Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1914ൽ സിന്ധിൽ പരമാനന്ദ് തുടങ്ങിയ ചെറുകിട കച്ചവടം ബോംബെ വഴി ഇറാനിലെത്തി; ചവറ്റുമെത്തകളും ഉണക്കപഴവും ഇറക്കുമതി ചെയ്തപ്പോൾ കയറ്റി വിട്ടത് തേയിലയും സുഗന്ധവ്യജ്ഞനങ്ങളും; ഇറാൻ രാജാവിന്റെ അതിവിശ്വസ്തനായി ചുവടുറപ്പിക്കൽ; അച്ഛൻ മരിച്ചപ്പോൾ ഇസ്ലാമിക വിപ്ലവത്തിന്റെ പരിക്ക് ഏൽക്കാത്ത വിധം സ്ഥാപനങ്ങളെ കാത്ത മക്കൾ; യൂറോപ്പിലേക്ക് താവളം മാറ്റി പടർന്നു പന്തലിച്ചു; ബോഫോഴ്‌സിലെ വിവാദവും തളർത്തിയില്ല; ഒടുവിൽ ഒരുമയെ തർത്ത് കുടുംബ കലഹം; ഹിന്ദുജാ ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽ

1914ൽ സിന്ധിൽ പരമാനന്ദ് തുടങ്ങിയ ചെറുകിട കച്ചവടം ബോംബെ വഴി ഇറാനിലെത്തി; ചവറ്റുമെത്തകളും ഉണക്കപഴവും ഇറക്കുമതി ചെയ്തപ്പോൾ കയറ്റി വിട്ടത് തേയിലയും സുഗന്ധവ്യജ്ഞനങ്ങളും; ഇറാൻ രാജാവിന്റെ അതിവിശ്വസ്തനായി ചുവടുറപ്പിക്കൽ; അച്ഛൻ മരിച്ചപ്പോൾ ഇസ്ലാമിക വിപ്ലവത്തിന്റെ പരിക്ക് ഏൽക്കാത്ത വിധം സ്ഥാപനങ്ങളെ കാത്ത മക്കൾ; യൂറോപ്പിലേക്ക് താവളം മാറ്റി പടർന്നു പന്തലിച്ചു; ബോഫോഴ്‌സിലെ വിവാദവും തളർത്തിയില്ല; ഒടുവിൽ ഒരുമയെ തർത്ത് കുടുംബ കലഹം; ഹിന്ദുജാ ഗ്രൂപ്പ് വൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഹിന്ദുജാ ഗ്രൂപ്പിലെ കുടുംബ വഴക്കിൽ അന്തിമ തീരുമാനം എന്താകുമെന്നതിൽ ആർക്കും ഒരു എത്തും പിടിയുമില്ല. നാല് സഹോദങ്ങൾ ചേർന്ന് നടത്തിയ സ്ഥാപനം അടിച്ചു പിരിയലിന്റെ വക്കിലെത്തുമ്പോൾ കരുതലോടെ കാക്കുകയാണ് ഇന്ത്യൻ വ്യവസായ ലോകവും. ഇന്ത്യൻ വിപിണയെ പോലും ഈ കുടുംബത്തിലെ പ്രശ്‌നങ്ങൾ സാരമായി ബാധിക്കും. 1971ൽ സ്ഥാപകനായ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ അന്തരിച്ചതിന് ശേഷം ശ്രീചന്ദും (എസ് പി ), ഗോപീചന്ദും (ജിപി), പ്രകാശും (പിപി), അശോക് ഹിന്ദുജയും (എപി) ചേർന്നാണ് ഈ ബിസിനസ് സാമ്രാജ്യം നയിച്ചിരുന്നത്. സഹോദരബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായാണ് ഹിന്ദുജാ ഗ്രൂപ്പിനെ വിഷേിപ്പിച്ചിരുന്നത്. അഴിമതി മുതൽ അനധികൃത ആയുധ വിതരണം വരെയുള്ള നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ആർക്കും ഈ ഗ്രൂപ്പിനെ ഒന്നും ചെയ്യാനായില്ല.

ശ്രീചന്ദിന്റെ അവകാശമായി കണക്കാക്കിയ ഹിന്ദുജ ബാങ്കിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നതിനായി ഗോപീചന്ദും പ്രകാശും അശോകും ശ്രമം തുടങ്ങിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനായി ഒരു കത്ത് ദുരപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നിയമ പോരാട്ടം തുടങ്ങിയപ്പോഴാണ് സഹോദരന്മാർ തമ്മിലുള്ള കുടിപ്പക പുറത്തായത്. ഡിമൻഷ്യയുടെ ഒരു വകഭേദമായ ലെവി ബോഡി അസുഖം മൂലം ബുദ്ധിമുട്ടുകയാണ് ശ്രീചന്ദ്. ഈ സാഹചര്യത്തിൽ ശ്രീചന്ദിന്റെ മകളാണ് കേസുമായി എത്തുന്നത്. തങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മറ്റ് മൂന്ന് സഹോദരന്മാർ പറയുന്നത്. എല്ലാം എല്ലാവർക്കും ഉള്ളതാണെന്നും ആർക്കും സ്വന്തമായി ഒന്നുമില്ലെന്നും ഗോപീചന്ദും പ്രകാശും അശോകും നൽകുന്ന വിശദീകരണം. ദശാബ്ദങ്ങളായി നിലനിന്നിരുന്ന കുടുംബ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനാണ് പോരാട്ടമെന്നും പറയുന്നു. അവിഭക്ത ഇന്ത്യയിലെ സിന്ധിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) ജനിച്ച പരമാനന്ദ് ഹിന്ദുജ സ്ഥാപിച്ച ഗ്രൂപ്പ് ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യയിലുമായി പടർന്നു പന്തലിക്കുകയായിരുന്നു.

പാക്കിസ്ഥാനിലെ സിന്ധ് മേഖലയിലെ സിഖർപൂരിൽ 14 കാരനായ പരമാനന്ദ് ഹിന്ദുജ ഒരു ചെറുകിട വ്യാപാര കേന്ദ്രം തുറന്നതോടെ 1914ലാണ് ഹിന്ദുജ ഗ്രൂപ്പ് തുടങ്ങുന്നത്. കച്ചവടം അദ്ദേഹത്തെ പഴയ ബോംബെയിൽ എത്തിച്ചു. പിന്നീട് ഇറാനിലും. പരമാനന്ദ് ചവറ്റുമെത്തകളും ഉണക്ക പഴങ്ങളും ഇറക്കുമതി ചെയ്തപ്പോൾ, അവർ തുണിത്തരങ്ങളും തേയിലയും സുഗന്ധവ്യജ്ഞനങ്ങളും കയറ്റുമതി ചെയ്തു. 1919ൽ ഹിന്ദുജ ഇറാനിൽ ഒരു ഓഫീസ് തുറക്കുകയും ആ ഇസ്ലാമിക രാജ്യത്തിൽ വാണീജ്യ ബാങ്കിംങ് വ്യാപാരത്തിനും തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് അതിവേഗമായിരുന്നു വളർച്ച. ഇറാനിലെ രാജകുടുംബവുമായി അടുത്ത ബന്ധങ്ങളുണ്ടാക്കിയ ഈ കുടുംബം അവർക്ക് പഞ്ചാബിൽ നിന്നും ഉരുളക്കിഴങ്ങും ഉള്ളിയും ധാരാളമായി എത്തിച്ചുകൊടുത്തു. പിന്നെ എണ്ണ വിപണിയിലേക്ക്. ഇറാൻ വളർന്നതിനൊപ്പം ഹിന്ദുജയുടെ പെരുമയും ഉയർന്നു.

1971ൽ പരമാനന്ദ് അന്തരിച്ചു. മൂത്തമകൻ ശ്രീചന്ദ് കുടുംബത്തിന്റെയും വ്യാപാരത്തിന്റെയും കാരണവരായി. ഇസ്ലാമീക വിപ്ലവത്തിന് ശേഷം 1979 ഓടെ കുടുംബത്തിന്റെ കച്ചവട കേന്ദ്രം ഇറാനിൽ നിന്നും ലണ്ടനിലേക്ക് മാറ്റിയതും അദ്ദേഹമാണ്. അതിന് ഒരു വർഷം മുമ്പ് ഗ്രൂപ്പ് ഹിന്ദുജ ബാങ്ക് (യഥാർത്ഥത്തിൽ അമാസ് എസ്എ) എന്ന പേരിൽ ഒരു ധനകാര്യസ്ഥാപനം ആരംഭിച്ചിരുന്നു. 1994 ആയപ്പോഴേക്കും അതൊരു സ്വിസ് ബാങ്കിങ് സ്ഥാപനമായി വളർന്നു. പിന്നെ അതിവേഗമായിരുന്നു വളർച്ച. 1984ൽ ഗൾഫ് ഓയിൽ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തു. 1987ൽ അവർ ബ്രിട്ടണിലെ ലാന്റ് റോവർ ഗ്രൂപ്പിൽ നിന്നും ലാന്റ് റോവർ ലൈലന്റ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തു

1993ൽ ഇൻഡസഇന്റ് ബാങ്ക് സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ ബാങ്കിങ് മേഖലയിലും 1995ൽ ഇൻഡസ്ഇന്റ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് സ്ഥാപിച്ചുകൊണ്ട് കേബിൾ, ടെലിവിഷൻ മേഖലകളിലും കരുത്ത് കാട്ടി. ശ്രീചന്ദും ഗോപീചന്ദും ലണ്ടനിലും പ്രകാശ് മൊണോക്കോയിലും ജീവിക്കുന്നു. ഏറ്റവും ഇളയ സഹോദരനായ അശോക് മുംബെയിലും.

ബോഫോഴ്‌സിലെ വില്ലൻ

ബോഫോഴ്സ് ആയുധമിടപാടിൽ പ്രതിസ്ഥാനത്ത് എത്തിയതും ഹിന്ദുജാ കുടുംബത്തിന്റെ ബന്ധങ്ങളുടെ പ്രതിഫലനമായിരുന്നു. സ്വീഡിഷ് കമ്പനിക്ക് അനുകൂലമായി ഉടമ്പടി മാറ്റുന്നതിനായി ഹിന്ദുജ കുടുംബം കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്നത്തെ ആരോപണം. 2005ൽ ഡൽഹി ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി.

ബൊഫോഴ്‌സ് കോഴക്കേസിൽ ഹിന്ദുജ സഹോദരന്മാരുൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ 2005 ലെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ 12 വർഷത്തിന് ശേഷം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളിയിരുന്നു. 12 വർഷത്തിനുശേഷം അപ്പീൽ നൽകുന്നതിനു സിബിഐ പറഞ്ഞ കാരണങ്ങൾ തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 12 വർഷം കഴിഞ്ഞതിനാൽ അപ്പീൽ നൽകുന്നതിനെക്കാൾ നിലവിൽ സുപ്രീം കോടതിയിലുള്ള കേസിൽ സത്യവാങ്മൂലം നൽകുന്നതാവും ഉചിതമെന്ന് അറ്റോർണി ജനറൽ (എജി) കെ. കെ. വേണുഗോപാൽ സിബിഐയെ ഉപദേശിച്ചിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കി ഡൽഹി ഹൈക്കോടിയിൽ ജസ്റ്റിസ് ആർ.എസ്. സോധി ഉത്തരവിട്ടത് 2005 മെയ്‌ 31നാണ്. ഈ ഉത്തരവിനെതിരെ ബിജെപി നേതാവ് അജയ് അഗർവാൾ അപ്പീൽ നൽകി. ഇതു സുപ്രീം കോടതി 2005 ഒക്ടോബർ 18ന് ഫയലിൽ സ്വീകരിച്ചു.

സിബിഐ മറ്റൊരു അപ്പീൽ നൽകാതെ അജയ് അഗർവാളിന്റെ ഹർജിയിൽ കക്ഷിയെന്ന നിലയ്ക്കു സത്യവാങ്മൂലം നൽകുന്നതാവും ഉചിതമെന്ന് എജി വ്യക്തമാക്കിയിരുന്നു. കാലതാമസം കാരണമാക്കി സിബിഐയുടെ അപ്പീൽ സുപ്രീം കോടതി തള്ളിയേക്കുമെന്നും എജി ഉപദേശിച്ചു. ഇത് അവഗണിച്ചാണ് സിബിഐ കോടതിയെ സമീപിച്ചത്. പുതിയ തെളിവുകളുണ്ടെന്നതാണ് അപ്പീൽ നൽകുന്നതിനു സിബിഐ പറഞ്ഞ കാരണം. ബോഫോഴ്‌സ് കമ്പനി പ്രസിഡന്റ് മാർട്ടിൻ ആർഡ്‌ബോ, ഇടനിലക്കാരൻ വിൻ ഛദ്ദ, യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങൾ എന്നിവർക്കെതിരെ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി 1990 ലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. 2005ൽ കോടതി ഇതു തള്ളുകയായിരുന്നു.

ബുഷിനേയും താച്ചറിനേയും ബ്ലയറിനേയും അതിഥികളാക്കിയ കല്യാണം

2019ലെ മാത്രം വരുമാനം പ്രതിവർഷം 30,000 കോടി രൂപയാണ്. ഇൻഡസ്ഇന്റ് ബാങ്ക്, ഗൾഫ് ഓയിൽ ഇന്റർനാഷണൽ ലിമിറ്റഡ്, ഹിന്ദുജ ഹെൽത്ത് കെയർ ലിമിറ്റഡ്, ഹിന്ദുജ ലൈലന്റ് ഫിനാൻസ് ലിമിറ്റഡ്, ഹിന്ദുജ ഗ്ലോബൽ സൊലൂഷൻസ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനം വേറെ.

ലണ്ടനിൽ നിന്നും ജനീവയിൽ നിന്നും സ്വകാര്യ വിമാനങ്ങളിൽ പറന്നെത്തിയ നിരവധി അതിഥികളുടെ സാന്നിധ്യത്തിലാണ് മൂന്ന് സഹോദരങ്ങളുടെ ആൺമക്കളുടെയും വിവാഹം ഒരേ ദിവസം തന്നെ മുംബെയിൽ നടന്നത്. ടോണി ബ്ലയർ. ജോർജ്ജ് എച്ച് ബുഷ്, മാർഗരറ്റ് താച്ചർ തുടങ്ങിയവരാണ് അവരുടെ സൗഹാർദപ്പട്ടികയിൽ ഉണ്ടായിരുന്നതും.

അശോക് ഹിന്ദുജ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തപ്പോൾ പ്രകാശ് ഹിന്ദുജ കമ്പനിയുടെ യൂറോപ്യൻ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ തലവനായി തുടർന്നു. ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ തലവനായി ശ്രീചന്ദ് ഹിന്ദുജ തുടർന്നപ്പോൾ, ഗോപീചന്ദ് ഹിന്ദുജ ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ അദ്ധ്യക്ഷനും യുകെയിലെ ഹിന്ദുജ ഓട്ടോമേറ്റീവ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനുമായി.

തന്റെ ആഗ്രഹങ്ങൾ പ്രതിഫലിപ്പിക്കുന്നതല്ല 2014ലെ ഉടമ്പടിയെന്നും കുടുംബ ആസ്തികൾ വിഭജിക്കണമെന്നും 2016ൽ ശ്രീചന്ദ് ആവശ്യപ്പെട്ടതോടെയാണ് സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയത്. തുടർന്ന് ശ്രിചന്ദിന്റെ ഉടമസ്ഥതയിലുള്ള സ്വിസർലന്റ് ആസ്ഥാനമായ ഹിന്ദുജ ബാങ്കിന്റെ പേരിൽ സഹോദരങ്ങൾ മല്ലയുദ്ധം തുടങ്ങി.

ഉടക്ക് ബാങ്കിൽ

ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവർ 2014ൽ ഒപ്പിട്ടതും ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടിയാണ് വിവാദത്തിന് കാരണം. ഈ ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകൾ വിനുവും കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിക്കു കാരണം. 2016ലെ തന്റെ വിൽപത്രം അനുസരിച്ച് സ്വത്തുക്കൾ വിഭജിക്കണമെന്നും ശ്രീചന്ദ് താൽപര്യപ്പെടുന്നു. ഈ ഉടമ്പടി സ്വകാര്യ കരാറാണോ വിൽപത്രമാണോ എന്നു വ്യക്തമല്ല. സ്വത്ത് വിഭജനമുണ്ടായാൽ ഹിന്ദുജാ ഗ്രൂപ്പ് പലവഴിക്കാകും.

ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാർ ഏറ്റെടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു കാരണമായത്. ശ്രീചന്ദ് തന്റെ മറ്റൊരു മകളായ ഷാനുവിനെ ഹിന്ദുജ ബാങ്ക് ചെയർപഴ്‌സനായും അവരുടെ മകൻ കരമിനെ സിഇഒ ആയും ഈയിടെ നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം. പ്രമുഖ കമ്പനികളായ അശോക് ലെയ്‌ലാൻഡ്, ഗൾഫ് ഓയിൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഉൾപ്പെടെ ഓട്ടോ, ധനകാര്യ സേവനങ്ങൾ, ഐടി, മാധ്യമങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഊർജം, രാസവസ്തുക്കൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

ഇൻഡസ് ഇൻഡ് ബാങ്കിൽ ഹിന്ദുജ ഗ്രൂപ്പിന് 14.34 % ഓഹരിപങ്കാളിത്തമുണ്ട്. സഹോദരന്മാർ പരസ്പരം തങ്ങളുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരായി നിയമിക്കണമെന്നും ആരുടെ പേരിലായാലും സ്വത്തു നാലുപേർക്കും അവകാശപ്പെട്ടതാണെന്നും ആണു 2014ലെ കരാറിൽ പറയുന്നത്. ഇതു ശ്രീചന്ദ് അംഗീകരിച്ചതല്ലെന്നും കരാർ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു കേസ്. മറ്റു മൂന്നു സഹോദരന്മാർ ഇതിനെ എതിർക്കുന്നു. എല്ലാ സ്വത്തും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് അവർ വാദിക്കുന്നു. കുടുംബത്തിലെ പാരന്പര്യം അതാണെന്നും അതു മാറ്റരുതെന്നുമാണ് അവരുടെ നിലപാട്.

സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയർമാനും. ശ്രീചന്ദിനെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്. വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസിൽ സജീവയാണ്. പല ഗ്രൂപ്പ് കമ്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാൽ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളിൽ സഹോദരന്മാർക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജബാങ്ക് അടക്കം ഗ്രൂപ്പിന്റെ വമ്പൻ ആസ്തികൾ പലതും എസ്‌പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്. ഇത് സ്വന്തമാക്കാൻ സഹോദരങ്ങൾ നടത്തുന്ന കള്ളക്കളിയാണ് കരാർ എന്നാണ് മകളുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP