചർച്ച നടത്തുക.

പാംഗോങ് തടാകത്തോടു ചേർന്നുള്ള ചൈനയുടെ പടയൊരുക്കം മുഖ്യ ചർച്ചാവിഷയമാകും. മുൻ ചർച്ചകളിൽ ഗൽവാനടക്കം മറ്റിടങ്ങളിലെ തർക്കം പരിഹരിച്ച ശേഷം പാംഗോങ്ങിനെക്കുറിച്ചു സംസാരിക്കാമെന്നായിരുന്നു ചൈനയുടെ നിലപാട്. മെയ്‌ നാലിന് നിയന്ത്രണ രേഖയിൽ (എൽഎസി) നിലനിന്നിരുന്ന സ്ഥിതി പൂർണമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ചർച്ചകളിൽ ഇന്ത്യ ആവർത്തിക്കും. അതിർത്തിയോടു ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

അതേസമയം ലഡാക്കിലെ ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമത്താ വളങ്ങൾ ശക്തമാക്കിയിട്ടുണ്ട് ഇന്ത്യ. ചൈന അതിർത്തിയിൽ സജ്ജീകരിച്ചിരിക്കുന്ന വിമാന കേന്ദ്രങ്ങൾക്ക് തുല്യമായ സംവിധാനങ്ങളാണ് ഇന്ത്യൻ വ്യോമസേന ഒരുക്കിയിരിക്കുന്നത്. ടിബറ്റിലും സിൻജിംയാംഗ് മേഖലകളിലും ചൈന ഒരുക്കിയിരിക്കുന്ന വിമാനത്താ വളങ്ങൾക്ക് ബദലായി വ്യോമത്താവളങ്ങളും ഡ്രോണുകളും ഇന്ത്യ സജ്ജീകരിച്ചതായി വ്യോമസേന അറിയിച്ചു.

ഇന്ത്യ അതിർത്തിയിൽ സ്ഥിരമായ വ്യോമത്താവളങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ചൈന പലതവണയായി വിമാനങ്ങളും വ്യോമനിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അവയെല്ലാം സിൻജിംയാംഗ് മേഖലയിലെ ഹോതാൻ, കാഷ്ഗാർ, ഗാർഗുൻസാ, ഗോൻഗാർ, ഷിഗാറ്റ്സേ മേഖലയിലാണ്. ചൈനയുടെ ആഭ്യന്തര വിമാന സർവ്വീസിന്റെ ഭാഗമായ കേന്ദ്രങ്ങളും ഇതുതന്നെയാണ്. ഇതെല്ലാം യുദ്ധവിമാന കേന്ദ്രങ്ങളുമായി രഹസ്യമായി ഉപോയോഗിക്കുന്നതാണ് ചൈനയുടെ തന്ത്രം. ഇതിനെ പ്രതിരോധിക്കാൻ കരയിൽ നിന്നും ആകാശത്തേക്ക് വിമാനങ്ങളെ ആക്രമിക്കാനുള്ള മിസൈൽ വിന്യാസവും ഇന്ത്യ തയ്യാറാക്കിക്കഴിഞ്ഞു. 3488 കിലോമിറ്റർ അതിർത്തി സംരക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായും കരസേന അറിയിച്ചു. ബറേലി, തേസ്പൂർ, ചാബുവാ, ഹസീമാരാ എന്നീ കേന്ദ്രങ്ങളിൽ നിന്നും അതിർത്തിയിലെത്താനാണ് ഇന്ത്യയുടെ സജ്ജീകരണം.ലഡാക്കിലെ അന്തരീക്ഷം ചൈന വഷളാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതൽ സ്ഥിരസംവിധാനം ഒരുക്കാൻ നിർബന്ധിതമായതെന്നും വ്യോമസേന അറിയിച്ചു.

ചൈനയ്ക്ക് ഹിമാലയമേഖലയിൽ വിമാനം ഇറക്കാനുള്ള സംവിധാനം ഇല്ല എന്നതാണ് അവരുടെ വലിയ പോരായ്മ. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിരപ്പായ ഉയർന്ന പ്രദേശങ്ങളിലെല്ലാം വിമാനം ഇറക്കാനുള്ള സംവിധാനം ഇത്തവണ തയ്യാറാണെന്ന് വ്യോമസേന പറഞ്ഞു. സുഖോയ് 30 എംകെഐ, മിറാഷ് 2000, മിഗ്-29 വിമാനങ്ങളാണ് ഇന്ത്യ അതിർത്തിയിൽ നിരത്തിയിരിക്കുന്നത്. ചൈനയുടെ വിമാനങ്ങളേക്കാൾ ശക്തമായവയാണ് ഇവയെന്നും വ്യോമസേന പറഞ്ഞു. എണ്ണത്തിൽ കൂടുതൽ വിമാനങ്ങൾ ചൈനക്കുണ്ടെങ്കിലും അത് ഹിമാലയം കടന്ന് വരാനുള്ള സംവിധാനങ്ങളുടെ കുറവാണ് ഇന്ത്യയ്ക്ക് മേൽകൈ തരുന്നതെന്നും വ്യോമസേന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP