Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതു പക്ഷത്തേക്ക് മാറുക ജോസ് കെ മാണിയോ ജോസഫോ? കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ അന്തിമ തീരുമാനം വരുന്നതോടെ കേരളാ കോൺഗ്രസ് രണ്ടു വഴിക്കാകാൻ സാധ്യത; രണ്ടിലയിലെ ക്ലൈം വിട്ട് പഴയ ജോസഫ് ഗ്രൂപ്പിനെ പുനർജീവിപ്പിക്കാൻ പിജെ; കോൺഗ്രസിന്റെ ഇരട്ടക്കളിൽ പ്രകോപിതനായി സിപിഎമ്മുമായി പിജെ ഗ്രൂപ്പ് രഹസ്യ ചർച്ചയിൽ; എന്തുവന്നാലും രാജി ഇല്ലെന്ന് മാണി ഗ്രൂപ്പ്; യുഡിഎഫിനെ പുകച്ച് കേരളാ കോൺഗ്രസ് തർക്കം

ഇടതു പക്ഷത്തേക്ക് മാറുക ജോസ് കെ മാണിയോ ജോസഫോ? കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ അന്തിമ തീരുമാനം വരുന്നതോടെ കേരളാ കോൺഗ്രസ് രണ്ടു വഴിക്കാകാൻ സാധ്യത; രണ്ടിലയിലെ ക്ലൈം വിട്ട് പഴയ ജോസഫ് ഗ്രൂപ്പിനെ പുനർജീവിപ്പിക്കാൻ പിജെ; കോൺഗ്രസിന്റെ ഇരട്ടക്കളിൽ പ്രകോപിതനായി സിപിഎമ്മുമായി പിജെ ഗ്രൂപ്പ് രഹസ്യ ചർച്ചയിൽ; എന്തുവന്നാലും രാജി ഇല്ലെന്ന് മാണി ഗ്രൂപ്പ്; യുഡിഎഫിനെ പുകച്ച് കേരളാ കോൺഗ്രസ് തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ അധികാരം ഉറപ്പിക്കാൻ കേരളാ കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗം ഇടതു പക്ഷവുമായി ചർച്ച തുടങ്ങിയെന്ന് സൂചന. ജില്ലാ പഞ്ചായത്തിൽ അവിശ്വാസത്തിന് യുഡിഎഫ് അനുകൂല നിലപാട് എടുത്തില്ലെങ്കിൽ കളം മാറാനാണ് ജോസഫിന്റെ തീരുമാനം. അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ധാരണ അടിച്ചേൽപിക്കാൻ നോക്കുന്നത് അംഗീകരിക്കില്ലെന്നു കേരള കോൺഗ്രസ് എം (ജോസ് വിഭാഗം) ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴികാടൻ എംപി, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവർ അറിയിച്ചു. ഇതോടെ ജില്ലാ പഞ്ചായത്തിലെ അധികാരം യുഡിഎഫിൽ കീറാമുട്ടിയാവുകയാണ്.

തങ്ങൾ പങ്കാളിയായ ഒരു ഉഭയകക്ഷി ചർച്ചയിലും ഇത്തരമൊരു ധാരണ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് യുഡിഎഫ് നേതൃത്വം നടത്തിയ ചർച്ചയിൽ പ്രസിഡന്റ് പദവി സംബന്ധിച്ചു ജോസഫ് വിഭാഗം മുന്നോട്ടുവച്ച അവകാശവാദം തള്ളിയതാണെന്ന് ജോസ് കെ മാണി പറയുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു മുൻധാരണയുള്ളതായി യുഡിഎഫ് പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ തിരിച്ചടിക്കുകയും ചെയ്തു. മുന്നണി തീരുമാനം മാനിക്കാത്തവർക്കു യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നും ജോസഫ് പറഞ്ഞു. എന്നാൽ അവിശ്വാസം കൊണ്ടു വരാൻ കോൺഗ്രസും ലീഗും തയ്യാറാകില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജോസഫ് ഇടതുപക്ഷത്തോടെ സന്ധി ചെയ്യനാൻ ശ്രമം നടക്കുന്നത്.

ഏതായാലും കേരളാ കോൺഗ്രസിലെ ഒരു വിഭാഗം ഇടതുപക്ഷത്ത് എത്തുമെന്നാണ് സൂചന. കെ എം മാണിയുടെ വികാരം അനുകൂലമാക്കാൻ ജോസ് കെ മാണിയെ യുഡിഎഫിൽ നിർത്തണമെന്ന വാദം ശക്തമാണ്. മുസ്ലിം ലീഗും മാണി അനുകൂല വികാരത്തിനൊപ്പമാണ്. എന്നാൽ കോട്ടയെത്തെ നിയമസഭാ സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കൾ ഇതിന് എതിരാണ്. ഈ സാഹചര്യത്തിൽ പഴയ ജോസഫ് ഗ്രൂപ്പിനെ സജീവമാക്കാൻ പിജെ ജോസഫും ശ്രമം തുടങ്ങിയിട്ടുണ്ട്. കേരളാ കോൺഗ്രസിലെ രണ്ടില ചിഹ്നം തർക്കത്തിലാണ്. ഈ ചിഹ്നം ജോസ് കെ മാണിക്ക് ലഭിക്കാനാണ് സാധ്യത. ജനപ്രതിനിധികളിൽ വ്യക്തമായ മുൻതൂക്കം ജോസ് കെ മാണിക്കുണ്ട്. അതുകൊണ്ട് രണ്ടിലയിലെ ക്ലൈം വിടാനാണ് പിജെ ജോസഫ് ആലോചിക്കുന്നത്.

ഇതെല്ലാം മനസ്സിലാക്കിയാണ് ജോസ് കെ മാണിയും ഉറച്ച നിലപാട് എടുക്കുന്നത്. കേരളാ കോൺഗ്രസ് അണികളെ ചേർത്ത നിർത്തി മാണി വികാരം ആളിക്കത്തിക്കാനാണ് ശ്രമം. ബാർ കോഴയിൽ കോൺഗ്രസിനെ വെട്ടിലാക്കാനുള്ള വെളിപ്പെടുത്തലിനുള്ള തെളിവുകൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. ഇതെല്ലാം രാഷ്ട്രീയമായി തന്നെ വീണ്ടും ചർച്ച ചെയ്യും. കേരളാ കോൺഗ്രസിന് അവകാശപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇതിൽ കെ എം മാണിയും യുഡിഎഫും തമ്മിൽ പ്രത്യക്ഷ കരാറുമുണ്ട്. ഇതുയർത്തിയാണ് ജോസ് കെ മാണിയുടെ പടപ്പുറപ്പാട്. ഇതും യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാവില്ല എന്ന നിലപാട് യുഡിഎഫ് നേതൃത്വത്തെ അന്നത്തെ ചർച്ചയിൽത്തന്നെ അറിയിച്ചിരുന്നു എന്നാണ് ജോസ് കെ മാണി പറയുന്നത്.. കോട്ടയം ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം അപ്പോൾത്തന്നെ പാർട്ടി ജില്ലാ നേതൃത്വം പരസ്യമായി നിഷേധിച്ചതാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തുടരുമെന്നും ഇരുവരും അറിയിച്ചു.സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ജോസ് വിഭാഗം യോഗം ഇന്നു ചേരുന്നുണ്ട്. ജോസഫിനെ അനുനയിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. ഇതിന് വഴങ്ങേണ്ടെന്നാണ് ജോസഫിന്റെ തീരുമാനം. ഇടതു മുന്നണിയാകും കൂടുതൽ മെച്ചമെന്ന പക്ഷവും ജോസഫിനുണ്ട്.

അതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു കേരള കോൺഗ്രസിലെ ജോസ് ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംബന്ധിച്ച് യുഡിഎഫ് ഇന്ന് അന്തിമ തീരുമാനമെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ചു നേരത്തേ ധാരണയുണ്ടായിരുന്നു. അതു പാലിക്കണമെന്നാണു ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ അവർ അതു പാലിച്ചിട്ടില്ല. ഇതിനായി യുഡിഎഫ് യോഗം ചേർന്നു ചർച്ചയില്ലെന്നും തീരുമാനമെടുക്കുകയാണു ചെയ്യുകയെന്നും രമേശ് വ്യക്തമാക്കി. ജോസഫ് അവിശ്വാസം കൊണ്ടു വന്നാൽ സിപിഎം പിന്തുണ ജോസ് കെ മാണിക്ക് കിട്ടുമെന്ന സൂചനകളുണ്ട്. ഇതുകൊണ്ടാണ് ചർച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് ശ്രമിക്കുന്നത്.

സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്റെ പരസ്യ നിലപാട് അംഗീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കുന്നു. അവിശ്വാസം വരുകയും ഇടത് മുന്നണി ജോസ് പക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്താൽ യുഡിഎഫിന് ക്ഷീണമുണ്ടാകുമെന്നും യുഡിഎഫ് കരുതുന്നു. ഉമ്മൻ ചാണ്ടിയുൾപ്പെടെ ജോസ് കെ മാണിയെ അനുനയിപ്പിക്കാൻ ശ്രമം ഒരു വശത്ത് നടത്തുന്നുണ്ട്. അതിനിടയിലാണ് പിജെ ജോസഫിനെ യുഡിഎഫ് നേതാക്കൾ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്.

യുഡിഎഫിൽ ഒറ്റപ്പെട്ട ജോസ് പക്ഷം അവിശ്വാസം വന്നാൽ എൽഡിഎഫ് പിന്തുണ കാട്ടി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ജോസഫും പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP