Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലഡാക്കിലെ അതിർത്തി സംഘർഷത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞത് പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിനെ തൊഴുത് നിൽക്കുന്ന ചിത്രം; ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ച വ്യാജ ചിത്രം പങ്കുവച്ചവരിൽ കോൺഗ്രസ് വക്താവും; കർണാടകയിലെ വനിതാ മേയറെ തൊഴുന്ന പ്രധാനമന്ത്രിമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയത് ഷിൻ ജിൻപിങിനെ കൈകൂപ്പുന്ന രീതിയിൽ; പ്രചരിക്കുന്ന വ്യാജ ചിത്രത്തിന്റെ വസ്തുത ഇതാണ്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇന്ത്യ -ചൈന സംഘർഷം കനത്തതോടെ യുദ്ധസമാനമായിരുന്നു അതിർത്തിയിലെ സാഹചര്യങ്ങൾ. 20 ഇന്ത്യൻ സൈനികരുടെ മരണത്തിൽ മറുപടി നൽകിയില്ല എന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിയത്.

ഇതിന് പിന്നാലെ മോദി വരുദ്ധ പ്രചരണങ്ങളും അരങ്ങേറിയിരുന്നു. അത്തരത്തിൽ വ്യാപകമായി പ്രചരിച്ച ചിത്രമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെ കൈകൂപ്പി താണുവണങ്ങുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം. ലളിതമായ ഫോട്ടോഷോപ്പിലൂടെ ആരോ ഒപ്പിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. എന്നാൽ ഈ ചിത്രം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ഇന്ത്യ-ചൈന സേനകൾ തമ്മിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയുണ്ടായി. ചൈനയ്ക്ക് 20 ൽ താഴെ സൈനികരെ നഷ്ടമായിട്ടുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ പുതിയ വെളിപ്പെടുത്തൽ.

രാഷ്ട്രീയമായ പരിഹാസങ്ങൾക്ക് വേണ്ടിയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രധാനമായും ട്വിറ്ററിൽ പ്രചരിക്കപ്പെടുന്നത്. 'പ്രധാനമന്ത്രി മോദി ഈ ചിത്രം യാഥാർത്ഥ്യമാക്കി' എന്ന അടിക്കുറിപ്പോടെയാണ് കോൺഗ്രസ് വക്താവ് ദേവാഷിഷ് ജരാരിയ ഈ ചിത്രം ട്വീറ്റ് ചെയ്തത്. എന്നാൽ കോൺഗ്രസ് നേതാവിന്റെ പരിഹാസ ട്വിറ്റിന് പിന്നാലെ ചിത്രത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തുകയായിരുന്നു.

രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ അരങ്ങേറിയ ചിത്രങ്ങളാണ് സംയോജിപ്പിച്ച് ഒന്നാക്കി മാറ്റിയത്. അതിൽ ഒന്നിൽ ഒന്ന് 2019 ൽ മാമല്ലപുത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങും തമ്മിൽ കണ്ടുമുട്ടിയപ്പോഴെടുത്ത ഒരു ചിത്രമാണ്. വാർത്താ ഏജൻസിയായ പിടിഐയിലും വിവിധ മാധ്യമങ്ങളിലും ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംവദിക്കുന്നതിന്റെ ദൃശ്യമാണുള്ളത്. സുരക്ഷാ ജീവനക്കാരും ഇരുവർക്കൊപ്പമുണ്ട്.

മറ്റൊരു ചിത്രം 2014 ൽ എടുത്തതാണ് കർണാടകയിലെ തുംകൂറിൽ ഒരു ഫുഡ്കോർട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ തുംകൂർ മേയർ ഗീത രുദ്രേഷിനെ അദ്ദേഹം അഭിവാദനം ചെയ്യുന്ന ചിത്രമാണത്. ഈ ചിത്രത്തിലെ മോദിയുടെ ഭാഗം മാത്രം മുറിച്ചെടുത്ത് ഷി ജിൻപിങിന്റെ ചിത്രത്തിൽ ചേർക്കുകയായിരുന്നു. തുംകൂർ മേയറുടെ കൂടെയുള്ള ചിത്രം മുമ്പും തെറ്റായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് ചെയർപേഴ്സൺ ഗൗതം അദാനിയുടെ ഭാര്യ പ്രിതി അദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വണങ്ങുന്നു എന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP