Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സക്കീർ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്; അത്തരം ഒരാൾക്കെതിരെ സസ്‌പെൻഷനല്ല വേണ്ടത്, കൂടുതൽ നടപടിയാണ്; പണ്ട് പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതും; ഇയാർക്ക് ഇതുവരെ തുണയായത് പാർട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ട്; തുറന്നടിച്ച് എംഎം ലോറൻസ്; സക്കീർ ഹുസൈനെ സസ്‌പെന്റ് ചെയ്തിട്ടും വിവാദം തീരുന്നില്ല; സിപിഎമ്മിൽ കളമശേരി ചർച്ച തുടരുമ്പോൾ

സക്കീർ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്; അത്തരം ഒരാൾക്കെതിരെ സസ്‌പെൻഷനല്ല വേണ്ടത്, കൂടുതൽ നടപടിയാണ്; പണ്ട് പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതും; ഇയാർക്ക് ഇതുവരെ തുണയായത് പാർട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ട്; തുറന്നടിച്ച് എംഎം ലോറൻസ്; സക്കീർ ഹുസൈനെ സസ്‌പെന്റ് ചെയ്തിട്ടും വിവാദം തീരുന്നില്ല; സിപിഎമ്മിൽ കളമശേരി ചർച്ച തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിപിഎം സസ്‌പെൻഡ് ചെയ്ത കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ രക്ഷിച്ച സാമ്പത്തിക കൂട്ടുകെട്ടിനെതിരെ മുതിർന്ന നേതാവ് എം എം ലോറൻസ് രംഗത്ത്. സക്കീർ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാൾക്കെതിരെ സസ്‌പെൻഷനല്ല വേണ്ടത്. കൂടുതൽ നടപടി വേണ്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിക്ക് നടപടി പോരെന്ന വിമർശം ലോറൻസ് പരസ്യമായി ഉന്നച്ചത്.പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ട് സക്കീറിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ്. സക്കീറിന് ഇതുവരെ തുണയായത് പാർട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും ലോറൻസ് തുറന്നടിച്ചു.

ഇതോടെ എറണാംകുളത്തെ സിപിഎമ്മിലെ വിഭാഗീയത മറനീക്കുകയാണ്. സക്കീറിൻെ ഈ രീതിയിൽ വളർത്തി വലുതാക്കിയത് ആരൊക്കെയാണ് എന്തുകൊണ്ടാണ് അവർക്കെതിരെ അന്വേഷണം ഉണ്ടാകുന്നില്ല തുടങ്ങിയ ചോദ്യങ്ങൾ അണികളുടെ ഭാഗത്തുനിന്നും വ്യാപകമായി അഭിപ്രായം ഉയർന്നിരുന്നു. ഇതോടെയാണ് രൂക്ഷമായ വിമർശനവുമായി എം എം ലോറൻസ് രംഗത്ത് എത്തിയത്. 'എളമരം കരീമിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പാർട്ടിയിലെ ചിലർ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയുണ്ട്. പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോ പാർട്ടിയിലുള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയത. സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തേതിന്റെ അടിസ്ഥാനം. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് തെളിയിച്ചിട്ടുമുണ്ട്'- എം എം ലോറൻസ് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ ആറ് മാസത്തേയ്ക്കാണ് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്

പുറത്താക്കിയതിന് പിന്നിലും സിപിഎം വിഭാഗീയത

മുതിർന്ന നേതാവ് എം എം ലോറൻസിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത് എറണാകുളത്തെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങൾ തന്നെയാണ്.ആദ്യഘട്ടത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി ചേർന്ന് സക്കീർ ഹുസൈനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും കൂടുതൽ ശക്തമായ നടപടി വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിക്കുകയായിരുന്നു. സക്കീർ ഹുസൈനെതിരെ വിശദമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ജില്ലാ കമ്മറ്റി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഇതിന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകാരം നൽകുകയുമായിരുന്നു. ഇതിന് പിന്നിൽ എറണാകുളത്തെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളും കാരണമായെന്നാണ് സൂചന.

എറണാകുളത്ത് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ നയിക്കുന്നത് പി രാജീവാണ്. രാജീവിന്റെ അതിവിശ്വസ്തനായിരുന്നു സക്കീർ ഹുസൈൻ. അതുകൊണ്ട് തന്നെ ആരോപണം പലതെത്തിയിട്ടും സക്കീർ ഹുസൈന് മാത്രം ഒന്നും സംഭവിച്ചില്ല. വി എസ് അച്യുതാനന്ദൻ പക്ഷത്തിന് അടിയുറച്ച വേരുകൾ എറണാകുളത്തുണ്ട്. ചന്ദ്രൻ പിള്ളയും എസ് ശർമ്മയും ഒരു ഘട്ടത്തിലും രാജീവുമായി സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാജീവിന് എറണാകുളത്ത് കരുക്കൾ നീക്കാൻ സക്കീർ ഹുസൈൻ ്അനിവാര്യതയായി. ഇതിനിടെയാണ് ചന്ദ്രൻ പിള്ളയുടെ മനസ്സ് മാറുന്നത്. പഴയ പ്രശ്‌നമെല്ലാം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സഹകരിക്കാൻ ചന്ദ്രൻ പിള്ള തയ്യാറായി. ഈ നീക്കത്തിന് പിന്നിൽ ചരട് വലിച്ചതും രാജീവായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജീവിന് എറാണാകുളത്ത് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ കൂടുതൽ കരുതലുകൾ എടുക്കാൻ രാജീവ് തീരുമാനിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സുരക്ഷിത മണ്ഡലം കണ്ടെത്തി മത്സരിക്കാനാണ് രാജീവിന്റെ തീരുമാനം. പി സ്വരാജ് തൃപ്പുണ്ണിത്തുറയിലെ എംഎൽഎയാണ്. സ്വരാജും മലപ്പുറത്തു നിന്നു വന്ന് എറാണുകളത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സ്വരാജും മുഖ്യമന്ത്രി പിണറായിയും നല്ല അടുപ്പത്തിലുമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് രാജീവ് എറണാകുളത്തെ വി എസ് പക്ഷത്തെ അടുപ്പിച്ചത്. ചന്ദ്രൻ പിള്ളയ്ക്ക് കൂടുതൽ പരിഗണന ഇനി സിപിഎം നേതൃത്വത്തിൽ നിന്നും ലഭിക്കും. ഈ ഫോർമുല അംഗീകരിച്ചാണ് ചന്ദ്രൻ പിള്ളയുടെ രാജീവ് പക്ഷത്തേക്കുള്ള വരവ്. ഇതോടെ എറണാകുളത്ത് സക്കീർ ഹുസൈന്റെ പിന്തുണ രാജീവിന് ആവശ്യമില്ലാതെയായി.

ചന്ദ്രൻപിള്ളയും എസ് ശർമ്മയുമായിരുന്നു ഒരു കാലത്ത് സിപിഎം രാഷ്ട്രീയത്തെ എറണാകുളത്ത് നിയന്ത്രിച്ചത്. എന്നാൽ വി എസ് പക്ഷത്തെ പിണറായി വെട്ടി നിരത്തിയതോടെ ഇരുവരും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പോലും പുറത്തായി. പതിയെ എറണാകുളത്തെ വിമത പക്ഷമായി മാറി. ദിനേശ് മണിയിലൂടെ പിണറായി എറണാകുളത്ത് പിടിമുറുക്കി. ജില്ലാ സെക്രട്ടറിയായി പി രാജീവ് എത്തിയതോടെ വി എസ് പക്ഷം തന്നെ ജില്ലയിൽ അപ്രസക്തമായി. സക്കീർ ഹൂസൈനെ കൂടെ നിർത്തി ജില്ലയിലെ ഘടങ്ങൾ എല്ലാം രാജീവ് അനുകൂലമാക്കി. പാർട്ടിയിലെ അവസാന വാക്കായി മാറുകയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവി.

സക്കീർ ഹുസൈൻ പല വിധ വിവാദങ്ങൾ കുടുങ്ങുന്നത് തനിക്ക് തിരിച്ചടിയാണെന്ന് രാജീവ് തിരിച്ചറിഞ്ഞു. വി എസ് അനുകൂലികളുമായി ഒരുമിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തി. ഇതോടെയാണ് ചന്ദ്രൻപിള്ളയുമായി അടുക്കാൻ ശ്രമിക്കുന്നത്. ചന്ദ്രൻ പിള്ളയും ഇത് അംഗീകരിച്ചു. ഇതോടെ രാജീവും ചന്ദ്രൻ പിള്ളയും ഒരുമിച്ചു. മുമ്പ് പലപ്പോഴും സക്കീർ ഹുസൈനെതിരായ ആരോപണങ്ങൾ ജില്ലാ കമ്മറ്റി തന്നെ തള്ളുകയായിരുന്നു പതിവ്. എന്നാൽ ചന്ദ്രൻ പിള്ളയും രാജീവും ഒരുമിച്ചപ്പോൾ പുതിയ അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മറ്റി പാസാക്കി. സംസ്ഥാന നേതൃത്വത്തിന് വിടുകയും ചെയ്തു. രാജീവ് കൂടി ഉൾപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനങ്ങൾ അംഗീകരിച്ചു. ഇതോടെ സക്കീർ ഹുസൈൻ സിപിഎമ്മിൽ തനിച്ചായത്.

പാർട്ടിയുടെ പൊന്മുട്ടയിടുന്ന താറാവ്

എറണാകുളം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. ശിവൻ നൽകിയ പരാതിയിലായിരുന്നു സംസ്ഥാന സമിതി അംഗം സി.എം. ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തുകയും ചെയ്തത്. കളമശേരിയിൽ സക്കീർ ഹുസൈൻ 86 ലക്ഷം രൂപയ്ക്കു വീടു വാങ്ങിയതായി പരാതിയിൽ ആരോപിച്ചിരുന്നത്.

മരിച്ച നിലയിൽ കണ്ടെത്തിയ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വി.എ. സിയാദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തായതോടെയാണ് സക്കീർ ഹുസൈൻ കുടുങ്ങിയത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്ം സക്കീർ ഹുസൈൻ. പി രാജീവിന്റെ വിശ്വസ്തൻ. ഏരിയ ഘടകങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അടിത്തറ വിപുലപ്പെടുത്തി സംഘടന സംവിധാനം കൂടുതൽ അച്ചടക്കമുള്ളതും ക്രിയാത്മകവുമാക്കുകയും ലക്ഷ്യമിട്ട് കളമശ്ശേരി ഏര്യാ കമ്മറ്റി വിഭജിച്ചാണ് ഗുണ്ടാക്കേസിൽ ജയിലിൽ കിടന്ന സക്കീർ ഹുസൈനെ സിപിഎം ഏര്യാ സെക്രട്ടറിയായി വീണ്ടും നിയോഗിച്ചത്.

ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് സക്കീർ ഹുസൈൻ മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിരുന്നു. സക്കീർ ഹുസൈന്റെ ഈ പെരുമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചതായാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വവും സക്കീർ ഹുസൈനെ ശാസിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റിയിലെ ചർച്ചകൾ. ആലുവ മുട്ടത്തുവെച്ച് തന്നെ തടഞ്ഞ പൊലീസുകാരനോട് 'ഞാൻ സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി' എന്നു പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബോധവത്ക്കരിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസുകാരൻ പറയുമ്പോൾ ഇങ്ങനെയല്ല ബോധവത്ക്കരിക്കേണ്ടതെന്നും സക്കീർ ഹുസൈൻ പറയുന്നുണ്ട്.എന്നാൽ, പൊലീസുകാരൻ തന്നെ വീഡിയോ എടുത്ത് അതിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാണെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു. പ്രളയ ഫണ്ട് അഴിമതിയിൽ ആത്മഹത്യ ചെയ്ത പാർട്ടി നേതാവും സക്കീർ ഹുസൈനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു.

താരതമ്യേന ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം കുറവായ ഏരിയ കമ്മിറ്റിയാണ് കളമശ്ശേരി. ഇക്കാര്യം കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ടെക്കികൾ കളമശ്ശേരി എസിയിലാണെങ്കിലും ഇവരെ ഏകോപിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. വിവിധ ആരോപണങ്ങളെ തുടർന്ന് മുമ്പും സക്കീർ ഹുസൈനെതിരെ നടപടി വന്നിരുന്നു. അന്ന് സക്കീർ ഹുസൈനെ മാറ്റിയതിന് പിന്നാലെ മുതിർന്ന പാർട്ടി അംഗം മോഹനനെ ഏരിയ സെക്രട്ടറിയായി പാർട്ടി തീരുമാനിച്ചുവെങ്കിലും ആരോഗ്യകാരണങ്ങളാൽ അദ്ദേഹം പിന്മാറി. ഇതോടെ ജോൺ ഫെർണാണ്ടസിന് ചുമതല കൊടുത്തു. പിന്നെ പതിയേ വീണ്ടും ഏര്യാ സെക്രട്ടറിയായവുകയായിരുന്നുഈ നേതാവാണ് ഇപ്പോൾ പ്രളയ ഫണ്ട് തട്ടിപ്പ് വിവാദത്തിലും ചർച്ചയായി മാറിയത്.

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ അകപ്പെട്ടതിന്റെ ക്ഷീണം മാറും മുൻപാണ് കളമശ്ശേരി സിപിഎം ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈൻ വീണ്ടും വാർത്തകളിലേക്ക് കടന്നുവരുന്നത്. കുസാറ്റ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ടതിന്റെ പേരിൽ കളമശ്ശേരി എസ്‌ഐ അമൃത രംഗനെ സക്കീർ ഹുസൈൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് ഗുണ്ടാ നേതാവിന്റെ രീതിയിൽ സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്ന സക്കീർ ഹുസൈന്റെ ചെയ്തികൾ വീണ്ടും പുറംലോകത്തിലേക്ക് എത്തിയത്. സിപിമ്മിന്റെ മാറുന്ന മുഖമായാണ് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വീക്ഷിക്കപ്പെടുന്നത്.

അധോലോകവും രാഷ്ട്രീയവും തമ്മിലുള്ള കൊച്ചിയിലെ കൈകോർക്കലിന്റെ പ്രത്യക്ഷ രൂപമാണ് സക്കീർ ഹുസൈൻ എന്നും ആരോപണമുണ്ട്. പണത്തിനു പണം, കയ്യൂക്കിനു കയ്യൂക്ക്. ഭീഷണിക്ക് ഭീഷണി, ഇതിന്നിടയിൽ പാർട്ടി പ്രവർത്തനവും. സിപിഎമ്മിൽ സക്കീർ ഹുസൈൻ വളർച്ചയുടെ പടവുകൾ താണ്ടിയത് ഈ ഗുണ്ടാ രീതിയിലാണ്. സക്കീർ ഹുസൈനെ ഭയപ്പെടുന്നതിലേറെ പാർട്ടിക്ക് പുറത്തുള്ളവരല്ല അകത്തുള്ളവരാണ് എന്ന് വരുമ്പോൾ പാർട്ടിക്ക് അകത്ത് സക്കീർ ഹുസൈന്റെ സ്വാധീന ശക്തിയുടെ അളവറിയാം. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ഏരിയ സെക്രട്ടറിയുടെ തനിനിറം പുറംലോകം അറിയുന്നത്.

വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതാണ് സക്കീറിന്റെ ഗുണ്ടാമുഖം ആദ്യമായി വെളിയിൽ കൊണ്ടുവന്നത്. സക്കീർ ഹുസൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായ നിലപാടിലേക്ക് വന്നതേയില്ല. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും അന്ന് വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP