Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

പോൾ സെബാസ്റ്റ്യൻ

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം മാർതോമാ ശ്ലീഹായുടെ ദുക്‌റാന തിരുന്നാൾ ദിനമായ ജൂലൈ 3-ാം തിയതി (വെള്ളിയാഴ്ച) മെൽബൺ സെന്റ്‌ തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. റോമിൽവച്ച് പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപ്പാപ്പയാണ് കത്തീഡ്രൽ ദേവാലയത്തിന്റെ അടിസ്ഥാന ശില മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെയും സീറോ മലബാർ സഭയിലെ അഭിവന്ദ്യരായ മറ്റു പിതാക്കന്മാരുടെയും സാന്നിധ്യത്തിൽ വെഞ്ചരിച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂർ പിതാവിന് നല്കിയിരിക്കുന്നത്. വൈകീട്ട് 4.30 ന് നടക്കുന്ന ശിലാസ്ഥാപന കർമ്മത്തിൽ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസീസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ, മാത്യു കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, ബൈബിൾ അപ്പൊസ്റ്റലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി എലുവത്തിങ്കൽ, കത്തീഡ്രൽ നിർമ്മാണ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരിക്കും.

കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള സുവനീയറിന്റെ പ്രകാശനം വിക്‌ടോറിയൻ പാർലമെന്റ് എംപിയും ഗവൺമെന്റ് വിപ്പുമായ ബ്രൗണിയൻ ഹാഫ്‌പെന്നി എംപിനിർവ്വഹിക്കും. ലുമെയിൻ ബിൽഡേഴ്‌സ്, ഐ.എച്ച്.എൻ.എ, സെഹിയോൻ ടൂർസ്ആൻഡ് ട്രാവൽസ്, യുഹോംസ്, സബ്‌റിനി ഫുഡ്‌സ്, ഇന്ത്യാഗേറ്റ് ഗ്രോസറി ഷോപ്പ് എപ്പിങ്ങ് എന്നിവരാണ് സുവനീയർ സ്‌പോൺസർ ചെയ്തിരിക്കുന്നത്.

സ്വന്തമായി ഒരു ദേവാലയം എന്ന കത്തീഡ്രൽ ഇടവകാംഗങ്ങളുടെ വർഷങ്ങളായുള്ള പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവിലാണ് ഏറെ പ്രതീക്ഷകളോടെ ദേവാലയ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. എപ്പിങ്ങിൽ ഹ്യൂം ഫ്രീവേക്ക് സമീപം കത്തീഡ്രൽ ഇടവക സ്വന്തമാക്കിയ രണ്ടേമുക്കാൽ ഏക്കർ സ്ഥലത്താണ് ദേവാലയത്തിനും പാരീഷ്ഹാളിനും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള നിർമ്മാണം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയായിലെ പ്രമുഖ കൺസ്ട്രക്ഷൻ ഗ്രൂപ്പായ ലുമെയിൻ ബിൽഡേഴ്‌സിനാണ് കത്തീഡ്രലിന്റെ നിർമ്മാണ ചുമതല നല്കിയിരിക്കുന്നത്.

മെൽബൺ സീറോ മലബാർ രൂപതയിലെ ഓരോ അംഗങ്ങളുടെയും സമൂഹങ്ങളുടെയും ഇടവകകളുടെയും വിശ്വാസ കൂട്ടായ്മയുടെയും സ്‌നേഹ ഐക്യത്തിന്റെയും പ്രതീകവും കേന്ദ്രവുമാണ് കത്തീഡ്രൽ ദേവാലയം. രൂപതകളിൽ കത്തീഡ്രൽ ദേവാലയത്തിനുള്ള പ്രമുഖസ്ഥാനത്തെപ്പറ്റി രണ്ടാം വത്തിക്കാൻ സൂനഹദോസ് നല്കിയ പ്രസ്താവന സൂചിപ്പിച്ചുകൊണ്ട് ബിഷപ്പ് ബോസ്‌കോ പുത്തൂർ രൂപതാംഗങ്ങൾക്കായി നല്കിയ പ്രത്യേക സർക്കുലറിലൂടെ കത്തീഡ്രൽ നിർമ്മാണത്തിനു വേണ്ടി പ്രാർത്ഥിക്കാനും സഹകരിക്കാനും അഭ്യർത്ഥിച്ചു.

ശിലാസ്ഥാപന കർമ്മങ്ങൾക്കു ശേഷം വൈകീട്ട് 7 മണിക്ക് മാർ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാളിനോടനുബന്ധിച്ച് റിസർവോസെന്റ് സ്റ്റീഫൻസ് ദേവാലയത്തിൽ അർപ്പിക്കുന്ന റാസ കുർബാനയിൽ ബിഷപ്പ് ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. ശിലാസ്ഥാപന കർമ്മത്തിന്റെയും തുടർന്ന് നടക്കുന്ന റാസ കുർബാനയുടെയും തൽസമയ സംപ്രേഷണം കത്തീഡ്രൽ ഇടവകയുടെ യുട്യൂബ് ചാനലിലും ഫേസ്‌ബുക്ക് പേജിലും ലഭിക്കും. ശിലാസ്ഥാപന കർമ്മത്തിലും റാസകുർബാനയിലും ഓൺലൈനിലൂടെ പങ്കെടുത്തുകൊണ്ട് കത്തീഡ്രൽ ദേവാലയ നിർമ്മാണത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും സഹകരിക്കാനും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP