Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപരോധമെന്ന ഉമ്മാക്കി കാട്ടി അമേരിക്ക പേടിപ്പിച്ചെങ്കിലും ചൈനയോട് മല്ലിടാൻ വരും ഈ ഗെയിം ചേഞ്ചർ; 40 മുതൽ 400 കിലോമീറ്റർ വരെ പാഞ്ഞ് ക്രൂസിനെയും ബാലിസ്റ്റിക്കിനെയും വെടിവച്ചിടുന്ന എസ്-400 മിസൈൽ സംവിധാനം; സുഖോയ് എംകെഐയും സുഖോയ്-57ഉം മിഗ് 29ഉം റഡാറുകളെ കബളിപ്പിക്കുന്ന മിടുമിടുക്കർ; ശത്രുവിമാനങ്ങളെ കണ്ണടച്ച് തുറക്കും മുമ്പേ വീഴ്‌ത്തുന്ന ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; ചൈന വമ്പുകാട്ടാൻ വന്നാൽ വിറപ്പിക്കാൻ ഇവരുണ്ട് ഇന്ത്യക്ക് കൂട്ട്

ഉപരോധമെന്ന ഉമ്മാക്കി കാട്ടി അമേരിക്ക പേടിപ്പിച്ചെങ്കിലും ചൈനയോട് മല്ലിടാൻ വരും ഈ ഗെയിം ചേഞ്ചർ; 40 മുതൽ 400 കിലോമീറ്റർ വരെ പാഞ്ഞ് ക്രൂസിനെയും ബാലിസ്റ്റിക്കിനെയും വെടിവച്ചിടുന്ന എസ്-400 മിസൈൽ സംവിധാനം; സുഖോയ് എംകെഐയും സുഖോയ്-57ഉം മിഗ് 29ഉം റഡാറുകളെ കബളിപ്പിക്കുന്ന മിടുമിടുക്കർ; ശത്രുവിമാനങ്ങളെ കണ്ണടച്ച് തുറക്കും മുമ്പേ വീഴ്‌ത്തുന്ന ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; ചൈന വമ്പുകാട്ടാൻ വന്നാൽ വിറപ്പിക്കാൻ ഇവരുണ്ട് ഇന്ത്യക്ക് കൂട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയിലെ രണ്ടുമാസം നീണ്ട സംഘർഷത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. സൈനിക-നയതന്ത്ര ചർച്ചകളിൽ പരിഹാരം അകലെയായതോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയി. 3488 കിലോമീറ്റർ ദൂരം വരുന്ന ചൈനീസ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചതിനൊപ്പം അതിന് പോന്ന സൈനിക ഉപകരണങ്ങളും നീക്കിക്കഴിഞ്ഞു.

കര-നാവിക-വ്യോമ ശക്തിയിൽ ചൈനയോളം വളർന്നിട്ടില്ലെങ്കിലും, കരുത്ത് കൂട്ടാൻ അടിയന്തരമായി കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഒരുയുദ്ധം വന്നാൽ, ഇന്ത്യൻ സൈനിക ശക്തി ചൈനയോളം പോന്നവരല്ലെന്ന പഴഞ്ചൻ ധാരണ ഉപേക്ഷിക്കാൻ സമയമായി.

2018 ഒക്ടോബറിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ആയുധിടപാടിൽ ഒപ്പുവച്ചത്. 5.43 ബില്യന്റെ കരാർ റഷ്യയുമായി ഒപ്പിട്ടത് എസ്-400 വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാനായിരുന്നു. റഡാറുകൾ, കമാൻഡ്-കൺട്രോൾ, നാലുതരത്തിലുള്ള ഭൂതല വ്യോമ മിസൈലുകൾ എന്നിവ അടങ്ങിയതാണ് സമഗ്രമായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം. നാലുതരത്തിലുള്ള മിസൈലുകൾ എന്ന് പറഞ്ഞാൽ 40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ പായാനും വിമാനം, ഡ്രോൺ, ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ വെടിവച്ചിടാനും പോന്നവ. കളി മാറുമെന്ന കൂടെക്കൂടെ വ്യോമസേന വിശേഷിപ്പിക്കുന്നതും എസ്-400 നെ തന്നെ. പിന്നെ റഫാൽ പോർ വിമാനങ്ങളും.

എന്തിനും പോന്ന ഒരു അത്യാധുനിക ആയുധസംവിധാനം എന്നതിന് പുറമേ, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ വലിയചർച്ചാവിഷയവുമാണ് എസ്-400. എസ്-400 മിസൈൽ കരാർ റദ്ദാക്കാൻ തുർക്കി തയ്യാറാവാതിരുന്നതോടെ, എഫ്-35 ചാരപോർവിമാനം വാങ്ങാനും നിർമ്മിക്കാനും2019 ജൂലൈയിൽ ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയത് ഓർക്കാം. റഷ്യയിൽ നിന്ന് എസ്-4000 വാങ്ങിയാൽ ഇന്ത്യക്ക് നേരേ യുഎസ് ഉപരോധഭീഷണിയും മുഴക്കിയിരുന്നു. കരാർ ഉപേക്ഷിച്ചാൽ, ആനുകൂല്യമെന്ന നിലയിൽ എഫ്-35 ചാര പോർവിമാനം ഇന്ത്യക്ക് അമേരിക്ക വാഗ്ദാനം ചെയ്തതായും വാർത്തകൾ വന്നിരുന്നു.

ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരുകരാറാണ് എസ്-400 കരാർ. അദ്ദേഹം പലവട്ടം അത് തുറന്നടിച്ചിട്ടുണ്ട്. ജൂൺ 13 ന് വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തു. ചൈനയുമായി സംഘർഷമുണ്ടായാൽ എസ്-400 ഉപയോഗിക്കരുതെന്നാണ് സ്വാമി മോദി സർക്കാരിന് നൽകുന്ന് മുന്നറിയിപ്പ്. എസ്-400 ചൈനീസ് ഇലക്രോണിക്‌സ് കൊണ്ട്‌നിർമ്മിച്ചതാണെന്നാണ് സ്വാമിയുടെ ആക്ഷേപം. 2014 ൽ ചൈനയാണ് ഈ മിസൈൽ സംവിധാനം ആദ്യമായി കയറ്റുമതി ചെയത് രാഷ്ട്രം. എസ്-400 ന്റെ പ്രഹരശേഷിയെ കുറിച്ച് സ്വാമിക്ക് സംശയമൊന്നുമില്ല. എന്നാൽ, എന്തുതരം ചൈനീസ് ഇലക്രോണിക്‌സാണ് സ്വാമി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 2018 ൽചൈനീസ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് അനുസരിച്ച് ചൈനയുമായുള്ള എസ്-400 കരാർ സാങ്കേതിക കൈമാറ്റമോ ലൈസൻസ് ഉത്പാദനമോ ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ സ്വാമിയുടെ ആക്ഷേപത്തിൽ വലിയ കഴമ്പില്ലെന്നാണ് കരുതേണ്ടത്. ഇന്ത്യൻ അതിർത്തിയുടെ നിയന്ത്രണം വരുന്ന പടിഞ്ഞാറൻ കമാൻഡിന് കീഴിൽ രണ്ട് എസ്-400 മിസൈൽ സംവിധാനം ചൈന വിന്യസിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.

വരുന്നു സുഖോയ് എംകെഐയും മിഗ് 29 നും

ദുർഘടപ്രദേശങ്ങളിൽ എക്കാലത്തും സൈന്യത്തിന് തുണയാവുക വ്യോമസേന തന്നെ. വ്യോമശേഷി കൂട്ടുന്നതിന്റെ ഭാഗമായി 12 പുതിയ സുഖോയ് എംകെഐ പോർ വിമാനങ്ങളും 21 മിഗ് 29 പോർ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
6000 കോടിയുടെ പദ്ധതി ശുപാർശ പ്രതിരോധ മന്ത്രാലയത്തിനാണ് സമർപ്പിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് 21 മിഗ് 29 വിമാനങ്ങൾ അധികമായി വാങ്ങുമ്പോൾ നിലവിലുള്ള കരാർ ഭേദഗതി ചെയ്യുമെന്നാണ് സൂചന.

കുടൂതൽ വിമാനങ്ങൾ വാങ്ങാൻ നേരത്തെ തന്നെ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ബദൂരിയ പദ്ധതിയിട്ടിരുന്നു. ഇപ്പോൾ ഈ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 12 സുഖോയ്-30 എംകെഐ പോർ വിമാനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സിലായിരിക്കും ഉത്പാദിപ്പിക്കുക. നിലവിൽ ഉപയോഗിക്കുന്നവയ്ക്ക് ചൈനയുടെ ജെ-16, ഇനിയും സേനയുടെ ഭാഗമായി തീർന്നിട്ടില്ലാത്ത ജെ-11ഡി എന്നിവയുമായി വലിയ അന്തരമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്റെ പരിഷ്‌കരിച്ച 4++ വേരിയന്റുകൾ വാങ്ങാനാണ് പദ്ധതി. അതേസമയം, മിഗ് 29 പോർ വിമാനങ്ങൾ റഷ്യയിൽ തന്നെ ഉത്പാദിപ്പിക്കും.
ചൈനയുടെ ഭീഷണികളെ നേരിടാൻ പോന്നതാണ് റഷ്യൻ നിർമ്മിത പോർവിമാനമായ സുഖോയ്-57. ഹൈപ്പർ സോണിക് മിസൈലുകൾ വരെ വഹിക്കാൻ ശേഷി. ചെനയുടെ ജെ-16, ജെ-20 വിമാനങ്ങളേക്കാൾ മികച്ചതാണ് അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57. റഡാറുകളെ കബളിപ്പിക്കാനുതകുന്ന സ്റ്റെൽത്ത് സംവിധാനം, ശക്തിയേറിയ എഞ്ചിൻ, മികച്ച റഡാർ എന്നിവ സവിശേഷതതളാണ്.

ആരുപറഞ്ഞു പോരിൽ മുമ്പരല്ലെന്ന്

 ചൈനയ്ക്ക് നാലാം തലമുറയിൽ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയിൽ പലതും റഷ്യൻ അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള 122 പോർവിമാനങ്ങളുണ്ട്. ഇതിന് പുറമേ ജാഗ്വർ പോർ വിമാനങ്ങളും ഇന്ത്യയുടെ മുതൽക്കൂട്ടാണ്.

ലക്ഷ്യവേധിയായ അഗ്‌നി മിസൈലുകളും ഇന്ത്യയുടെ ബ്രഹ്മാസ്ത്രം തന്നെയാണ്. അഗ്‌നി 3- 1990 മൈൽ, അഗ്‌നി-2- 1240 മൈൽ എന്നിവയും ലക്ഷ്യവേധിയാണ്. 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്താൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പു ചീട്ട്. അഗ്‌നി 5നും താണ്ടാൻ കഴിയും 6000 കിലോമീറ്റർ പരിധി. ന്യൂഡൽഹിയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റാണ്. അതായത് അഗ്നി മിസൈൽ മാത്രം വെച്ച് ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്നിക്കിരയാക്കാൻ കഴിയുമെന്ന് ചുരുക്കം. ഇത് ചൈനക്കും നന്നായി അറിയാം. അവർക്കും അതി ശക്തമായ മിസൈലുകൾ കൈവശമുണ്ട്.

കണക്കിൽ മുന്നിൽ ചൈന തന്നെ

ഇന്ത്യയേക്കാൾ ശക്തമാണ് ചൈനയുടെ മിസൈൽ സംവിധാനം. പ്രധാനമായും രണ്ട് മിസൈലുകളാണ് ചൈനയുടെ കുന്തമുനകൾ. മധ്യദൂര ബാലിസ്റ്റ് മിസൈൽ ആയ ഡിഎഫ്-21, ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ് -31 എന്നിവയാണ് അവ.ഡിഎഫ് 31ന് ആഫ്രിക്കൻ ഭൂഖണ്ഡംവരെ എത്താൻ കഴിയും. ഇതിനുപുറമെ എട്ടുമാസം മുമ്പ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ്-41 എന്നതും ചൈന പുറത്തിറക്കിയിരുന്നു.ലോകത്തിൽ ഏറ്റവും ദൂരത്തേക്ക് തൊടുക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ഇതാണെന്ന് പറയുന്നു. 17000 കിലോമീറ്ററാണ് ഇതിന്റെ പരിധി. 31 മിനുട്ട് കൊണ്ട് ഈ മിസൈലിന് അമേരിക്കയിലുള്ള ലക്ഷ്യത്തിൽ വരെ എത്താൻ കഴിയും. അതേസമയം, ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ ഹൈപ്പർ സോണിക് പതിപ്പാണ് വരാൻ പോകുന്നത്. നിലവിലുള്ള മിസൈലിനേക്കാൾ കൂടുതൽ ദൂരം പോകാൻ കഴിയുന്നതും ശത്രുവിന്റെ യുദ്ധവിമാനങ്ങളേയും ടാങ്കർ വിമാനങ്ങളേയും കണ്ണിമ ചിമ്മുന്ന വേഗതയിൽ തകർക്കാൻ കഴിയുന്നതുമായ പതിപ്പാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. 60 കിലോയോളം വരുന്ന പോർമുന വഹിക്കാൻ ഇവയ്ക്ക് സാധിക്കും.

ചൈനയ്ക്ക് സൈനികമായി മുൻതൂക്കമുണ്ടെങ്കിലും ഇന്ത്യൻ സൈന്യവും ഒട്ടും പിന്നിലല്ല. ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ കഴിയില്ലെന്നതാണ് ചൈനയുടെ പ്രധാന പോരായ്മ. ഇന്ത്യയിലേക്ക് ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. ഇതിന് ചൈനയ്ക്ക് കഴിയില്ല. ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. പരിമിതമായ സൗകര്യങ്ങളേ ഇക്കാര്യത്തിൽ ചൈനയ്ക്കുള്ളൂ. ബാക്കി സൈനിക ബലത്തിൽ കണക്കുകളിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന.

23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങൾ ചൈനയ്ക്കുള്ളപ്പോൾ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടേഴ്സിൽ ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും. ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വൻകിട പോർ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോർവെറ്റ് പോർക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോൾ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോർവെറ്റ് പോർകപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോൾ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.

ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോർ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാൻസ്പോർട്ടറുകളും 352 റെയ്ഡർ എയർ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളിൽ 206 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യൻ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതിൽ 676 എണ്ണം പോർ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാൻസ്പോർട്ടറുകളും 323 റെയ്ഡർ എയർ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതിൽ 16 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സർവീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.

അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നിൽ. 270 അണ്വായുധങ്ങളാണ് അവർക്കുള്ളത്. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈൽ പരിധി 150 കിലോമീറ്ററാണ്. അഗ്നി 5 മിസൈലുകൾ 5000 6000 കിലോമീറ്റർ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP