Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂലാമാലകൾ ഇല്ലാതെ കാൻസർ, ഹീമോഫീലിയ രോഗികൾക്ക് 3 ലക്ഷം വരെ ചികിത്സാഹ സഹായം ലഭിക്കുന്ന പദ്ധതിയിൽ സർക്കാറിന്റെ കടുംവെട്ട്; സ്വകാര്യ ആശുപത്രികൾക്ക് 200 കോടിയുടെ കുടിശ്ശിക വരുത്തിയതോടെ കാരുണ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറി ആശുപത്രികളുടെ സംഘടന; ജൂലൈ ഒന്ന് മുതൽ കാരുണ്യയിൽ നിന്ന് പിന്മാറുകയാണെന്നും കാണിച്ച് മാനേജ്‌മെന്റുകൾ സർക്കാറിന് കത്തു നൽകി; കോവിഡ് കാലത്തെ കരുതൽ തള്ളുകൾക്കിടെ സാധു രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ കഴുത്തുഞെരിച്ചു സർക്കാർ

നൂലാമാലകൾ ഇല്ലാതെ കാൻസർ, ഹീമോഫീലിയ രോഗികൾക്ക് 3 ലക്ഷം വരെ ചികിത്സാഹ സഹായം ലഭിക്കുന്ന പദ്ധതിയിൽ സർക്കാറിന്റെ കടുംവെട്ട്; സ്വകാര്യ ആശുപത്രികൾക്ക് 200 കോടിയുടെ കുടിശ്ശിക വരുത്തിയതോടെ കാരുണ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് പിന്മാറി ആശുപത്രികളുടെ സംഘടന; ജൂലൈ ഒന്ന് മുതൽ കാരുണ്യയിൽ നിന്ന് പിന്മാറുകയാണെന്നും കാണിച്ച് മാനേജ്‌മെന്റുകൾ സർക്കാറിന് കത്തു നൽകി; കോവിഡ് കാലത്തെ കരുതൽ തള്ളുകൾക്കിടെ സാധു രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്ന പദ്ധതിയുടെ കഴുത്തുഞെരിച്ചു സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്തെ കേരളത്തിന്റെ പ്രവർത്തനങ്ങളുടെ പേരു പറഞ്ഞു നടക്കുന്ന സംസ്ഥാന സർക്കാർ അതേസമയം സാധുക്കൾക്ക് ചികിത്സാ സഹായം ലഭിക്കുന്ന കാരുണ്യ പദ്ധതിയുടെ കഴുത്തു ഞെരിക്കുന്നു. സർജറി അടക്കമുള്ള ചികിത്സ വേണ്ടുന്ന സാധുക്കൾക്ക് ഏറെ സഹായകരമായ പദ്ധതി ജൂലൈ മുതൽ ലഭ്യമാകില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കുടിശ്ശിക ലഭിക്കാത്ത പശ്ചാത്തലത്തിൽ പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് മാനേജ്‌മെന്റുകൾ സർക്കാറിനെ അറിയിച്ചു. ഇതോടെ അടുത്ത മാസം മുതൽ ഈ പദ്ധതി പ്രകാരമുള്ള ചികിത്സ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകില്ല.

ജൂലൈ ഒന്ന് മുതൽ പദ്ധതിയുമായി സാഹകരിക്കേണ്ടതില്ലെന്ന് സ്വാകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ തീരുമാനിച്ചു. സർക്കാർ കുടിശിക തീർത്ത് നൽകാത്തതാണ് പിന്മാറ്റത്തിന് കാരണം. കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികൾക്ക് 200 കോടി രൂപയാണ് കുടിശിക ഇനത്തിൽ സർക്കാർ നൽകാനുള്ളത്. ഇത് തീർത്ത് നൽകാതെ പദ്ധതിയുമായി സഹകരിച്ചു മുന്നോട്ട് പോകാനാകില്ലെന്നാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ തീരുമാനം കാരുണ്യ പദ്ധതിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ജൂലൈ ഒന്ന് മുതൽ പുതിയ സ്‌കീം ആരംഭിക്കാൻ ഇരിക്കെയാണ് പദ്ധതിക്ക് തിരിച്ചടി ഉണ്ടാകുന്നത്. പുതിയ സ്‌കീമിന്റെ നിരക്കിൽ മാറ്റം വരുത്തണമെന്ന ആവശ്യവും സ്വാകാര്യ ആശുപത്രികൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സർക്കാർ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തി കുടിശികയുടെ 30 ശതമാനം നൽകിയെങ്കിലും ബാക്കി തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പിന്നോട്ട് പോയതാണ് മാനേജ്‌മെന്റുകൾ കടുത്ത നിലപാടിലേക്ക് നീങ്ങാൻ കാരണമായത്.

കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ കുടിശിക കിട്ടിയില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. ആശുപത്രികളിൽ ഇപ്പോൾ തന്നെ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണുള്ളത്. ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിൽ സംസ്ഥാന സർക്കാറിനുള്ള താൽപ്പര്യം ഇല്ലാത്തതു തന്നെയാണ് ഇത്രയും കുടിശ്ശിക വരാൻ കാരണവും. നേരത്തെ ഈ പദ്ധതി നിർത്തലാക്കാൻ സംസ്ഥാന സർക്കാർ ആലോചിച്ചിരുന്നു. ഇതിൽ കടുത്ത എതിർപ്പ് ഉയർന്നതോടെയാണ് പദ്ധതി വീണ്ടും തുടങ്ങിയത്.

കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാധന സഹായ പദ്ധതി എങ്ങനെ, ആർക്കൊക്കെ?

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ പ്രതിവാര ഭാഗ്യക്കുറികളിൽ നിന്നുള്ള അറ്റാദായം വിനിയോഗിച്ച് ചികിത്സാ ധനസഹായം നൽകുന്ന പദ്ധതി. ലഭിക്കുന്ന സഹായം: വൃക്കരോഗികൾക്ക് 3 ലക്ഷം വരെ. ഹീമോഫീലിയ രോഗികൾക്കു പരിധിയില്ലാതെ ആജീവാനന്തചികിത്സാ സഹായം. പദ്ധതിയിലുൾപ്പെടുത്തിയ മറ്റ് രോഗങ്ങളുടെ ചികിത്സയ്ക്ക് 2 ലക്ഷം വരെ സഹായം.

പദ്ധതിയിൽ ഉൾപ്പെടുത്തിയ രോഗങ്ങൾ

1. കാൻസർ (കീമോ, റേഡിയോ തെറപ്പി, ശസ്ത്രക്രിയ ഉൾപ്പെടെ)

2. ഹൃദയ ശസ്ത്രക്രിയ സ്റ്റെന്റിന്റെ വില ഉൾപ്പെടെ ചെലവ്)

3. തലച്ചോർ, കരൾ ശസ്ത്രക്രിയകൾ

4. വൃക്ക, കരൾ, ഹൃദയം എന്നിവ മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ

5. വൃക്കരോഗ ചികിത്സ

6. ഹീമോഫീലിയ (വരുമാനത്തിനും തുകയ്ക്കും പരിധിയില്ലാതെ ആജീവാനന്തം)

7. സാന്ത്വന ചികിത്സ

8. മാരകമായ ശ്വാസകോശ രോഗങ്ങൾ

9. നട്ടെല്ല്, സുഷുമ്‌ന നാഡി എന്നിവയ്ക്കുള്ള ഗുരുതര ക്ഷതങ്ങൾ

അർഹതാമാനദണ്ഡം: എല്ലാ ബിപിഎൽ കുടുംബങ്ങളും വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ള എപിഎൽ കുടുംബങ്ങളും ഈ പദ്ധതിയിലൂടെ ചികിത്സാ സഹായത്തിന് അർഹരാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, റീജനൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ എന്നിവയിലും പരിയാരം സഹകരണ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊച്ചിൻ കാൻസർ സെന്ററിലും പദ്ധതി പ്രകാരം സൗജന്യ ചികിത്സ അനുവദിക്കും. കൂടാതെ പദ്ധതിയുമായി നിലവിൽ അക്രഡിറ്റ് ചെയ്തിട്ടുള്ള 61 സ്വകാര്യ ആശുപത്രികളിലും 28 ഡയാലിസിസ് സെന്ററുകളിലും പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കും. ചികിത്സയ്ക്ക് മുൻകൂർ അനുമതി നൽകുമെങ്കിലും സ്വകാര്യ അക്രഡിറ്റഡ് ആശുപത്രികളിലെ ചികിത്സ ജില്ലാതല സമിതിയുടെ ശുപാർശയ്ക്കു ശേഷം മാത്രമേ അനുവദിക്കൂ.

അപേക്ഷ നൽകേണ്ട വിധം: അപേക്ഷ നിർദിഷ്ട രേഖകൾക്കൊപ്പം രോഗിക്കു റേഷൻ കാർഡുള്ള ജില്ലയിലെ ജില്ലാ ഭാഗ്യക്കുറി ഓഫിസർക്കു നൽകാം. ഇതിൽ നിന്ന് അർഹരായവരെ ജില്ലാതല സമിതി സംസ്ഥാനതല സമിതിക്ക് ശുപാർശ ചെയ്യും. ഈ സമിതി അംഗീകരിച്ച ശേഷം തുക ആശുപത്രി അധികൃതർക്കു കൈമാറും.

വേണ്ട രേഖകൾ

1. റേഷൻ കാർഡിന്റെ പകർപ്പ്

2. ബന്ധപ്പെട്ട ആശുപത്രികളിൽ നിന്നു ലഭിക്കുന്ന എസ്റ്റിമേറ്റ് ഓഫ് എക്‌സ്‌പെൻഡിച്ചർ

3. രോഗിയുടെ പാസ്‌പോർട്ട് സൈസ് ഫൊട്ടോ

4. രോഗി കുടുംബാംഗങ്ങൾക്കൊപ്പം വീടിനു മുന്നിൽ നിന്നെടുത്ത വീട് മുഴുവനായി കാണാൻ കഴിയുന്ന ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP