Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഡലിനെ തൃശൂരിലെത്തിച്ച മീരയെ ചോദ്യം ചെയ്യും; ടിക് ടോക് താരത്തിനോടും ഹാജരാകാൻ പൊലീസ് നിർദ്ദേശം; പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണവും നടന്നതായും പരാതികൾ; കടവന്ത്രയിലെ മോഡലിനും നടിക്കും പുറമേ പരാതികളുമായി അഞ്ച് യുവതികൾ കൂടി രംഗത്ത്; ഷംനാ കാസിമിനെ വിവാഹലോചന കുരുക്കിൽ പെടുത്താൻ ശ്രമിച്ചവർ ചില്ലക്കാരല്ല; നാടകീയമായി കോടതിയിൽ കീഴടങ്ങി അബ്ദുൾ സലാം; സിനിമയിലേക്കും അന്വേഷണത്തിന് പൊലീസ്

മോഡലിനെ തൃശൂരിലെത്തിച്ച മീരയെ ചോദ്യം ചെയ്യും; ടിക് ടോക് താരത്തിനോടും ഹാജരാകാൻ പൊലീസ് നിർദ്ദേശം; പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണവും നടന്നതായും പരാതികൾ; കടവന്ത്രയിലെ മോഡലിനും നടിക്കും പുറമേ പരാതികളുമായി അഞ്ച് യുവതികൾ കൂടി രംഗത്ത്; ഷംനാ കാസിമിനെ വിവാഹലോചന കുരുക്കിൽ പെടുത്താൻ ശ്രമിച്ചവർ ചില്ലക്കാരല്ല; നാടകീയമായി കോടതിയിൽ കീഴടങ്ങി അബ്ദുൾ സലാം; സിനിമയിലേക്കും അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരേ കൂടുതൽ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ. അതിനിടെ കേസിലെ പ്രതികളിൽ ഒരാളായ അബ്ദുൾ സലാം ഇന്ന് കൊച്ചിയിലെ കോടതിയിൽ കീഴടങ്ങി. കേസ് കെട്ടി ചമച്ചതാണെന്ന് ആരോപിച്ചാണ് പ്രതിയുടെ കീഴടങ്ങൽ. പൊലീസിന് ഇയാളെ കോടതിയിൽ എത്താൻ പറ്റുന്നതിന് മുമ്പ് പിടിക്കാനായില്ല.

ഇതിനിടെയാണ് പുതുതായി അഞ്ചു പേർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും ഇവരിൽ നിന്നും വിശദമായ മൊഴിയെടുക്കുമെന്നും വിജയ് സാഖറെ അറിയിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉൾപ്പെടെ മൂന്ന് യുവതികൾ ഇന്നലെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറമേ അഞ്ചു പേർ കൂടി പരാതി നൽകി. ഇതോടെ കേസിനെ പുതിയ തലം വരികയാണ്. യുവതികളിൽ നിന്ന് പണവും സ്വർണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

സ്വർണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കാസർകോടുള്ള ടിക്ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു. തട്ടിപ്പു സംഘത്തിന്റെ വലയിൽ കൂടുതൽ പേർ വീണിട്ടുണ്ടെന്നും ഇവർക്ക് സിനിമാ മേഖലയുമായി ഉൾപ്പെടെ ബന്ധമുണ്ടെന്നും വിവരം ലഭിച്ചതോടെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഷംന കാസിം ബ്ലാക്ക്‌മെയിലിങ് കേസിൽ മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി. ഇവർക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. നേരത്തെയും ഇവർ പെൺകുട്ടികളെ വലയിൽ വീഴ്‌ത്തി സംഘത്തിന് മുന്നിൽ എത്തിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ആലപ്പുഴയിലുള്ള മോഡലിന്റെ സുഹൃത്താണ് മീര. ഇവരുടെ നിർദ്ദേശപ്രകാരമാണ് മോഡൽ ഒരു ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറിയത്. സംസ്ഥാനത്തിന് പുറത്ത് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാസർഗോഡുള്ള ടിക് ടോക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്നാലും ഇയാളേയും ചോദ്യം ചെയ്യും. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക് താരത്തിന്റെ നിരവധി ഫോട്ടോകൾ തട്ടിപ്പ് സംഘം നൽകിയിരുന്നു. ഇത് എങ്ങനെയാണ് ഇവർക്ക് കിട്ടിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ നാല് പ്രതികളെ അടുത്തയാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും നീക്കമുണ്ട്. ഇവരെ പാലക്കാട് രഹസ്യകേണ്ടത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഷംന കാസിമിന്റെ പക്കൽനിന്നു പണം തട്ടാൻ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവരെന്ന് വെളിപ്പെടുത്തൽ നേരത്തെ ചർച്ചയായിരുന്നു. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന കാസിം തന്നെയാണ് വ്യക്തമാക്കിയത്. മറ്റാരും ഇവരുടെ തട്ടിപ്പിൽ ഇരകളാകാതിരിക്കാനാണു പൊലീസിൽ പരാതി നൽകിയതെന്നും കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു.

തൃശൂരിൽനിന്നു വന്ന വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവർ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴിഞ്ഞ ദിവസം വരനായി എത്തിയ ആൾ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്നു പറഞ്ഞു. ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോർട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്.

എന്നാൽ പണം നൽകാൻ തയാറായില്ലെന്നു മാത്രമല്ല, വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി എത്തിയവർ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നൽകിയതെന്നും ഷംന കാസിം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP