Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും കോവിഡിലെ ഭീതി കേന്ദ്രങ്ങൾ; തെലങ്കാനയും ഗുജറാത്തും ഉത്തർപ്രദേശും ആന്ധ്രയും ബംഗാളും നീങ്ങുന്നത് ഭീതിയുടെ വൈറസ് വ്യാപന തോതിലേക്ക്; ലോക് ഡൗൺ ഇളവുകളും യാത്രകളും കൂടുമ്പോൾ രോഗ ബാധിതരുടെ എണ്ണവും കൂടുന്നു; ശനിയാഴ്ച കണ്ടെത്തിയത് 20,132 പുതിയ രോഗികളെ; ഇന്ത്യയും കോവിഡിൽ തളരുന്നു; ആശ്വാസം രോഗമുക്തി നിരക്ക് കൂടുന്നത് മാത്രം; മഹാമാരിയെ പിടിച്ചു കെട്ടാൻ ഇനി ഡെക്‌സമെത്തസോണും

മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടും കോവിഡിലെ ഭീതി കേന്ദ്രങ്ങൾ; തെലങ്കാനയും ഗുജറാത്തും ഉത്തർപ്രദേശും ആന്ധ്രയും ബംഗാളും നീങ്ങുന്നത് ഭീതിയുടെ വൈറസ് വ്യാപന തോതിലേക്ക്; ലോക് ഡൗൺ ഇളവുകളും യാത്രകളും കൂടുമ്പോൾ രോഗ ബാധിതരുടെ എണ്ണവും കൂടുന്നു; ശനിയാഴ്ച കണ്ടെത്തിയത് 20,132 പുതിയ രോഗികളെ; ഇന്ത്യയും കോവിഡിൽ തളരുന്നു; ആശ്വാസം രോഗമുക്തി നിരക്ക് കൂടുന്നത് മാത്രം; മഹാമാരിയെ പിടിച്ചു കെട്ടാൻ ഇനി ഡെക്‌സമെത്തസോണും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഇന്ത്യ കോവിഡിൽ കുതിക്കുകയാണ്. മഹാരാഷ്ട്രയും ഡൽഹിയും തമിഴ്‌നാടുമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് കോവിഡ് രോഗികളിൽ 85.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം. 87% മരണവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. തെലങ്കാന, ഗുജറാത്ത്, യുപി, ആന്ധ്രപ്രദേശ്, ബംഗാൾ എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. നിലവിൽ 5 ലക്ഷത്തിലേറെ രോഗികളാണ് രാജ്യത്തുള്ളത്. 15,865 മരണവും. കോവിഡ് നേരിടാനുള്ള മന്ത്രിതല ഗ്രൂപ്പിനെ അറിയിച്ചതാണിത്. ലോക് ഡൗൺ ഇളവുകൾ കൂടുമ്പോൾ രോഗികളും കൂടുന്നു. യാത്രയിലൂടെ എല്ലായിടത്തും വ്യാപനം കൂടുകയാണ്. വിദേശത്ത് നിന്ന് എത്തുന്നവരിലൂടേയും വൈറസ് രാജ്യത്ത് എത്തുന്നു.

പ്രതിദിനം ഇരുപതിനായിരം രോഗികൾ പുതുതായി രാജ്യത്തുണ്ടാകുന്നു. 20,132 രോഗികളാണ് ഇന്നലെ പുതുതായി ഉണ്ടായത്. 14,229 പേർക്ക് രോഗമുക്തിയുണ്ടായത് മാത്രമാണ് ആശ്വാസം. 5,29,577 പേർക്ക് രോഗമുണ്ടായപ്പോൾ 3,10,146 പേർക്ക് രോഗമുക്തി. 2,03,272 ഇപ്പോഴും ചികിൽസയിൽ. 16,103 പേർ മരിച്ചു. ലോകത്ത് കോവിഡ് കണക്കിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. ഈ കണക്കിൽ മുമ്പോട്ട് പോയാൽ റഷ്യയേയും ഇന്ത്യ ഉടൻ പിന്തള്ളും. ആറു ദിവസം കൊണ്ട് രാജ്യത്ത് ഒരു ലക്ഷം രോഗികൾ ഉണ്ടായി. ഇതിന് കാരണം ടെസ്റ്റുകളുടെ എണ്ണം കൂടിയതു കൊണ്ടാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.

വിവിധ സംസ്ഥാനങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ 15 വിദഗ്ധ സംഘങ്ങൾ പ്രശ്‌നബാധിത സംസ്ഥാനങ്ങളെ സഹായിക്കുന്നുണ്ട്. പ്രതിദിനം 2,20,479 സാംപിളുകൾ പരിശോധിക്കുന്നു. 741 സർക്കാർ ലാബുകൾ ഉൾപ്പെടെ 1026 ലാബുകൾ കോവിഡിനു വേണ്ടി മാത്രമായി മാറ്റിവച്ചിട്ടുണ്ട്. 1039 കോവിഡ് ആശുപത്രികളിലായി 1,76,275 ഐസലേഷൻ കിടക്കകളും 22,940 ഐസിയു കിടക്കകളും 7,72,768 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകളുമുണ്ട്. ഇതിനു പുറമേ, 2398 കോവിഡ് ഹെൽത്ത് സെന്ററുകളിൽ 1,38,483 ഐസലേഷൻ കിടക്കകൾ, 11,539 ഐസിയു കിടക്കകൾ, 51,321 ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ എന്നിവയുമുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഇതുവരെ 185.18 ലക്ഷം എൻ95 മാസ്‌കുകളും 116.74 ലക്ഷം പിപിഇ കിറ്റുകളും നൽകി.

അതിനിടെ ശ്വാസകോശ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഡെക്‌സമെത്തസോൺ എന്ന മരുന്നു കൂടി കോവിഡ് ചികിത്സയിൽ ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ചികിത്സാ പ്രോട്ടോക്കോൾ പുതുക്കി. ഗുരുതരമായ കേസുകളിൽ ഉപയോഗിക്കുന്ന മീഥൈൽ പ്രെഡ്‌നിസോളോനു പകരമായാണ് ഡെക്‌സമെത്തസോൺ ഉൾപ്പെടുത്തിയത്. ആന്റിവൈറൽ മരുന്നായ റെംഡെസ്വിർ, ടോസിലിസുമാബ് എന്നിവ ചികിത്സാ പ്രോട്ടോക്കോളിൽ നേരത്തേ ഉൾപ്പെടുത്തിയിരുന്നു. തുടക്കത്തിലുള്ള ചികിത്സയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിനും ഉപയോഗിക്കാൻ അനുവദിച്ചിരുന്നു.

ബ്രിട്ടനിൽ ഡെക്‌സമെത്തോൺ വിജയകരമായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വെന്റിലേറ്ററിലുള്ളവരിൽ മരണനിരക്ക് മൂന്നിലൊന്നായും ഓക്‌സിജൻ മാത്രം നൽകിയിരുന്നവരിൽ അഞ്ചിലൊന്നായും കുറഞ്ഞു.

രോഗമുക്തി നിരക്ക് 58 ശതമാനം

മഹാരാഷ്ട്ര (1.53 ലക്ഷം കോവിഡ് ബാധിതർ, 7,106 മരണം), ഡൽഹി (77,240 കോവിഡ് ബാധിതർ, 2,492 മരണം), തമിഴ്‌നാട് ( 74,622 കോവിഡ് ബാധിതർ, 957 മരണം) എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങൾ. അതേസമയം ഗുജറാത്തിൽ 30,000, ഉത്തർപ്രദേശിൽ 20,000 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണം. രാജ്യത്ത് അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് കോവിഡ് ബാധിച്ചു. നിലവിൽ 1.98 ലക്ഷം ആളുകളാണ് ചികിത്സയിലുള്ളത്. 15,685 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

രോഗമുക്തരാകുന്നവരുടെ നിരക്ക് 58 ശതമാനമാണ്. മരണ നിരക്ക് മൂന്ന് ശതമാനത്തിനടുത്തും. മരണ നിരക്ക് രാജ്യത്ത് വളരെ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.2 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 80 ലക്ഷമായി.

തമിഴ്‌നാട് ഭീതിയിൽ

തമിഴ്‌നാട്ടിൽ രോഗ വ്യാപനം ഇരട്ടിയിലേക്ക് മാറുകയാണ്. ഇന്നലെ തമിഴ്‌നാട്ടിൽ 3,713 പേർക്കു കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. 68 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,335 ആയിട്ടുണ്ട്. കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 1,025 ആയതായും സംസ്ഥാനത്ത ആക്ടീവ് കേസുകളുടെ എണ്ണം 33,213 ആണെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ച 3,713 പേരിൽ 3,624 പേരും സംസ്ഥാനത്തു തന്നെയുള്ളവരാണ്. മറ്റുള്ളവർ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. സമൂഹ വ്യാപനത്തിന്റെ സൂചനയാണ് ഈ കണക്കുളിലുള്ളത്. ഇത് തന്നെയാണ് തമിഴ്‌നാടിനെ ഭയപ്പെടുത്തുന്നത്. ഇനിയും രോഗികൾ കൂടുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്നലെ മാത്രം 34,805 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ വരെ ആകെ 10,77,454 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്

ബംഗളൂരുവും ഭീതിയിൽ

കർണ്ണാടകയും ഭീതിയിസാണ്. വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അതിനിടെ, കർണാടകയിൽ 'ഞായറാഴ്ച ലോക്ക് ഡൗൺ' പുനഃസ്ഥാപിച്ചു. കർണാടകത്തിലെ കോവിഡ് സ്ഥിതിഗതികൾ വഷളാകുന്നുവെന്ന് സൂചന. 918 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ബെംഗളുരുവിൽ മാത്രം 596 പേർക്ക് കോവിഡ് ബാധ കണ്ടെത്തി.

ഇതോടെ ബെംഗളുരുവിൽ മാത്രം ചികിത്സയിൽ കഴിയുന്നവർ 1,913 ആയി. ആരോഗ്യ പ്രവർത്തകർ, പൊലീസ്‌കാർ, ബസ് ജീവനക്കാർ തുടങ്ങിയവരിലൊക്കെ കോവിഡ് ബാധ കണ്ടെത്തുകയാണ്. 7500 കോവിഡ് പരിശോധനകൾ ബെംഗളുരുവിൽ നടത്താൻ തുടങ്ങി ആദ്യ ഫലമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.

ബെംഗളുരു ഒഴിച്ചുള്ള മറ്റു ജില്ലകളിൽ 50ൽ താഴെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം. ബെംഗളുരുവിൽ ഉൾപ്പെടെ സംസ്ഥാനത്ത് 11 കോവിഡ് മരണങ്ങൾ ഇന്ന് റിപ്പോർട്ടുചെയ്തു. ഇതോടെ മരണ സംഖ്യ 191 ആയി. ഇന്ന് 371 പേർ രോഗമുക്തി നേടി. നിലവിൽ 4,441 പേരാണ് ചികിത്സ തുടരുന്നത്. 12,547 കോവിഡ് പരിശോധനകൾ ഇന്ന് നെഗറ്റീവ് ആയി. 13,577 പുതിയ സാമ്പിളുകൾ ഇന്ന് ശേഖരിച്ചു. വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

മഹാരാഷ്ട്രയിൽ വ്യാപനം അതിശക്തം

മഹാരാഷ്ട്രയിൽ ശനിയാഴ്ച 5,318 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുദിവസം റിപ്പോർട്ടു ചെയ്യപ്പെടുന്ന കേസുകൾ ഏറ്റവും ഉയർന്ന ദിവസമാണിന്ന്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,59,133 അയി. 167 മരണംകൂടി ഇന്ന് റിപ്പോർട്ടു ചെയ്യപ്പെട്ടതോടെ ആകെ മരണം 7273 ആയി. 4430 പേർ ശനിയാഴ്ച രോഗമുക്തരായി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 84,245 ആയി.

മുംബൈയിൽ മാത്രം 1460 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേർ മരിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 73,747 ഉം ആകെ മരണം 4242 ഉം ആയി. 27,134 ആക്ടീവ് കേസുകളാണ് മുംബൈയിൽ. അതിനിടെ, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്രസംഘം ശനിയാഴ്ച താനെ ജില്ലയിൽ സന്ദർശനം നടത്തി. മരണനിരക്ക് കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതർക്ക് കേന്ദ്രസംഘം നിർദ്ദേശം നൽകി. താനെയിൽ മാത്രം 27,479 കേസുകളാണ് ഉള്ളത്.

മഹാരാഷ്ട്രയിലെ ഒരു കോൺഗ്രസ് എംഎൽഎയ്ക്കും ബിജെപി എംഎൽസിക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനെ ജില്ലയിൽനിന്നുള്ള ബിജെപിയുടെ എംഎൽസി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP