Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഴയകാലങ്ങൾ ഓർത്തെടുത്തും ജനങ്ങളെ സേവിച്ചും ജന്മനാട്ടിൽ മന്ത്രി എ.കെ.ബാലൻ; സ്‌കൂളിലേക്ക് ചെളി നനഞ്ഞ് പോയ പഞ്ചായത്ത് റോഡ് ടാറിങ് നടത്തിയപ്പോൾ നാട്ടുകാർ റോഡിനിട്ട പേര് 'ബാലൻ റോഡ്'; നാദാപുരത്ത് പുതിയ ഒരു ഓഫീസ് കൂടി അനുവദിക്കുമ്പോൾ

പഴയകാലങ്ങൾ ഓർത്തെടുത്തും ജനങ്ങളെ സേവിച്ചും ജന്മനാട്ടിൽ മന്ത്രി എ.കെ.ബാലൻ; സ്‌കൂളിലേക്ക് ചെളി നനഞ്ഞ് പോയ പഞ്ചായത്ത് റോഡ് ടാറിങ് നടത്തിയപ്പോൾ നാട്ടുകാർ റോഡിനിട്ട പേര് 'ബാലൻ റോഡ്'; നാദാപുരത്ത് പുതിയ ഒരു ഓഫീസ് കൂടി അനുവദിക്കുമ്പോൾ

ടി പി ഹബീബ്

കോഴിക്കോട്:ജന്മനാട്ടിലേക്ക് ഒരു ഓഫീസ് കൂടി സമ്മാനിക്കുകയാണ് മന്ത്രി എ.കെ.ബാലൻ.ഏതൊരു ജനപ്രതിനിധിയെക്കാളും ജനിച്ച നാടിനെ സ്നേഹിക്കുന്ന കാര്യത്തിൽ മിടുമുക്കനാണ് മന്ത്രി ബാലനെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.എംപി.യും എംഎ‍ൽഎ.യും ഇലക്ട്രിസിറ്റി മന്ത്രിയുമായ ഘട്ടത്തിൽ നാടിനെ സ്നേഹിക്കുന്നതിൽ കൂടുതൽ താൽപര്യം കാണിച്ചിരുന്നു എ.കെ.ബാലൻ. അതുകൊണ്ട് തന്നെ തന്റെ പേരിൽ ജീവിച്ചിരിക്കുന്ന ഘട്ടത്തിൽ തന്നെ നാട്ടുകാർ 'ബാലൻ റോഡ്' എന്ന പേരിൽ ഒരു റോഡിന് സ്നേഹപൂർവ്വം നാമകരണം ചെയ്തിട്ടുണ്ട്. കഷ്ടപ്പാടിന്റെ നെറുകയിൽ നിൽക്കുന്ന തന്റെ സ്‌കൂൾ കാലത്ത് ചെളിയും മഴയും നനഞ്ഞ് നടന്ന വഴിയാണ് മന്ത്രിയായ ഘട്ടത്തിൽ നാട്ടുകാർക്ക് വേണ്ടി കോടികൾ ചിലവഴിച്ച് റോഡ് നവീകരിച്ച് മാതൃക കാണിച്ചത്. 


തന്റെ വകുപ്പായ പിന്നോക്ക വിഭാഗ കോർപ്പറേഷന് കീഴിൽ നാദാപുരത്ത് അനുവദിച്ച ഒരു ഓഫീസിന്റെ പ്രവർത്തനം 27 ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവ്വഹിക്കും.കോവിഡ് പൊട്രോക്കോൾ അനുസരിച്ച് നടക്കുന്ന ചടങ്ങിൽ ഇ.കെ.വിജയൻ എംഎ‍ൽഎ.അധ്യക്ഷം വഹിക്കും.ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ സംബന്ധിക്കും.

കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് തൂണേരിയിൽ ജനിച്ച് കണ്ണൂരിൽ പഠിച്ച് പാലക്കാട് ജില്ലയിലേക്ക് ജീവിതം പറിച്ച് നടന്ന എ.കെ.ബാലൻ തൂണേരിയിലെ നാട്ടുകാർക്ക് ബാലേട്ടനാണ്.എന്തും കാര്യവും വിളിച്ച് പറയാൻ സ്വാതന്ത്രമുള്ള ജനകീയ നേതാവ്.നാദാപുരത്തെ സിപിഎം.കാർ മാത്രമല്ല പാവപ്പെട്ട ലീഗുകാരും കോൺഗ്രസുകാർക്കും വരെ എ.കെ.ബാലൻ ബാലേട്ടനാണ്. അതാണ് കഴിഞ്ഞ തവണ തൂണേരി കക്കംവള്ളി റോഡിന് 4 കോടി രൂപ അനുവദിച്ചപ്പോൾ ആദ്യം അഭിവാന്ദ്യമർപ്പിച്ച് ഫളക്സ് ബോർഡ് ഉയർത്തിയത് മുസ്ലിം ലീഗുകാരായിരുന്നു. ആ റോഡാണ് പീന്നീട് ബാലൻ റോഡെന്ന ഖ്യാതി നേടിയത്. നാദാപുരത്ത് സിപിഎം.ലീഗ് സംഘർഷത്തിനിടയിലാണ് എ.കെ.ബാലനെ അഭിവാന്ദ്യമർപ്പിച്ച് നാദാപുരം മേഖലയിൽ ഫളക്സ് ബോർഡ് ഉയർന്നതെന്ന് പ്രത്യേകം ഓർക്കണം.

കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യർ സ്മാരകത്തിന് സംസ്ഥാനത്ത് ആദ്യ ഉപകേന്ദ്രം കഴിഞ്ഞ വർഷമാണ് നാദാപുരത്ത് ആരംഭിച്ചത്.ഒരു കോടി രൂപ ഉപകേന്ദ്രത്തിന്റെ നിർമ്മാണത്തിന് മന്ത്രിയുടെ കീഴിലുള്ള വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.സ്ഥലം നാട്ടുകാർ ഇതിനകം സജ്ജമാക്കി.മന്ത്രിയുടെ താൽപര്യത്തിന് കട്ട സപ്പോർട്ടുമായി സർവ്വകക്ഷിയും രംഗത്തുണ്ട്.

മന്ത്രിയായ എ.കെ.ബാലൻ കോളേജിൽ പഠിക്കുമ്പോൾ ഏറെ സ്വാധീനിച്ച ഗ്രാമീണ ഹാസ്യ നടനായിരുന്നു വെള്ളൂർ പി.രാഘവൻ.രാഘവന്റെ സൃഷ്ടിയായ നാടൻ ഉമ്മ എന്ന ഫാൻസി ഡ്രസ്സ് അവതരിപ്പിച്ച ബാലന് നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്.1972 ൽ ബ്രണ്ണനിൽ നിന്നും ഒന്നാം സ്ഥാനത്തോടെ തുടങ്ങിയ മൽസരം സാമൂതിര കോളേജിൽ വെച്ച് നടന്ന ഇന്റർ സോണിൽ ഒന്നാം സ്ഥാനം ലഭിച്ചു.അന്നത്തെ പ്രധാന പത്രങ്ങളിൽ വൻ പ്രാധാന്യത്തോടെയാണ് വാർത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചതെന്ന് ബാലൻ ഇപ്പോഴും ഓർക്കുന്നു.വെള്ളൂർ പി.രാഘവന്റെ ഓർമ്മക്കായി കെട്ടിടം നിർമ്മിക്കാൻ 38 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്.അതിന്റെ കെട്ടിടം പണി ആരംഭിച്ചിട്ടുണ്ട്.

മന്ത്രി ജനിച്ചു വളർന്ന തൂണേരി ഗ്രാമപഞ്ചായത്തിൽ ഐ.ടി.ഐ.അനുവദിച്ച മന്ത്രി എ.കെ. ബാലൻ 1.25 കോടി രൂപക്ക് സ്ഥലം വാങ്ങി.10 കോടി രൂപയുടെ കെട്ടിടം പണി ഇതിനകം ആരംഭിച്ചിട്ടുണ്ട്.പുറമേരി വളയം സ്‌കൂളുകളിൽ ഗദ്ദിക എന്ന പേരിൽ മുൻ വർഷങ്ങളിൽ നടത്തിയ പരിപാടി ഇതിനകം കേരളത്തിൽ തന്നെ ചർച്ച ചെയ്തതാണ്.മന്ത്രിയുടെ പ്രത്യേക താൽപര്യമായിരുന്നു തന്റെ ജന്മനാട്ടിൽ പരിപാടി നടത്തണമെന്നത്.

കഴിഞ്ഞ തവണ വൈദ്യുതി മന്ത്രിയായപ്പോൾ നാദാപുരം നിയോജക മണ്ഡലത്തിലെ വിലങ്ങാട്ചാത്തങ്കോട്ട്നട,പൂഴിത്തോട് എന്നിവിടങ്ങളിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ ആരംഭിച്ചു.200 കോടിയോളം രൂപ ചിലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്.ചെറുകിട ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി മന്ത്രി എടുത്ത റിസ്‌ക് ചില്ലറയൊന്നുമല്ല.ഏറെ കാലത്തെ കാത്തിരിപ്പിനിടയിൽ നാദാപുരത്ത് ഇലക്ട്രിസിറ്റി ഡിവിഷൻ ഓഫീസ് അനുവദിച്ചത് ബാലൻ വൈദ്യുതി മന്ത്രിയായ ഘട്ടത്തിലാണ്.തൂണേരി,പരപ്പുപാറ എന്നിവിടങ്ങളിൽ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് തുടങ്ങി. എ.കെ.ബാലൻ പഠിച്ച കല്ലാച്ചി സ്‌കൂളിൽ രണ്ട് വർഷം മുമ്പ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരികോൽസവം തന്നെ നടത്തിയാണ് നാട്ടുകാരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

ബാലൻ വൈദ്യുതി മന്ത്രിയായപ്പോൾ ബാലന് ഏറെ ഇഷ്ടപ്പെട്ട അദ്ധ്യാപകനായിരുന്നു കല്ലാച്ചി സ്‌കൂളിലുണ്ടായിരുന്ന എം.കെ.മൊയ്തുമാഷ്.മന്ത്രിയായി സത്യപ്രതിക്ഞ ചെയ്ത് ആഴ്ചകൾ പിന്നിട്ടപ്പോൾ പഴയ ആ അദ്ധ്യാപകൻ ഒരു ഫോൺ വിളിച്ചു.മൊകേരിയിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം.ഇത് മൂലം രാത്രിയിൽ വീട്ടു പറമ്പിലെയും പരിസരത്തെയും തേങ്ങ അടക്ക എന്നിവ മോഷണം പോകുന്നു എന്നതായിരുന്നു പ്രധാന പരാതി.കരന്റില്ലാത്തത് കള്ളന്മാർക്ക് ഏറെ അനുഗ്രഹവുമാകുന്നു.ഇത് പരിഹരിക്കാൻ ഒരു പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണം.ഇതായിരുന്നു അദ്ധ്യാപകന്റെ ആവിശ്യം.കേട്ട ഉടനെ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി.12 മണിക്കൂറിനുള്ളിൽ മൊകേരിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കണം.എന്നാൽ ട്രാൻസ്ഫോർ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

എന്നാൽ എവിടെ നിന്നെങ്കിലും ട്രാൻസ്ഫോർമർ കണ്ടെത്തണമെന്ന കർശന നിർദ്ദേശം മന്ത്രി നൽകിയതോടെ 12 മണിക്കൂർ കൊണ്ട് ട്രാൻസ്ഫോർമർ സ്ഥാപിച്ചാണ് മന്ത്രി പഴയ ഗുരുവിനോടുള്ള സ്നേഹം പകർന്ന് നൽകിയത്.ഒരു മന്ത്രിക്ക് ഇത്രയും സ്പീഡുണ്ടാകുമോയെന്ന അന്ന് മൊയ്തു മാഷ് പറഞ്ഞത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.മൊയ്തു മാഷ് മരിച്ചപ്പോൾ ഖബറടക്കുന്നതിന് മുൻപ് എനിക്ക് അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ മന്ത്രി വിമാനം വഴി കരിപ്പൂരിൽ ഇറങ്ങിയാണ് അതിവേഗതയിലെത്തിയാണ് തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനോടുള്ള കറകളഞ്ഞ സ്നേഹം അടയാളപ്പെടുത്തിയത്.ഇത് കണ്ട നാട്ടുകാർ പറഞ്ഞ കമന്റ് അന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.ഇതാണ് ഞങ്ങളുടെ യഥാർത്ഥ ബാലേട്ടൻ..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP