Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതു തടഞ്ഞ് കേന്ദ്ര ബാങ്കിങ് റഗുലേഷൻ നിയമ ഭേദഗതി ഓർഡിനൻസ്; കേരളത്തിലെ ആയിരത്തി അഞ്ഞൂറോളം പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കും; ബാങ്കിന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾക്ക് ഇനി ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകളും നടത്താനാകില്ല

ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതു തടഞ്ഞ് കേന്ദ്ര ബാങ്കിങ് റഗുലേഷൻ നിയമ ഭേദഗതി ഓർഡിനൻസ്; കേരളത്തിലെ ആയിരത്തി അഞ്ഞൂറോളം പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കും; ബാങ്കിന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾക്ക് ഇനി ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകളും നടത്താനാകില്ല

സ്വന്തം ലേഖകൻ

കോഴിക്കോട്: ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സഹകരണ സ്ഥാപനങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതു തടഞ്ഞ് കേന്ദ്ര ബാങ്കിങ് റഗുലേഷൻ നിയമ ഭേദഗതി ഓർഡിനൻസ്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും (പാക്‌സ്) ബാങ്കിങ് ലൈസൻസ് ഇല്ലാത്ത സംഘങ്ങളും ബാങ്ക് എന്ന് ഉപയോഗിക്കുന്നതിനാണു വിലക്ക്. പ്രാഥമിക സംഘങ്ങൾക്കും ബാങ്കിങ് റഗുലേഷൻ നിയമം ബാധകമാക്കിയാണു ഭേദഗതി. കേരള ബാങ്ക്, അർബൻ ബാങ്കുകൾ, മലപ്പുറം ജില്ലാ ബാങ്ക് ഒഴികെയുള്ള സഹകരണ ബാങ്കുകൾ എന്നിവയ്ക്കു പേരിൽ നിന്നു 'ബാങ്ക്' ഒഴിവാക്കേണ്ടി വരും.

കേരളത്തിലെ ആയിരത്തി അഞ്ഞൂറോളം പ്രാഥമിക സഹകരണ സംഘങ്ങളെ ബാധിക്കും. സർവീസ് സഹകരണ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന ഇവയിൽ പലതും നൂറുകണക്കിനു കോടി രൂപയുടെ ഇടപാടുകളാണു നടത്തുന്നത്. നിലവിലെ ഇടപാടുകളെ ബാധിക്കില്ലെങ്കിലും പുതിയ ഇടപാടുകൾ തടസ്സപ്പെടും. ബാങ്കിന്റെ പരിധിയിൽ വരാത്ത സ്ഥാപനങ്ങൾക്ക് ഇനി ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകളും നടത്താനാകില്ല. പണം പിൻവലിക്കാൻ മറ്റു സംവിധാനങ്ങൾ ഒരുക്കണം

പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങളാണ് കേരളത്തിൽ പ്രാഥമിക സഹകരണ ബാങ്കുകളായി അറിയപ്പെടുന്നത്. ബാങ്കിങ് നിയന്ത്രണനിയമത്തിൽ 2012-ൽ ഭേദഗതി കൊണ്ടുവന്നപ്പോൾ സഹകരണസംഘങ്ങൾ റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പദം ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിനുപിന്നാലെ, ബാങ്കിങ് ബിസിനസ് ചെയ്യുന്ന സഹകരണസംഘങ്ങൾ മൂന്നുമാസത്തിനുള്ളിൽ ബാങ്കിങ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കണമെന്ന് റിസർവ് ബാങ്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തു.

കേരളത്തിൽനിന്ന് 17 പ്രാഥമിക സഹകരണ ബാങ്കുകളാണ് അപേക്ഷിച്ചത്. എന്നാൽ, ഇവയുടെ രജിസ്ട്രേഷൻ പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങളായതിനാൽ ബാങ്കിങ് ലൈസൻസ് വേണ്ടെന്ന് റിസർവ് ബാങ്ക് മറുപടിനൽകി. പക്ഷേ, അംഗങ്ങളിൽ നിന്നല്ലാതെ ഇടപാട് പാടില്ലെന്ന വ്യവസ്ഥ ഇത്തരം സംഘങ്ങൾക്കുണ്ടായിരുന്നു. വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ റിസർവ് ബാങ്ക് അംഗങ്ങളായി അംഗീകരിച്ചിരുന്നുള്ളൂ. എന്നാൽ, കേരള സഹകരണനിയമമനുസരിച്ച് വോട്ടവകാശമുള്ളതും ഇല്ലാത്തതുമായ എല്ലാവരെയും അംഗങ്ങളായി പരിഗണിക്കും.

റിസർവ് ബാങ്കിന്റെ നിർദ്ദേശം കേരളത്തിലെ സഹകരണ ബാങ്കുകളെ കാര്യമായി ബാധിച്ചില്ല. സഹകരണസ്ഥാപനങ്ങൾ സംസ്ഥാനനിയമത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇക്കാര്യത്തിൽ ഇടപെടാൻ റിസർവ് ബാങ്കിന് കഴിഞ്ഞിരുന്നുമില്ല. ഇതിനാണ് മാറ്റം വരുത്തുന്നത്. ഇതോടെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾ വലിയ പ്രതിസന്ധിയിലാകും. അംഗങ്ങളുമായി മാത്രമേ പണം ഇടപാട് നടത്താനാകൂവെന്ന നിലയിലേക്ക് കാര്യങ്ങളെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP