Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി വിമാനം ഇറങ്ങുന്നവർക്കെല്ലാം നേരെ വീട്ടിലേക്ക് പോകാം....! ക്വാറന്റീൻ കേന്ദ്രങ്ങൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്നത് വമ്പൻ പ്രതിസന്ധി; കടപ്പത്രം ഇറക്കി മുമ്പോട്ട് പോകുന്ന സംസ്ഥാന സർക്കാരിന് സഹായിക്കാൻ ഫണ്ടുമില്ല; വിദേശത്തു നിന്നും ഇതരസംസ്ഥാനത്തു നിന്നും വരുന്നവർക്കൊന്നും ഇനി സർക്കാർ ക്വാറന്റീൻ ഇല്ല; സമൂഹ വ്യാപന ഭീതി അതിശക്തമാക്കി പിണറായി സർക്കാരിന്റെ പിന്മാറ്റം; സർക്കാർ കണ്ടെത്തിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പകുതിയിലേറെയും പൂട്ടുമ്പോൾ

ഇനി വിമാനം ഇറങ്ങുന്നവർക്കെല്ലാം നേരെ വീട്ടിലേക്ക് പോകാം....! ക്വാറന്റീൻ കേന്ദ്രങ്ങൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്നത് വമ്പൻ പ്രതിസന്ധി; കടപ്പത്രം ഇറക്കി മുമ്പോട്ട് പോകുന്ന സംസ്ഥാന സർക്കാരിന് സഹായിക്കാൻ ഫണ്ടുമില്ല; വിദേശത്തു നിന്നും ഇതരസംസ്ഥാനത്തു നിന്നും വരുന്നവർക്കൊന്നും ഇനി സർക്കാർ ക്വാറന്റീൻ ഇല്ല; സമൂഹ വ്യാപന ഭീതി അതിശക്തമാക്കി പിണറായി സർക്കാരിന്റെ പിന്മാറ്റം; സർക്കാർ കണ്ടെത്തിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പകുതിയിലേറെയും പൂട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗൾഫിൽ നിന്ന് വിമാനം ഇറങ്ങുന്ന മലയാളികൾക്കായി രണ്ടര ലക്ഷം ക്വാറന്റൈൻ മുറികളാണ് കേരളം കണ്ടെത്തിയതെന്നായിരുന്നു അവകാശ വാദം. എന്നാൽ ഗൾഫിൽ നിന്നും ഇതര സംസ്ഥാനത്തു നിന്നും മലയാളികൾ നാട്ടിലെത്തിയപ്പോൾ എല്ലാം പാളി. കടം എടുത്ത് മുമ്പോട്ട് പോകുന്ന സർക്കാരിന് ക്വാറന്റീൻ കേന്ദ്രങ്ങൾ മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ല. ഇതോടെ സർക്കാർ കണ്ടെത്തിയ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പകുതിയിലേറെയും പൂട്ടി. വിദേശത്തുനിന്നെത്തുന്നവർക്കും ആദ്യ 7 ദിവസത്തെ സർക്കാർ ക്വാറന്റീൻ ഒഴിവാക്കിയതോടെയാണു ക്വാറന്റീൻ കേന്ദ്രങ്ങളിൽ ആളില്ലാതായത്. വാടകയിനത്തിലെ ചെലവു പരിഗണിച്ചാണു വിദേശത്തുനിന്നു വരുന്നവർ വീടുകളിൽ ക്വാറന്റീനിൽ കഴിയട്ടെയെന്നു തീരുമാനിച്ചത്. അങ്ങനെ ക്വാറന്റീൻ വീട്ടിലേക്ക് മാറുകയാണ്. ഇത് സമൂഹ വ്യാപന സാധ്യതയും കൂടും. അങ്ങനെ വന്നാൽ കേരളവും മഹാമാരിയുടെ പിടിയിലാകും.

വിദേശത്തു നിന്നുവന്നവരിൽ വീട്ടിൽ ശുചിമുറിയോടു കൂടിയ മുറിയില്ലാത്തവർ, അതിഥിത്തൊഴിലാളികൾ, വീടുകളിൽ പോകാത്തവർ തുടങ്ങിയവരാണു നിലവിൽ ക്വാറന്റീൻ കേന്ദ്രങ്ങളിലുള്ളത്. തദ്ദേശ സ്ഥാപനങ്ങൾക്കാണു ഭക്ഷണവിതരണത്തിന്റെ ചുമതല. പ്ലാൻ ഫണ്ടിൽ നിന്നാണ് ഇവർ ഇതിന് കാശ് കണ്ടെത്തിയത്. പ്ലാൻ ഫണ്ട് തീർന്നതും പ്രശ്‌നമായി. ഇതോടെയാണ് ക്വാറന്റീൻ കേന്ദ്രങ്ങൾ പൂട്ടിയത്. ക്വാറന്റീൻ കേന്ദ്രങ്ങൾ പൂട്ടിയിട്ടില്ലെന്നും കൂടുതൽ സൗകര്യമുള്ള വീടുകൾ കിട്ടിയപ്പോൾ ചില ഹോട്ടലുകളും റിസോർട്ടുകളും ഒഴിവാക്കിയതാണെന്നുമാണു മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ മിക്ക ജില്ലകളിലും പകുതിയിലേറെ കേന്ദ്രങ്ങൾ ഇതിനോടകം പൂട്ടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസികളെ പാർപ്പിക്കാനായി സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളായി 2,39,642 കിടക്കകൾക്കുള്ള സ്ഥലം കണ്ടെത്തിയെന്നു സർക്കാർ അവകാശപ്പെട്ടിരുന്നു. ഏപ്രിൽ 25നു റിപ്പോർട്ട് കൈമാറുന്ന സമയത്ത് 1,52,722 കിടക്കകൾ തയാറാണെന്നും പറഞ്ഞിരുന്നു. ആശുപത്രികളിലും ഹോട്ടലുകളിലും മുറികൾ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീൻ കേന്ദ്രങ്ങൾക്കായി തിരഞ്ഞെടുത്തു. ഇതെല്ലാമാണ് താളം തെറ്റുന്നത്.

പ്രവാസികളുടെ വരവ് സ്വാഗതംചെയ്തത് വലിയ ആവേശത്തോടെയായിരുന്നു. ഏഴുദിവസം സർക്കാർ കേന്ദ്രങ്ങളിലും ഏഴുദിവസം വീടുകളിലുമായിരുന്നു നിരീക്ഷണം. വിമാനത്താവളങ്ങളിൽനിന്ന് സർക്കാർ ഒരുക്കിയ പ്രത്യേക ബസിൽ യാത്ര. ഇവരും സ്വന്തം വാഹനത്തിൽ പോകുന്നവരും വഴിയിൽ ഇറങ്ങുന്നുണ്ടോയെന്നു നോക്കാൻ പൊലീസ്. നേരിയ പനിയുള്ളവരെപ്പോലും തൊട്ടടുത്ത സർക്കാർ ആശുപത്രികളിലാക്കി പരിശോധിപ്പിച്ച് സംശയമുള്ളവരുടെ സാംപിൾ പരിശോധിച്ച് ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് വിട്ടു. അങ്ങനെ പലതും തുടക്കത്തിൽ ചെയ്തു. ഇതെല്ലാമാണ് വേണ്ടെന്ന് വച്ച് വരുന്നവരെ എല്ലാം വീട്ടിലേക്ക് വിടുന്നത്. ക്വാറന്റീനുള്ളവരെ നിരീക്ഷിക്കാനുള്ള സംവിധാനവും പരാജയമായി കഴിഞ്ഞു.

മടങ്ങിവരുന്നവരുടെ എണ്ണം പെരുകിയതോടെ ക്രമേണ എല്ലാം താളംതെറ്റുകയായിരുന്നു. ഇതോടെയാണ് ക്വാറന്റീൻ വീട്ടിലേക്ക് മാറ്റുന്നത്. ലോക്ഡൗണിലെ ഇളവിൽ സർക്കാരിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മാറി. പ്രവാസികൾ രണ്ടാമതായി. സർക്കാരിന്റെ ഭാഗത്ത് കൂടിയാലോചനകളും നടക്കുന്നില്ല. എംഎ‍ൽഎ.മാരടക്കമുള്ള ജനപ്രതിനിധികൾ, പ്രവാസികളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി ചർച്ചകളുണ്ടായില്ല. എല്ലാം ഏതാനും ഉദ്യോഗസ്ഥർ മാത്രമിരുന്നു തീരുമാനിച്ചു എന്നതാണ് പ്രധാന പോരായ്മ. അതിനിടെ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ മതിയായ ചികിത്സാ സൗകര്യം ഉറപ്പാക്കാനാകുമോയെന്നു സർക്കാരിന് ആശങ്കയും ഉണ്ട്.

രോഗികളുടെ എണ്ണം വൻ തോതിൽ വർധിച്ചാൽ ഈ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും ഉപയോഗിച്ചാലും കിടക്കകൾ തികയാതെവരും. അങ്ങനെ വന്നാൽ രോഗികളെ അയൽ ജില്ലകളിലേക്കു കൊണ്ടുപോകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാലക്കാട്237, കണ്ണൂർ157, മലപ്പുറം191, കാസർകോട്105 എന്നിങ്ങനെയാണ് ഇപ്പോൾ രോഗികളുടെ എണ്ണം. കഴിഞ്ഞ 15 ദിവസത്തിനിടെയുള്ള കോവിഡ് കേസുകളിൽ 40 % പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ്. സമ്പർക്ക രോഗികളിൽ 60 % പാലക്കാട്, മലപ്പുറം, കണ്ണൂർ, തൃശൂർ ജില്ലകളിലുള്ളവർ. മലപ്പുറം 79,000, കണ്ണൂർ 51,000, പാലക്കാട് 28,000, കാസർകോട് 19,000 എന്നിങ്ങനെയാണു കേരളത്തിലേക്കു മടങ്ങിവരാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന പ്രവാസികൾ.

ഇന്നലെ കേരളത്തിൽ 150 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 21 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ള 16 പേർക്ക് വീതവും കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ 6 പേർ സിഐ.എസ്.എഫുകാരും 3 പേർ ആർമി ഡി.എസ്.സി. ക്യാന്റീൻ ജീവനക്കാരുമാണ്. രോഗം ബാധിച്ച സിഐ.എസ്.എഫുകാരിൽ 2 പേർ എയർപ്പോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തർ - 6, ഒമാൻ- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. മഹാരാഷ്ട്ര - 15, ഡൽഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കർണാടക- 2, ഉത്തർപ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീർ- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5 പേർക്കും, കൊല്ലം ജില്ലയിലെ 2 പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒരാൾക്കും (സിഐ.എസ്.എഫ്. കാരൻ) വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂർ ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 10 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 5 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 2 പേരുടെയും, കണ്ണൂർ (കാസറഗോഡ്-1) ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2006 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,61,547 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2397 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP