Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക

ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക

എം മാധവദാസ്

ഗ്നതയും ലൈംഗികയും എക്കാലവും കേരളത്തിൽ വലിയ വിവാദങ്ങൾ തന്നെയാണ്. രഹ്നാഫാത്തിമയുടെ ബോഡി ആർട്ട് ഉണ്ടാക്കിയ വിവാദങ്ങൾ ചില്ലറയല്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിലൊന്നും ഇതൊന്നും അത്ര വലിയ സംഭവങ്ങളല്ല. പ്രഖ്യാപിത ന്യൂഡിസ്റ്റുകൾ തൊട്ടുള്ള നിരവധി നഗ്നതാ കൾട്ടുകളും, ലൈംഗിക കമ്മ്യൂണുകളും കാലാകാലങ്ങളായി അവിടെയാക്കെ ഉണ്ടാവാറുണ്ട്. എറ്റവും വിചിത്രം കേരളത്തിലുമുണ്ട് ഇത്തരം ഒരു കൂട്ടർ എന്നാണ്. അതാണ് സിദ്ധാശ്രമികൾ. വിദേശ രാജ്യങ്ങളിലെപ്പോലെ മദ്യവും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിക്കുന്ന, ജിപ്സി-ഹിപ്പി കൾട്ടുകൾ അല്ല ഇവർ. സസ്യാഹാരികളായ, അഹിംസാ വിശ്വാസികൾ ആയ, ഒരു ഉറമ്പിനുപോലും ദ്രോഹം വരത്തരുതെന്ന് കരുതുന്ന ഒരു കൂട്ടർ. പൊതുസമൂഹത്തിന് യാതൊരു ശല്യവും ഇവരെകൊണ്ടില്ല. അതുകൊണ്ടുതന്നെ ഏത് സിദ്ധാശ്രമത്തിന്റെ അയൽവാസികളോടും ചോദിച്ചാൽ ഇവരെക്കുറിച്ച് നല്ലതേ പറയൂ.

കേരളത്തിലെ ആദ്യത്തെ ആത്മീയ സോദ്ദേശ്യ സമൂഹമായ സിദ്ധസമാജത്തിനു നൂറ്റാണ്ട് തികയുകയാണ്. 1920ൽ തളിപ്പറമ്പിനടുത്തുള്ള ഇയ്യൂരിലാണ് ഈ വേറിട്ട ആത്മീയ കമ്യൂണിന്റെ തുടക്കം. രാഷ്ട്രീയമോ ആത്മീയമോ പാരിസ്ഥിതികമോ ഒക്കെയായ പ്രഖ്യാപിത ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന സമൂഹങ്ങളെയാണ് സോദ്ദേശ്യ സമൂഹങ്ങൾ (Intentional Communities) എന്നു വിവക്ഷിക്കുന്നത്. മാതൃകയിലൂടെ ബോധ്യപ്പെടുത്തുക എന്നതാണ് ഇത്തരം കൂട്ടായ്മകളുടെ തത്ത്വം. സ്വകാര്യസ്വത്തും സ്വകാര്യജീവിതവും ഇല്ലാത്ത സിദ്ധസമാജത്തിൽ ആഹാരവും ഇണയും വസ്ത്രവും സമ്പത്തും ഉൽപ്പന്നങ്ങളുമെല്ലാം പൊതുസ്വത്താണ്. ഭോജനവും ഇണചേരലും ജപവും അദ്ധ്വാനവും ശയനവുമെല്ലാം കൂട്ടായിട്ടാണ്.

സിദ്ധാശ്രമത്തിലെ ദിനചര്യകൾ നേരിട്ടറിഞ്ഞാൽ അത്ഭുതം തോന്നും. എട്ട് മണിക്കൂർ ജപം, എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം. അതിരാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് വേണം ആദ്യ ജപം. പിന്നെ ഉച്ചക്ക് 12 മുതൽ. വൈകീട്ട് 6 മുതലും രാത്രി 7.30 മുതലും രാവിലേയും ഉച്ചക്കും രാത്രിയും രണ്ട് മണിക്കൂറിലേറെ ജപത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഇതാണ് ഇവരുടെ പ്രധാന വിനോദം. ജപസമയത്തും ഭക്ഷണ വേളകളിലും ഉറക്കത്തിലും എല്ലാവരും വിവസ്ത്രരായിരിക്കും. വസ്ത്രം ധരിക്കാത്തത് ഇവർ നാഗരികതയായാണ് കണക്കാക്കുന്നത്. ഇതേക്കുറിച്ച് പുറത്തുള്ളവർ എന്ത് കരുതിയാലും അവർക്ക് പ്രശ്നമല്ല.

സ്വയം പര്യാപ്ത സമൂഹം

രാഷ്ട്രീയം, ജാതി, മതം, ലിംഗം എന്നിവയും അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മകൻ, മകൾ തുടങ്ങിയ ബന്ധങ്ങളും ഇവർക്കില്ല. ഒരു സ്വയംപര്യാപ്തസമൂഹത്തിന് ആവശ്യമുള്ളതെല്ലാം, ഈ മതിൽക്കെട്ടിനകത്തുണ്ടാവും. കൃഷിയും സിദ്ധവിദ്യ സാധനയും പ്രാണായാമവും മറ്റുമായി ആത്മീയ ലോകത്തിലാണ് ഇവർ കഴിയുന്നത്. മരുന്ന് വിൽപ്പന, പുസ്തകവിതരണം തുടങ്ങിയ ആവശ്യങ്ങൾക്കല്ലാതെ സാധാരണയായി സമാജ അംഗങ്ങൾ പുറത്ത് പോകാറില്ല.

സമാജകർ വെള്ള വസ്ത്രം മാത്രം ധരിക്കുകയും താടിയും മുടിയും നീട്ടി വളർത്തുകയും വേണം. പുരുഷന്മാർക്ക് കാൽമുട്ട് വരെ എത്തുന്ന ഒരു ഒറ്റമുണ്ടും തോളിലിടാൻ തോർത്തും, സ്ത്രീകൾക്കും ഒറ്റമുമുണ്ടും മാറുമറയ്ക്കാൻ മറ്റൊരു മുണ്ടുമാണ് വേഷം. അന്യോന്യം കൂട്ടുകൂടുകയോ സ്വകാര്യം സംസാരിക്കുകയോ ചെയ്യാൻ പാടില്ല. എല്ലാം കൂട്ടമായി വേണം ചെയ്യാൻ. അന്തേവാസികൾക്കും അതിഥികൾക്കും സൗജന്യമായി ഭക്ഷണം നൽകാനുള്ള വക സ്വന്തം കൃഷിയിടത്തിൽ സ്വയം കൃഷി ചെയ്ത് ഉണ്ടാക്കുന്നു. വസ്ത്രവും പാർപ്പിടവും എല്ലാം സമാജമാണ് നൽകുന്നത്. പിന്നെ ആയുർവേദ മരുന്നുകളുടെ വിപണനമുണ്ട്. അത് ഉണ്ടാക്കാൻ പുറത്ത് നിന്ന് ജോലിക്കാരെ കൂട്ടാറുണ്ട്, ബാക്കി കാര്യങ്ങളെല്ലാം അംഗങ്ങൾ തന്നെ ചെയ്യുന്നു. വിവാഹത്തിന്റെയും ലൈംഗികയുടെയും കാര്യത്തിലും ഈ സമത്വം അവർ പാലിക്കുന്നു.

ഇവർക്ക് ഉണ്ടാകുന്ന കുട്ടികൾ മൂന്ന് വയസ് വരെ അമ്മയോടൊപ്പമായിരിക്കും. അതു കഴിഞ്ഞാൽ വിദ്യാഭ്യാസത്തിനായി വടകര കേന്ദ്രത്തിലേക്ക് പോകുന്നു. പതിനെട്ട് വയസ് വരെ അവർ എല്ലാത്തരം സാധാരണ പഠനങ്ങളും- ആത്മീയ പഠനങ്ങളും, സിദ്ധവിദ്യ പരിശീലനങ്ങളുമായിരിക്കും. ഇത് കഴിഞ്ഞ് ആശ്രമത്തിൽ തിരിച്ചെത്തി സിദ്ധവിദ്യ സാധനയും ആശ്രമത്തിലെ പ്രവർത്തികളുമായി ജീവിക്കുന്നു. അപൂർവ്വം ചിലർ ഇത് ഉപേക്ഷിച്ച് സാധാരണ സമൂഹത്തിലേക്ക് മടങ്ങുന്നു. ഇവർക്ക് പിന്നെ സിദ്ധ സമാജത്തിലേക്ക് വരാൻ സാധിക്കില്ല.

രാമക്കുറുപ്പിൽ നിന്ന് ശിവാനന്ദയോഗിയിലേക്ക്

ശിവാനന്ദ പരമഹംസരെന്ന യോഗിയാണ് സിദ്ധസമാജത്തിന്റെ സ്ഥാപകൻ. വടകരയിൽ ജനിച്ച രാമക്കുറുപ്പെന്ന ബ്രിട്ടീഷ് മലബാറിലെ പൊലീസ് കോൺസ്റ്റബിളാണ് ശിവാനന്ദ പരമഹംസരായത്. മലബാർ സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥനായ രാമക്കുറുപ്പ് ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഗർഭിണിയായ ഭാര്യ തീർത്തും അവശയായി കണ്ടു. അവരെ മടിയിൽ കിടത്തി ആശ്വസിപ്പിക്കവേ ഭാര്യ പറഞ്ഞു. 'നിങ്ങൾ വലിയ പൊലീസുകാരനും തടിമിടുക്കുള്ളവനുമാണ്. നിങ്ങൾക്കെന്നെ രക്ഷിക്കാനാകുമോ? ' അല്പ സമയം കഴിഞ്ഞ് ഭാര്യ മരണമടയുകയും ചെയ്തു. അതോടെ അദ്ദേഹം മരണമെന്ന അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാൻ വീട് വിട്ടിറങ്ങി. ഭാരതം മുഴുവൻ സഞ്ചരിച്ചു. ഒടുവിൽ പളനിയിലെത്തി. ബോഗർ എന്ന സന്യാസിയെ കണ്ടു.

പതിനെട്ട് സിദ്ധ ധർമ്മങ്ങൾ കരസ്ഥമാക്കിയ ആളായിരുന്നുവ്രേത ബോഗർ. അവിടത്തെ ഗൂഢമായ ഗുഹയിൽ വെച്ച് അത്യപൂർവ്വമായ പ്രാണായാമം പരിശീലിച്ചു. എട്ട് സിദ്ധികൾ നേടി ആത്മീയതയുടെ ഉന്നതമായ അവസ്ഥയിലെത്തി. തിരിച്ച് വടകരയിലെത്തി പൊതയാപ്പ എന്ന ഗ്രാമത്തിൽ സിദ്ധ സമാജം സ്ഥാപിച്ചു. ശവങ്ങൾ മൂടുന്ന സ്ഥലം എന്നതാണ് പൊതയാപ്പ എന്നതിനർത്ഥം. പിന്നീടത് പുതിയാപ്പയായി മാറി. ഇതാണ് നാട്ടിൽ അറിയപ്പെടുന്ന കഥ.

സിദ്ധവിദ്യയെന്ന ആത്മീയപദ്ധതി ആവിഷ്‌കരിച്ച അദ്ദേഹം സിദ്ധവേദം എന്ന ഗ്രന്ഥത്തിലൂടെയാണ് തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിട്ടുള്ളത്. ജീവനാണ് ഈശ്വരനെന്നും ഈശ്വരൻ സ്വന്തംഉള്ളിൽത്തന്നെയാണെന്നുമാണ് സിദ്ധവേദത്തിന്റെ സാരം. പ്രാണായാമത്തിലൂടെ ജീവനെ ഉപാസിക്കലാണ് സിദ്ധവിദ്യ. അതു സദാ പ്രാണായാമമാണ്.സിദ്ധസമാജം മാനുഷികമായ സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കയാണ് ചെയ്തിരുന്നത്. മന്ത്രതന്ത്രങ്ങളെയും യാഗഹോമങ്ങളെയും മറ്റു പൂജകളെയും വ്രതാനുഷ്ഠാനങ്ങളെയും അതു വിലക്കി. സ്ഥാപകന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പന്തിഭോജനം, മിശ്രവിവാഹം തുടങ്ങിയ ജാതിവിരുദ്ധ സമരങ്ങൾ സമാജത്തിന്റെ സാമൂഹ്യ പരിവർത്തനത്ത്വരയുടെ നിദർശനങ്ങളാണ്.

വടകരയിലാണ് സിദ്ധാശ്രമത്തിന്റെ ഹെഡ് ഓഫീസ്. ഇയ്യൂരിനു പുറമെ, പേരാമ്പ്രക്കടുത്ത് കായണ്ണയിലും കാട്ടാക്കടയ്ക്കടുത്ത് കുറ്റിച്ചലിലും തമിഴ്‌നാട്ടിലെ സേലത്തും ആശ്രമങ്ങളുള്ള സിദ്ധസമാജം ഇന്ത്യയിലെതന്നെ ആദ്യത്തെ സോദ്ദേശ്യ ആത്മീയ സമൂഹമാണെന്നു കരുതാം. ശിവാനന്ദ പരമഹംസരുടെ സമാധിക്കുശേഷം അദ്ദേഹത്തിന്റെ സമാജസ്ഥരല്ലാത്ത ശിഷ്യന്മാരിൽ ചിലർ സിദ്ധവിദ്യാ പ്രചരണം ലക്ഷ്യമാക്കി ആശ്രമങ്ങൾ സ്ഥാപിക്കുകയുണ്ടായി. സിദ്ധവിദ്യ നേടിയവരെല്ലാം സിദ്ധസമാജത്തിന്റെ അനുയായികളാണ്. അവരിൽ സമാജസ്ഥരും സിദ്ധവിദ്യാർത്ഥികളുമെന്നു രണ്ടു കൂട്ടരുണ്ട്. ആശ്രമങ്ങളിൽ വന്നുചേർന്നവരും അവിടെ ജനിച്ചുവളർന്നവരുമാണ് സമാജസ്ഥർ. അഞ്ച് ആശ്രമങ്ങളിലായി, ഇന്ന് നൂറോളം കുട്ടികൾ അടക്കം 350ഓളം പേരാണ് സമാജസ്ഥരായിട്ടുള്ളത്. സിദ്ധവിദ്യ നേടി ഗൃഹസ്ഥാശ്രമികളായി കഴിയുന്നവരെയാണ് സിദ്ധവിദ്യാർത്ഥികൾ എന്നു വിളിക്കുന്നത്. ആയിരക്കണക്കിനാളുകൾ ഇങ്ങനെയുണ്ട്. ഉത്തര കേരളത്തിലും തമിഴ്‌നാട്ടിലുമാണ് ഇവർ ഏറെയും.

ഇവിടെ ഗാന്ധർവ വിവാഹം മാത്രം

സ്ത്രീയുടെയും പുരുഷന്റെ സമ്മതത്തോടും കൂടിയുള്ള ഗാന്ധർവിവാഹമാണ് ഇവിടെ നടക്കുന്നത്. ഏകപത്‌നീ വ്രതത്തിൽ അധിഷ്ഠിതമായ ഭാര്യാഭർത്തൃ ബന്ധമായിരുന്നു ആദ്യം സമാജത്തിൽ നിലനിന്നിരുന്നത്. സമാജസ്ഥാപകൻ പിന്നീട് ഒരു കൽപ്പനകൊണ്ട് അതൊഴിവാക്കി. പകരം ഗാന്ധർവ്വം നടപ്പിലാക്കി. ഭാര്യാഭർത്താക്കന്മാരായിരുന്ന സമാജസ്ഥർ സ്വയം ബന്ധം പിരിഞ്ഞു സ്വതന്ത്രരായി. അങ്ങനെ സമാജത്തിലെ പ്രായപൂർത്തിയായ ഏതൊരു സ്ത്രീയും പ്രായപൂർത്തിയായ ഏതൊരു പുരുഷന്റെയും ലൈംഗിക ഇണയാകാമെന്ന അവസ്ഥ വന്നു. മറ്റുള്ളവർ കാണരുതെന്ന ഉദ്ദേശ്യത്തോടെ ഒളിച്ചു നടത്തുന്ന ലൈംഗികബന്ധം കളവും വ്യഭിചാരവുമായി കണക്കാക്കപ്പെട്ടു. പരസ്യമായി രതിക്രീഡയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽനിന്നും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ലൈംഗികവേഴ്ച ഒരുതരത്തിലുമുള്ള ബലാൽക്കാരമാകാൻ പാടില്ലെന്ന നിഷ്‌കർഷയും ആ കൽപ്പനയിൽ കാണാം. ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധമേ സമാജത്തിൽ അനുവദനീയമായുള്ളു. സ്ത്രീപുരുഷന്മാരിൽ ആർക്കു വികാരം വരുന്നുവോ അവർ അതു പ്രകടിപ്പിക്കുകയും അതിനോടു യോജിക്കുന്ന ആളിനോട് ആ സ്ഥലത്തുവച്ചുതന്നെ വേഴ്ച നടത്താനുള്ള സ്വാതന്ത്ര്യം സംജാതമായി.

ആ വർഷം തന്നെ ആശ്രമത്തിലെ ശയനരീതിയെപ്പറ്റിയും ചട്ടമുണ്ടായി. സ്ത്രീപുരുഷന്മാർ രാത്രി ഭക്ഷണത്തിനു ശേഷം നഗ്നരായി ജപഹാളിൽ ഇടകലർന്നു കിടന്നുകൊള്ളണമെന്നും പുലരുന്നതുവരെ വിളക്ക് എരിഞ്ഞുകൊള്ളണമെന്നും കൽപ്പനയുണ്ടായി. പുരുഷന്മാരെല്ലാം അടുത്ത് വേറൊരാൾക്കുകൂടി കിടക്കത്തക്കവണ്ണം അകലത്തിൽ ഇടവിട്ടിടവിട്ടു കിടന്നുകൊള്ളേണ്ടതും പിന്നീട് സ്ത്രീകളെല്ലാം പുരുഷന്മാർ ഒഴിച്ചുവച്ചതായ സ്ഥലത്ത് അവരവരുടെ ഇഷ്ടപ്രകാരം കിടന്നുകൊള്ളേണ്ടതുമാണ് എന്നാണ് ചട്ടം. എന്നാൽ സ്ത്രീകൾ ഒരു ദിവസം ഒരു സ്ഥലത്തു കിടന്നാൽ പിറ്റേ ദിവസം വേറൊരു സ്ഥലത്തു കിടന്നുകൊള്ളേണ്ടതാണെന്നും വ്യവസ്ഥയുണ്ട്. സ്ത്രീകൾ മാറിമാറി കിടന്നില്ലെങ്കിൽ സ്ത്രീപുരുഷന്മാർ തമ്മിൽ അനുരാഗശക്തി ഉണ്ടാകുവാൻ ഇടയായിത്തീരുമെന്ന് സ്വാമി മുന്നറിയിപ്പു നൽകുന്നു.

ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായി ഇടകലർന്നിരിക്കണമെന്നാണ് കൽപ്പന. ആശ്രമങ്ങളിൽ നാലു നേരങ്ങളിലായി എട്ടുമണിക്കൂർ ജപം അഥവാ പ്രാണായാമ സാധനയാണ്. ഈ സമയത്തും സഗ്ദ്ധിസപീതി സമയത്തും സമാജവാസികൾ പൂർണ്ണ നഗ്നരായി ഇടകലർന്നിരിക്കണം. ക്ഷൗരം സമാജത്തിൽ വിലക്കപ്പെട്ടിരിക്കുന്നു. ശരീരത്തിലെ ഏതുഭാഗത്തെയും രോമങ്ങൾ നീക്കം ചെയ്യാനോ മുറിക്കാനോ പാടില്ല. എന്നാൽ, നഖം മുറിക്കുന്നതിൽ തെറ്റില്ലത്രെ.സിദ്ധസമാജം ലൈംഗിക ഇണകൾക്കിടയിലെ പ്രണയത്തെയും ഏകപത്‌നീഭർത്തൃ ബന്ധത്തെയും വിലക്കുന്നു. മാത്രമല്ല, ഇണകൾക്കു തങ്ങളുടെ കുട്ടികളെ വളർത്താൻ അവകാശമില്ല. മൂന്നു വയസ്സുവരെ മാത്രമേ കുട്ടിക്കു സ്വന്തം അമ്മയോടൊപ്പം കഴിയാൻ അനുവദിക്കുകയുള്ളു. ശിശുപരിപാലനം പൂർണ്ണമായും ഈ സംഘടനയുടെ ചുമതലയാണ്.

സമാജസ്ഥരുടെ ആത്മീയ പിതാവായിട്ടുള്ള ശിവാനന്ദ പരമഹംസരുടെ പല കാലങ്ങളിലെ കൽപ്പനകളാണ് സമാജ ചട്ടങ്ങളായി സമാഹരിച്ചിട്ടുള്ളത്. 250 ചട്ടങ്ങളാണ് മൊത്തത്തിൽ ഉള്ളത്. അവ മുഴുവൻ അനുസരിക്കാൻ സമാജസ്ഥർ ബാധ്യസ്ഥരാണ്. അവയിൽ 30 എണ്ണം മാത്രമേ സിദ്ധവിദ്യാർത്ഥികൾക്കു ബാധകമായിട്ടുള്ളു. സിദ്ധസമാജത്തിന്റെ ഘടന ജനാധിപത്യപരമാണ്. ജനറൽ പ്രസിഡന്റിലാണ് സമാജത്തിന്റെ ഭരണസാരഥ്യം നിക്ഷിപ്തമായിരിക്കുന്നത്. മത്സരാധിഷ്ഠിത തെരഞ്ഞെടുപ്പും സമവായത്തിലൂന്നിയ ഭരണവുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഇവിടെ ആർത്തവം ആശുദ്ധിയല്ല

സമാജാംഗങ്ങൾ എല്ലാ ലഹരിവസ്തുക്കളും മാംസഭക്ഷണവും ഉപേക്ഷിക്കണം. ആർത്തവം അശുദ്ധിയായി കണക്കാക്കരുത്. സമാജത്തിൽ ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ ആചരണങ്ങളോ അനുവദിച്ചിട്ടില്ല. തുന്നാത്ത വെള്ള പരുത്തിവസ്ത്രങ്ങൾ അല്ലാതെ മറ്റൊന്നും ധരിക്കാൻ പാടില്ല. പുരുഷന്മാർക്ക് കൗപീനവും അനുവദിച്ചിട്ടുണ്ട്. സ്ത്രീകൾക്കാകട്ടെ, അടിവസ്ത്രം പാടില്ല. ആർത്തവകാലത്തുമാത്രം കൗപീനം ധരിക്കാമെന്നുണ്ട്. ആഭരണങ്ങൾ, പൊട്ട്, കുറി തുടങ്ങിയ അലങ്കാരങ്ങളും വിലക്കപ്പെട്ടിരിക്കുന്നു.

അന്യരുമായുള്ള സഹകരണം സമാജസ്ഥർക്കു വിലക്കപ്പെട്ടിരിക്കുന്നു. സമാജത്തിൽ അംഗങ്ങൾ തമ്മിൽ സ്വകാര്യ സംഭാഷണങ്ങൾ നടത്താനോ കൂട്ടുകെട്ടുകൾ ഉണ്ടാക്കാനോ പാടില്ല. സമാജസ്ഥർ തമ്മിൽ സ്‌നേഹിച്ചാൽ വിരോധമുണ്ടാകുമെന്നും വിരോധത്താൽ നാശമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. അതുകൊണ്ട് സ്‌നേഹവും വേണ്ടത്രെ. സമാജ ജീവിതത്തിന് അന്യമാണ് പ്രണയവും ശൃംഗാരവും. ഇന്ദ്രിയ സ്ഖലനം വരുത്താതെ സൂക്ഷിച്ച് മൂപ്പെത്തിക്കഴിയുമ്പോൾ നടത്തുന്ന വേഴ്ചയിലൂടെ മാത്രമേ വിശിഷ്ട സന്താനത്തെ ലഭിക്കുകയുള്ളുവെന്നാണ് കൽപന.

സ്ത്രീകളുമായി കളിയും ചിരിയുമൊക്കെ ആയാൽ കാമവികാരം ഉണരുമെന്നും അത് ഇന്ദ്രിയ സ്ഖലനത്തിലേക്കു നയിക്കുമെന്നും ഭയക്കുന്നു. ഭക്ഷണത്തിലും കൂട്ടായ്മ വേണമെന്നാണ് നിഷ്‌കർഷ. ഭക്ഷണസാധനങ്ങൾ എല്ലാം ഒരു പാത്രത്തിലിട്ടു കലർത്തി വിളമ്പി ഒരേ പാത്രത്തിൽനിന്നും എല്ലാവരും ഒരേ സമയം കൈകൊണ്ട് വാരിക്കഴിക്കുന്നതിനെ സഗ്ദ്ധി എന്നു വിളിക്കുന്നു. എല്ലാ പാനീയങ്ങളും ഒന്നായി കലർത്തി ഒരേ പാത്രത്തിൽനിന്നും കഴിക്കുന്നതു സപീതിയും. സമാജത്തിൽ ചായയും കടുകും മരപ്പുളിയും വിലക്കപ്പെട്ട ഭക്ഷ്യവസ്തുക്കളാണ്.

കുട്ടികളെ ലാളിക്കരുതെന്നാണ് കൽപ്പന. സ്‌നേഹം പുറത്തുകാട്ടാതെ അന്യരെപ്പോലെ വേണം അവരോടു പെരുമാറേണ്ടത്. അവരെ യാതൊരു ആവശ്യത്തിനും അന്യസ്ഥലങ്ങളിലേക്ക് അയക്കുകയോ അന്യരുമായി പെരുമാറാൻ അനുവദിക്കുകയോ ചെയ്യരുത്. സമാജത്തിലെ കുഞ്ഞുങ്ങളെ മൂന്നു വയസ്സുവരെ മാത്രമേ സ്വന്തം അമ്മയോടൊപ്പം വളരാൻ അനുവദിക്കുകയുള്ളു. പിന്നെ അവരെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ആശ്രമം വക സ്‌കൂളിലേക്കു മാറ്റുന്നു. മൂന്നു വയസ്സു മുതൽ പതിനെട്ടു വയസ്സു വരെ വിദ്യാഭ്യാസകാലമാണ്. കേരള സർക്കാരിന്റെ പാഠ്യപദ്ധതിയാണ് ഒന്നു മുതൽ പത്തു വരെ കൽസ്സുകളിൽ പിന്തുടരുന്നത്. അതോടൊപ്പം കൃഷി, സിദ്ധവേദം, സംസ്‌കൃതം, കംപ്യൂട്ടർ എന്നിവയും പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. പത്താംതരം വരെ പഠിപ്പിക്കുമെങ്കിലും എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കാറില്ല. ആശ്രമത്തിലെ മുതിർന്ന സ്ത്രീകളുടെ ചുമതലയിലാണ് പ്രീ സ്‌കൂൾ പഠനം. പുസ്തകജ്ഞാനമല്ല, മസ്തകജ്ഞാനമാണ് വേണ്ടതെന്നു കരുതുന്ന സമാജത്തിനു പുതിയ തലമുറയെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാൻ താൽപ്പര്യമില്ല.

എല്ലാവരും അധ്വാനിക്കണം

കൃഷി, പശുവളർത്തൽ, ഔഷധം എന്നിവയിൽനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചുള്ള ഒരു സ്വാശ്രയ ജീവിത പദ്ധതിയാണ് സമാജത്തിനുള്ളത്. അധ്വാനത്തിലും കൂട്ടായ്മ വേണമെന്ന നിഷ്‌കർഷയുണ്ട്. പക്ഷേ, നിർബന്ധിതമായ ജോലിയില്ല. ഒരുവന് തന്റെ കഴിവിനും അറിവിനും അനുസരിച്ചുള്ള തൊഴിൽ ചെയ്താൽ മതി. സമാജത്തിലാവശ്യമായ എല്ലാ ജോലികളും എല്ലാവരും പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇപ്പോൾ സമാജത്തിനു സ്വന്തമായി ധാരാളം മോട്ടോർ വാഹനങ്ങളുള്ളതിനാൽ പുരുഷന്മാർക്കെല്ലാം ഡ്രൈവിങ് പരിശീലനം നൽകുന്നുണ്ട്. കുട്ടികളെയും പ്രായമായവരെയും ജോലിയെടുക്കുന്നതിൽനിന്നും ഒഴിവാക്കിയിട്ടുമുണ്ട്. സ്വന്തമായ വിൽപ്പനശാലകൾ വഴിയും വിതരണക്കാർ വഴിയുമുള്ള ഔഷധ വിൽപ്പനയിലൂടെ ഇപ്പോൾ നല്ല വരുമാനം സമാജത്തിനു ലഭിക്കുന്നുണ്ട്. ചെലവ് തുലോം കുറവാണ്. ഭക്ഷ്യവസ്തുക്കൾ വിപണിയിൽനിന്നു വാങ്ങേണ്ടിവരുന്നത് അപൂർവ്വമാണ്. ആശ്രമത്തിലെ മാനേജർമാരെപ്പോലുള്ള ഉദ്യോഗസ്ഥന്മാർ മാത്രമാണ് പണം കൈകാര്യം ചെയ്യുന്നത്.

സമാജത്തിൽ ഒരു നിത്യ നിരന്തര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാജത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളുടെയും ദൃക്‌സാക്ഷി വിവരണം എഴുതി തയ്യാറാക്കുന്ന മിനിട്ടർമാരും ആ വിവരണങ്ങൾ ക്രോഡീകരിച്ചു സൂക്ഷിക്കുന്ന ജനറൽ മിനിട്ടറും മിനിട്ട് എഡിറ്ററും ഉൾപ്പെടുന്ന ഒരു ശൃംഖലാ സംവിധാനമാണത്. ഓരോ ആശ്രമത്തിലും ഒരു മിനിട്ടർ രാപകൽ ഭേദമെന്യേ പ്രവർത്തിച്ചുകൊണ്ടിരിക്കും. സമാജ ചട്ടങ്ങൾ ലംഘിക്കുന്നവർക്കു ശിക്ഷകളും വിധിച്ചിട്ടുണ്ട്.

നഗ്നമായ മനുഷ്യാവകാശ ലംഘനം

നിശതമായ വിമർശനങ്ങളും സിദ്ധാശ്രമത്തെക്കുറിച്ച് ഉയർന്നിട്ടുണ്ട്. ഒന്നാമത് കുട്ടികളെ സ്നേഹരഹിതമായി വളർത്തുന്ന ഇവിടുത്തെ കമ്യൂൺ രീതി ഗുരുതരമായ മനുഷ്യാവകാശലംഘവും ബാലാവകാശ ലംഘനവുമാണെന്ന് നേരത്തെത പരാതി ഉയർന്നിട്ടുണ്ട്. സമാജത്തിൽ തന്നെ ജനിച്ചുവളർന്നവരുടെ നാലു തലമുറകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. സ്വയം തീരുമാനമെടുത്ത് സമാജത്തിൽ ചേരുന്നവരുടെ അവസ്ഥയല്ല ഇവരുടേത്. തങ്ങളുടെ ഒരു തീരുമാനവുമില്ലാതെ ആത്മീയ ജീവിതം നയിക്കാൻ അവർ നിർബന്ധിതരാവുകയാണ്. തുടർ വിദ്യാഭ്യസവും പുറംലോകവും സ്വതന്ത്രമായ അറിവിന്റെ ലോകവും നിഷേധിച്ചു കുട്ടികളെ മാനസികമായി കുരുടിപ്പിക്കുകയാണ് ഫലത്തിൽ നടക്കുന്നത്. ഇത് കുട്ടികളുടെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.

അവിടെത്തന്നെ ജനിച്ചവരുമായ എത്രയോ അംഗങ്ങൾ സമാജം വിട്ടു പോയിരിക്കുന്നു. സമാജത്തിന്റെ സന്തതിയായി പിറന്ന കുറെ പേർ ആശ്രമങ്ങളിൽതന്നെ ആത്മഹത്യ ചെയ്യേണ്ടിവന്നതും സ്ഥാപകന്റെ തന്നെ ആശങ്കകളെ സാധൂകരിക്കുന്നതാണ്. ആഴത്തിലുള്ള . പുസ്തകജ്ഞാനമല്ല മസ്തകജ്ഞാനമാണ് വേണ്ടതെന്ന ശാഠ്യത്തിൽ ആധുനിക വിജ്ഞാനത്തെ തള്ളിപ്പറയുന്ന ഒരുതരം വിജ്ഞാന വിരോധവാദമാണ് സമാജം ഫലത്തിൽ നടപ്പിൽ വരുത്തിയത്. പുറത്താക്കപ്പെടുകയോ സ്വയം പുറത്തുവരുകയോ ചെയ്യുന്ന സമാജാംഗങ്ങളെ നിഷ്ഠുരം അവഗണിക്കുകയാണ് ഇന്നത്തെ സമാജനേതൃത്വമെന്ന പരാതിയും നിലനിൽക്കുന്നു. ബന്ധുക്കളോ മേൽവിലാസമോ സ്വത്വമോ സമ്പത്തോ ഇല്ലാതെ ബാഹ്യസമൂഹത്തിൽ പകച്ചുനിൽക്കാനെ അവർക്കു കഴിയുന്നുള്ളു. അനുസരണയില്ലാതെ കൂട്ടം തെറ്റിയതിനുള്ള ശിക്ഷ എന്നു പറഞ്ഞ് ഈ നിസ്സഹായാവസ്ഥയെ നിസ്സാരവൽക്കരിക്കാനാവില്ല. സമാജത്തിന്റെ സമ്പത്തു കൂട്ടിയതിൽ തങ്ങളുടെ അധ്വാനത്തിനും ഒരു പങ്കുണ്ടെന്നും സമാജത്തിൽനിന്നു വേറിട്ടു സ്വതന്ത്രരായി ജീവിക്കാൻ തുടങ്ങുന്നവരെ സഹായിക്കാൻ സമാജത്തിനു ധാർമ്മികമായും നിയമപരമായും ഉത്തരവാദിത്ത്വമുണ്ടെന്നും അവർ പറയുന്നു. അതു നിഷേധിക്കുന്നതു മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.

മൂന്നുവർഷങ്ങൾക്ക് മുമ്പ് കുട്ടികൾക്ക് വാക്സിൻ കൊടുക്കാത്തതിന്റെ പേരിൽ തിരുവനന്തപുരം കുറ്റിച്ചൽ മണ്ണൂർക്കര സിദ്ധാശ്രമം വിവാദത്തിലായിരുന്നു. സമാജത്തിലെ ഏഴോളം കുട്ടികൾക്ക് ജനിച്ചപ്പോൾ മുതലുള്ള പ്രതിരോധ കുത്തിവെയ്‌പ്പുകൾ എടുത്തിട്ടില്ല.ആരോഗ്യ പ്രവർത്തകർ എത്രയോ തവണ എത്തിയിട്ടും തീർത്തും നിഷേധാത്മകായ സമീപനമാണ് ഇവർ എടുത്തത്. 'ഞങ്ങൾ തന്നെ ജൈവകൃഷി ചെയ്യുന്ന നെല്ലും പച്ചക്കറികളും ഫലങ്ങളുമാണ് ആഹാരം. കൂടാതെ പ്രാണായാമം പരിശീലിക്കുന്നവരാണ്. ഞങ്ങൾക്ക് പ്രകൃത്യയാൽ തന്നെയുള്ള പ്രതിരോധ ശേഷിയുണ്ട്' എന്നാണ് ആശ്രമം അധികൃതരുടെ വാദം. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പൊതുസമൂഹത്തിൽ കാണുന്നതുപോലുള്ള ഗ്നതകൊണ്ടും ലൈംഗികതകൊണ്ടുമുള്ള പ്രശ്നങ്ങൾ ഒന്നു ഈ സമൂഹത്തിൽ ഇല്ലെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP