Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനം ഇറങ്ങുന്നവർക്ക് സൗകര്യങ്ങളുണ്ടെങ്കിൽ വീട്ടിലേക്ക് പോകാം; വീടുകളിൽ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ ഒന്നുകിൽ ഹോട്ടലിലോ ലോഡ്ജിലോ പണം നൽകി താമസിക്കാം; സാമ്പത്തിക പ്രശ്‌നമുള്ളവർക്ക് സർക്കാരിന്റ സൗജന്യ ക്വാറന്റൈൻ കേന്ദ്രങ്ങളും; കള്ളം പറഞ്ഞ് ഇവിടെ കിടന്നാൽ പിന്നെ പണിയും കിട്ടും; പറ്റിക്കുന്നവരിൽ നിന്ന് റവന്യൂ റിക്കവറി; കോറോണയിൽ കേരളത്തിന്റെ കരുതൽ തീർന്നു; ഉയരുന്നത് സമൂഹ വ്യാപന ഭീഷണി

വിമാനം ഇറങ്ങുന്നവർക്ക് സൗകര്യങ്ങളുണ്ടെങ്കിൽ വീട്ടിലേക്ക് പോകാം; വീടുകളിൽ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ ഒന്നുകിൽ ഹോട്ടലിലോ ലോഡ്ജിലോ പണം നൽകി താമസിക്കാം; സാമ്പത്തിക പ്രശ്‌നമുള്ളവർക്ക് സർക്കാരിന്റ സൗജന്യ ക്വാറന്റൈൻ കേന്ദ്രങ്ങളും; കള്ളം പറഞ്ഞ് ഇവിടെ കിടന്നാൽ പിന്നെ പണിയും കിട്ടും; പറ്റിക്കുന്നവരിൽ നിന്ന് റവന്യൂ റിക്കവറി; കോറോണയിൽ കേരളത്തിന്റെ കരുതൽ തീർന്നു; ഉയരുന്നത് സമൂഹ വ്യാപന ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളം പറഞ്ഞ് ക്വാറന്റൈൻ സംവിധാനം നേടിയാൽ ഇനി കുടുങ്ങും.. ഇല്ലാത്ത ദുരിതം പറഞ്ഞ് സൗജന്യം അനുഭവിച്ചാൽ റവന്യൂ റിക്കവറി നേരിടേണ്ടിവന്നേക്കാം. കാവിഡ് രോഗികളുടെ എണ്ണവും പ്രവാസികളുടെ വരവും കൂടിയതോടെ ക്വാറന്റൈൻ വ്യവസ്ഥകൾ കടുകട്ടിയാക്കുകയാണ്. ക്വാറന്റൈൻ സംവിധാനം ഇല്ലാത്തവർക്ക് മാത്രം സർക്കാർ സംവിധാനം എന്ന നിലയിലാണ് കാര്യങ്ങൾ. ബാക്കിയെല്ലാവരും വീട്ടിൽ പോകണം. ഇനി വീട്ടിലേക്ക് കെ എസ് ആർ ടി സി ബസിലെ യാത്രയും പ്രോത്സാഹിപ്പിക്കില്ല. രോഗ വ്യാപനം തടയാൻ വിമാന യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാൻ വാദിച്ച് കേരളം പരാജയപ്പെട്ടിരുന്നു. എന്നാൽ യാത്ര ചെയ്തു എത്തുന്നവരെ പാർപ്പിക്കാനുള്ള കരുതലുകളിൽ നിന്ന് സർക്കാർ പിന്മാറുകയാണ്.

വിമാനം ഇറങ്ങുന്നവർക്ക് സൗകര്യങ്ങളുണ്ടെങ്കിൽ ഇനി വീട്ടിലേക്ക് പോകാം. വീടുകളിൽ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ പ്രവാസികൾ വീട്ടിലേക്ക് പോകാൻ പാടില്ല. ഒന്നുകിൽ ഹോട്ടലിലോ ലോഡ്ജിലോ പണം നൽകി താമസിക്കാം. സാമ്പത്തികപ്രശ്‌നമുള്ളവർക്ക് സർക്കാരിന്റ സൗജന്യ ക്വാറന്റൈൻ കേന്ദ്രങ്ങളാണ് രണ്ടാമത്തേത്. നാട്ടിലേക്ക് മടങ്ങാൻ കോവിഡ് ജാഗ്രതാപോർട്ടലിൽ പാസിന് അപേക്ഷിക്കുമ്പോൾത്തന്നെ ഏതുതരം ക്വാറന്റൈൻ വേണമെന്ന് രേഖപ്പെടുത്തണം. ഈ വിശദാംശങ്ങൾ അതത് ജില്ലയിലെ ജാഗ്രതാ കൺട്രോൾറൂമിലും തദ്ദേശ സ്ഥാപനങ്ങളിലും ലഭിക്കും. അങ്ങനെ വിമാനത്തിലും തീവണ്ടിയിലും എത്തുന്നവരെ സ്വതന്ത്രമായി വിടുകയാണ് സർക്കാർ.

വിമാനമിറങ്ങിയാൽ ക്വാറന്റൈൻ വിവരങ്ങൾ കൗണ്ടറിൽ അറിയിച്ചും പി.പി.ഇ. കിറ്റ് മാറ്റിയും യാത്ര തുടങ്ങാം. ബസ് സൗകര്യം ഉണ്ടാകും. വീടുകളിൽനിന്നെത്തിക്കുന്ന സ്വകാര്യവാഹനങ്ങൾ സ്വയം ഓടിച്ചും പോകാം. സ്വാകാര്യ വാഹനങ്ങളിലെ ഡ്രൈവറും ക്വാറന്റീനിൽ കഴിയണം. രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ വിശദപരിശോധനയ്ക്ക് അയക്കും. ടാക്‌സികളും കിട്ടും. വീട്ടിലെ സൗകര്യങ്ങളെപ്പറ്റി ആരോഗ്യ, തദ്ദേശ വകുപ്പുകൾ റിപ്പോർട്ട് നൽകും. പെയ്ഡ് ക്വാറന്റീനിൽ പോകുന്നർക്ക് സർക്കാരിന്റെ നിരീക്ഷണമേ ഉണ്ടാകൂ, സൗജന്യങ്ങളൊന്നുമില്ല. ഹോട്ടലിലോ ലോഡ്ജിലോ പോകാൻ പണമില്ലാത്തവരുടെ കാര്യത്തിലാണ് കൂടുതൽ പരിശോധന. തദ്ദേശസെക്രട്ടറിയും ഹെൽത്ത് ഇൻസ്‌പെക്ടർമാരും നൽകുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറുടെ തുടരന്വേഷണവുമുണ്ട്. ഇതും അനുകൂലമായാലേ സൗജന്യ ക്വാറന്റൈൻ കിട്ടൂ.

ഭക്ഷണവും താമസവുമൊക്കെ സർക്കാർ വകയാണ്. താമസിക്കുന്നയാൾ തെറ്റായ വിവരങ്ങൾ നൽകിയാണ് സൗജന്യം നേടിയതെങ്കിൽ ഇയാളിൽനിന്ന് ചെലവ് ഈടാക്കും. ഇതിന് റവന്യൂ റിക്കവറി നടത്തുന്നതും ആലോചനയുണ്ട്. സർക്കാരിന്റെ ഖജനാവ് കാലിയായതാണ് ഇതിനെല്ലാം കാരണം. പ്ലാൻ ഫണ്ടിൽ നിന്ന് പണം ചെലവാക്കാൻ തദ്ദേശ സ്ഥാപനങ്ങളും പരിമിതി അറിയിച്ചു. ഇതോടെയാണ് ക്വാറന്റീനിലെ തള്ളുകൾ പൊളിയുന്നത്. കോവിഡ് വാളണ്ടിയർമാരും പ്രഖ്യാപനത്തിൽ മാത്രമായി. അങ്ങനെ കോവിഡിലെ കരുതലുകളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുകയാണ്. ഇത് സമൂഹ വ്യാപന സാധ്യത കൂട്ടും.

രോഗ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികളാണ് ഏറെയും. അതുകൊണ്ട് തന്നെ വിമാനത്തിൽ നിന്ന് വന്നെത്തി രോഗ ലക്ഷണം കാണിക്കാത്ത ആളുകൾ സമൂഹത്തിലേക്ക് ഇറങ്ങി ഇടപെടാൻ സാധ്യതയുണ്ട്. വീട്ടുകാരിലേക്കും വേഗത്തിൽ വൈറസ് വ്യാപനമെത്തും. ഇത് ഗുരുതര പ്രതിസന്ധിയായി മാറും. അതുകൊണ്ട് വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്. എന്നാൽ ദൈനംദിന പ്രവർത്തനത്തിന് പോലും കടപ്പത്രം ഇറക്കുന്ന സർക്കാരിന് ക്വാറന്റൈൻ കേന്ദ്രങ്ങൾ നടത്താൻ കഴിയില്ലെന്നതാണ് വസ്തുത. ഇതുകൊണ്ടാണ് പിന്മാറ്റം.

കേരളത്തിൽ ഇന്നലെ 195 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള 47 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 15 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 14 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 12 പേർക്കും, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 11 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 6 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാൻ- 8, ഖത്തർ- 6, ബഹറിൻ- 5, കസാക്കിസ്ഥാൻ- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. തമിഴ്‌നാട്- 19, ഡൽഹി- 13, മഹാരാഷ്ട്ര- 11, കർണാടക- 10, പശ്ചിമബംഗാൾ- 3, മധ്യപ്രദേശ്- 3, തെലുങ്കാന- 1, ആന്ധ്രാപ്രദേശ്- 1, ജമ്മുകാശ്മീർ- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ക്വാറന്റൈൻ കേന്ദ്രങ്ങൾ ഇല്ലാതാകുമ്പോൾ പ്രവാസികൾ കൂടുതലായി വീട്ടിൽ പോകും. ഇത് സമൂഹ വ്യാപനത്തിന്റെ സാധ്യതയും കൂട്ടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,65,515 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2463 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. അതേസമയം പരിശോധനയും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6166 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,15,243 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇതിൽ 4032 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 44,129 സാമ്പിളുകൾ ശേഖരിച്ചതിൽ 42,411 സാമ്പിളുകൾ നെഗറ്റീവ് ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP