Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ കോവിഡ് കേസുകൾ എണ്ണത്തിൽ കുറവായപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപനം; പിന്നീടങ്ങോട് മോദി വാഴ്‌ത്തുകളുടെ കാലം; രാജ്യം അടഞ്ഞു കിടന്നിട്ടും കോവിഡ് വ്യാപനത്തിന് കുറവില്ല; കോവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുമ്പോൾ രാജ്യം അൺലോക്ക് ചെയ്ത് കയ്യുംകെട്ടി നോക്കിയിരുന്നു കേന്ദ്രസർക്കാർ; മന്ത്രിതല ചർച്ചയും വിദഗ്ധ സമിതി യോഗവുമില്ല; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നത് ജൂൺ ഒമ്പതിന്; കോവിഡ് പ്രതിരോധം ഇഴഞ്ഞു നീങ്ങുന്നു

രാജ്യത്തെ കോവിഡ് കേസുകൾ എണ്ണത്തിൽ കുറവായപ്പോൾ ലോക്ക് ഡൗൺ പ്രഖ്യാപനം; പിന്നീടങ്ങോട് മോദി വാഴ്‌ത്തുകളുടെ കാലം; രാജ്യം അടഞ്ഞു കിടന്നിട്ടും കോവിഡ് വ്യാപനത്തിന് കുറവില്ല; കോവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുമ്പോൾ രാജ്യം അൺലോക്ക് ചെയ്ത് കയ്യുംകെട്ടി നോക്കിയിരുന്നു കേന്ദ്രസർക്കാർ; മന്ത്രിതല ചർച്ചയും വിദഗ്ധ സമിതി യോഗവുമില്ല; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേർന്നത് ജൂൺ ഒമ്പതിന്; കോവിഡ് പ്രതിരോധം ഇഴഞ്ഞു നീങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം കുറവായിരുന്ന വേളയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. എന്നാൽ, ഈ പ്രഖ്യാപനം കൊണ്ട് എന്തു ഗുണമുണ്ടായി എന്നു ചോദിച്ചാൽ കാര്യമായി ഒന്നും തന്നെ ഇല്ലെന്ന് പറയേണ്ടി വരും. കോവിഡ് കേസുകളിൽ അതിവേഗം പടരുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ ഉള്ളത്. അതേസമയം തുടക്കത്തിൽ ആവേശം കാണിച്ച പ്രധാനമന്ത്രി മോദി പോലും ഇപ്പോൾ രാജ്യത്ത് കോവിഡ് വ്യാപിക്കുമ്പോൾ മൗനം പാലിച്ചിരിക്കയാണ്. കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്റെ നേതൃത്വത്തിലുള്ള ആറംഗ മന്ത്രിതല സമിതി യോഗം ചേർന്നിട്ട് രണ്ടാഴ്ച പിന്നിട്ടതായി 'ദി പ്രിന്റ്' ഓൺലൈൻ റിപ്പോർട്ടു ചെയ്തു. ജൂൺ 9നാണ് അവസാന യോഗം നടന്നത്.

കോവിഡ് പ്രതിസന്ധിയെകുറിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ അവസാന വാർത്താസമ്മേളനം നടന്നത് ജൂൺ 11നാണ്. രാജ്യത്തെ രോഗവ്യാപനവും പ്രതിരോധവും നിരീക്ഷിക്കുന്ന ഉന്നത ആരോഗ്യ കേന്ദ്രമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) ദൗത്യസംഘവുമായുള്ള കൂടിയാലോചന നടന്നിട്ടും രണ്ടാഴ്ച പിന്നിട്ടു. ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വെള്ളിയാഴ്ച രാത്രി 5,06,972 ആയി ഉയരുകയും മരണ സംഖ്യ 15674 എത്തുകയും ചെയ്തപ്പോഴാണ് ഈ അലംഭാവം. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 407 പേർ മരിച്ചു. അതേസമയം, കേസുകളുടെ എണ്ണം 1,251 ആയിരുന്ന മാർച്ചിൽ ഏഴ് തവണയാണ് മന്ത്രിതല സമിതി യോഗം ചേർന്നത്. മാർച്ച് 2, 4, 11, 16, 19, 25, 31 തീയതികളിലായിരുന്നു ഈ യോഗങ്ങൾ.

കാര്യങ്ങൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങവേ, മഹാമാരിയുടെ ആദ്യ ആഴ്ചകളിലും മാസങ്ങളിലും കാണിച്ച ജാഗ്രത പോലും ഈ സമയത്ത് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരും രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതുമാത്രമാണ് അപവാദം.

ലോകത്ത് കോവിഡ് ഭീഷണി ഉയർന്നപ്പോൾ രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും പ്രതിരോധത്തിന് മേൽനോട്ടം വഹിക്കാനുമായി ഫെബ്രുവരി മൂന്നിനാണ് സർക്കാർ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തിയത്. ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, വ്യോമ ഗതാഗത മന്ത്രി ഹർദീപ് സിങ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയകൃഷ്ണ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, ജലഗതാഗത ചുമതലയുള്ള മൻസുഖ് മാണ്ഡവ്യ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ എന്നിവരാണ് ഈ സമിതിയിലുള്ളത്.

രാജ്യത്ത് മൂന്ന് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ഫെബ്രുവരി മാസം സമിതി രണ്ടുതവണയാണ് യോഗം ചേർന്നത്. ഫെബ്രുവരി മൂന്നിനും 13നും. 9, 17, 25 തീയതികളിലായി ഏപ്രിലിൽ മൂന്ന് തവണയും സമിതി യോഗം നടത്തി. 21,700 പേർക്കാണ് ആ മാസം രോഗം സ്ഥിരീകരിച്ചത്. എന്നാൽ, രോഗികളുടെ എണ്ണം 81,970 ആയ മേയിൽ അഞ്ചിനും 15നും മാത്രമാണ് ഇവർ സിറ്റിങ് നടത്തിയത്. ജൂൺ ഒമ്പതിന് രോഗികളുടെ എണ്ണം 2,66,598 ആയപ്പോഴാണ് ഈ മാസത്തെ ഏക യോഗം നടന്നത്. 18 ദിവസം കൊണ്ട് രോഗബാധിതർ ഇരട്ടിയായിട്ടും കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് തുടർ നടപടികളോ കൂടിയാലോചനകളോ ഉണ്ടാകാത്തത് ആരോഗ്യമേഖലയിലുള്ളവരിലടക്കം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുവെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ''ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതും ആവശ്യമുള്ളതുമെല്ലാം ചെയ്തു. ആളുകൾ അതിനൊപ്പം ജീവിക്കാൻ പഠിക്കണം ' അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കേന്ദ്രസർക്കാറിന്റെ പിന്മാറ്റത്തെ മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സുജാത റാവു രൂക്ഷമായി വിമർശിച്ചു. 'ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നുമില്ല. അവർ നിശബ്ദരാണ്. ഇന്ത്യ-ചൈന കാര്യം കേന്ദ്രം ഗൗരവത്തിൽ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, ആരോഗ്യം സംസ്ഥാന സർക്കാറിന്റെ വിഷയമാണെന്നാണ് പറയുന്നത്. എങ്കിൽ, എന്തിനാണ് അതിനെ ദുരന്തനിവാരണ നിയമത്തിനും പകർച്ചവ്യാധി നിയമത്തിനും കീഴിൽ കൊണ്ടുവന്നത് അവർ ചോദിച്ചു.

''പകർച്ചവ്യാധികൾ നിയന്ത്രിക്കേണ്ടത് പൂർണമായും കേന്ദ്രസർക്കാറിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതലയാണ്. അത് അവരുടെ ഉത്തരവാദിത്തമല്ലെങ്കിൽ, എന്തുകൊണ്ടാണ് സംസ്ഥാനങ്ങളോട് ചോദിക്കാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്'' -സുജാത റാവു ആരാഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP