Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരസ്യദാതാക്കളുടെ ബഹിഷ്‌കരണത്തിൽ ഞെട്ടി വിറച്ച് ഫേസ്‌ബുക്ക്; വരുമാന നഷ്ടം 4.23 ലക്ഷം കോടി: ആർക്കും ആരെക്കുറിച്ചും എന്തും എഴുതി പിടിപ്പിക്കാവുന്ന ഫേസ്‌ബുക്കിന് കിട്ടിയത് എട്ടിന്റെ പണി

പരസ്യദാതാക്കളുടെ ബഹിഷ്‌കരണത്തിൽ ഞെട്ടി വിറച്ച് ഫേസ്‌ബുക്ക്; വരുമാന നഷ്ടം 4.23 ലക്ഷം കോടി: ആർക്കും ആരെക്കുറിച്ചും എന്തും എഴുതി പിടിപ്പിക്കാവുന്ന ഫേസ്‌ബുക്കിന് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ

ലോകത്ത് 300 കോടി ഉപഭോക്താക്കളുള്ള ഒരു മാധ്യമമാണ് ഫേസ്‌ബുക്ക്. ലോകത്ത് തന്നെ വൻ ജനപ്രീതിയാണ് ഫേസ്‌ബുക്കിനുള്ളതെങ്കിലും ആർക്കും ആരെക്കുറിച്ചും എന്തും എഴുതി പിടിപ്പിക്കാം എന്നതാണ് ഫേസ്‌ബുക്കിന്റെ പ്രധാന ന്യൂനത. എന്നാൽ ഇത് തടയാൻ കമ്പനി കാര്യമായ ഇടപെടലുകൾ ഒന്നും നടത്തുന്നുമില്ല. വർഷങ്ങളായി ഈ പ്രവണത തുടർന്ന് പോരുന്നു. എന്നാൽ ഫേസ്‌ബുക്കിന്റെ ഈ അഹങ്കാരത്തിന്റെ ഉച്ചിയിൽ അടിച്ചിരിക്കുകയാണ് പരസ്യ ദാതാക്കൾ.

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമമായ ഫേസ്‌ബുക്കിലൂടെ എളുപ്പം കത്തിപ്പടരുന്ന വിദ്വേഷവും, തെറ്റിധാരണാജനകവുമായ പോസ്റ്റുകൾ നിയന്ത്രിക്കാനാകുന്നില്ല എന്നാരോപിച്ച് പരസ്യങ്ങൾ ബഹിഷ്‌ക്കരിച്ചു കൊണ്ടിരിക്കുകയാണ് വൻകിട കമ്പനികൾ. ഇതോടെ അനുദിനം വർധിച്ചുവരുന്ന പരസ്യദാതാക്കളുടെ ബഹിഷ്‌കരണത്തിൽ വിറയ്ക്കുകയാണ് ഫേസ്‌ബുക്. യുണിലീവർ, കൊക്കകോള തുടങ്ങിയ വമ്പൻ പരസ്യദാതാക്കളാണ് ഇക്കാര്യം ഉന്നയിച്ച് പരസ്യം പിൻവലിച്ചത്. ഇതേ തുടർന്ന് ഫേസ്‌ബുക്കിന്റെ സ്റ്റോക് മാർക്കറ്റിലെ മൂല്യം 8.3 ശതമാനം ഇടിഞ്ഞു. 56 ബില്ല്യൻ ഡോളറാണ് (ഏകദേശം 4.23 ലക്ഷം കോടി രൂപ) കുറഞ്ഞത്.

ഹോണ്ട കമ്പനിയുടെ അമേരിക്കൻ വിഭാഗവും ഫേസ്‌ബുക്കിന് തത്കാലം പരസ്യം നൽകുന്നില്ലെന്ന നിലപാട് എടുത്തു. മിക്ക കമ്പനികളും 30 ദിവസത്തേക്കാണ് പരസ്യങ്ങൾ നൽകില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിൽ ഫേസ്‌ബുക് തങ്ങളുയർത്തിയ പ്രശ്നങ്ങൾക്ക് പ്രതിവിധി കണ്ടെത്തുമെന്നാണ് അവർ കരുതുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമിൽ വരുന്ന കണ്ടെന്റിനെക്കുറിച്ച് തങ്ങളൊന്നുമറിഞ്ഞില്ലെന്ന ഭാവന, ധിക്കാരപൂർവ്വം നീങ്ങിക്കൊണ്ടിരുന്ന ഫെയ്ബുക്കിന് ഇതൊരു വലിയ തിരിച്ചടിയാണ്.

അമേരിക്കയിൽ 1998ൽ കൊണ്ടുവന്ന ഒരു നിയമമാണ് ഫേസ്‌ബുക്കിന് ഇത്രയും കാലം കരുത്തു പകർന്നിരുന്നത്. അത് എടുത്തുകളയുന്ന കാര്യം ട്രംപ് ഭരണകൂടം പരിഗണിക്കുന്ന സമയത്താണ് പരസ്യദാതാക്കളുടെ ബഹിഷ്‌കരണമെന്നത് കമ്പനിക്ക് വലിയൊരു തിരിച്ചടി തന്നെയായിരിക്കാം. ആർക്കും ആരെക്കുറിച്ചും എന്തും എഴുതാമെന്ന തോന്ന്യാസം വ്യക്തികൾക്കും സംഘടനകൾക്കും രാജ്യങ്ങൾക്കും വരെ കാര്യമായ പ്രതിസന്ധി ഉയർത്തിയിരുന്നു.

പരസ്യദാതാക്കൾ ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ച് ഫേസ്‌ബുക് മേധാവി മാർക്ക് സക്കർബർഗ് ഒരു ചോദ്യോത്തരവേദി സംഘടിപ്പിച്ച് മറുപടി പറയുകയുണ്ടായി. എന്നാൽ, ഇതിനു ശേഷം അദ്ദേഹം പ്രഖ്യാപിച്ചത് വളരെ ചെറിയ മാറ്റങ്ങളാണ് എന്നാണ് കമ്പനിയുടെ വിമർശകർ പറയുന്നത്. അമേരിക്കയിലെ ആന്റി-ഡിഫമേഷൻ ലീഗ് തുടങ്ങിയ പൗരസംഘടനകളാണ് കമ്പനിക്കെതിരെ രംഗത്തുവന്നത്. ഇപ്പോൾ സക്കർബർഗ് പ്രഖ്യാപിച്ച തരത്തിലുള്ള മാറ്റങ്ങൾ തങ്ങൾ കുറേ കണ്ടതാണെന്നും, കമ്പനിയുടെ ക്ഷമാപണം മുൻപും കേട്ടതാണെന്നും, ഫേസ്‌ബുക്കിലൂടെ വ്യക്തികൾക്കും, സംഘടനകൾക്കും എല്ലാം സംഭവിക്കുന്ന ഓരോ മഹാദുരന്തത്തിനു ശേഷവും തൽക്കാലം കണ്ണിൽപൊടിയിടാനുള്ള ഇത്തരം വേലത്തരങ്ങളുമായി കമ്പനി ഇറങ്ങിയിട്ടുണ്ടെന്നുമാണ് വിമർശകർ പ്രതികരിച്ചത്. അതെല്ലാം ഇനിയങ് നിർത്തിയേക്കാനും അവർ സക്കർബർഗിനോടു പറഞ്ഞു.

ട്വിറ്റർ, റെഡിറ്റ് പ്ലാറ്റ്ഫോമുകളുടെയത്ര നിയന്ത്രണം പോലും ഫേസ്‌ബുക് കൊണ്ടുവരുന്നില്ലെന്നാണ് വിമർശകർ പറയുന്നത്. ഫേസ്‌ബുക്കിനെതിരെ അമേരിക്ക കൊണ്ടുവന്നേക്കാവുന്ന നിയന്ത്രണങ്ങളും പരസ്യദാതാക്കളുടെ മനസിലുണ്ടെന്നാണ് പറയുന്നത്. അമേരിക്കയിലെ മൊത്തം ഡിജിറ്റൽ പരസ്യവരുമാനത്തിന്റെ 23 ശതമാനവും വിഴുങ്ങുന്നത് ഫേസ്‌ബുക്കാണ്. എഫ്ബിക്ക് 300 കോടിയിലേറെ ഉപയോക്താക്കൾ ലോകത്താകമാനമായി ഉണ്ടെന്നാണ് വിലയിരുത്തൽ. അടുത്തുവരുന്ന അമേരിക്കൻ തെരഞ്ഞെടുപ്പടക്കം പലതിലും ഫേസ്‌ബുക്കിന്റെ പ്രഭാവം കാണുമെന്നതും പലരിലും ഉത്കണ്ഠ ഉണർത്തുന്ന കാര്യങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP