Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരാണിക വ്യാപാര പാതയായ പട്ടുപാതയുടെ പുനർനിർമ്മാണത്തിലൂടെ ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെ തകർക്കൽ; ഗാൽവാൻ സംഘർഷം ചർച്ചയാക്കിയ ചൈനീസ് സിൽക് റോഡിന് അകാല ചരമമുണ്ടാകുമെന്ന് സൂചനകൾ; ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനു കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന; ഗൽവാനിലെ നുഴഞ്ഞു കയറ്റത്തിന് യഥാർത്ഥ കാരണം ഷി ചിൻ പിങിന്റെ നിരാശാ ബോധമോ?

പൗരാണിക വ്യാപാര പാതയായ പട്ടുപാതയുടെ പുനർനിർമ്മാണത്തിലൂടെ ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെ തകർക്കൽ; ഗാൽവാൻ സംഘർഷം ചർച്ചയാക്കിയ ചൈനീസ് സിൽക് റോഡിന് അകാല ചരമമുണ്ടാകുമെന്ന് സൂചനകൾ; ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനു കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന; ഗൽവാനിലെ നുഴഞ്ഞു കയറ്റത്തിന് യഥാർത്ഥ കാരണം ഷി ചിൻ പിങിന്റെ നിരാശാ ബോധമോ?

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: രാജ്യത്തിന്റെയും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും അഭിമാനവും അഭിലാഷവുമായ ശതകോടികളുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആർഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന. ഭാഗികമോ പ്രതികൂലമോ ആയി കോവിഡ് ഈ പദ്ധതികളെ ബാധിച്ചതായാണ് റിപ്പോർട്ട്. അഭിമാനപദ്ധതികളെ എതിർക്കുന്ന ഇന്ത്യയ്ക്ക് ഒളിയമ്പുമായി ചൈന നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സമാധാനത്തിനും വികസനത്തിനുമായുള്ള പദ്ധതികളെ എതിർക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞിരുന്നു. ഇത്തരത്തിൽ വളരെ പ്രതീക്ഷയോടെ ചൈന കണ്ട പദ്ധതികളാണ് താളം തെറ്റുന്നത്.

യൂറേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള, പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈന, ഭൂമി യിലൂടെയുള്ള സിൽക്ക് റോഡ് എക്കണോമിക് ബെൽറ്റ്, കടലിലൂടെയുള്ള മാരിടൈം സിൽക്ക് റോഡ് എന്നിവയിലെ, ബന്ധവും സഹകരണവും ആധാരമാക്കി ചൈന സർക്കാർ നിർദ്ദേശിച്ച ഒരു നിർമ്മാണപദ്ധതിയാണ് വൺ ബെൽറ്റ്, വൺ റോഡ് ഇനീഷ്യേറ്റീവ്, ബെൽറ്റ് ആൻഡ് റോഡ്, ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് എന്നും അറിയപ്പെടുന്ന, സിൽക്ക് റോഡ് എക്കണോമിക് ബെൽറ്റ്, 21ആം നൂറ്റാണ്ടിലെ മാരിടൈം സിൽക്ക് റോഡ്, എന്നിവ. ഇത് ഷി ചിൻ പിങിന്റെ സ്വപ്‌ന പദ്ധതികളായിരുന്നു. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടാകുന്നത്. ആഗോള സ്വാധീനം വർധിപ്പിക്കുന്നതിനായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരവും നിക്ഷേപവും ഉയർത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി

ബിആർഐയുടെ കീഴിലുള്ള ഈ പദ്ധതികളുടെ അഞ്ചിലൊന്നിനെ പകർച്ചവ്യാധി ഗുരുതരമായി ബാധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ രാജ്യാന്തര സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടർ ജനറൽ വാങ് സിയാലോങ് അഭിപ്രായപ്പെട്ടു. 40 ശതമാനം പദ്ധതികളെ മഹാമാരി പ്രതികൂലമായി ബാധിച്ചു, 30-40 ശതമാനം വരെ ഒരു പരിധിവരെയും ബാധിച്ചു വാങ് സിയാലോങ് പറഞ്ഞു. 2013ലാണ് ബിആർഐ ആരംഭിച്ചത്. തെക്കുകിഴക്കൻ ഏഷ്യ, മധ്യേഷ്യ, ഗൾഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടൽ പാതകളുമായി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനുള്ള ഗ്വാദർ തുറമുഖത്തെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) ബിആർഐയുടെ പ്രധാന ഭാഗമാണ്.

പദ്ധതികൾ പുനഃരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബിആർഐയുടെ ആദ്യ വിഡിയോ കോൺഫറൻസ് ചൈന നടത്തിയിരുന്നു. 60 ബില്യൻ യുഎസ് ഡോളറിന്റെ സിപിഇസി ഉൾപ്പെടെയുള്ള പദ്ധതികളാണു സ്തംഭനത്തിലായത്. മലേഷ്യ, ബംഗ്ലാദേശ്, ഇന്തൊനേഷ്യ, പാക്കിസ്ഥാൻ, കംബോഡിയ, ശ്രീലങ്ക എന്നിവയുൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങൾ അടുത്തകാലത്തു ചൈനീസ് ധനസഹായമുള്ള പദ്ധതികൾക്കു തടസ്സം നിൽക്കുന്നതായി സൂചനയുണ്ട്. 2013 ൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ച വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി (ഒബിഒആർ) പൗരാണിക വ്യാപാര പാതയായ പട്ടുപാത (സിൽക് റോഡ്) ഇതിന്റെ ഭാഗമായിരുന്നു. ചൈനയിൽ നിന്ന് ഏഷ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും പട്ട് കൊണ്ടുപോയിരുന്ന വഴികളിലൂടെ ആധുനിക വാണിജ്യമാർഗങ്ങൾ നിർമ്മിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഇന്ത്യയെ തകർക്കുകയാണ് ഇതിന്റെ യഥാർത്ഥ്യ ലക്ഷ്യം.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ വരുന്നതാണു പട്ടുപാത. 70 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയിൽവേയും ഊർജനിലയങ്ങളും തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും അടക്കം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് വൺ ബെൽറ്റ്, വൺ റോഡിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ വികസനമെത്തിച്ച് ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചൈനയുടെ ഈ പദ്ധതി. ശ്രീലങ്കയിലും മാലദ്വീപിലും നേപ്പാളിലും പാക്കിസ്ഥാനിലും ചൈന വികസനമെത്തിക്കുന്നതും ഇതിന് വേണ്ടി മാത്രമാണ്. ഈ പദ്ധതിയെയാണ് കൊറോണ തകർക്കുന്നത്.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യപടിഞ്ഞാറൻ പ്രവിശ്യകളുമായി വാണിജ്യ വ്യാവസായികബന്ധം ശക്തമാക്കാനും ഒബിഒആർ പദ്ധതി ലക്ഷ്യമിടുന്നു എന്നാണ് വയ്‌പ്പ്. എന്നാൽ ഈ പദ്ധതിയോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. വൺ റോഡ് ബെൽറ്റ്, വൺ റോഡ് പദ്ധതിയെ ഇന്ത്യ എതിർക്കുന്നത് ഗൗരവത്തോടെയാണ് ചൈന കാണുന്നത്. ഇത് വലിയ പ്രതികാരമായി മാറുകയും ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായ 5 പ്രധാന വാണിജ്യമാർഗങ്ങളിൽ ഒന്ന് (പാക്കിസ്ഥാൻ ചൈന സാമ്പത്തിക ഇടനാഴി) കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിന്റെ ഭാഗമായ ഗിൽജിത്ബാൾട്ടിസ്ഥാൻ പ്രദേശത്തു കൂടിയാണ്. ആ പ്രദേശത്തിനു മേലുള്ള ഇന്ത്യയുടെ അവകാശം അംഗീകരിക്കാതെ പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്ക് അധിനിവേശ കശ്മീരിന്റെ ഒരു ഭാഗം 1963 ൽ അവർ ചൈനയ്ക്കു കൈമാറിയിരുന്നു. 1962 ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത അക്സായി ചിന്നിനോടു ചേർന്നാണ് ഈ പ്രദേശം. നിലവിൽ ഇത് പാക് അധിനിവേശ പ്രദേശമാണ്. അതുകൊണ്ട് തന്നെ പദ്ധതിയിൽ ഇന്ത്യയ്ക്ക് ആശങ്കയും ഏറെയാണ്.

ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വൻനിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കൻതീരത്തെ ഹമ്പന്തോഡയിൽ 2010 ൽ ചൈന കൂറ്റൻ തുറമുഖം നിർമ്മിച്ചു. 2017 ൽ വൻനഷ്ടത്തിലായതിനെത്തുടർന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനം ചൈനീസ് കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകി. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയിൽ അവർ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്.

അബ്ദുല്ല യമീൻ അധികാരത്തിലെത്തിയതോടെയാണ് ചൈനയുമായി മാലദ്വീപ് അടുത്തത്. 2017 ൽ മാലദ്വീപ് ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു. ദ്വീപിൽ പുതിയ വിമാനത്താവളം ഉൾപ്പെടെ 17 വൻകിട പദ്ധതികളാണു ചൈന നടപ്പാക്കിയത്. 2018 ൽ ലക്ഷദ്വീപിനു സമീപത്തെ മാകുനുതു ദ്വീപിൽ സമുദ്ര നിരീക്ഷണ താവളം നിർമ്മിക്കാൻ ചൈനയെ അനുവദിച്ചു. 2018 ൽ യമീൻ സ്ഥാനഭ്രഷ്ടനായെങ്കിലും ചൈനയിൽ നിന്നു വൻതോതിൽ വായ്പയെടുത്ത മാലദ്വീപ് കടക്കെണിയിലാണ്. ദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 70 ശതമാനവും ചൈനയ്ക്കുള്ള വായ്പ തിരിച്ചടയ്ക്കാൻ വേണം.

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് വലിയ ഭീഷണി ചൈന ഉയർത്തുന്നു. അബാട്ടാബാദിനെയും ചൈനയിലെ സിൻജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന പാതയായ കാരക്കോറം ഹൈവേ നിർമ്മാണം അതിനിർണ്ണായകമാണ്. പദ്ധതിയുടെ സുരക്ഷയ്ക്കെന്നപേരിൽ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികർ എത്തിയിരുന്നു.

അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈന നിർമ്മിച്ച ഗ്വാദർ തുറമുഖവും ഇന്ത്യയ്ക്ക് ഭീഷണിയാണ്. 2017 ൽ ഒബിഒആർ പദ്ധതിയിൽ നേപ്പാളും ഒപ്പുവച്ചു. ടിബറ്റ് അതിർത്തിയിലെ കീറുങ് നഗരത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള രാജ്യാന്തര റെയിൽപാതയടക്കം വിവിധ നിക്ഷേപ പദ്ധതികൾ. ഇതിന് ശേഷമാണ് നേപ്പാൾ ഇന്ത്യയ്ക്കെതിരെ തിരിയുന്നത്. കാലാപാനി അടക്കമുള്ള തർക്കങ്ങൾക്ക് ഊർജ്ജം നൽകുന്നതും ചൈനയാണ്. അങ്ങനെ നേപ്പാളും ഇന്ത്യയുടെ ശത്രുപക്ഷത്തായി.

2016 മുതൽ ഒബിഒആർ പദ്ധതിയിൽ പങ്കാളിയാണ് ബംഗ്ലാദേശ്. തുറമുഖവികസനവും അതിവേഗപാതകളും ഉൾപ്പെടെ നിർമ്മാണ പദ്ധതികൾക്ക് ചൈന പണം മുടക്കുന്നു. ചൈന തന്നെയാണ് ബംഗ്ലാദേശിന് മുഖ്യമായും ആയുധങ്ങൾ നൽകുന്നതും. ബംഗാൾ ഉൾക്കടലിന്റെ സാമീപ്യം ബംഗ്ലാദേശിലെ ചൈനീസ് താൽപര്യത്തിന്റെ കാരണമാണ്. എന്നാൽ പദ്ധതി പൊളിഞ്ഞാൽ അത് ചൈനയുടെ മോഹങ്ങൾക്ക് ഏൽക്കുന്ന വലിയ തിരിച്ചടിയാകും.

ചൈനയ്ക്കു വേണ്ടപ്പെട്ടവനായിരുന്നു മഹിന്ദ രാജപക്‌സെ. മഹിന്ദയുടെ പത്തു വർഷത്തെ ഭരണത്തിനിടെയാണു ശ്രീലങ്ക ചൈനയോട് അടുക്കാനും ഇന്ത്യയോട് അകലാനുമുള്ള നയത്തിലേക്ക് ചാഞ്ഞുതുടങ്ങിയത്. ചൈനയോടുള്ള രാജപക്‌സെയുടെ അമിത വിധേയത്വവും പക്ഷപാതിത്വവും ശ്രീലങ്കയെ 3440 കോടി ഡോളറിന്റെ വിദേശ കടത്തിലാണ് എത്തിച്ചത്. ഹമ്പന്തോഡ മട്ടള രാജപക്‌സെ രാജ്യാന്തര വിമാനത്താവളം, ഹമ്പന്തോഡ തുറമുഖം ഉൾപ്പെടെ നിരവധി പദ്ധതികൾക്കാണ് ചൈനീസ് വായ്പയുടെ ബലത്തിൽ ലങ്ക തുടക്കമിട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഹമ്പന്തോഡ തുറമുഖം 2017 ലാണ് ശ്രീലങ്ക ചൈനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിൽ സ്ഥിതി ചെയ്യുന്ന ഹമ്പന്തോഡ തുറുമുഖം കൈമാറുന്നതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സിൽക്ക് റോഡ് (പട്ടുപാത) പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ 'വൺ ബെൽറ്റ്, വൺ റോഡ്' (ഒരു മേഖല, ഒരു പാത) നിക്ഷേപപദ്ധതി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ചൈന വിഴുങ്ങുമെന്നുമുള്ള യുഎസ് താക്കീത് ഹമ്പന്തോഡയിൽ അക്ഷരംപ്രതി ശരിയാകുകയായിരുന്നുവെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP