Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമി തർക്കത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പൊലീസിന്റെ വക ക്രൂര മർദ്ദനം; വ്യക്കയ്ക്കും മറ്റ്‌ ആന്തരികാവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടും ആരോടും ഒന്നും പറയാതിരുന്നത് പുറത്തു പറഞ്ഞാൽ ജീവനോടെ വെച്ചേക്കില്ലെന്ന ഭീഷണി ഭയന്ന്; ഓട്ടോ ഡ്രൈവർ കുമരേശന്റെ മരണത്തോടെ വീണ്ടും തമിഴ്‌നാട് പൊലീസ് പ്രതിക്കൂട്ടിൽ

ഭൂമി തർക്കത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പൊലീസിന്റെ വക ക്രൂര മർദ്ദനം; വ്യക്കയ്ക്കും മറ്റ്‌ ആന്തരികാവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടും ആരോടും ഒന്നും പറയാതിരുന്നത് പുറത്തു പറഞ്ഞാൽ ജീവനോടെ വെച്ചേക്കില്ലെന്ന ഭീഷണി ഭയന്ന്; ഓട്ടോ ഡ്രൈവർ കുമരേശന്റെ മരണത്തോടെ വീണ്ടും തമിഴ്‌നാട് പൊലീസ് പ്രതിക്കൂട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കസ്റ്റഡി മരണത്തിന്റെ പേരിൽ പ്രതിഷേധം ആളിക്കത്തവെ തമിഴ്‌നാട്ടിൽ വീണ്ടും പൊലീസിന്റെ ക്രൂരമർദ്ദനത്തെ തുടർന്ന് മരണം. പൊലീസിന്റെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞ കുമരേശൻ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്‌. തൂത്തുക്കുടിയിൽ അച്ഛനും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധം കത്തുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസിനെ പ്രതിക്കൂട്ടിലാക്കി മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യുന്നത്. കുമാരേശന് നീതി ആവശ്യപ്പെട്ട് ബന്ധക്കുൾ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ചന്ദ്രശേഖർ, കോൺസ്റ്റബിൾ കുമാർ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായിരുന്നു പൊലീസ് കുമരേശനെ. ഒരു ദിവസത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ വീട്ടുകാരോട് അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛർദ്ദിക്കാൻ തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് അവിടെ നിന്ന് തിരുനൽവേലിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യക്കയ്ക്കും മറ്റ്‌ ആന്തരികാവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന്‌ ഡോക്ടർമാർ അറിയിച്ചു. അപ്പോഴാണ് കുമരേശൻ സ്റ്റേഷനിൽ വച്ച് പൊലീസുകാർ ക്രൂരമായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. നടന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുമരേശൻ മരിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.

ഇതിനിടയിൽ തൂത്തുക്കുടിയിൽ അറസ്റ്റിലായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുകയാണ്. തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാരസ്ഥാപനം നടത്തുന്ന ജയരാമൻ (58), മകൻ ബെന്നിക്സ് (31) എന്നിവരാണ് മരിച്ചത്. മലദ്വാരത്തിൽ കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവർക്കെതിരെയുള്ള പൊലീസിന്റെ ക്രൂരത എന്നാണ് ആരോപണം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ലെന്ന കുറ്റത്തിനാണ് ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൂത്തുക്കുട‌ിക്ക് സമീപം സാത്താങ്കുളം എന്ന സ്ഥലത്താണ് സംഭവം. അച്ഛനെ പൊലീസ് പിടിച്ചതറിഞ്ഞാണ് മകൻ ബെന്നിക്‌സ് സ്റ്റേഷനിലെത്തിയത്. ഇതിനു പിന്നാലെ പൊലീസിനെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തി ബെന്നിക്‌സിനെയും പൊലീസ് കസ്റ്റഡ‍ിയിലെടുത്തു.

ഇരുവരെയും പ്രാകൃതവും ക്രൂരവുമായി മർദ്ദനത്തിനു വിധേയമാക്കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മർദ്ദനത്തിൽ ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തിൽ ഉൾപ്പെടെ മുറിവേൽപ്പിച്ചെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. രണ്ടു ദിവസത്തെ ക്രൂരപീഡനത്തിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് അച്ഛനെയും മകനെയും നേരിട്ട് കാണാൻ തയാറായില്ലെന്ന ആരോപണവുമായി ഹ്യൂമൺ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്.

റിമാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്തസ്രാവം കാരണം പല തവണ ജയരാജന്റേയും ബെന്നിക്‌സിന്റെയും വസ്ത്രങ്ങൾ മാറ്റിയെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.തിങ്കളാഴ് നെഞ്ചുവേദനയെ തുടർന്നാണ് ബെന്നിക്‌സിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കടുത്ത പനിയും ശ്വാസ തടസ്സവവും മൂലം ചൊവ്വാഴ്ച പുലർച്ചെയാണ് ജയരാജ് മരിച്ചത്. ഇരുവരുടെയും മരണത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളടച്ച് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാർച്ച് നടത്തി. മണിക്കൂറുകളോളം അവരവിടെ കുത്തിയിരുന്നു.

കസ്റ്റഡി മരണത്തിനെതിരെ ഡി.എം.കെ. ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. ഇതിനിടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിഷയത്തിൽ ഇടപെട്ടു. മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കുറ്റവാളികളായ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യമാണ് ബന്ധുക്കൾ മുന്നോട്ടുവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP