Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി.മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവർ; പാർട്ടിപ്രവർത്തകരെ പോലും വിദേശത്ത് നിന്ന് മടക്കിക്കൊണ്ടു വരുന്നതിൽ ഇടപെട്ടില്ല; പാർട്ടി നേതാക്കൾക്ക് ആവശ്യമായ കാര്യങ്ങൾ മുരളീധരൻ ചെയ്യുന്നില്ലെന്നും കൃഷ്ണദാസ് പക്ഷം; ഡിആർഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെ പെരുമാറിയെന്ന ദേശാഭിമാനി എഡിറ്റോറിയൽ പരാമർശവും ചർച്ചയായി; ബിജെപി കോർ കമ്മിറ്റിയോഗത്തിൽ ഉയർന്ന വിമർശനങ്ങൾ

വി.മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവർ; പാർട്ടിപ്രവർത്തകരെ പോലും വിദേശത്ത് നിന്ന് മടക്കിക്കൊണ്ടു വരുന്നതിൽ ഇടപെട്ടില്ല; പാർട്ടി നേതാക്കൾക്ക് ആവശ്യമായ കാര്യങ്ങൾ മുരളീധരൻ  ചെയ്യുന്നില്ലെന്നും കൃഷ്ണദാസ് പക്ഷം; ഡിആർഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെ പെരുമാറിയെന്ന ദേശാഭിമാനി എഡിറ്റോറിയൽ പരാമർശവും ചർച്ചയായി; ബിജെപി കോർ കമ്മിറ്റിയോഗത്തിൽ ഉയർന്ന വിമർശനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി:കൊച്ചിയിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റിയിൽ കേന്ദ്ര മന്ത്രി വി.മുരളീധരന് പി.കെ.കൃഷ്ണദാസ് പക്ഷത്തിന്റെ വിമർശനം. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും തർക്കങ്ങളും പറഞ്ഞുതീർക്കാൻ ആർഎസ്എസ് നിർദ്ദേശപ്രപകാരം വിളിച്ചുചോർത്ത യോഗത്തിലാണ് മുരളീധരനെതിരെ കിട്ടിയ അവസരം കൃഷ്ണദാസ് പക്ഷം വിനിയോഗിച്ചത്. രണ്ട് ആരോപണങ്ങളാണ് മുഖ്യമായി ഉന്നയിച്ചത്.

1. വി മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ട്.
2. ഡിആർഡിഒ കേസിലെ പ്രതി മന്ത്രിയുടെ ഓഫീസ് അംഗത്തെ പോലെയാണ് പെരുമാറുന്നത്.

തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ചേർന്ന യോഗത്തിൽ വി.മുരളീധനെതിരെയുള്ള വിമർശനം കല്ലുകടിയായി. . ഡിആർഡിഒ കേസിലെ പ്രതി മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്ന ആരോപണം ദേശാഭിമാനി എഡിറ്റോറിയലിലൂടെയാണ് സജീവ ചർച്ചാവിഷയമായത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും മുരളീധരനുമായുള്ള തർക്കവും യോഗത്തിൽ ചർച്ചയായി. എന്നാൽ വി.മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് വി.മുരളീധരൻ പക്ഷക്കാരൻ കൂടിയായബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ യോഗത്തിൽ സ്വീകരിച്ചത്.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് യോഗം. യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ കോൺഗ്രസ് ബന്ധമുള്ളവരും പാർട്ടി ബന്ധമില്ലാത്തവരും ഉണ്ട്.ഡിആർഡിഒ കേസിലെ പ്രതിയായ ആൾ മന്ത്രിയുടെ ഓഫീസിലെ നിത്യ സന്ദർശകനാണ്. ഇയാൾ ഓഫീസ് അംഗത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും വിമർശനമുയർന്നു. പാർട്ടി നേതാക്കൾക്ക് ആവശ്യമായ കാര്യങ്ങൾ മുരളീധരൻ ചെയ്യുന്നില്ല. പാർട്ടി പ്രവർത്തകരെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരെയടക്കം വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരുന്നതിൽ ഇടപെടൽ നടത്തിയില്ലെന്നും കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിക്കുന്നു.


നേരത്തെ വി.മുരളീധരന്റെ പ്രവർത്തനങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ.എം മുഖപത്രമായ ദേശാഭിമാനിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുരളീധരൻ നടത്തിയ പരാമർശങ്ങളോടുള്ള കടുത്ത വിയോജിപ്പാണ് ദേശാഭിമാനി എഡിറ്റോറിയലിൽ വിശദീകരിച്ചിരിക്കുന്നത്. സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമർഷമാണോ മുരളീധരന്റെ വിരോധത്തിന് കാരണമെന്നും എഡിറ്റോറിയൽ ചോദിച്ചു.

കേരളമെന്നു കേൾക്കുമ്പോൾ മുരളീധരന് എന്തിനാണിത്ര കലിയിളകുന്നതെന്നും കേന്ദ്രമന്ത്രി പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോയെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ ചോദിക്കുന്നു. വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ കത്ത് കോവിഡ് പ്രതിരോധത്തിൽ കേരളത്തിനുള്ള അഭിനന്ദനമല്ലെന്നും മണ്ടത്തരം പറ്റിയത് തിരുത്തിയതിൽ സന്തോഷമെന്നാണ് കത്തിൽ പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം പിആറുകാർക്ക് അറിയില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ വിമർശനം.

കോവിഡ് പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികൾ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുകയുണ്ടായി. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസംഘടനയും ആഗോളമാധ്യമങ്ങളും കേരളത്തെ പ്രശംസിച്ചു. അപ്പോഴും മലയാളിയായ കേന്ദ്രമന്ത്രി അതിന് തയാറായില്ലെന്നും അദ്ദേഹം കേരളത്തെ ഇകഴ്‌ത്താനാണ് ശ്രമിച്ചതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാർലമെന്റിൽ എത്തിയതല്ലെങ്കിലും തലശേരിയിൽ ജനിച്ച് കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവി വരെ ഉയർന്ന ഈ മന്ത്രിക്ക് കേരളമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര കലിവരുന്നതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ഒരു നല്ലവാക്കുപോലും അദ്ദേഹം ഇതുവരെ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ ക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്നതിനാലാകാം മന്ത്രിക്ക് ഈ മൂത്ത കേരളവിരോധമെന്ന് കരുതി സമാധാനിക്കാമെന്നും ദേശാഭിമാനി ആഞ്ഞടിക്കുന്നു.

''കോവിഡ് യുദ്ധത്തിനിടയിൽ അൽപ്പത്തരം കാണിക്കുന്നത് മലയാളികളെ ആകെ അപഹാസ്യരാക്കും. കോവിഡ് പ്രതിരോധത്തിൽ കേരളം ഏറെ പിന്നിലാണ്. കോവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും കുറിച്ചുള്ള ഒരു പരാമർശവും കേന്ദ്രം അയച്ച കത്തിൽ ഇല്ല. നേരത്തെ സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചത്. പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണ്. നേരത്തെ വച്ച നിബന്ധനകളിൽ നിന്ന് കേരളം പിന്മാറിയെന്ന കാര്യം ഗൾഫിലെ അംബാസിഡർമാരെ അറിയിക്കാമെന്നു പറയുന്നത് അഭിനന്ദനമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കരുത്,'' എന്നായിരുന്നു ഡൽഹിയിലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുരളീധരൻ പറഞ്ഞത്.

''തെലങ്കാനയെയും ഒഡിഷയെയും ഹരിയാനയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നൽകിയിരുന്നു. അവരാരും ഇങ്ങനെ പിആർ വർക്കിന് ഉപയോഗിച്ചില്ല. ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല, കുറച്ചൊക്കെ അറിയാം. പരിശോധനയിൽ കേരളം നിൽക്കുന്നത് ഏറെ പിന്നിലാണ്. ഇരുപത്തെട്ടാം സ്ഥാനത്താണ് കേരളമിപ്പോൾ,'' എന്നും മന്ത്രി പറഞ്ഞിരുന്നു.

 ദേശാഭിമാനി എഡിറ്റോറിയലിലെ വിമർശനത്തിന്റെ പ്രസക്തഭാഗം

'കേന്ദ്രത്തിൽ എന്തിന്, വിദേശമന്ത്രാലയത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുപോലും ഈ മാന്യദേഹം അറിയുന്നില്ല എന്ന് പറയേണ്ടിവന്നതിൽ അതിയായ ഖേദമുണ്ട്. അൺലോക്ക് ഒന്നിന്റെ ഭാഗമായി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചപ്പോൾ കേരളവും അതിന് തയ്യാറായി. അപ്പോൾ കേന്ദ്രമന്ത്രിയുടെ ചോദ്യം ആര് പറഞ്ഞിട്ടാണ് പിണറായി ക്ഷേത്രം തുറക്കാൻ തയ്യാറായത് എന്നാണ്. അതുപോലെതന്നെ ചാർട്ടേഡ് വിമാനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളെയാണ്ചു മതലപ്പെടുത്തിയിരുന്നത്.

അതിനാൽ വിവിധ സംസ്ഥാനങ്ങൾ വിവിധങ്ങളായ നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന് മാത്രമായിരുന്നു കേന്ദ്രം പൊതു മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചത്. എന്നാൽ, ചാർട്ടേഡ് വിമാനത്തിന്റെ കാര്യത്തിൽ മന്ത്രിയുടെ പ്രസ്താവന വിചിത്രമായിരുന്നു. കേരളത്തിനുമാത്രം പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്താനാകില്ലെന്നായിരുന്നു ആ പ്രസ്താവന.

ആരാണ് പറഞ്ഞതുകൊറോണയുടെ പരിശോധന ഇല്ലാതെയാണ് പ്രവാസികളെ കൊണ്ടുവരുന്നതെന്ന് വന്ദേഭാരത് മിഷൻ ആരംഭിക്കുന്ന ഘട്ടത്തിൽ (മെയ് അഞ്ചിന് ) പറഞ്ഞ കേന്ദ്രമന്ത്രി ജൂൺ 16ന് മലക്കം മറിഞ്ഞു. സ്വന്തം പൗരന്മാരെ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽമാത്രം കൊണ്ടുവന്നാൽ മതിയെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം ലോകരാജ്യങ്ങൾ പരിഹാസത്തോടെയാണ് കാണുക എന്നായി. വിഷയങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവരെ സ്വന്തം ഓഫീസിൽ ഇരുത്താൻ ഇനിയെങ്കിലും മന്ത്രി തയ്യാറാകണം. ഇത് ചെയ്യാത്തതിനാലാണ് കോൺഗ്രസ് മുൻ മന്ത്രിയുടെ ഓഫീസിലെ ചിലരാണ് വി മുരളീധരന്റെ ഓഫീസിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി നേതാക്കൾതന്നെ ആരോപിക്കുന്നത്. ഡിആർഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വൻതട്ടിപ്പ് നടത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രിഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്ന ആളാണെന്ന പരാതി ഉയർന്നുവന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിനെ അപഹസിക്കാൻ മാത്രമായി, കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കാൻ മാത്രമായി ഒരു കേന്ദ്രമന്ത്രി എന്തിനാണ്? പ്രബുദ്ധ കേരളത്തിന് ബാധ്യതയാകുകയാണോ ഈ കേന്ദ്രമന്ത്രി?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP