Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ പ്രസിഡണ്ടായിരിക്കുമ്പോൾ എന്തിന് തെരഞ്ഞെടുപ്പ്! 16 വർഷം കൂടി അധികാരത്തിൽ തുടരാൻ നിയമ നിർമ്മാണം നടത്തി പുട്ടിൻ; ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജൂലായ് ഒന്നിന് റഫറണ്ടം; കമ്യുണിസ്റ്റുകളെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിച്ച റഷ്യയിൽ മറ്റൊരു ഏകാധിപതി പിടിമുറുക്കുമ്പോൾ സംഭവിക്കുന്നത് ഇതെല്ലാം

ഞാൻ പ്രസിഡണ്ടായിരിക്കുമ്പോൾ എന്തിന് തെരഞ്ഞെടുപ്പ്! 16 വർഷം കൂടി അധികാരത്തിൽ തുടരാൻ നിയമ നിർമ്മാണം നടത്തി പുട്ടിൻ; ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജൂലായ് ഒന്നിന് റഫറണ്ടം; കമ്യുണിസ്റ്റുകളെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിച്ച റഷ്യയിൽ മറ്റൊരു ഏകാധിപതി പിടിമുറുക്കുമ്പോൾ സംഭവിക്കുന്നത് ഇതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

വ്ളാഡിമിർ പുട്ടിന് 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന വിവാദ ഭരണഘടനാ ഭേദഗതിക്ക് അനുമതി തേടിക്കൊണ്ടുള്ള റഫറണ്ടത്തിന്റെവിശ്വാസ്യതയെ കുറിച്ച് ആശങ്കയുണരുന്നു. മഹാവ്യാധിയുടെ കാലത്ത് ഈ റഫറണ്ടം നടന്നുകൊണ്ടിരിക്കുമ്പോൾ, മരങ്ങൾക്ക് ചുവട്ടിലും കാർ പാർക്കിങ് ഏരിയകളിലും കുട്ടികളുടെ കളിസ്ഥലങ്ങളിലും ഒക്കെ കെട്ടിയുണ്ടാക്കിയിരിക്കുന്ന താത്ക്കാലിക പോളിങ് ബൂത്തുകളിൽ വോട്ടിനെത്തുന്ന റഷ്യാക്കാർ സ്ഥിരം കാഴ്‌ച്ചയായി മാറിയിരിക്കുന്നു.

ജൂലായ് 1 ന് അവസാനിക്കുന്ന പോളിംഗിലൂടെ പുട്ടിൻ ലക്ഷ്യമിടുന്നത്, ഇപ്പോഴുള്ള കാലാവധി തീരുന്ന 2024 നു ശേഷം രണ്ട്തവണകൂടി പ്രസിഡണ്ടായി തുടരാനുള്ള അനുമതി നേടുക എന്നതാണ്. റഷ്യൻ പ്രസിഡണ്ടിന്റെ കാലാവധി ആറ് വർഷമാണ്. കൊറോണ വ്യാപനം ശക്തമാവുകയും എണ്ണ വില കുറയുകയും ചെയ്തതോടെ റഷ്യ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇത് പുട്ടിന്റെ പ്രതിച്ഛായയെ വിപരീതമായിബാധിച്ചിട്ടുണ്ട് എന്നു മാത്രമല്ല, ഇന്ന് അദ്ദേഹം അനുഭവിക്കുന്ന ജനസമ്മതി എക്കാലത്തേയും ഏറ്റവും കുറഞ്ഞ ജനസമ്മതിയാണ്.

എന്നിരുന്നാലും ഈ റഫറണ്ടം പുട്ടിന് എതിരാകാൻ സാധ്യത തീരെയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ആളുകൾക്ക് ഓൺലൈൻ വഴിയായും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചും രണ്ടുതവണ വോട്ട് രേഖപ്പെടുത്താനാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂൺ 25 മുതൽ ജൂലായ് 1 വരെ എപ്പോൾ വേണമെങ്കിലും വോട്ട് രേഖപ്പെടുത്താവുന്ന ഈ പോളിൽ വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധപൂർവ്വം വോട്ട് ചെയ്യിപ്പിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വോട്ട് ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നായിരുന്നത്രെ ഭീഷണി.

കഞ്ഞിക്കലം മുതൽ ഫ്ളാറ്റുകളും കാറുകളും വരെയും, പലവ്യഞ്ജനങ്ങൾ, മ്യുസിയം സന്ദർശന ഫീസ്, റെസ്റ്റോറന്റ് ബില്ലുകൾ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന 46 പൗണ്ട് വരെ മൂല്യമുള്ള വൗച്ചറുകൾ എന്നിവ വോട്ടർമാർക്ക് വാഗ്ദാനം ചെയ്തതായിട്ടും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിബന്ധനകൾക്ക് വിപരീതമായി ചില മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഏറ്റവും പുതിയ വിവരമനുസരിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ കാണിക്കുന്നത് 78.6% പേർ പുട്ടിന് അനുകൂലമാണെന്നാണ്.

ഇപ്പോൾ അംഗീകാരം തേടുന്ന ഭരണഘടനാ ഭേദഗതി, തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കാതെ ഇനിയും രണ്ടു തവണകൂടി അധികാരത്തിൽ തുടരാൻ പുട്ടിനെ സഹായിക്കും. ഇതിനുപുറമേ ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം നിരോധിക്കുക എന്ന ഒരു ഭേദഗതി കൂടി ഇതിലുണ്ട്. ഇതിനുപുറമേ ദൈവവിശ്വാസം റഷ്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് കൂടി ഭരണഘടനയിൽ എഴുതിച്ചേർക്കും.

ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ സ്വേച്ഛാധിപതികളിലൊരാളായ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള പുസ്‌കതമായ പുട്ടിൻസ് പീപ്പിൾ പുറത്ത് വന്നിരുന്നു. കാതറീൻ ബെൽട്ടന്റെ പുസ്തകം ഏറെ ചർച്ചയായിരുന്നു. കമ്മ്യൂണിസ്റ്റ് റഷ്യ തകർന്നടിഞ്ഞപ്പോൾ പൊതു മുതൽ അടിച്ച് മാറ്റി കൊഴുത്ത പാർട്ടി നേതാക്കൾ കാവൽക്കാരനായി വളർത്തിയെടുത്ത കെജിബി ഓഫീസറെന്ന നിലയിൽ നിന്നാണ് പുട്ടിൻ ഒരു രാജ്യത്തിന്റെ സർവാധിപതിയായി വളർന്നത്. നേതാക്കൾ അതിസമ്പന്നരായി മാറിയപ്പോൾ പഴയ കെജിബി ബുദ്ധി ഉപയോഗിച്ച് ഓരോരുത്തരെ തീർത്തും സ്വത്തുക്കൾ പിടിച്ചെടുത്തും തേരോട്ടം നടത്തുകയായിരുന്നു പുട്ടിൻ.

നിൽക്കക്കള്ളിയില്ലാതെ സ്‌പോൺസർമാർ നാട് വിട്ടപ്പോൾ പുട്ടിൻ സർവാധിപതിയായിത്തീരുകയും ചെയ്തു. ഒരു രാജ്യത്തെ നോക്കുകുത്തിയാക്കി വളർന്ന പുട്ടിൻ എന്ന ഏകാധിപതിയുടെ ഭയാനകമായ കഥയാണീ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്.2012 മുതൽ പ്രസിഡന്റ് സ്ഥാനത്ത് തുടർച്ചയായിരിക്കുന്ന പുട്ടിൻ അതിന് മുമ്പ് 2000 മുതൽ 2008 വരെയും പ്രസിഡന്റായും 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായും പ്രവർത്തിച്ചിരുന്നു.ഇക്കാലത്തിനിടെ തന്റെ അധികാരത്തിന് ഭീഷണിയാകുന്നവരെയെല്ലാം കൊല്ലുകയോ അഴിമതിക്കേസിലോ മറ്റ് കേസുകളിലോ പെടുത്തി ജയിലിൽ അടക്കുകയോ നാടു കടത്തുകയോ ചെയ്താണ് പുട്ടിൻ തന്റെ അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് അധികാരം സ്ഥാനഭ്രഷ്ടമാക്കപ്പെട്ടതിന് ശേഷം റഷ്യയെ എതിരാളികളില്ലാത്ത ഒരു ലോകശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ പുട്ടിൻ നിർണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ , നയതന്ത്ര, സൈനിക, സാമ്പത്തിക രംഗങ്ങളിൽ റഷ്യയ്ക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ലോക പൊലീസെന്ന് വിളിക്കപ്പെടുന്ന യുഎസിനെ പോലും ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ഏക രാജ്യമായി പുട്ടിന്റെ റഷ്യ മാറിയിരിക്കുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഡെപ്യൂട്ടിമേയറെന്ന പദവിയിൽ നിന്നും ലോകനേതാവായി മാറിയ പുട്ടിന്റെ സംഭവബഹുലമായ കഥ പുസ്തകരൂപത്തിലാക്കിയിരിക്കാൻ ഫിനാൻഷ്യൽ ടൈംസിന്റെ മുൻ മോസ്‌കോ കറസ്‌പോണ്ടന്റായ കാതറീൻ മുന്നിട്ടിറങ്ങിയതിലൂടെ ഒരു കാലത്തെ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ശരിവയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങളും.

പുട്ടിൻ അധികാരത്തിലെത്തിയതിനെ തുടർന്ന് റഷ്യയുടെ നിയന്ത്രണം കെജിബിയുടെ കൈകളിൽ വന്ന് ചേർന്നുവെന്നാണ് കാതറീൻ പുസ്തകത്തിൽ വിവരിക്കുന്നത്. സോവിയറ്റ് നാളുകളിലേതിനേക്കാൽ കെജിബി നിലവിൽ റഷ്യയിൽ ശക്തമായിരിക്കുകയുമാണ്. രാജ്യത്തിന്റെ പൂർണനിയന്ത്രണം തന്റെ കൈകളിലൊതുക്കി റഷ്യയെ സൂപ്പർ പവറാക്കി മാറ്റുകയായിരുന്നു പുട്ടിന്റെ ലക്ഷ്യം . അത് അദ്ദേഹം കുറഞ്ഞ കാലത്തിനുള്ളിൽ സഫലമാക്കുകയും ചെയ്തുവെന്നും പുസ്തകം വെളിപ്പെടുത്തിയിരുന്നു. ഒരു വേള തന്നെ സ്‌പോൺസർ ചെയ്തുയർത്തിക്കൊണ്ട് വന്നവരെ പൂട്ടാനും പുട്ടിൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. തൽഫലമായി ഇക്കൂട്ടത്തിൽ പെട്ടവർ വിദേശത്തേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെടുകയും പുട്ടിൻ ചോദ്യം ചെയ്യാനാരുമില്ലാത്ത ഏകാധിപതിയായി മാറുകയുമായിരുന്നുവെന്ന് ഈ പുസ്തകം വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP