Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിക്കറ്റിൽ ബൗൺസർ നിയമം കൊണ്ടുവന്നത് കറുത്ത വർഗക്കാരുടെ ടീം വിജയിക്കുന്നത് നിയന്ത്രിക്കാൻ; ഐസിസിക്കെതിരെ ഗുരുതര ആരോപണവുമായി ഡാരൻ സമി

ക്രിക്കറ്റിൽ ബൗൺസർ നിയമം കൊണ്ടുവന്നത് കറുത്ത വർഗക്കാരുടെ ടീം വിജയിക്കുന്നത് നിയന്ത്രിക്കാൻ; ഐസിസിക്കെതിരെ ഗുരുതര ആരോപണവുമായി ഡാരൻ സമി

സ്വന്തം ലേഖകൻ

കിങ്സ്റ്റൺ: ക്രിക്കറ്റിൽ ബൗൺസർ നിയമം കൊണ്ടുവന്നത് കറുത്ത വർഗക്കാരുടെ ടീം വിജയിക്കുന്നത് നിയന്ത്രിക്കാനാണെന്ന ഗുരുതര ആരോപണവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഡാരൻ സമി. കളിയിൽ ബൗൺസറുകൾ കുറയ്ക്കുന്നതിനു നിയമം കൊണ്ടുവന്നത് കറുത്ത വർഗക്കാർ കളികളിൽ ആധിപത്യം നേടിയതോടെയാണെന്നാണ് സമി ആരോപിക്കുന്നത്. നേരത്തേ ബോളർമാർക്ക് എത്ര ആവശ്യമുണ്ടോ അത്രയും ബൗൺസറുകൾ എറിയാമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഓവറിൽ രണ്ട് ബൗൺസറുകൾ മാത്രമേ എറിയാൻ സാധിക്കുകയുള്ളൂ സമി വ്യക്തമാക്കി. അത് കറുത്ത വർഗക്കാരുടെ വിജയത്തെ നിയന്ത്രിക്കാനാണെന്നാണ് സമി ആരോപിക്കുന്നത്.

ക്രിക്കറ്റിൽ കറുത്തവരുടെ ടീം മേധാവിത്വം നേടുന്നതു ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴാണു ബൗൺസർ നിയമം വന്നതെന്നും ഇത് കറുത്തവരുടെ ടീം ജയിക്കുന്നതു നിയന്ത്രിക്കുന്നതിനാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും സമി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മൂർച്ചയേറിയ ബോളിങ് ഓസ്‌ട്രേലിയൻ പേസർമാരായ ജെഫ്രി റോബർട് തോംസണിന്റെയും ഡെനിസ് ലില്ലിയുടേതുമാണ്. ബാറ്റ്‌സ്മാന്മാരെ അപകടകരമായ ബോളുകൾ കൊണ്ടു നേരിടുന്ന ഇവരുടെ രീതി പ്രശസ്തമാണ്. എന്നാൽ വിൻഡീസ് ബോളർമാർ ഈ രീതി ഉപയോഗിച്ചപ്പോഴാണു ക്രിക്കറ്റിൽ പുതിയ നിയമം കൊണ്ടുവരുന്നതെന്നും സമി ആരോപിച്ചു.

എന്നാൽ തന്റെ നിരീക്ഷണം ഒരുപക്ഷേ തെറ്റായിരിക്കാം, പക്ഷേ ഞാൻ അതാണു കണ്ടതെന്ന് സമി വ്യക്തമാക്കി. പേസ് ബോളർമാരുടെ മികവിലാണ് ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് ഒരുകാലത്ത് ആധിപത്യം നേടിയിരുന്നത്. ആദ്യ രണ്ടു ലോകകപ്പുകളിലും വിജയികളായ വിൻഡീസ് 1983ൽ ഫൈനലിലുമെത്തി. കോട്‌നി വാൽഷ്, ജോയൽ ഗാർനർ, പാട്രിക് പാറ്റേർസൻ, ആൻഡി റോബർട്‌സ്, മൈക്കൽ ഹോൾഡിങ് തുടങ്ങിയ സൂപ്പർ താരങ്ങളുടെ മികവിൽ ഒരു കാലത്ത് ഏറ്റവും കരുത്തരായ ടീമായിരുന്നു വിൻഡീസ്. എത്ര വലിയ ബാറ്റിങ് നിരയെയും പേസും ബൗൺസും ഉപയോഗിച്ചു തകർത്തു വിടുന്നതായിരുന്നു വിൻഡീസിന്റെ രീതി.

1991 ലാണ് ബൗൺസറുകൾ നിയന്ത്രിക്കുന്നതിനായി ക്രിക്കറ്റിൽ നിയമം കൊണ്ടുവരുന്നത്. ഒരു ഓവറിൽ ഒരു ബൗൺസർ മാത്രം എറിയാനായിരുന്നു ആദ്യം അനുമതി. 1994 മുതൽ രണ്ട് ബൗൺസറുകൾ എറിയാൻ അനുമതി നൽകി. 2001 ൽ എറിയാവുന്ന ബൗൺസറുകളുടെ എണ്ണം ഒന്നാക്കി വീണ്ടും പരിഷ്‌കരിച്ചു. 11 വർഷങ്ങൾക്കു ശേഷം രണ്ട് ബൗൺസറുകൾ എറിയാനായി ഐസിസി വീണ്ടും അനുമതി നൽകി.

അതേസമയം ഡാരൻ സമിയുടെ ആരോപണത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലോ, മറ്റു ക്രിക്കറ്റ് താരങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസിൽ ജോർജ് ഫ്‌ളോയ്ഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യാൽ കൊല്ലപ്പെട്ടതു തന്നെ പല തരത്തിലും ബാധിച്ചതായും സമി വെളിപ്പെടുത്തി. ഇതേ തുടർന്നാണ് ക്രിക്കറ്റിലെ വംശീയതയെക്കുറിച്ചു ചിന്തിക്കാൻ നിർബന്ധിതനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP