Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനമോടിക്കുന്ന പൈലറ്റുമാരുടേത് വ്യാജ ലൈസൻസ്; 150 പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു; പാക്ക് വ്യോമയാന മന്ത്രി പാർലമെന്റിൽ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനമോടിക്കുന്ന പൈലറ്റുമാരുടേത് വ്യാജ ലൈസൻസ്; 150 പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു; പാക്ക് വ്യോമയാന മന്ത്രി പാർലമെന്റിൽ നടത്തിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

 രുചക്രവാഹനങ്ങളുടേയും നാല് ചക്ര വഹനങ്ങളുടേയും ഡ്രൈവിങ് ലൈസൻസിൽ കൃത്രിമം കാണിക്കുന്ന വാർത്തകൾ ഇതിനു മുൻപും പുറത്തുവന്നിട്ടുണ്ട്. ഇത്തരം വ്യാജ ലൈസൻസുകൾ ഉപയോഗിച്ച് വണ്ടിയോടിക്കുന്ന ചിലർ പിടിയിലാവുന്ന വാർത്തകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, അതുക്കും മേലെയാണ് പാക്കിസ്ഥാൻ. ഇവിടെ പൈലറ്റുമാർ വിമാനം പറത്തുന്നത്, അതും അന്താരാഷ്ട്ര സർവ്വീസുകൾ വരെ, വ്യാജലൈസൻസ് ഉപയോഗിച്ചാണെന്നണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാൻ വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാൻ പാർലമെന്റിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇത്തരത്തിൽ വ്യാജ ലൈസൻസ് ഉപയോഗിച്ചു എന്ന് തെളിഞ്ഞ 150 പൈലറ്റുമാരെ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഉടനടി സസ്പെൻഡ് ചെയ്തുവെന്നും കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ജനാവാസ സ്ഥലത്ത് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർവേസിന്റെ ഒരു വിമാനം തകർന്നു വീണ് 97 പേർ മരണമടഞ്ഞത് പൈലറ്റിന്റേയും എയർ ട്രാഫിക് കൺട്രോളിലെ ഉദ്യോഗസ്ഥന്മാരുടെയും പിഴവ് കൊണ്ടാണെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നത്. ഇതിനെ കുറിച്ചുള്ള ഒരു റിപ്പോർട്ടിനോടൊപ്പം ഇതിന് മുൻപ് നടന്ന ഒരു വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പരാമർശിക്കവേയാണ് ഗുലാം സർവാർ ഖാൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.

2018 ൽ നടന്ന ഈ അപകടത്തിന് ശേഷം നടന്ന അന്വേഷണത്തിൽ കണ്ടെത്തിയത്, അപ്പോൾ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൈലറ്റ് ലൈസൻസിന് ആവശ്യമായ ടെസ്റ്റ് എടുത്തത് ഒരു പൊതു ഒഴിവ് ദിവസമായിരുന്നു എന്നായിരുന്നു. അതായത് അത്തരമൊരു ടെസ്റ്റ് നടന്നിട്ടില്ലെന്ന് അർത്ഥം. തുടർന്ന് നടന്ന വിപുലമായ അന്വേഷണത്തിൽ രാജ്യത്തെ സജീവമായ 860 പൈലറ്റുമാരിൽ 260 പേർ വ്യാജ ലൈസൻസ് ഉപയോഗിക്കുകയോ, അല്ലെങ്കിൽ പരീക്ഷകളിൽ കൃത്രിമം കാണിച്ച് അവ നേടുകയോ ചെയ്തിട്ടുള്ളതായി തെളിഞ്ഞെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിലെ 434 പൈലറ്റുമാരിൽ 150 പേരുടേത് വ്യാജ ലൈസൻസാണെന്ന് തെളിഞ്ഞതായി പി ഐ എ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. അവരെ ഉടനടി സസ്പെൻഡ് ചെയ്തെന്നും തുടർ നടപടികൾ ഉടനെ ഉണ്ടാകുമെന്നു എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു. അതിന്റെ ഫലമായി ചില വിമാന സർവ്വീസുകൾ റദ്ദ് ചെയ്തിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇത്തരത്തിലൊരു അനുഭവം ഇതാദ്യമാണെന്ന് പറഞ്ഞ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷൻ വക്താവ് ഇത് വളരെ ഗുരുതരമായ ഒരു വീഴ്‌ച്ചയാണെന്നും ചൂണ്ടിക്കാട്ടി.

2018 മുതൽ പൈലറ്റുമാരുടെ വ്യാജ ലൈസൻസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഒരുകാലത്ത് വളരെ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ആണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാന സർവ്വീസുകളിൽ ഒന്നായ എമിരേറ്റ്സിന്റെ ആരംഭത്തിനു പോലും പ്രചോദനമായത്. എന്നാൽ, രാജ്യത്തെ പോലെ അതിന്റെ വിമാന സർവ്വീസും എല്ലാക്കാര്യങ്ങളിലും തകർന്നടിയുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വ്യോമസേനയിൽ നിന്നും വിരമിക്കുന്നവർക്കായിരുന്നു പി ഐ എ യിൽ പരിഗണന നൽകിയിരുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും പലരും ഇതിൽ കയറിപറ്റിയിട്ടുണ്ട്. ആവശ്യത്തിലധികം ജീവനക്കാരുള്ള ഒരു സ്ഥാപനമാണ് ഇന്ന് പി ഐ എ. ഇതിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് മയക്ക് മരുന്ന് കള്ളക്കടത്തുപോലുള്ള ആരോപണങ്ങളും അടുത്തിടെ ഉയർന്നു വന്നിരുന്നു. എന്നാൽ ഇത്തരത്തിലുള്ള മിക്ക കേസുകളും തേഞ്ഞുമാഞ്ഞു പോവുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ്‌ 22 ന് ലാഹോറിൽ നിന്നും കറാച്ചിയിലേക്ക് പോവുകയായിരുന്ന വിമാനം തകർന്ന് വീണതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയായിരുന്നു എന്ന് തെളിഞ്ഞിരുന്നു. കോക്ക്പിറ്റിൽ, ജോലിയിൽ ശ്രദ്ധിക്കാതെ കോവിഡ് വ്യാപനത്തെപ്പറ്റി സംസാരിക്കുകയായിരുന്നു പൈലറ്റുമാർ എന്നാണ് ബ്ലാക്ക്‌ബോക്സ് പരിശോധിച്ചതിൽ നിന്നും തെളിഞ്ഞത്. കൺട്രോൾ ടവറിൽ നിന്നും വിമാനം പറക്കുന്ന ഉയരം വർദ്ധിപ്പിക്കുവാൻ പറഞ്ഞപ്പോൾ, അത് ഞങ്ങൾ നോക്കാം എന്ന നിഷേധാത്മകമായ മറുപടിയായിരുന്നു പൈലറ്റുമാർ നൽകിയത്. 1965 ൽ സർവ്വീസ് ആരംഭിച്ചതുമുതൽ പത്തോളം വലിയ അപകടങ്ങളാണ് പി ഐ എ അഭിമുഖീകരിച്ചിട്ടുള്ളത്. ചെറിയ വിമാനാപകടങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP