Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

33 ലക്ഷത്തിൽപ്പരം അംഗങ്ങൾ; പക്ഷേ വോട്ടു ചെയ്യാനാകുന്നത് പന്തീരായിരത്തോളം പേർക്ക് മാത്രം: നിഷ്പക്ഷ വോട്ടുകകൾ രണ്ടായിരത്തോളം; ബാക്കി മുഴുവൻ കള്ളവോട്ട്; ആനുപാതിക പ്രാതിനിധ്യത്തിന്റെ മറവിൽ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു; എസ്എൻഡിപി ജനറൽ സെക്രട്ടറി കസേരയിൽ 96 മുതൽ വെള്ളാപ്പള്ളി തുടരുന്നത് സൂത്രപ്പണിയിലൂടെ; മഹേശന്റെ ആത്മഹത്യയിൽ കണക്കിലെ കളികളും ചർച്ചയാകുമ്പോൾ

33 ലക്ഷത്തിൽപ്പരം അംഗങ്ങൾ; പക്ഷേ വോട്ടു ചെയ്യാനാകുന്നത് പന്തീരായിരത്തോളം പേർക്ക് മാത്രം: നിഷ്പക്ഷ വോട്ടുകകൾ രണ്ടായിരത്തോളം; ബാക്കി മുഴുവൻ കള്ളവോട്ട്; ആനുപാതിക പ്രാതിനിധ്യത്തിന്റെ മറവിൽ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു; എസ്എൻഡിപി ജനറൽ സെക്രട്ടറി കസേരയിൽ 96 മുതൽ വെള്ളാപ്പള്ളി തുടരുന്നത് സൂത്രപ്പണിയിലൂടെ; മഹേശന്റെ ആത്മഹത്യയിൽ കണക്കിലെ കളികളും ചർച്ചയാകുമ്പോൾ

ശ്രീലാൽ വാസുദേവൻ

കൊല്ലം: 1996 മുതൽ എങ്ങനെയാണ് വെള്ളാപ്പള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കസേരയിൽ തുടരുന്നത്? അയാൾ കള്ളനും കൊള്ളക്കാരനും അഴിമതിക്കാരനുമാണെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് എങ്ങനെ? പടുകുഴിയിൽ കിടന്ന എസ്എൻഡിപിയെ ഇന്നത്തെ വിലപേശൽ തന്ത്രത്തിന് ആളാക്കിയത് വെള്ളാപ്പള്ളിയല്ലേ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് നടേശൻ അനുകൂലികൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന്റെ യഥാർഥ ഉത്തരം ആർക്കും അറിയില്ല. അറിയാവുന്നവർ പുറത്തു പറയുന്നില്ല. അതു കൊണ്ടു തന്നെയാണ് വെള്ളാപ്പള്ളി എന്ന സമുദായ നേതാവിനെ മുന്നണികളും പാർട്ടികളും ഭയക്കുന്നത്. അയാളെ വെറുപ്പിച്ചാൽ ഈ സമുദായത്തിന്റെ വോട്ടുകൾ നഷ്ടമാകുമെന്ന് അവർ കരുതുന്നു.

എന്നാൽ, യാഥാർഥ്യം അതല്ല. ഒരു പാട് കള്ളക്കളികളിലൂടെയാണ് വെള്ളാപ്പള്ളി അധികാര കസേരയിൽ ചുരുണ്ടു കൂടുന്നത് എന്നാണ് എസ്എൻഡിപിയിലെ വിമതർ ആരോപിക്കുന്നത്. ഒരു കാലത്ത് മനസാക്ഷി സൂക്ഷിപ്പുകാരനും എസ്എൻഡിപി നേതാവുമായ കെ കെ മഹേശന്റെ ആത്മഹത്യയോടെ വെള്ളാപ്പള്ളി നടേശനെതിരായ നീക്കം വിമത പക്ഷം ശക്തമാക്കിയിരിക്കയാണ്. ശ്വാശ്വതീകാനന്ദയുടെ ദുരൂഹ മരണം അടക്കമുള്ള നിരവധി കേസുകളിൽ വെള്ളപ്പള്ളിക്കുനേരെ ഉയർന്ന ആരോപണങ്ങും ഇവർ ചർച്ചയാക്കുന്നുണ്ട്.

സുഭാഷ്വാസുവും, ഗോകുലം ഗോപാലനും അടക്കമുള്ള എസ്എൻഡിപി മുൻ നേതാക്കാൾ ഇക്കാര്യങ്ങളിലൊക്കെ നിയമപരമായ പോരാട്ടവും ശക്തമാക്കുകയാണ്.വിവിധ കാലങ്ങളിലായി വെള്ളാപ്പള്ളിക്കെതിരെ കലാപമുണ്ടാക്കി പുറത്ത് പോയവരെല്ലാം പ്രതിഷേധവുമായി രംഗത്താണ്. എസ്എൻഡിപി സംരക്ഷണ സമിതി, ശ്രീനാരായണ ധർമവേദി എന്നിവരെല്ലാം പ്രത്യക്ഷ സമരം തുടങ്ങിയിട്ടുണ്ട്.

എല്ലാം കണക്കിലെ കളികൾ

1903 ൽ അരുവിപ്പുറം ശ്രീ നാരായണ ധർമ പരിപാലന യോഗം എന്ന പേരിൽ സ്ഥാപിതമായ സമുദായ സംഘടനയ്ക്ക് അന്ന് തൊട്ടിന്നു വരെ 33 ലക്ഷത്തിൽപ്പരം അംഗങ്ങളുണ്ട്. ഇവരിൽ പലരും മരിച്ചു പോയി. ചിലർക്ക് നാലും അഞ്ചും സ്ഥലങ്ങളിൽ നിന്ന് ഒരേ പേരിൽ, വ്യത്യസ്ത മേൽവിലാസത്തിൽ അഞ്ചും ആറും അംഗത്വമുണ്ട്. എസ്എൻഡിപി യോഗം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഈ വോട്ടുകൾ എല്ലാം ഒരാൾ തന്നെ ചെയ്യുന്നു.ആനുപാതിക പ്രാതിനിധ്യം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 200 പേർക്ക് ഒരു വോട്ട് എന്നതാണ് കണക്ക്. അതായത് 200 സമുദായ അംഗങ്ങൾക്കായി ഒരു പ്രതിനിധി വോട്ട് രേഖപ്പെടുത്തും.

ഇങ്ങനെ വരുമ്പോൾ പന്തീരായിരത്തിൽപ്പരം വോട്ടുകളാണ് ആകെയുള്ളത്. ഇതിൽ ആറായിരത്തോളം വോട്ട് മാത്രമാണ് പോൾ ചെയ്യപ്പെടുക. ഇങ്ങനെ ചെയ്യുന്നതിൽ രണ്ടായിരത്തോളം മാത്രമാകും എതിർ കക്ഷികൾക്ക് ലഭിക്കുക. ബാക്കി വെള്ളാപ്പള്ളി പക്ഷം കള്ളവോട്ടാക്കി മാറ്റും. ഒരാൾ തന്നെ അഞ്ചും ആറും വോട്ട് ചെയ്യും. വോട്ടെടുപ്പിന് പ്രിസൈഡിങ് ഓഫീസർമാരായി ഇരിക്കുന്നത് എസ്എൻ ട്രസ്റ്റിന് കീഴിലുള്ള കോളജുകളിലെയും സ്‌കൂളുകളിലെയും അദ്ധ്യാപകരാണ്. ഇവർ കള്ളവോട്ടിന് മുന്നിൽ കണ്ണടയ്‌ക്കേണ്ടി വരും. വെള്ളാപ്പള്ളിക്കൊപ്പം നിന്നില്ലെങ്കിൽ പിന്നീട് പീഡനം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഭയന്നാണ് ഇത്. ഇക്കാര്യം ഇവർ പുറത്ത് പറയാനും മടിക്കുന്നു. ഇതാണ് വെള്ളാപ്പള്ളി സ്ഥിരമായി ജയിക്കുന്നതിന്റെ ടെക്ക്നിക്ക് എന്നാണ് എസ്എൻഡിപി വിമത പക്ഷം ആരോപിക്കുന്നത്.

ആനുപാതിക പ്രാതിനിധ്യത്തിന്റെ മറവിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് വെള്ളാപ്പള്ളി അധികാരത്തിൽ തുടരുന്നത്.1960 കളിൽ ഭരണത്തിൽ വന്നവർ അധികാരത്തിൽ തുടരാൻ വേണ്ടി കൊണ്ടുവന്ന തന്ത്രമായിരുന്നു ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ. അന്ന് 50 പേർക്ക് ഒരു വോട്ട് എന്ന നിലയിലായിരുന്നു. 1974 ആയപ്പോൾ അത് 100 പേർക്ക് ഒന്ന് എന്നായി. 1996 ൽ വെള്ളാപ്പള്ളി അധികാരത്തിൽ വന്നപ്പോഴാണ് 200 പേർക്ക് ഒന്ന് എന്ന നിലയിൽ പ്രാതിനിധ്യ വോട്ടിങ് പരിഷ്‌കരിച്ചിരിക്കുന്നത്.

ഈ രീതി നിയമവിരുദ്ധമാണെന്ന് കാണിച്ച് കഴിഞ്ഞ മാർച്ചിൽ കൊല്ലത്ത് നിന്ന് ഡി. രാജ്കുമാർ ഉണ്ണി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

'ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കും'

എതിർക്കുന്നവരെ ഇല്ലാതാക്കുന്ന വെള്ളാപ്പള്ളിയുടെ ക്രിമിനൽ ബുദ്ധിയെപ്പറ്റി കെ കെ മഹേശന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്്. അധികാരത്തിന്റെയും മണി പവറിന്റെയും ബലത്തിൽ എന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കമെന്നാണ് മഹേശൻ എഴുതിയത്. അല്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീർക്കും. ഗുണ്ടകളെ ഉപയോഗിച്ച് വെള്ളാപ്പള്ളി എതിരാളികളെ തീർക്കുന്ന കാര്യത്തിൽ പല കഥകളും മഹേശൻ ഉദ്ധരിക്കുന്നുണ്ട്. പണ്ടൊരു ലോക്കൽ നേതാവിനെ തീർക്കാൻ അങ്ങും തുഷാർജിയും അനിയൻ വക്കീലും അശോകനും ഞാനും കൂടി ഇരുന്നു പ്ലാനുകൾ തയ്യാറാക്കി. തുഷാർജിക്ക് കൂടി അതിൽ എതിർപ്പായിരുന്നു. ഒടുവിൽ ഫോട്ടോ തുഷാർജിയെ ഏൽപ്പിക്കാത്തതിനു അങ്ങ് എന്നോടു ചൂടായി. ഒടുവിൽ തുഷാർജി പറഞ്ഞത് ഫോട്ടോ തന്നെ എൽപ്പിച്ചോളൂ. ഞാൻ തന്നെ അത് വേണ്ടായെന്നു അച്ഛനെ പറഞ്ഞു മനസിലാക്കാം എന്നാണ്. അതുകൊണ്ട് ഈ ഗുണ്ടാ തന്ത്രം എനിക്കെതിരെയും പയറ്റാം. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന സ്‌പെഷ്യൽ ഓഫീസർ അങ്ങയുടെ കൂടെയുണ്ട്.

കൂടെയുണ്ടായിരുന്ന സത്യനെ തല്ലാൻ തുറവൂരിൽ ഉണ്ടായിരുന്ന മരിച്ചു പോയ അനീഷിനെ ചുമതലപ്പെടുത്തി. അത് നടന്നില്ല. യോഗം തിരഞ്ഞെടുപ്പിൽ എം.ബി.ശ്രീകുമാറിന്റെയും ഗോകുലം ഗോപാലന്റെയും ആളുകളെ നേരിടാൻ ആറു ടീം ഗുണ്ടകളെ ഏർപ്പാട് ചെയ്തയാൾ, വെട്ടൂരാനേയും ചെറിന്നൂയൂരിനേയും തല്ലാൻ ഏർപ്പാട് ചെയ്തയാൾ, ഓരോ വാർഷികത്തിനും അൻപത് ക്വട്ടേഷൻ ടീമിനെ നിരത്തുവാൻ ശക്തിയുള്ള അശോകൻ, അടൂരും ചെങ്ങന്നൂരും മാവേലിക്കരയുമൊക്കെ ആളെ അറേഞ്ച് ചെയ്യുന്ന അശോകൻ എന്റെ ശത്രുസ്ഥാനത്ത് നിൽക്കുമ്പോൾ എന്നെ വകവരുത്തുവാൻ എളുപ്പം. അതും ഞാൻ പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ കണിച്ചുകുളങ്ങരയിലും ഞങ്ങൾക്കെതിരെ ഗ്രൂപ്പുണ്ടാക്കി ഈ യൂണിയനിലും തമ്മിൽ തല്ലിക്കാം. എന്നിട്ട് എന്നെ ഒതുക്കാം. എന്തായാലും എന്റെ കാര്യത്തിൽ തീരുമാനമായി.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് രണ്ടു വിധമാകും. കേന്ദ്രവുമായി ഉടക്കിയതിനാൽ സർക്കാർ സ്വാധീനം ഉപയോഗിച്ച് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക. അങ്ങനെ എനിക്ക് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത രീതിയിൽ വല്ലാതെ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചാൽപരമാവധി ഞാൻ പിടിച്ചു നിൽക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ യോഗനേതൃത്വത്തിന്റെ നിലപാടുകൾ തിരുത്തുവാൻ ഞാൻ സ്വയം രക്തസാക്ഷിയാകും. അത് എന്ന് എവിടെവെച്ച് എന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. അശോകൻ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എന്നെ വകവരുത്താം. രണ്ടായാലും ഞാൻ മരിക്കുമെന്ന് ഉറപ്പാണ്. ഒരു കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്നു. ഒരു വിമത പക്ഷത്തും ഞാൻ പോകില്ല. അത് എന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.'- കെ കെ മഹേശൻ ആത്മഹ്യാക്കുറിപ്പിൽ പറയുന്നു.

ശ്വാശ്വതീകാനന്ദയുടെ മരണം വീണ്ടും ചർച്ചയാവുന്നു

ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരി ശാന്ത ആവശ്യപ്പെട്ടിട്ടുണ്ട്.'വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോൽ സ്ഥാനത്തുകൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. ജൂലൈ 1 ആകുമ്പോൾ ശാശ്വതീകാനന്ദസ്വാമികൾ മരിച്ചിട്ട് 18 വർഷമാകുകയാണ്. 18 വർഷമായിട്ട് ഇതിൽ ഒരു പുരോഗതിയുമില്ല. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. ഉയർന്ന ഏജൻസി തന്നെ അന്വേഷിക്കണം. ഇത് വെറുതെ വിടാൻ ഉദ്ദേശമില്ല. പിന്നാലെ വിടാതെ പിന്തുടരാൻ തന്നെയാണ് തീരുമാനം'',- ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറയുന്നു. ശിവഗിരി മഠം മുൻ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിത്തെക്കുറിച്ച് നേരത്തെതും പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും സർക്കാർ അന്വേഷണം കാര്യക്ഷമമായിരുന്നില്ല. വ്യവസായി ബിജുരമേശും,സുഭാഷ് വാസുവും , സ്വാമി പ്രകാശാനന്ദയുമെല്ലാം ഇക്കാര്യത്തിൽ മുമ്പും പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു.

ഈ കേസിൽ ക്രെംബ്രാഞ്ചിനു ബിജു രമേശ് നൽകിയ മൊഴി പുറത്തുവന്നത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി. ഇതു കഴിച്ച് അബോധാവസ്ഥയിലായ സ്വാമി വെള്ളത്തിൽ മുങ്ങിപ്പോയി. സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബുവാണെന്നും മൊഴിയിൽ പറയുന്നുണ്ട്. സ്വാമിയുടെ തലയിൽ ക്ഷതമേൽപ്പിച്ചിരുന്നു. ശാശ്വതീകാനന്ദയും വെള്ളാപ്പള്ളിയുമായി തർക്കമുണ്ടായിരുന്നുവെന്നും ബിജു പറയുന്നു. സൂക്ഷ്മാനന്ദയെയും സംശയമുണ്ട്. സാബു സൂക്ഷ്മാനന്ദയുടെ തണലിലാണു കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളി ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ മർദിച്ചുവെന്നും മൊഴിയിൽ പറയുന്നു.ശാശ്വതീകാനന്ദ കുളിക്കാൻ പോവുന്നതിന് മുമ്പ്് അദ്ദേഹത്തിന് ഇൻസുലിൻ ചേർത്ത പാൽ നിർബന്ധിച്ചാണു നൽകിയത്. തുടർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ സ്വാമിക്ക് വിറയൽ അനുഭവപ്പെടുകയും മുങ്ങി മരിക്കുകയുമായിരിക്കാം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയിൽ നിന്ന് സ്വാമിയുടെ സഹായി ആയിരുന്ന സാബുവിനെ ഒഴിവാക്കാൻ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് മൊഴിയിൽ ആരോപിച്ചിരുന്നു. എന്നാൽ ബിജു രമേശിൽ നിന്നെടുത്ത മൊഴിയിൽ നിർണായക തെളിവുകളില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ശാശ്വതീകാനന്ദയുടെ മൃതദേഹത്തിൽ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിച്ചപ്പോൾ ഉണ്ടായ മുറിവാണ് അതെന്നാണ് പൊതു സമൂഹത്തോട് വിശദീകരിച്ചത്. ശാശ്വതീകാനന്ദയുടെത് സ്വാഭാവികമരണമല്ല കൊലപാതകം തന്നെയെന്ന് സ്വാമി പ്രകാശാനന്ദ നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തെ കൊന്നു പുഴയിൽ തള്ളിയതാണെന്ന് അന്ന് ശിവഗിരി മഠം പ്രസിഡന്ററ് ആരോപിച്ചിരുന്നു. സ്വാമിയുടെ തലയിൽ ഇടിക്കട്ട കൊണ്ടു മർദ്ദിച്ച പാട് ഉണ്ടായിരുന്നതായും മൃതദേഹം തെരയുമ്പോൾ ഒരാൾ മറുകരയിലേക്ക് നീന്തുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. ഇതിലേക്കൊന്നും അന്വേഷണമെത്തിയില്ല. ഇതിന് പിന്നിൽ അട്ടിമറി നടന്നുവെന്നാണഅ എസ് എൻ ഡി പിയിലെ വിമതർ ആരോപിക്കുന്നത്.

വെള്ളാപ്പള്ളിക്കും മകനുമൊപ്പം സ്വാമി നടത്തിയ ഗൾഫ് യാത്രയ്ക്കിടെ ചിലതെല്ലാം സംഭവിച്ചുവെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്. അതേക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രകാശാനന്ദ തന്നെ പറഞ്ഞിരുന്നു. ഇതിന് സമാനമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം ബിജു രമേശും നടത്തിയത്. വിദ്യാസാഗറും സ്വാമിയുടെ മരണത്തിൽ ദുരൂഹത കാണുന്നുണ്ട്. യോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വേണമെന്ന് ശാശ്വതീകാനന്ദ നിർദ്ദേശിച്ചിരുന്നു. സുതാര്യതയില്ലെങ്കിൽ പ്രശ്നങ്ങളുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ശാശ്വതീകാനന്ദ മരിച്ച ദിവസം അദ്ദേഹത്തിന്റെ സഹായി സാബു വർക്കലയിലേക്ക് പോയതിൽ ദുരൂഹതമുണ്ട്. സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാത്തതും ദുരൂഹമാണെന്ന് വിദ്യാസാഗർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP